Tuesday, August 20, 2019 Last Updated 28 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 12.35 AM

ആന്റണിയുടെ മകന്‍ നേതൃനിരയിലേക്കോ? കോണ്‍ഗ്രസ്‌ യുവനിര കലാപത്തിലേക്ക്‌

uploads/news/2019/01/279515/9.jpg

തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്‌ഥാന കണ്‍വീനറായി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ നിയമനം കോണ്‍ഗ്രസിലെ യുവനിരയില്‍ പൊട്ടിത്തെറിക്കു വഴിമരുന്നിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിത്വം നല്‍കാനായി പാര്‍ട്ടിയിലേക്കുള്ള കെട്ടിയിറക്കലാണ്‌ അനിലിന്റെ നിയമനമെന്ന ആശങ്കയാണു യുവനിര പങ്കിടുന്നത്‌.
കെ.പി.സി.സിക്ക്‌ ഐടി. സെല്ലും സാമൂഹികമാധ്യമങ്ങളില്‍ ഇടപെടാനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കെ, കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം വഴി ആഘോഷമായി അനിലിനെ നിയമിച്ചതിനെ യുവനിര ആശങ്കയോടെയാണു കാണുന്നത്‌. കോണ്‍ഗ്രസില്‍ മുതിര്‍ന്ന തലമുറയുടെ സമഗ്രാധിപത്യമാണെന്നും പുതുതലമുറയ്‌ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നുമുള്ള പല്ലവിക്കു വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ക്കു ശേഷമെത്തിയവരില്‍ ഉയര്‍ന്ന സ്‌ഥാനമാനങ്ങളിലെത്തിയവരുടെ എണ്ണം തീര്‍ത്തും പരിമിതമാണെന്നു ചൂണ്ടിയാണ്‌ ഈ ആക്ഷേപം.
എന്‍ജിനിയറിങ്‌ ബിരുദവും മാനേജ്‌മെന്റില്‍ വിദേശവിദ്യാഭ്യാസ യോഗ്യതയുമുള്ള അനിലിനു വിവിധ ആഗോള, സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനികളില്‍ പ്രവര്‍ത്തനപരിചയമുണ്ട്‌. എങ്കില്‍പ്പോലും സാങ്കേതികവിദഗ്‌ധനെന്ന പേരില്‍ കൊട്ടിഘോഷിച്ചുള്ള നിയമനം പ്രവര്‍ത്തകസമിതിയംഗമായ അച്‌ഛന്റെ ലേബലില്‍മാത്രമാണെന്ന ആക്ഷേപമാണ്‌ ഉയരുന്നത്‌. വലിയ ശമ്പളവും മറ്റും ഉപേക്ഷിച്ച്‌ പാര്‍ട്ടിക്ക്‌ സേവനം ചെയ്യാനെന്ന പേരില്‍ വരുന്നതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടാകാം. സ്‌ഥാനാര്‍ഥിത്വമെന്ന ലക്ഷ്യവും അതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ തങ്ങള്‍ ഇനി പ്രവര്‍ത്തനരംഗത്തുണ്ടാവില്ലെന്ന മുന്നറിയിപ്പും യുവനേതാക്കള്‍ നല്‍കുന്നുണ്ട്‌.
കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം നീറിപ്പുകയുമ്പോഴും പഴയ കരുണാകരപക്ഷക്കാര്‍ നിഗൂഢമായ സന്തോഷത്തിലാണ്‌. പണ്ട്‌, സേവാദള്‍ വഴി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്കു കെ. കരുണാകരന്റെ മകനായ കെ. മുരളീധരനു കുറുക്കുവഴി വെട്ടിയെന്നു കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ സ്വന്തം മക്കളെ ചുളുവില്‍ പാര്‍ട്ടിയുടെ നേതൃസ്‌ഥാനങ്ങളിലെത്തിക്കുന്നു എന്നാണു പരിഹാസം.
കോണ്‍ഗ്രസിനു ദേശീയതലത്തില്‍ മക്കള്‍ രാഷ്‌ട്രീയം പതിവുകാര്യമാണെങ്കിലും കേരളത്തില്‍ അതത്ര വളര്‍ന്നിരുന്നില്ല. ജോര്‍ജ്‌ ഈഡന്റെ മകനെന്ന പരിഗണന ലഭിച്ചപ്പോള്‍ത്തന്നെ, ഹൈബി ഈഡന്‍ കെ.എസ്‌.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്‌. ശബരീനാഥനു സ്‌ഥാനാര്‍ഥിത്വം നല്‍കിയതു സഹതാപതരംഗം കൂടി ലക്ഷ്യമിട്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ലോക്‌സഭാ സ്‌ഥാനാര്‍ഥിത്വം ലക്ഷ്യമിടുന്നെന്ന്‌ അഭ്യൂഹമുണ്ട്‌. ചാണ്ടി ഉമ്മനും പഠനകാലത്തെ രാഷ്‌ട്രീയപ്രവര്‍ത്തന ചരിത്രം പറയാനുണ്ട്‌. കോണ്‍ഗ്രസിന്റെ പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാറുമുണ്ട്‌. അവരെയൊക്കെ അര്‍ധമനസോടെയെങ്കിലും അംഗീകരിക്കാന്‍ തയാറാണെങ്കിലും പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത മക്കളെ കൊണ്ടുവരുന്നത്‌ നീതിയുക്‌തമല്ലെന്നു പുതുതലമുറ വിശദീകരിക്കുന്നു.

Ads by Google
Friday 11 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW