Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jan 2019 03.31 PM

ഗര്‍ഭകാലത്ത് ഒഴിവാക്കാം ആരോഗ്യപ്രശ്‌നങ്ങള്‍

''ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഓക്കാനവും ഛര്‍ദിയും സാധാരണമാണ്. ഇത് പന്ത്രണ്ട് പതിനാല് ആഴ്ചകള്‍ വരെയും ചിലപ്പോള്‍ അഞ്ചാം മാസം വരെയും നീണ്ടു നിന്നേക്കാം''
uploads/news/2019/01/277139/pregncyhelthproblm020119.jpg

ഗര്‍ഭകാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. ജീവിതശൈലിയിലും ആഹാര രീതിയിലും അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ ഒഴിവാക്കാം. ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഓക്കാനവും ഛര്‍ദിയും ഉണ്ടാകാം. ഇത് പന്ത്രണ്ട്, പതിനാല് ആഴ്ചകള്‍ വരെയും ചിലപ്പോള്‍ അഞ്ചാം മാസം വരെയും നീണ്ടു നിന്നേക്കാം.

1. തുടര്‍ച്ചയായ ഛര്‍ദി


രാവിലെ ഉറക്കം ഉണര്‍ന്നവഴി കട്ടിലില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കരുത്. അല്പം നേരം കിടന്ന ശേഷം മെല്ലെ ഒരു വശത്തേയ്ക്ക് ചെരിഞ്ഞ് എഴുന്നേല്‍ക്കാം. രാവിലെ തന്നെ ഓക്കാനം ഉണ്ടെങ്കില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് ബിസ്‌ക്കറ്റോ റെസ്‌ക്കോ കഴിക്കുക. എണ്ണയില്‍ വറുത്തു പൊരിച്ച പലഹാരങ്ങള്‍ ഒഴിവാക്കുക.

അധികം എരിവും പുളിയും മസാലയും ചേര്‍ത്ത ഭക്ഷണം ഒഴിവാക്കണം. ചില ഭക്ഷണപദാര്‍ഥങ്ങളുടെ പ്രത്യേക ഗന്ധം ശ്വസിക്കുമ്പോള്‍ ഓക്കാനം വരികയാണെങ്കില്‍ അത് ഒഴിവാക്കുക. മൂന്നുനേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടവിട്ട് കഴിക്കുന്നതാണ്.

ഇഷ്ടമുള്ളതും പെട്ടെന്നു ദഹിക്കുന്നതുമായ ആഹാരം, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കഴിക്കാം. ഛര്‍ദി വളരെ കൂടുതലായാല്‍ ഗര്‍ഭിണിയുടെ സ്ഥിതി മോശമാകും. നിര്‍ജലീകരണം കൊണ്ട് ബോധക്കേടും വരാം. ഗര്‍ഭകാലത്ത് മൂത്രത്തില്‍ പഴുപ്പ്, രക്താതിമര്‍ദം, എക്ലാംപ്‌സിയ എന്നീ അസുഖങ്ങള്‍ ഉണ്ടായാലും ഛര്‍ദി കൂടുതലാകാം. അതുകൊണ്ട് ഉടനെ ഡോക്ടറെ കാണണം.

2. നെഞ്ചെരിച്ചിലും മലബന്ധവും


നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ഭക്ഷണം ചെറിയ തോതില്‍ ഇടയ്ക്കിടെ കഴിക്കുക. അധികം എരിവും പുളിയും മസാലയതും എണ്ണയും ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക. പരിപ്പ്, പയര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. അല്പനേരം പതുക്കെ നടക്കുകയും ചാരിയിരുന്നു വിശ്രമിക്കുകയും ചെയ്യാം. തലയുയര്‍ത്തി വച്ച് കിടക്കാം.

നെഞ്ചെരിച്ചില്‍ കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക. മലബന്ധം കൂടുതലാണെങ്കില്‍ മൂലക്കുരു ഉണ്ടാകാനും മലദ്വാരത്തിലൂടെ രക്തം പോകാനുമിടയുണ്ട്. അതുകൊണ്ട് മലബന്ധം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. നാരടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുക.

3. മസില്‍ കോച്ചിപ്പിടുത്തം


ഗര്‍ഭിണികള്‍ക്ക് രാത്രിയില്‍ കാലുകളിലെ മാംസപേശികള്‍ ഉരുണ്ടു കയറുക, കോച്ചിപ്പിടുത്തം എന്നിവയുണ്ടാകാം. ഇതുണ്ടായാല്‍ കാലുകള്‍ നീട്ടി വച്ച് മസിലുകളുടെ മുകളില്‍ തിരുമ്മുക. ലേപനങ്ങള്‍ പുരട്ടി തടവുക. ചൂടു പിടിക്കുക എന്നിവ ചെയ്യാം. ഇത് വരാതിരിക്കാന്‍ പാലും പാലുത്പന്നങ്ങളും കഴിക്കുക. രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്പം നടക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം കാത്സ്യം, വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാം. കാലുകടച്ചില്‍, കാലില്‍ നീര്‍വീക്കം, കാലിലെ ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുക. ഇതെല്ലാം ഗര്‍ഭകാലത്ത് സാധാരണയാണ്.
uploads/news/2019/01/277139/pregncyhelthproblm020119a.jpg

4. കാലുകടച്ചിലും ഞരമ്പു വീക്കവും


കാലുകടച്ചില്‍, കാലില്‍ നീര്‍വീക്കം, കാലിലെ ഞരമ്പുകള്‍ തടിച്ചുവീര്‍ക്കുക തുടങ്ങിയവ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണമാണ്. കാല്‍ തൂക്കിയിട്ട് ദീര്‍ഘനേരം ഇരിക്കുന്നതും അധികനേരം നില്‍ക്കുന്നതും കാല്‍ പിണച്ചു വച്ചിരിക്കുന്നതും ഒഴിവാക്കുക. ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും തലയിണയ്ക്ക് മുകളില്‍ കാലുകള്‍ ഉയര്‍ത്തി വയ്ക്കുക. വെരിക്കോസ്‌വെയിന്‍ കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബാന്‍ഡേജ് കെട്ടുക. അധികനേരം നില്‍ക്കേണ്ടി വന്നാല്‍ ഇടയ്ക്കിടയ്ക്ക് കാലുകള്‍ വലിച്ചു നിവര്‍ത്തുകയും കുറച്ച് നേരം കാലുകള്‍ ഉയര്‍ത്തി വച്ചിരുന്ന് വിശ്രമിക്കുകയും ചെയ്യുക.

ഗര്‍ഭകാലത്തിന്റെ അവസാനഘട്ടങ്ങളില്‍ കാലില്‍ നീര് സാധാരണയാണ്. വിശ്രമിച്ചാല്‍ ഇത് കുറയാറുമുണ്ട്. കാലില്‍ നീര്‍ക്കെട്ട് കൂടുതലാവുക, മുഖത്തും ശരീരത്തിലും നീരു വരിക, ഛര്‍ദി, മൂത്രം കുറയുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ അത് രക്താതിസമ്മര്‍ദം കൊണ്ടുള്ള സങ്കീര്‍ണതകള്‍ കൊണ്ടാവാം. ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം.

5. നടുവേദന ഒഴിവാക്കാം


ഗര്‍ഭകാലത്തു വലുതാകുന്ന വയറിന്റെ ഭാരം താങ്ങാന്‍ നട്ടെല്ലിനു പ്രയാസമുണ്ടാകുമ്പോള്‍ നടുവേദനയും ശരീരവേദനയും ഉണ്ടാകാം. ശരിയായ രീതിയില്‍ നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യാതിരുന്നാല്‍ ഇത് കൂടുതലാവും. നില്‍ക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നു നില്‍ക്കുന്നതരത്തില്‍ കാല്‍ രണ്ടും അല്‍പം അകറ്റി വച്ച് നില്‍ക്കുക.

ഇരിക്കുമ്പോള്‍ നടുവിനു താങ്ങു നല്‍കാന്‍ തലയിണയോ കുഷ്യനോ വെച്ച് ചാരിയിരിക്കുക. നിലത്തുനിന്ന് ഭാരമുള്ള വസ്തുക്കള്‍ കുനിഞ്ഞ് എടുക്കാനോ എടുത്ത് കൊണ്ട് നടക്കാനോ പാടില്ല. ഉച്ച സമയത്ത് അല്‍പനേരം കിടന്നു വിശ്രമിക്കാം. എണ്ണതേച്ച ശേഷം ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഉപ്പൂറ്റി ഉയര്‍ന്നതരം ചെരുപ്പ് ഒഴിവാക്കുക. നടുവേദന കൂടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം.

6. തലചുറ്റലും രക്തസ്രാവവും


തലചുറ്റല്‍ ഗര്‍ഭകാലത്ത് സാധാരണയാണ്. എന്നാല്‍ തലചുറ്റല്‍ കൂടുതലായാല്‍ വീഴാനും അപകടം സംഭവിക്കാനും ഇടയുണ്ട്. കുറെ നേരം നില്‍ക്കുന്നതും കിടക്കയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക. ഏഴുമാസം കഴിഞ്ഞാല്‍ മലര്‍ന്നു കിടക്കുന്നത് ഒഴിവാക്കണം. ഇടതു ഭാഗത്തേയ്ക്ക് ചെരിഞ്ഞ് കിടക്കാം. എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് ചെരിഞ്ഞ് എഴുന്നേല്‍ക്കുക. തലകറക്കം കൂടുതലാണെങ്കില്‍ വിളര്‍ച്ച, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങള്‍ കൊണ്ടാവാം എന്നതിനാല്‍ ഡോക്ടറെ കാണേണ്ടതാണ്.

ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ചെറിയ തോതിലുള്ള രക്തം പോക്ക് ഏകദേശം ഇരുപത്തഞ്ച് ശതമാനം സ്ത്രീകളില്‍ കാണാറുണ്ട്. ഡോക്ടറെ കാണിച്ചാല്‍ സ്‌കാന്‍ ചെയ്ത് എന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് മനസിലാക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്യുക. രക്തസ്രാവം കൂടുന്നുണ്ടെങ്കില്‍ അത് പലകാരണങ്ങള്‍ കൊണ്ടാവാം. ഉടനെ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങണം.

uploads/news/2019/01/277139/pregncyhelthproblm020119b.jpg

7. ക്ഷീണം മാറാന്‍


ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്ഷീണം കണ്ടുവരുന്നു. ഗര്‍ഭധാരണം മൂലം ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമാറ്റങ്ങള്‍കൊണ്ടും പോഷകാഹാരക്കുറവു കൊണ്ടും രക്തക്കുറവുകൊണ്ടും മനസിലെ ആശങ്കകൊണ്ടും ക്ഷീണം അനുഭവപ്പെടാം. ഇടയ്ക്കിടെ വിശ്രമിക്കുക, കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക, സന്തുലിത ആഹാരം കഴിക്കുക എന്നിവ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടയ്ക്ക് രക്തം പരിശോധിക്കുകയും കൃത്യമായി ഇരുമ്പു സത്തും വിറ്റാമിനുകളും അടങ്ങിയ ഗുളിക കഴിക്കുകയും വേണം. ക്ഷീണം വളരെ കൂടുതലാണെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടി വരും.

8. തലവേദന


ഗര്‍ഭിണികളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ കാരണം തലവേദന ഉണ്ടാകാം. വിശ്രമിക്കുക, എണ്ണ തേച്ച് കുളിക്കുക, നന്നായി ഉറങ്ങുക, പാട്ടു കേള്‍ക്കുക, മാനസിക സമ്മര്‍ദം ഒഴിവാക്കുക എന്നിവ കൊണ്ട് തലവേദന മാറാനിടയുണ്ട്. കടുത്ത തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയുണ്ടെങ്കില്‍ അത് രക്താതി മര്‍ദത്തിന്റെ ലക്ഷണമാണ്. ഉടനെ ആശുപത്രിയില്‍ പോയി ചികിത്സ തുടങ്ങണം.

9. ശ്വാസം മുട്ടല്‍


ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച പുരോഗമിക്കുന്നതനുസരിച്ച് ഗര്‍ഭിണിക്ക് വയറിനുള്ളിലെ ഡയഫ്രം എന്ന മാംസപേശിക്ക് മുകളില്‍ സമ്മര്‍ദം അനുഭവപ്പെടുന്നതിനാല്‍ ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം. ഇത് പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ശ്വാസം മുട്ടല്‍ കൂടുകയോ അതോടൊപ്പം പനി, ചുമ, നെഞ്ചുവേദന, ആസ്ത്മ എന്നിവ ഉണ്ടാവുകയും ചെയ്താല്‍ ഉടനെ ഡോക്ടറെ കാണിക്കണം.

10. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക


ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഇത് സാധാരണയാണ്. ചിലര്‍ക്ക് ഇത് പ്രസവം വരെയും നീണ്ടു നിന്നേക്കാം. മൂത്രത്തില്‍ നിറവ്യത്യാസം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്തം എന്നിവ കണ്ടാല്‍ മൂത്രത്തില്‍ പഴുപ്പുണ്ടെന്നതിന്റെ സുചനയാണത്. അതുകൊണ്ട് എത്രയും വേഗം ചികിത്സ തുടങ്ങണം. മൂത്രത്തില്‍ പഴുപ്പു വരുന്നത് തടയാന്‍ ധാരാളം വെള്ളം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക. മൂത്രമൊഴിക്കാതെ പിടിച്ചു നിര്‍ത്തരുത്. മൂത്രം മൂത്രാശയത്തില്‍ കെട്ടിക്കിടന്നാല്‍ അണുബാധ മൂലം പഴുപ്പുണ്ടായേക്കാം.

11. വയറുവേദന


ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയനുസരിച്ച് അടിവയറ്റിലും അരക്കെട്ടിലും മാറ്റങ്ങളുണ്ടാകുന്നതിനാല്‍ നേരിയ വയറുവേദന ഗര്‍ഭകാലത്തുണ്ടാകാം. എന്നാല്‍ വയറു വേദന കൂടുന്നതോടൊപ്പം പനി, രക്തസ്രാവം, ഛര്‍ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങണം.
uploads/news/2019/01/277139/pregncyhelthproblm020119c.jpg

12. ഉറക്കക്കുറവ്


ഗര്‍ഭിണികള്‍ക്ക് പ്രസവമടുക്കുമ്പോള്‍ ഉറക്കക്കുറവുണ്ടാകാം. പ്രസവത്തെക്കുറിച്ചുള്ള ഭയമോ ആശങ്കകളോ ആകാം ഇതിനു പിന്നില്‍. മനസ് ശാന്തമായിരിക്കണം. ഉറങ്ങുന്നതിന് മുന്‍പ് അല്പം നടക്കുക, ഇളം ചൂടു പാല്‍ കുടിക്കുക എന്നിവയും ഉപകാരപ്രദമാണ്. ഒരിക്കലും ഉറക്കഗുളികകള്‍ കഴിക്കരുത്.

13. മോണയില്‍ നിന്ന് രക്തസ്രാവം


ഗര്‍ഭിണികള്‍ക്ക് പല്ലുതേക്കുമ്പോള്‍ മോണയില്‍ നിന്നും രക്തസ്രാവമുണ്ടാകാം. മൃദുവായ ടുത്ത് ബ്രഷ് കൊണ്ട് രാവിലെയും രാത്രിയും പല്ലുതേക്കുക. പല്ലും മോണയും എപ്പോഴും വൃത്തിയായി വയ്ക്കണം. രക്തസ്രാവം കൂടുന്നുണ്ടെങ്കില്‍ ദന്തഡോക്ടറെ കാണിക്കുക.

14. ചൊറിച്ചില്‍


ഗര്‍ഭകാലത്ത് ശരീരത്തില്‍ പ്രത്യേകിച്ച് അടിവയറ്റില്‍ ചൊറിച്ചില്‍ സാധാരണയാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അടിവയറ്റിലെ ചര്‍മവും സ്തനങ്ങള്‍ വളരുന്നതനുസരിച്ച് മാറിടത്തിലെ ചര്‍മവും വികസിക്കുന്നത് കൊണ്ടാണിത്. ഇതേ കാരണങ്ങള്‍ കൊണ്ടാണ് ചര്‍മത്തില്‍ വെളുത്ത വരകള്‍ പോലുള്ള പാടുകള്‍ ഗര്‍ഭകാലത്തും പ്രസവ ശേഷവും ഉണ്ടാകുന്നത്.

15. മാനസിക സമ്മര്‍ദം


ഗര്‍ഭകാലത്ത് സ്ത്രീക്ക് ആശങ്കയും ഉത്കണ്ഠയും ഭയവും തോന്നുക സാധാരണയാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.
a. പ്രസവം, പ്രസവ വേദന, കുഞ്ഞിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠ.
b. തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി.
c. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചാല്‍ അത് വേണ്ടിയിരുന്നില്ല എന്ന തോന്നല്‍.

d. പനി പോലുള്ള അസുഖങ്ങള്‍ കുഞ്ഞിനെ ബാധിക്കുമോ എന്ന പേടി.
e. ഭര്‍ത്താവിന് തന്നോടുള്ള താല്്പര്യം കുറയുമോ എന്നും പ്രസവ ശേഷം തന്റെ സൗന്ദര്യം കുറയുമോ എന്നുമുള്ള ആശങ്ക.
f. രക്തസ്രാവം കണ്ടാല്‍ ഗര്‍ഭം അലസി പോകുമോ എന്ന ഭയം.

g. പ്രസവശേഷം കുഞ്ഞിനെ നന്നായി വളര്‍ത്താന്‍ തനിക്ക് കഴിയുമോ എന്ന ഉത്കണ്ഠ.
h. മറ്റുഗര്‍ഭിണികളുടെയും പ്രസവിച്ച അമ്മമാരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ തനിക്കും അപ്രകാരം സംഭവിക്കുമോ എന്ന ഭയം.
i. ഭര്‍ത്താവിന് തന്നോട് സ്‌നേഹമില്ല എന്ന തോന്നല്‍.

uploads/news/2019/01/277139/pregncyhelthproblm020119d.jpg

ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കൊണ്ട് ഗര്‍ഭിണിക്ക് മാനസിക സമ്മര്‍ദം ഉണ്ടാകാം. ഗര്‍ഭിണിയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. അമിതമായ മാനസിക സമ്മര്‍ദം കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുകയും പ്രമേഹം, രക്താതിമര്‍ദം എന്നിവ കൂടാനിടയാക്കുകയും ചെയ്യും. ചിലര്‍ക്ക് ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും വിഷാദരോഗം ഉണ്ടായേക്കാം. മാനസികമായ പിരിമുറുക്കം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

സ്ത്രീക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ആവശ്യമാണ്. അതുകൊണ്ട് ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭിണിയുടെ സന്തോഷത്തില്‍ പങ്കുചേരുകയും ആവശ്യമായ സ്‌നേഹവും പരിചരണവും നല്‍കുകയും വേണം.

a. വയറിന് മുറിവോ, ആഘാതമോ ഉണ്ടാകാതെ നോക്കുക.
b. വീഴ്ചകളും അപകടങ്ങളും ഒഴിവാക്കുക.
c. അമിതമായ ഉത്ക്കണ്ഠ, ദേഷ്യം, നിരാശ, പേടി, ദുഃഖം എന്നിവ ഉണ്ടാകാതെ നോക്കുക.

d. മരണം, പ്രസവം എന്നിവയുടെ ദൃശ്യങ്ങള്‍ കാണാതിരിക്കുക. ഹൊറര്‍ സിനിമകള്‍ കാണാതിരിക്കുക.
e. നല്ല പുസ്തകങ്ങള്‍ വായിക്കുക.
f. നല്ല സിനിമകളും ടി വി പരിപാടികളും കാണുക.

g. മനസിന് ശാന്തി നല്‍കുന്ന സംഗീതം കേള്‍ക്കുക.
h. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുക.

ആരോഗ്യമുള്ള ഒരമ്മയ്ക്കുമാത്രമെ ആരോഗ്യമുള്ള കുഞ്ഞു ജനിക്കൂ. ഗര്‍ഭകാല പരിചരണം വളരെ പ്രധാനമാണ്. ഗര്‍ഭാവസ്ഥ ഒരു സന്തോഷകരമായ അനുഭവമായിരിക്കാന്‍ ഗര്‍ഭിണിയും ഭര്‍ത്താവും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

കടപ്പാട്:
ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍
ഫാമിലി മെഡിസിന്‍, പുനെ

Ads by Google
Wednesday 02 Jan 2019 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW