Tuesday, August 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 04.17 PM

പാലാക്കാരി, മീന്‍ കറി കൊതിച്ചി.... അമ്മക്കുട്ടി.. മിയയുടെ വിശേഷങ്ങള്‍

മലയാളികളുടെ പ്രിയതാരം മിയയ്ക്ക് പുതിയ വീട്ടില്‍ പുതിയ വിഭവങ്ങളുമായി ആഘോഷിക്കുന്ന വിശേഷങ്ങള്‍...
uploads/news/2019/01/276839/miyaINW010119.jpg

ആഘോഷങ്ങളുടെ കാര്യത്തില്‍ ഒരുപടി മുന്‍പേ ഇറങ്ങുന്ന സ്വഭാവക്കാരിയാണ് മിയ. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ മനംകവര്‍ന്ന ജിമ്മി ജോര്‍ജ് എന്ന മിയ തന്റെ ക്രിസ്മസ് വിശേഷങ്ങള്‍ പങ്കിടുകയാണ്...

ഈ ക്രിസ്മസ് എനിക്ക് വളരെ സ്‌പെഷ്യലാണ്. പുതിയ വീട് വച്ച ശേഷം ആദ്യത്തെ ക്രിസ്മസ് ആണിത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ആഘോഷങ്ങളെല്ലാം പുതിയ വീട്ടില്‍ തന്നെ ആകണം എന്നാണ് ആഗ്രഹം.

വീട് മാറിയെങ്കിലും ആഘോഷങ്ങള്‍ക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പതിവായി എല്ലാ ക്രിസ്മസിനും നൊയമ്പെടുക്കാറുണ്ട്. ഇത്തവണയും 25 ദിവസം നോമ്പ് എടുക്കും. 24ന് വീട്ടുകാരെല്ലാം കൂടി പാതിരാകുര്‍ബാനക്കു പോകും. അതുകഴിഞ്ഞ് ക്രിസ്മസ് വിരുന്നുണ്ടാകും. വിരുന്നിന്റെ കാര്യം പറയുമ്പോ ള്‍ തന്നെ നാവില്‍ വെള്ളമൂറും. 25 ദിവസം നോയമ്പ് എടുത്ത് കൊതി പിടിച്ചിരിക്കുന്ന സമയമല്ലേ.

ക്രിസ്മസ് ദിവസം രാവിലെ മുതല്‍തന്നെ വീട്ടിലുണ്ടാക്കുന്ന ഓരോരോ ഭക്ഷണവിഭവങ്ങളുടെ മണം പിടിച്ച് കൊതിയോടെ ഇരിക്കും. കേക്ക് ബേക്കിംഗിന്റെ മണവും മറ്റ് നോണ്‍വെജ് വിഭവങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. മമ്മിയുടെ സ്‌പെഷ്യല്‍ കോട്ടയം സ്‌റ്റൈല്‍ മീന്‍ കറി എപ്പോഴുമുണ്ടാകും. നല്ല സ്‌പൈസിയാണത്. എരിവ് കൂട്ടി ഉണ്ടാക്കുന്ന ആ മീന്‍ കറി എന്റെ ഫേവറേറ്റ് ആണ്. മീന്‍കറിയുടെ മണം പിടിച്ചിരിക്കുന്നത് തന്നെ വലിയ കഷ്ടപ്പാടാണ്.

ക്രിസ്മസിന് എല്ലാ ഡിഷസും മമ്മിയുടെ വക തന്നെയാണ്. കഴിഞ്ഞതിന് മുന്‍പത്തെ ക്രിസ്മസിന് ആണെന്ന് തോന്നുന്നു, ഇറച്ചി, മീന്‍, മുട്ട... ഞാന്‍ മൂന്നിന്റെയും നോയമ്പ് എടുത്തിരുന്നു. സത്യത്തില്‍ മുട്ട എനിക്ക് ഭയങ്കര ഇഷ്ടമാണ്. അന്ന് കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തി നേരെ കിച്ചനിലേക്ക് ഓടുകയായിരുന്നു. ചെന്ന പാടേ ഒരു മുട്ടയെടുത്ത് ബുള്‍സൈ അടിച്ച് കഴിച്ചു. ഹൊ... അതിന്റെ ടേസ്റ്റും അത് തന്ന സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റില്ല.

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ പള്ളിയിലെ ആഘോഷങ്ങള്‍ തന്നെയാണുള്ളത്. അവിടെ വലിയ പുല്‍ക്കൂട് ഉണ്ടാക്കും. ക്രിസ്മസ് പപ്പ ഉണ്ടാകും, പള്ളി നിറയെ ബലൂണും ലൈറ്റും വച്ച് അലങ്കരിക്കും. പള്ളിയിലെത്തിയാല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പുല്‍ക്കൂടിന് മുന്നില്‍ തന്നെയാണ്. പുല്‍ക്കൂട് ഒക്കെ ഉണ്ടാക്കാന്‍ എല്ലാവരുടെയും ഒപ്പം കൂടുമ്പോള്‍ കുട്ടിക്കാലത്തെ കാര്യങ്ങളൊക്കെ ഓര്‍മ്മ വരും.

ഞാന്‍ കുട്ടി ആയിരിക്കുന്ന സമയത്ത് വീട്ടിലും പുല്‍ക്കൂട് ഒരുക്കുന്ന പതിവുണ്ടായിരുന്നു. ഞാനും ചേച്ചിയും മമ്മിയും ചേര്‍ന്നാണ് പുല്‍ക്കൂടുണ്ടാക്കുന്നത്. പുല്‍ക്കൂട്ടില്‍ ഉണ്ണീശോയുടെ രൂപംവയ്ക്കുന്നത് ഞാനാണ്.

uploads/news/2019/01/276839/miyaINW010119a.jpg

ചെറുപ്പത്തില്‍ ക്രിസ്മസ് കാരള്‍ കാണുമ്പോള്‍ അവരുടെ കൂടെ പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ പെണ്‍കുട്ടികളെ പൊതുവേ അങ്ങനെ വിടാറില്ലല്ലോ. സണ്‍ഡേ സ്കൂളിലെ കാരള്‍ഗാന മത്സരങ്ങളില്‍ പങ്കെടുത്ത് ഞാന്‍ ആ സങ്കടമങ്ങ് തീര്‍ക്കും. ഏത് ആഘോഷമായാലും അത് പരമാവധി എന്‍ജോയ് ചെയ്യുക എന്നതാണ് എന്റെ പോളിസി...

ഞാനെന്നും പാലാക്കാരി


ഞങ്ങള്‍ കോട്ടയം പാലാക്കാരായതു കൊണ്ട് ആഘോഷങ്ങള്‍ക്ക് കുറവ് വരുത്താറില്ല. പലരും ചോദിക്കാറുണ്ട് സിനിമയിലൊക്കെ അഭിനയിക്കാന്‍ സൗകര്യം എറണാകുളത്ത് താമസിക്കുന്നത് അല്ലേ എന്ന്. പക്ഷേ പാലയോട് എനിക്ക് വല്ലാത്ത അടുപ്പമാണ്. ഇത്രയും നല്ലൊരു സ്ഥലം വേറെ ഇല്ല എന്ന് തന്നെ ഞാന്‍ പറയും. മീനച്ചിലാര്‍ കടന്നുപോകുന്നത് ഞങ്ങളുടെ സ്ഥലത്തുകൂടിയാണ്.

അതുകൊണ്ടുതന്നെ വളരെ ശുദ്ധമായ വെള്ളമാണ് നമുക്ക് ലഭിക്കുന്നത്. പിന്നെ കൊതുകില്ല, ട്രാഫിക് ഇല്ല. എല്ലാംകൊണ്ടും സ്വസ്ഥം, സമാധാനം. എല്‍ കെ ജി മുതല്‍ പി ജി വരെ പഠിച്ചതും ഇവിടെതന്നെയാണ്. അതുകൊണ്ട് ഒട്ടുമിക്ക സ്ഥലങ്ങളും നന്നായി അറിയാം. ആ സ്ഥലങ്ങളോട് ഉള്ള അടുപ്പം എന്നും എന്നെ പാലാക്കാരി ആക്കി നിലനിര്‍ത്തും.

ഞാനൊരു ഭക്ഷണപ്രിയ


ഭക്ഷണം നല്ല രീതിയില്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. കഴിക്കാന്‍ എന്ത് കിട്ടിയാലും പരീക്ഷിക്കും. പക്ഷേ ആര്‍ത്തിയില്ല. എല്ലാം ഒരു പരിധിവച്ചേ കഴിക്കൂ. 2012ലെ ഫിറ്റ്‌നസ് കേരളയായിരുന്നു. പിന്നീടാണ് അല്‍ഫോന്‍സാമ്മയായതും സിനിമയിലേക്ക് വന്നതും. ചിക്കനാണ് എന്റെ പ്രിയവിഭവം. കഴിക്കുന്നതൊന്നും എന്റെ ശരീരത്തില്‍ കാണുന്നില്ലല്ലോയെന്ന് എല്ലാവരും കളിയാക്കാറുണ്ട്.

എന്റെ പാചക പരീക്ഷണങ്ങള്‍


പാചകവും എനിക്ക് ഇഷ്ടമാണ്. സമയം കിട്ടുമ്പോഴൊക്കെ പരീക്ഷണം നടത്താറുണ്ട്. എന്തായാലും പട്ടിണി കിടക്കരുതല്ലോ. ഇടയ്ക്കിടെ എന്റെ കിച്ചന്‍ പരീക്ഷണശാല ആകാറുണ്ട്. മധുരപലഹാരങ്ങളാണുണ്ടാക്കാറ്. ഗൂഗിളില്‍ ഏതെങ്കിലും സ്വീറ്റ് റെസിപ്പി കണ്ടാല്‍ ഞാനത് പരീക്ഷിക്കും. ഇതുവരെ പരാജയപ്പെട്ടിട്ടില്ല. അതാണു ധൈര്യം. ഞാന്‍ ഉണ്ടാക്കിയവ ആദ്യം ഞാന്‍ തന്നെ പരീക്ഷിക്കും. നല്ലതാണെന്ന് കണ്ടാല്‍ മമ്മിയെയും കൂട്ടും.

മമ്മി എന്റെ ബെസ്റ്റ് ഫ്രണ്ട്


എന്റെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുള്ളത് മമ്മിയാണ്. എനിക്ക് മമ്മിയിലുള്ള അഡിക്ഷനെക്കാള്‍ മമ്മിക്ക് എന്നിലാണ് അഡിക്ഷന്‍ എന്നാണ് തോന്നുന്നത്. സിനിമയില്‍ വന്നശേഷവും എല്ലാ സ്ഥലത്തും ഞാനും മമ്മിയും ഒന്നിച്ചാണ് പോകാറ്.

എവിടെച്ചെന്നാലും എല്ലാവരും സുഖമാണോ എന്ന് ചോദിക്കുന്നതിനു മുന്‍പ് മമ്മി എവിടെ എന്നാണ് ചോദിക്കുക. ഏത് വര്‍ക്ക് വന്നാലും ആദ്യം സംസാരിക്കുന്നത് മമ്മിയാണ്. മമ്മിയുടെ ഫോണ്‍ നമ്പറാണ് എല്ലാവര്‍ക്കും കൊടുത്തിരിക്കുന്നത്.

ഒരു ബലമായി മമ്മി ഒപ്പമുള്ളത് കൊണ്ടാകണം ഒരുതരത്തിലുള്ള മോശം അനുഭവങ്ങളും എനിക്ക് സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന ചൊല്ലുണ്ടല്ലോ, അതൊക്കെ വഴിയെ നോക്കാം.

uploads/news/2019/01/276839/miyaINW010119b.jpg

നായികയാകണമെന്നില്ല


ഒരു സിനിമയില്‍ നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. എന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടോ ഇല്ലയോ എന്നതു മാത്രമേ നോക്കാറുള്ളൂ. ചില കഥാപാത്രങ്ങള്‍ ചെയ്തതിനുശേഷം വേണ്ടായിരുന്നു എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒരു സ്‌പോര്‍ട്‌സ് റിലേറ്റഡ് കഥാപാത്രം ചെയ്യണം എന്നത് ഒരു സ്വപ്നമാണ്. എത്ര കാലം സിനിമയില്‍ ഉണ്ടാകും എന്നും ഉറപ്പില്ല. പക്ഷേ മലയാള സിനിമയില്‍ ഞാനുണ്ടായിരുന്നു എന്ന് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ വ്യത്യസ്തതയാര്‍ന്ന മികച്ച കഥാപാത്രങ്ങള്‍ ചെയ്യണം എന്നത് മാത്രമാണ് ഇപ്പോള്‍ ഉള്ള ആഗ്രഹം.

സാഹസികത എന്റെ വീക്ക്‌നസ്സ്


സാഹസികമായ കാര്യങ്ങള്‍ ചെയ്യുക എന്നത് എന്റെ ഒരു വീക്ക്‌നസ്സാണ്. സത്യത്തില്‍ ഇക്കാര്യത്തില്‍ എന്നെക്കാള്‍ മുന്നിട്ടിറങ്ങുന്നത് മമ്മിയാണ്. സ്‌കൈഡൈവിംഗും സ്‌കൂബ ഡൈവിംഗും ചെയ്യണം എന്നുള്ളത് വലിയ സ്വപ്നമായിരുന്നു. അടുത്തിടെ ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി.
അമേരിക്കയില്‍ പോയപ്പോള്‍ ഫ്‌ളോറിഡയില്‍ വച്ച് സ്‌കൈഡൈവിംഗ് നടത്തിയിരുന്നു. സ്‌കൂബ ഡൈവിങ്ങും നടത്താന്‍ പറ്റി.

അതൊക്കെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. ആ എക് സൈറ്റ്‌മെന്റ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം കാര്യങ്ങള്‍ എല്ലാവരും പരീക്ഷിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ ഇത്തരത്തിലുള്ള സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്.

ദീപു ചന്ദ്രന്‍

Ads by Google
Tuesday 01 Jan 2019 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW