Monday, August 19, 2019 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 10.06 AM

മുത്തലാക്ക് ബില്ല് പാസ്സായ ദിവസം വിട്ടു നിന്നു ; പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം

uploads/news/2018/12/275836/kunhalikkutty.jpg

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പാര്‍ലമെന്റില്‍ എത്താതെ വിട്ടു നിന്ന മുസ്ലീംലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടിക്ക് സാമൂഹ്യ മാധ്യമങ്ങളിലും പാര്‍ട്ടിക്കുള്ളിലും ശക്തമായ വിമര്‍ശനം. മൂന്നു തലാഖ് ചൊല്ലി മുസ്ലിം പുരുഷന് ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന ഇസ്ലാമിക ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ഇന്നലെയാണ് ലോക്സഭ പാസ്സാക്കിയത്.

സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയി എന്ന കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണത്തെ വിമര്‍ശിച്ച് അനേകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. മകളുടെ കല്യാണചടങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ പോലും ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസാസുദ്ദീൻ ഒവൈസി വോട്ടു ചെയ്യാനെത്തിയതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫാഷിസത്തെ പിടിച്ചുകെട്ടാൻ ഡൽഹിക്ക് വണ്ടികയറിയ ദേശീയ രാഷ്ട്രീയത്തിലെ സെന്റർ ഫോർവേഡ് ഇത്രയും പ്രധാനപ്പെട്ട ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെപ്പറ്റി അറിവുണ്ടായിട്ടും സഭയിൽ വന്നതേയില്ലെന്നും കുഞ്ഞാപ്പ നാട്ടിലെ ഏതോ വ്യവസായപ്രമുഖന്റെ വീട്ടിൽ കല്യാണം കൂടാൻ പോയതാണത്രേ എന്നുമാണ് വിമര്‍ശനം. പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുള്ളിലും വിമര്‍​ശനമുയര്‍ന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലീം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് സാദിഖലി തങ്ങള്‍ നല്‍കിയ മറുപടി.

ഒവൈസിയുടെ മകളുടെ കല്യാണം ഡിസംബർ 28 നായിട്ടു പോലും അദ്ദേഹം സഭയിൽ വന്ന് ബില്ലിനെതിരെ സംസാരിക്കുകയും വോട്ടുചെയ്യുകയും ഉണ്ടായി. ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചു.

അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസ്സായത്. കോൺഗ്രസ്സ്, എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ബില്ല് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു പാർലമെന്ററി കമ്മറ്റി ആവശ്യമാണെന്ന നിലപാടും ഈ പാർട്ടികൾ മുമ്പോട്ടു വെച്ചു. ബില്ലിനെ രാഷ്ട്രീയക്കണ്ണിന് പകരം മാനുഷികതയുടെ കണ്ണോടെ കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സർക്കാരിന്റെ വാദങ്ങളെ മിക്ക പ്രതിപക്ഷ പാർ‌ട്ടികളും തള്ളുകയാണുണ്ടായത്.

എഐഎഡിഎംകെ, കോൺഗ്രസ്സ്, ബിജു ജനതാദൾ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ്‍വാദി പാര്‍ട്ടി തുടങ്ങിയ പാർട്ടികൾ എതിർ വാദമുഖങ്ങളുമായി എത്തി. പാർലമെന്റിന്റെ രണ്ട് സഭകളുടെയും ഒരു പാർലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്ക് ബിൽ വിടണമെന്ന് ഇവരെല്ലാം വാദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW