Tuesday, August 20, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 27 Dec 2018 12.11 PM

എന്‍ കണ്ണാ നീ തൂങ്കടാ... ബാഹുബലിയിലെ ഈ ഗാനം പാടിയ മലയാളി പെണ്‍കുട്ടി ആരാണ് ?

''ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ കണ്ണാ നീ തൂങ്കടാ എന്ന ഗാനം പാടിയത് മലയാളിയായ ഒരു പെണ്‍കുട്ടിയാണ് എന്ന് എത്രപേര്‍ക്കറിയാം? സൂപ്പര്‍ ഹിറ്റ് ഗാനവുമായി സിനിമ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന തിരുവനന്തപുരത്തുകാരി നയനയുടെ വിശേഷങ്ങള്‍...''
uploads/news/2018/12/275667/nayanaINW271218e.jpg

2017 ഏപ്രില്‍ 28ന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററിലിരുന്ന് കാണുമ്പോള്‍ തിരുവനന്തപുരത്തുകാരി നയനയുടെ കണ്ണുകള്‍ അറിയാതെ നിറയുന്നുണ്ടായിരുന്നു. ബാഹുബലി ദ ബിഗിനിംഗ് വെറുമൊരു കാഴ്ചക്കാരിയായി ഇരുന്നു കണ്ട നയന ബാഹുബലി രണ്ടാംഭാഗം കണ്ടത് ആസ്വാദക എന്നനിലയില്‍ മാത്രമായിരുന്നില്ല. ചുറ്റും ഇരുന്നവര്‍ ചിത്രത്തിലെ ഓരോ രംഗത്തിനുമൊപ്പം ആര്‍ത്തു വിളിച്ചപ്പോഴും അവള്‍ ഹൃദയമിടിപ്പോടെ കാത്തിരുന്നു.

കണ്ണാ നീ തൂങ്കടാ എന്ന ഗാനം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അന്ന് അവളുടെ കണ്ണുനിറഞ്ഞൊഴുകി. കാരണം തുടക്കക്കാരിയായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്കും ഏറെ അകലെയായിരുന്നു ബാഹുബലിയിലെ സൂപ്പര്‍ഹിറ്റ് ഗാനം സ്വന്തം ശബ്ദത്തില്‍ തിയേറ്ററില്‍ ഇരുന്ന് കേള്‍ക്കുക എന്നത്. പക്ഷേ ആ ഭാഗ്യം സിദ്ധിച്ചത് മലയാളിയായ ഈ പെണ്‍കുട്ടിക്കാണ്. തിരുവനന്തപുരത്തുകാരിയായ തനി മലയാളി പെണ്‍കുട്ടി നയന.

ചാനലുകളിലെ റിയാലിറ്റിഷോകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന നയന വിവാഹശേഷം ഹൈദരാബാദില്‍ താമസമാക്കി. അവിടെനിന്നാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ പാടി മയക്കിയ ആ ഗാനത്തിലേക്ക് എത്തിപ്പെടുന്നത്. മൂന്നുവയസ്സില്‍ ആരംഭിച്ച തന്റെ സംഗീത യാത്രയെക്കുറിച്ചും അഭിരുചികളെ കുറിച്ചും നയന മനസ്സ് തുറക്കുന്നു...

കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തോട് എനിക്ക് കമ്പം ഉണ്ടായിരുന്നതായി അച്ഛനും അമ്മയും പറയാറുണ്ടായിരുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കുകയും താളം പിടിക്കുകയും ഒക്കെ ചെയ്യുമായിരുന്നത്രേ. സംഗീത പഠനം ആരംഭിച്ചത് അങ്ങനെയാണ്. നാലാം വയസ്സില്‍ കെ.ജി ക്ലാസിലാണ് ആദ്യമായി ഞാന്‍ സ്‌റ്റേജില്‍ പാടുന്നത്.

സംഗീതം പഠിക്കുന്നുണ്ടായിരുന്നെങ്കിലും അപ്പോഴും പഠിത്തത്തിനു തന്നെയായിരുന്നു ആദ്യ പരിഗണന. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗന്ധര്‍വ്വ സംഗീതത്തില്‍ പങ്കെടുക്കുന്നത്. അതിന്റെ ജൂനിയര്‍ ലെവലിലും സീനിയര്‍ ലെവലിലും പങ്കെടുത്തു. സംഗീതത്തെ ഒരല്‍പ്പം സീരിയസായി കാണാന്‍ തുടങ്ങുന്നത് അപ്പോഴാണ്. പിന്നീടാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ എത്തുന്നത്. എം.ജി സാര്‍, ശരത് സാര്‍, ചിത്ര ചേച്ചി തുടങ്ങിയവര്‍ക്കൊപ്പമുള്ള ആ കാലഘട്ടം സംഗീതത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാനും കൂടുതല്‍ അടുക്കാനും സഹായിച്ചു.

uploads/news/2018/12/275667/nayanaINW271218d.jpg

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിരുന്നു. പിന്നീട് എന്‍ജിനീയറിങ്ങിന് പഠിക്കാന്‍ ചേരുകയും ഒപ്പം സംഗീതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിലാണ് സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത്. സര്‍ക്കാര്‍ കോളനി എന്ന ചിത്രത്തില്‍ രമേഷ് നാരായണന്‍ സാറിന്റെ ഒരു പാട്ടാണ് സിനിമയില്‍ ആദ്യമായി പാടുന്നത്. പിന്നീട് ഈ അടുത്ത കാലത്ത്, ആമയും മുയലും തുടങ്ങിയ ചിത്രങ്ങളിലൊക്കെ പാടി.

എന്‍ജിനീയറിങ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. ഭര്‍ത്താവ് അര്‍ജുന്‍ ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹത്തോടൊപ്പം ഹൈദരാബാദില്‍ സെറ്റിലായി. വെറുതെയിരുന്ന് സമയം കൊല്ലുന്നതിനിടയില്‍ ജാസിഗിഫ്റ്റ് ചേട്ടനാണ് കീരവാണി സാറിന്റെ ടീമിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്.

കീരവാണി സാറിന്റെ ടീം കോഡിനേറ്ററുമായി സംസാരിച്ച് അതിനൊപ്പം ചേര്‍ന്നു. ബാഹുബലിയുടെ ആദ്യഭാഗം റിലീസായ സമയമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കീരവാണി സര്‍ കമ്പോസ് ചെയ്ത ഒരു ഗാനത്തിന് ട്രാക്ക് പാടാന്‍ അവസരം ലഭിച്ചത്. അതൊരു സിനിമാഗാനം ആണെന്നൊന്നും അറിയില്ലായിരുന്നു.

പിന്നീട് കീരവാണി സാറും രാജമൗലി സാറും പാട്ട് കേള്‍ക്കുകയും എന്റെ ശബ്ദം ഇഷ്ടപ്പെടുകയും ചെയ്തതോടെ ഞാന്‍ തന്നെ ആ പാട്ടു പാടിയാല്‍ മതി എന്ന് പറയുകയായിരുന്നു. അപ്പോഴാണ് അത് ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടാണെന്നും, ഞാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത നേട്ടമാണ് കണ്‍ മുമ്പില്‍ എത്തിയിരിക്കുന്നതെന്നും മനസ്സിലാവുന്നത്.

അങ്ങനെ എനിക്ക് ആ പാട്ട് പാടാനുള്ള ഭാഗ്യം ലഭിച്ചു. അതൊരു താരാട്ടുപാട്ടാണ് എങ്കിലും കുഞ്ഞിനെ ഉറക്കുന്ന പോലെയല്ല മറിച്ച് ഒരു റാണി രാജാവിനെ പാടിയുറക്കുന്ന പോലെ പാടണമെന്ന് കീരവാണി സാര്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ പിന്നീട് ആ പാട്ട് തീയേറ്ററില്‍ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

uploads/news/2018/12/275667/nayanaINW271218a.jpg

ബാഹുബലി ടീമിനൊപ്പമുള്ള ഓരോ നിമിഷവും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. അഭിനേതാക്കളായ പ്രഭാസും അനുഷ്‌കയും റാണയും ഒക്കെ നേരിട്ട് വരികയും ഞങ്ങളോടൊക്കെ വളരെ ഫ്രണ്ട്ലിയായി ഇടപെടുകയും ചെയ്യുമായിരുന്നു. രാജമൗലി സാറും അതേ പ്രകൃതക്കാരനായിരുന്നു. ഓഡിയോ ലോഞ്ച് ഒക്കെ നടക്കുമ്പോള്‍ സത്യത്തില്‍ അഭിമാനം തോന്നി.

ബാഹുബലിയിലെ കണ്ണാ നീ തൂങ്കടാ എന്ന ഗാനം തമിഴിലും തെലുങ്കിലുമാണ് ഒറിജിനല്‍ റെക്കോര്‍ഡ് ചെയ്തത്. മറ്റു ഭാഷകള്‍ മൊഴിമാറ്റം ചെയ്തതാണ്. തമിഴ് വേര്‍ഷന്‍ ആണ് ഞാന്‍ പാടിയിട്ടുള്ളത്.

സിനിമ റിലീസായി ഒരുമാസത്തിനുശേഷം കീരവാണി സാര്‍ വിളിച്ച് പാട്ടിനെ കുറിച്ചുള്ള അഭിപ്രായം ഒക്കെ ചോദിച്ചിരുന്നു. അദ്ദേഹത്തോട്, തീര്‍ത്താല്‍ തീരാത്ത നന്ദി ഉണ്ട് എന്നും, സാര്‍ എന്റെ ഗോഡ്ഫാദര്‍ ആണെന്നുംം പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി എനിക്ക് മറക്കാനാകില്ല. ആ പാട്ട് വളരെ നന്നായി പാടിയിട്ടുണ്ട് എന്നും അതുകൊണ്ടാണ് അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

യു ഡിസേര്‍വ്ഡ് ഇറ്റ് എന്ന് പാട്ടിന്റെ പിതാവായ അദ്ദേഹം പറഞ്ഞ കോംപ്ലിമെന്റ് മറ്റേതൊരു അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്നതാണ്. ബാഹുബലി പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുക എന്നത് തന്നെ ഭാഗ്യമാണ്. ഒരു തുടക്കക്കാരി എന്ന നിലയില്‍ അത്തരം ഒരു ചിത്രത്തില്‍ പാടാന്‍ അവസരം ലഭിക്കുകയും ആ ഗാനം ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്നു എന്നും കേള്‍ക്കുന്നതും വലിയ സന്തോഷം നല്‍കുന്നു.

ഒരുപക്ഷേ എന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പാട്ടാണത്. ബാഹുബലിക്ക് ശേഷം കൂടുതല്‍ അവസരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. മലയാളത്തിലും പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്ന ഗാനങ്ങള്‍ പാടാന്‍ കഴിയണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയൊരു ഭാഗ്യവും എത്രയും പെട്ടെന്ന് എനിക്ക് ലഭിക്കണേ എന്നാണ് പ്രാര്‍ത്ഥന.

സോഷ്യല്‍മീഡിയ


സോഷ്യല്‍മീഡിയയില്‍ ഞാന്‍ ആക്ടീവ് അല്ല. എന്റെ പബ്ലിക് റിലേഷന്‍ വളരെ മോശമാണ് എന്ന് സുഹൃത്തുക്കളൊക്കെ എപ്പോഴും കുറ്റം പറയാറുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും ഫേസ്ബുക്കില്‍ ആക്റ്റീവ് ആയി അപ്‌ഡേഷന്‍ നടത്താറില്ല. ബാഹുബലിയില്‍ പാടിയ സമയത്ത് എന്നെക്കുറിച്ച് ഒരു ട്രോള്‍ ഇറങ്ങിയിരുന്നു. ഈ ഗാനം പാടിയത് ഒരു മലയാളിയാണ് എന്ന തലക്കെട്ടും അഭിമാനത്തോടെ നില്‍ക്കുന്ന സലിം കുമാറേട്ടന്റെ ഫോട്ടോയും വച്ചിട്ടുള്ള ഒരു ട്രോള്‍. അതൊക്കെ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു.
uploads/news/2018/12/275667/nayanaINW271218c.jpg
* നയന ഭര്‍ത്താവ് അര്‍ജുനൊപ്പം

പഠനം


എല്‍കെജി മുതല്‍ പ്ലസ് ടു വരെ പഠിച്ചത് തിരുവനന്തപുരം വഴുതക്കാടുള്ള കാര്‍മ്മല്‍ സ്‌കൂളിലാണ്. ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങള്‍ ആയിരുന്നു അത്. യൂത്ത് ഫെസ്റ്റിവലും മറ്റ് കലാപരിപാടികളുമായി എപ്പോഴും കറക്കം ആയിരുന്നു. പക്ഷേ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പത്താംക്ലാസില്‍ പതിമൂന്നാം റാങ്ക് കാരിയാണ് എന്ന ക്രെഡിറ്റും ഉണ്ട്. പഠിച്ച സ്കൂളില്‍ പിന്നീട് ഗസ്റ്റ് ആയി ചെല്ലാനുള്ള ഭാഗ്യവും ലഭിച്ചു.

ഭക്ഷണം


യാത്രകള്‍ പോലെ തന്നെയാണ് ഭക്ഷണവും. ഓരോ രാജ്യങ്ങളില്‍ ചെല്ലുമ്പോഴും അവിടത്തെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഒക്കെയും പരീക്ഷിക്കും. എപ്പോഴും ചോറും കറിയും തന്നെ കഴിക്കാന്‍ ഇഷ്ടമല്ല. വീട്ടിലാണെങ്കിലും പാചക കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തും. ഭര്‍ത്താവ് തന്നെയാണ് എന്റെ പരീക്ഷണവസ്തു. പാചകത്തിലും കഴിക്കുന്ന കാര്യത്തിലും എല്ലാ വിഭവങ്ങളും പരീക്ഷിക്കുമെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ ആണ് കഴിക്കാന്‍ കൂടുതലിഷ്ടം.

സൗഹൃദം


സംഗീതലോകത്ത് ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ട്. മൃദുല വാരിയര്‍, വിധുപ്രതാപ്, രഞ്ജിനി ജോസ് തുടങ്ങി എല്ലാ പാട്ടുകാരുമായും നല്ല സൗഹൃദമാണ്. എംജി ശ്രീകുമാര്‍ സാറിനൊപ്പം ആണ് കൂടുതലും സ്‌റ്റേജ് ഷോ ചെയ്തിട്ടുള്ളത്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തും കോളജില്‍ പഠിച്ചിരുന്ന കാലത്തും ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരൊക്കെ തന്നെയാണ് ഇപ്പോഴും എന്റെ സുഹൃത്ത് വലയത്തില്‍ ഉള്ളത്. എന്തിനും അവര്‍ തന്നെയാണ് സപ്പോര്‍ട്ടും.

യാത്രകള്‍


യാത്രകളോട് ഭയങ്കര ഇഷ്ടമാണ്. ഷോയുടെ ഭാഗമായി പലപ്പോഴും വിദേശയാത്രകള്‍ നടത്താന്‍ അവസരം കിട്ടാറുണ്ട്. സൗത്താഫ്രിക്ക, റഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍, ദുബായ്, യു.എ.ഇ യിലെ മറ്റ് രാഷ്ട്രങ്ങള്‍ ഒക്കെ ഇതിനോടകം സഞ്ചരിക്കാന്‍ പറ്റി. പുതിയ പുതിയ സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എനിക്ക് വളരെയധികം താല്‍പര്യമാണ്. ഒപ്പം സ്‌കൂബ ഡൈവിംഗ് പോലെയുള്ള അഡ്വഞ്ചറസ് ആയിട്ടുള്ള കാര്യങ്ങള്‍ പരീക്ഷിക്കാനും താല്പര്യമുണ്ട്.
uploads/news/2018/12/275667/nayanaINW271218b.jpg
* നയന കുടുംബത്തോടൊപ്പം

കുടുംബം


ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും പ്രധാനം. എന്റെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബത്തെ ലഭിച്ചു എന്നത് എന്റെ ഭാഗ്യം. അച്ഛന്‍ സോമശേഖരന്‍, അമ്മ പ്രഭ, അനിയത്തി നന്ദന. ഭര്‍ത്താവ് അര്‍ജുന്‍ എന്നിലെ പാട്ടുകാരിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന ആളാണ്. അദ്ദേഹത്തിന്റെ പിന്തുണയാണ് ഇപ്പോള്‍ എന്റെ ബലം.

Ads by Google
Thursday 27 Dec 2018 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW