Sunday, August 18, 2019 Last Updated 56 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 27 Dec 2018 11.24 AM

ഹാര്‍ട്ടറ്റാക്ക് സംഭവിക്കുന്നത് ഏറെയും ശനിയാഴ്ചയും തിങ്കളാഴ്ചയും; ഹൃദയവും ഈ ദിവസങ്ങളും തമ്മില്‍ ബന്ധമുണ്ടോ? അതോ വെറും അന്ധവിശ്വാസം മാത്രമാണോ? സത്യം ഇതാണ്

ഹൃദയപൂര്‍വം
uploads/news/2019/01/275658/heart-attack.jpg

തിങ്കളും ശനിയും ഹാര്‍ട്ടറ്റാക്ക്

വളരെ കൗതുകമുള്ള ഒരു സംശയമാണ്. സമൂഹ മാധ്യമങ്ങളിലൊക്കെ ധാരാളം കണ്ടിട്ടുള്ള ഈ നിരീക്ഷണം ഹൃദയാരോഗ്യവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഹാര്‍ട്ടറ്റാക്ക് സംഭവിക്കുന്നത് ഏറെയും ശനിയാഴ്ചയും തിങ്കളാഴ്ചയുമാണെന്നാണ് നിരീക്ഷണം. ഹാര്‍ട്ടറ്റാക്കും ഈ രണ്ടു ദിവസങ്ങളും തമ്മില്‍ ബന്ധമുണ്ടോ? അതോ വെറും അന്ധവിശ്വാസം മാത്രമാണോ?
----- രാഹുല്‍ രവി , കോതമംഗലം

ഹാര്‍ട്ടറ്റാക്കിനെക്കുറിച്ച് വളരെ കാലമായി കേട്ടുവരുന്ന രസകരമായ ഒരു നിരീക്ഷണംതന്നെയാണിത്. ഹാര്‍ട്ടറ്റാക്കിന് ഏറ്റവും ഇഷ്ടപ്പെട്ട സമയം തിങ്കളാഴ്ച രാവിലെയും അതുകഴിഞ്ഞാല്‍ ശനിയാഴ്ച രാവിലെയുമാണെന്ന് പറയാറുണ്ട്.

ഹാര്‍ട്ടറ്റാക്കിലേക്ക് നയിക്കുന്ന രക്തക്കട്ടയുണ്ടാക്കുന്നതിന് ഉദ്ദീപനഘടകമാകുന്ന ശ്വേതരക്താണുക്കളുടെ സംയോജനക്ഷമത രാവിലെ ഏറിനില്‍ക്കുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണം.

വെള്ളി, ആഴ്ചയുടെ അവസാനമായതിനാല്‍ അവധി ദിവസത്തിന്റെ ആലസ്യവും തിങ്കളാഴ്ച ജോലിക്കു പോകേണ്ടതിന്റെ സമ്മര്‍ദവും ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്നതാണ് ഈ നിരീക്ഷണത്തിന് പിന്നില്‍.

നെഞ്ചില്‍ അസ്വസ്ഥത


എനിക്ക് 45 വയസ്. ഓഫീസ് ജോലി ആണ്. അതിനാല്‍ എട്ടു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നു. രാവിലെയും വൈകിട്ടും പത്തു മിനിട്ട് നടത്തം ഒഴിച്ചാല്‍ മറ്റ് വ്യായാമമൊന്നും ഇല്ല. ഇപ്പോള്‍ ഇടയ്ക്കിടെ നെഞ്ചില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ശ്വാസതടസവും ഉണ്ടാകുന്നു. ഹൃദയ സംബന്ധമായ തകരാറുകൊണ്ട് ഇങ്ങനെ സംഭവിക്കാനിടയുണ്ടോ? ഞാന്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ടോ?
------ സന്തോഷ് കൃഷ്ണന്‍ , മാവേലിക്കര

ഹൃദയത്തില്‍ അനുഭവപ്പെടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ പോലും നിസാരമാക്കരുത്. കൃത്യമായ സമയത്ത് പരിശോധനയും ചികിത്സയും നടത്തിയാല്‍ അപകടം പൂര്‍ണമായും ഒഴിവാക്കാനാവും. നെഞ്ചിനുള്ളില്‍ അമിതമായ ഭാരം, എരിച്ചില്‍, പൊള്ളല്‍, പുകച്ചില്‍, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്ന പ്രതീതി, കത്തികൊണ്ട് കുത്തുന്നതുപോലെ വേദന തുടങ്ങിയവ അനുവഭപ്പെട്ടാല്‍ ശ്രദ്ധിക്കണം.

ചിലപ്പോള്‍ അത് ഹാര്‍ട്ടറ്റാക്കിന്റെ ലക്ഷണമാവാം. നെഞ്ചിനുള്ളില്‍നിന്ന് വേദന തോളിലേക്കും ഇരു കൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറത്തേക്കും പല കാഠിന്യത്തില്‍ പടരുന്നതാണ് ഹാര്‍ട്ടറ്റാക്കിന്റെ രീതി.

ഹൃദയപേശികളുടെ സുഗമമായ സ്പന്ദനപ്രക്രിയയ്ക്ക് രക്തമെത്തിച്ചു കൊടുക്കുന്ന കൊറോണറികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും മറ്റ് ഉപഘടകങ്ങളും രക്താണുക്കളും അടിഞ്ഞുകൂടി, കാലക്രമേണ ഉള്‍വ്യാപ്തി കുറയുകയും രക്തപര്യയനം ദുഷ്‌കരമാവുകയും ചെയ്യുന്നു. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സ്ഥിതിക്ക് ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തണം.

അമിത വ്യായാമം അപകടം


എനിക്ക് 50 വയസ്. ചെറുപ്പം മുതല്‍ വ്യായാമം ശീലമാണ്. കൂടാതെ രണ്ടു വര്‍ഷമായി കൂടുതല്‍ സമയം വ്യായാമത്തിനായി നീക്കിവയ്ക്കുന്നു. നാലഞ്ച് കിലോമീറ്റര്‍ ഓടും. അതിനു ശേഷം രണ്ടു മണിക്കൂര്‍ വര്‍ക്കൗട്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ അടുത്ത കാലത്ത് നെഞ്ചു വേദനയുണ്ടായി. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ ബ്ലോക്ക് ഉള്ളതായി കണ്ടു. അമിത വ്യായാമമാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വ്യായാമം എങ്ങനെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്?
------- ഫ്രാന്‍സിസ് ജോണ്‍ , കളമശേരി

കായികമായും മാനസികമായുമുള്ള അമിതായാസമാണ് പലപ്പോഴും ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഈ ഉദ്ദീപനാവസ്ഥ അനിയന്ത്രിതമാകുമ്പോള്‍ ഹൃദയസ്പന്ദനവേഗം വര്‍ധിക്കുകയും തന്മൂലം ഹൃദയപ്രവര്‍ത്തനത്തിന് കൂടുതലായി രക്തം വേണ്ടിവരികയും ചെയ്യുന്നു. ഇത് ബ്ലോക്കുള്ള ധമനിയിലൂടെ ഒഴുകാതെ വരുമ്പോള്‍ ആ ഭാഗം രക്ത ദാരിദ്ര്യത്താല്‍ നിര്‍ജീവമാകുന്നു.

അമിത കായികാധ്വാനം മൂലം ഏതാണ്ട് 15 ശതമാനം പേര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. യാതൊരു അധ്വാനവുമില്ലാതെ നിദ്രാവസ്ഥയില്‍ 8 ശതമാനം പേര്‍ക്ക് അറ്റാക്കുണ്ടാകാറുണ്ട്.

ഹോര്‍മോണുകളുടെ അതിസ്രാവത്തോടൊപ്പം നിരവധി അവ്യക്ത കാരണങ്ങളും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. മാനസിക പ്രക്ഷുബ്ധാവസ്ഥ പിരിമുറുകുമ്പോള്‍ ഹൃദ്രോഗ സാധ്യത അമിതമായി വര്‍ധിക്കുന്നതായി (18 ശതമാനം) ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാട്, ഉദ്യോഗം നഷ്ടപ്പെടല്‍, ബിസിനസ്സിലുണ്ടാകുന്ന നഷ്ടം, സ്ഥലംമാറ്റം തുടങ്ങിയ അനുഭവങ്ങള്‍ മാനസികാവസ്ഥയെ തകിടംമറിക്കുമ്പോള്‍ ഹൃദ്രോഗം മൂര്‍ഛിക്കുന്നത്.

ഇത് കൂടാതെ ശ്വാസകോശ രോഗങ്ങള്‍, ഹൈപ്പോഗ്ലൈസീമിയ, ശസ്ത്രക്രിയ, പതിവിലേറെയുള്ള ആഹാരം തുടങ്ങിയ കാരണങ്ങളും അറ്റാക്കുണ്ടാക്കുന്നു. എടുത്തുപറയത്തക്ക ഉദ്ദീപന ഘടകങ്ങളുടെ അഭാവത്താലും ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരുടെ എണ്ണം വിരളമല്ല.

ഹാര്‍ട്ടറ്റാക്കിനു ശേഷം ജോലിക്കു പോകുമ്പോള്‍


എനിക്ക് 50 വയസ്. സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് ജോലിയാണ്. ആറേഴ് മാസം മുമ്പ് എനിക്ക് ഹാര്‍ട്ടറ്റാക്കുണ്ടായി. ഇപ്പോള്‍ മരുന്നു കഴിക്കുന്നു. വീണ്ടും ജോലിക്കു പോയി തുടങ്ങിയില്ല. എനിക്ക് ഇനി എത്രനാള്‍കഴിഞ്ഞാലാണ് ജോലിക്കു പോയിത്തുടനങ്ങാനാകുന്നത്?
------ ശ്രീജന്‍ , ഇരിട്ടി

പ്രായം, ഹാര്‍ട്ടറ്റാക്കിന്റെ തീവ്രത, അറ്റാക്കിനോടനുബന്ധിച്ചുണ്ടായ സങ്കീര്‍ണതകള്‍, കഴിക്കുന്ന മരുന്നുകളുടെ സവിശേഷതകളും പാര്‍ശ്വഫലങ്ങളും ഇനിയൊരു അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത ഇവയെല്ലാം വിശദമായി പരിശോധിച്ചശേഷം വേണം ചെയ്തിരുന്ന ജോലിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ പറ്റുമോ എന്ന തീരുമാനം കൈക്കൊള്ളാന്‍.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിനേല്‍ക്കുന്ന ആഘാതമാണ് ഹാര്‍ട്ടറ്റാക്ക്. ചിലപ്പോള്‍ ഹൃദയഭിത്തിയുടെ കുറച്ചുഭാഗം മാത്രമേ പ്രവര്‍ത്തനരഹിതമാകുന്നുള്ളു. ചിലയവസരങ്ങളില്‍ മേജര്‍ അറ്റാക്കാണെങ്കില്‍ ഹൃദയപേശിയുടെ നല്ലൊരു ഭാഗം നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. അപ്പോള്‍ ശ്വാസം മുട്ടലും ശേഷിക്കുറവും ശരീരത്തില്‍ നീരുണ്ടാക്കുന്നു.

ഇത് ഹൃദയപരാജയത്തിന്റെ ലക്ഷണങ്ങളാണ്. ഈ അവസരത്തില്‍ രോഗിക്ക് കാര്യമായ ഒരു കായികജോലിയും ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ അറ്റാക്കു കഴിഞ്ഞ ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വേണം തുടര്‍ന്നുള്ള ജോലിയുടെ കാര്യം തീരുമാനിക്കാന്‍.

വിശ്രമിക്കുവാന്‍ സമയം കണ്ടെത്തണം. ബുദ്ധിമുട്ടുള്ള ജോലികളെല്ലാം കൈവെടിയണം. ഹൃദയത്തിന് കൂടുതല്‍ ആയാസം കൊടുത്താല്‍ നെഞ്ചുവേദനയുണ്ടാകാം. ശ്വാസം മുട്ടലും തളര്‍ച്ചയും ഉണ്ടാകാം. അപ്പോള്‍ സൂക്ഷിക്കുക തന്നെ വേണം. മരുന്നുകള്‍ കൃത്യ സമയങ്ങളില്‍ കഴിക്കണം.

രാത്രിയില്‍ ആവശ്യത്തിന്, കുറഞ്ഞത് എട്ടുമണിക്കൂര്‍ എങ്കിലും ഉറങ്ങണം. കൃത്യ കാലയളവില്‍ താങ്കളെ പരിശോധിക്കുന്ന ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോകണം. ട്രെഡ് മില്‍ തുടങ്ങിയ പരിശോധനകള്‍ ചെയ്യണം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ ,എറണാകുളം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW