Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 10.19 AM

സിനിമ കിട്ടാഞ്ഞിട്ടല്ല, വര്‍ഷത്തില്‍ ഒന്നോ രണ്ടോ മതി; മെലഡിയുടെ മാന്ത്രികന്‍ ദീപക്ദേവ് പറയുന്നു

''പ്രശസ്ത സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ സംഗീത വഴികളിലൂടെ... '''
uploads/news/2018/12/275413/DeepakDevINW251218a.jpg

ദീപക്ദേവെന്ന സംഗീതസംവിധായകന്റെ മാന്ത്രിക വിരലുകള്‍ തീര്‍ത്ത സംഗീതം നമ്മെ എന്നും വിസ്മയത്തിലാഴ്ത്തിയിട്ടുണ്ട്. മെലഡിയുടെ സൗകുമാര്യത കൊണ്ട് തന്റെ സംഗീതത്തില്‍ വ്യത്യസ്തമായ കൈയ്യൊപ്പ് ചാര്‍ത്തിയ ഈ കലാകാരനെ ഇഷ്ടപ്പെടാത്ത സംഗീതപ്രേമികളില്ല.

ഗായകന്‍, സംഗീത സംവിധായകന്‍, കീബോര്‍ഡിസ്റ്റ് എന്നിങ്ങനെ ഇദ്ദേഹം കടന്നുചെല്ലാത്ത സംഗീത വഴികളില്ല. തന്റെ സംഗീത യാത്രയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ദീപക്ദേവ്...

പാട്ടിനെ സ്നേഹിച്ചു തുടങ്ങിയത്?


ഞാന്‍ ജനിച്ചതും, വളര്‍ന്നതും ദുബായിലായിരുന്നു. 12ാം ക്ലാസുവരെ അവിടെത്തന്നെയായിരുന്നു. ആ കാലമാണ് എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചതും സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നതും. ചൈല്‍ഡ് സിങ്ങറായിട്ടായിരുന്നു തുടക്കം. ഏഴാം വയസുമുതല്‍ പാടിത്തുടങ്ങിയതാണ്. 12-13 വയസാകുമ്പോള്‍ കുട്ടികളുടെ ശബ്ദം മാറുന്ന സ്‌റ്റേജാണല്ലോ. ആ സമയത്ത് എനിക്ക് വോയ്സ് റസ്റ്റെടുക്കേണ്ടി വന്നു. അപ്പോഴാണ് കീബോര്‍ഡിനോട് താല്‍പര്യം വന്നത്.

കീബോര്‍ഡ് സിസ്റ്റമാറ്റിക്കായി പഠിക്കാനും മറ്റും തുടങ്ങി. അക്കാലത്ത് അച്ഛനെനിക്ക് പ്രോഗ്രാമിങ് ചെയ്യാവുന്ന ഒരു കീബോര്‍ഡ് വാങ്ങി തന്നു. അത് കൈയിലുള്ളതുകൊണ്ട് പ്രോഗ്രാമിങ് എന്താണെന്ന് അന്നേ അറിയാന്‍ കഴിഞ്ഞു. ദുബായ് ജീവിതത്തില്‍നിന്ന് കിട്ടിയ ഒരു ഭാഗ്യമായിരുന്നു അത്.

കൂടാതെ ബള്‍ഗേറിയനായ ഒരു അധ്യാപകന്റെയടുത്ത് കുറച്ചുനാള്‍ കീബോര്‍ഡ് പഠിക്കാനും പോയി. അതുകൊണ്ട് ഇന്റര്‍നാഷണല്‍ അപ്രോച്ച് കൂടി സംഗീതത്തില്‍ കൊണ്ടുവരാനൊക്കെ അക്കാലത്തേ കഴിഞ്ഞിരുന്നു.

കൊച്ചിയിലേക്ക് വരുന്നത്?


12 ാം ക്ലാസുകഴിഞ്ഞാണ് ഞാന്‍ കൊച്ചിയിലേക്ക് വരുന്നത്. കാരണം 93, 94 ലെ ദുബായ് കാലഘട്ടത്തില്‍ പഠനത്തിലും സംഗീതത്തിലും കൂടുതലായി ഒന്നും ചെയ്യാനില്ലായിരുന്നു. എനിക്ക് സംഗീതത്തോടുള്ള താല്‍പര്യം അച്ഛനറിയുകയും ചെയ്യാം. പഠനവും സംഗീതവും ഒരുമിച്ചു കൊണ്ടുപോകാനായി അച്ഛന്‍ തന്നെയാണ് നാട്ടില്‍ പോയി നിന്നോളൂ, നിന്റെ ഭാവിക്ക് അതാണ് നല്ലതെന്ന് ഉപദേശം തന്നത്.

കൊച്ചിയില്‍ അന്ന് എന്റെ അമ്മൂമ്മയും അങ്കിളും താമസിക്കുന്നുണ്ട്. ഞാനും അവരോടൊപ്പം താമസംതുടങ്ങി. തേവര കോളജില്‍ ബി.കോമിന് ചേര്‍ന്നു. അതോടൊപ്പം റെക്കോര്‍ഡിംഗ് രംഗത്തും ചെറുതായി അവസരങ്ങള്‍ കിട്ടിത്തുടങ്ങി. അന്ന് ഇന്നത്തെപ്പോലെ സിനിമാസംഗീതമൊന്നും കൊച്ചിയിലില്ല.

കൂടുതലും ലൈറ്റ് മ്യൂസിക്ക്, ഡിവോഷണല്‍ ഗാനങ്ങള്‍, നാടകത്തിനുവേണ്ടിയുള്ള സംഗീതം ഇതൊക്കെയാണ് സ്റ്റുഡിയോകളില്‍ ചെയ്തിരുന്നത്. പല സ്‌റ്റേജില്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി പലരോടൊപ്പവും പ്രവര്‍ത്തിച്ചു. അങ്ങനെ ധാരാളം എക്‌സ്പീരിയന്‍സ് കിട്ടി.

uploads/news/2018/12/275413/DeepakDevINW251218f.jpg

പാതിവഴിയില്‍ സംഗീതം ഉപേക്ഷിച്ചിരുന്നല്ലോ?


പഠിത്തമുപേക്ഷിച്ച് സംഗീതത്തിലേക്ക് മാത്രം തിരിയാനുളള ധൈര്യം ഇല്ലായിരുന്നു. ബി.കോം കഴിഞ്ഞു, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്താണ് സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അച്ഛന്‍ വാങ്ങിത്തന്ന കീബോര്‍ഡ് വിറ്റു. പൂര്‍ണ്ണമായും സംഗീതം നിര്‍ത്തി. അങ്ങനെയിരിക്കുമ്പോഴാണ് സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിക്ക് സാര്‍ ഡയറക്ട് ചെയ്യുന്ന ഒരു യു. എസ് പ്രോഗ്രാം വന്നത്. ആ അവസരം വേണ്ടെന്നുവച്ചില്ല. കീബോര്‍ഡില്ലായിരുന്നെങ്കിലും ഒരെണ്ണം വാടകയ്‌ക്കെടുത്ത് അമേരിക്കന്‍ പ്രോഗ്രാമിന് പോയി.

സിദ്ദിക്ക് സാര്‍ തന്നെയാണ് പറഞ്ഞത് ദീപൂ ഇനി വേറൊരു തൊഴിലിനെക്കുറിച്ച് ചിന്തിക്കരുത്. സംഗീതത്തില്‍ കഴിവുള്ള സ്ഥിതിക്ക് അതില്‍ത്തന്നെ ശ്രദ്ധിക്കൂൂ എന്ന്. എറണാകുളം വിട്ട് മുംബൈയിലോ ചെന്നൈയിലോ പോയി നോക്കൂ നിനക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. മൂന്ന് മാസത്തെ പ്രോഗ്രാം കഴിഞ്ഞ് തിരികെ നാട്ടിലെത്തി നേരെ പോയത് ചെന്നൈയിലേക്കാണ്. അവിടെ എ. ആര്‍ റഹ്മാന്റെയും വിദ്യാസാഗറിന്റെയും കൂടെ അസിസ്റ്റ് ചെയ്യാന്‍ ഭാഗ്യം കിട്ടി.

എ.ആര്‍ റഹ്മാനെ പരിചയപ്പെടുന്നത്?


റഹ്മാന്‍ സാറിനെ ആദ്യമായി കാണുന്നത് ഒരു തമിഴ് ആല്‍ബവുമായി ബന്ധപ്പെട്ട വര്‍ക്കിന് ചെന്നൈയില്‍ പോയ സമയത്താണ്. യു എസില്‍ നിന്ന് വന്നയുടനെയായിരുന്നു അത്. അവിടെനിന്ന് ഏറ്റവും ലേറ്റസ്റ്റായ കീബോര്‍ഡുമായിട്ടായിരുന്നു ഞാന്‍ തിരികെയെത്തിയത്. ഇന്ത്യയില്‍ത്തന്നെ അത്തരമൊരെണ്ണം റഹ്മാന്‍ സാറിന്റെ അടുത്ത് മാത്രമേയുള്ളൂ. എനിക്കത് കിട്ടാന്‍ ഭാഗ്യമുണ്ടായത് ഞാന്‍ വിദേശത്ത് പോയതുകൊണ്ടാണ്.

റഹ്മാന്‍ സാര്‍ ആ സമയത്ത് ബോളിവുഡ് ഡ്രീംസ് എന്നൊരു പ്രോജക്ട് ചെയ്തിരുന്നു. ആ പ്രോജക്ടിനുവേണ്ടി അദ്ദേഹം യു. കെയില്‍ പോയപ്പോള്‍ ആ കീബോര്‍ഡ് അവിടെവച്ച് തിരിച്ചുവന്നു. ചെന്നൈയില്‍ വന്ന സമയത്ത് അത്യാവശ്യമായി അദ്ദേഹത്തിനത് വേണമായിരുന്നു. ആരുടെയെങ്കിലും കൈയില്‍ അത്തരമൊന്നുണ്ടോ എന്ന് അന്വേഷിച്ച സമയത്താണ് ആരോ ഒരാള്‍ അദ്ദേഹത്തോട് ദീപക് എന്നൊരാളിന്റെ കൈയില്‍ ഇത്തരം കീബോര്‍ഡ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞത്. ഈ കീബോര്‍ഡ് കടം ചോദിച്ചാണ് അദ്ദേഹം എന്നെ വിളിക്കുന്നത്.

ഇത്രയും വലിയൊരു വ്യക്തിക്ക് എന്റെ കീബോര്‍ഡ് കൊടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം തന്നെയായിരുന്നു. അത് അദ്ദേഹത്തിന് കൊടുക്കാനായി കീബോര്‍ഡിന്റെ കൂടെ പോയ ഒരാള്‍ മാത്രമാണ് ഞാന്‍. ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു, എന്റെ വര്‍ക്കൊക്കെ അദ്ദേഹത്തിനിഷ്ടപ്പെട്ടു. റെക്കോര്‍ഡിംഗിന് എന്റെ കൂടെ നില്‍ക്കുന്നോ എന്ന് ചോദിച്ചു. അങ്ങനെയാണ് റഹ്മാന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്.

uploads/news/2018/12/275413/DeepakDevINW251218e.jpg

അദ്ദേഹം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?


അദ്ദേഹത്തിന്റെയൊപ്പം കുറേ വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടാനും മാത്രമൊന്നുമില്ല. കുറച്ചുകാലമേ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ആരൊക്കെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്താലും അവരില്‍നിന്ന് അദ്ദേഹത്തിനെന്തുവേണം എന്ന് തെരഞ്ഞെടുക്കാനുള്ള ചോയ്‌സ് അതിലാണ് പ്രത്യേകതയുള്ളത്.

ഞാന്‍ ചെയ്ത വര്‍ക്കാണെങ്കിലും അതിന്റെ 100 ശതമാനമൊന്നും അദ്ദേഹം എടുക്കാറില്ല. അതിന്റെകൂടെ അദ്ദേഹത്തിന്റേതായ ഒരു റഹ്മാന്‍ ടച്ചും ഉണ്ടാവും. അദ്ദേഹത്തിന്റെ കൈ ആ ഗാനത്തില്‍ വയ്ക്കുമ്പോള്‍ അതൊരു എ. ആര്‍ റഹ്മാന്‍ ഗാനമായി മാറും. അതൊരു മാതൃകയായി ഞാനെടുത്തിട്ടുണ്ട്. എന്റെ ഒരു കൈയൊപ്പ് എന്റെ എല്ലാ പാട്ടിലും ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ആളുകള്‍ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹവും വിജയവും.

ഗിറ്റാറായിരുന്നു ആദ്യം പഠിക്കാന്‍ തുടങ്ങിയ സംഗീതോപകരണം?


ആദ്യം പഠിക്കാന്‍ തുടങ്ങിയ സംഗീതോപകരണം ഗിറ്റാറായിരുന്നു. ഗിറ്റാര്‍ പഠിച്ചുതുടങ്ങിയത് തീരെ ചെറിയ പ്രായത്തിലായതുകൊണ്ട് കൈ വിരലുകള്‍ മുറിയുകയും മറ്റും ചെയ്തിരുന്നു. ആ പ്രായത്തില്‍ നമ്മുടെ സ്‌കിന്‍ വളരെ സെന്‍സിറ്റീവാണല്ലോ? പൊതുവേ വേദനയോട് കുറച്ച് പേടിയുള്ള കൂട്ടത്തിലുമാണ് ഞാന്‍. അതുകൊണ്ട് ഗിറ്റാറിനോട് വളരെ ഇഷ്ടമാണെങ്കില്‍ക്കൂടി അത് വിട്ട് കീബോര്‍ഡിലേക്ക് മാറുകയായിരുന്നു.

സിനിമയിലേക്കെത്തുന്നത്?


ഞാന്‍ ആദ്യം പറഞ്ഞല്ലോ സംഗീതം വേണ്ടെന്നുവച്ച് എല്ലാം ഉപേക്ഷിച്ച സമയത്താണ് സിദ്ധിക്ക് സാര്‍ സ്‌റ്റേജ് ഷോ ചെയ്യാന്‍ വിളിക്കുന്നതെന്ന്. അദ്ദേഹം തന്നെയാണ് ക്രോണിക് ബാച്ചിലര്‍ എന്ന ആദ്യ ചിത്രത്തില്‍ എനിക്കൊരു അവസരം തരുന്നത്. അതായിരുന്നു എന്റെ ആദ്യചിത്രം. എത്ര ഗാനത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചാലും ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തോട് എനിക്ക് പ്രത്യേകമായൊരിഷ്ടമുണ്ട്. അതിന് കാരണം എന്റെ സുഹൃത്ത് സഗീറാണ്.

എനിക്കധികം സുഹൃത്തുക്കളില്ല. പെട്ടെന്ന് കാണുമ്പോള്‍ എന്നോടാരും ഇങ്ങോട്ട് വന്ന് സംസാരിക്കാറുമില്ല. എന്നെ അടുത്തറിയാവുന്നവര്‍ക്ക് എന്നെ നന്നായറിയാം. അതിലൊരാളാണ് ഞാന്‍ ചെന്നെയില്‍ വച്ച് പരിചയപ്പെട്ട സഗീര്‍.

uploads/news/2018/12/275413/DeepakDevINW251218c.jpg

ആദ്യം ചെന്നെയില്‍ ചെല്ലുമ്പോള്‍ ഒരു മലയാളിയെപ്പോലും അറിയാതെ ഒരു മുറിയ്ക്കുള്ളില്‍ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ജീവിതമുണ്ടായിരുന്നു. മാസങ്ങളങ്ങനെ കഴിഞ്ഞ സമയത്ത് ഒരു ഷോപ്പിംഗ് മാളില്‍ വച്ച് പരിചയപ്പെട്ട മലയാളിയാണ് സഗീര്‍. അന്ന് സഗീറും കോളജൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി.

സഗീറിന്റെ പ്രത്യേകത, വിശ്വസ്തനാണെന്നതാണ്. പിന്നെ എന്റെ വിവാഹം, സഗീറീന്റെ വിവാഹം, ഞങ്ങളുടെ കുട്ടികള്‍. ഇപ്പോഴും ആ സ്നേഹം ഞങ്ങളുടെയൊപ്പമുണ്ട്. ഞാന്‍ ചെയ്യുന്ന പാട്ടുകളൊന്നും അതേപടി നല്ലതാണെന്നവന്‍ പറയാറില്ല. എന്തിന്റെയും പ്രശ്നങ്ങള്‍ എന്നോടുതന്നെ തുറന്നുപറയും. ഞാന്‍ ചെയ്തതിനേക്കാള്‍ നല്ല പാട്ടുകള്‍ എന്നെ കേള്‍പ്പിക്കും എന്നിട്ട് എന്റെ കുറവുകള്‍ കാട്ടിത്തരും.

ക്രോണിക് ബാച്ചിലറിന് സംഗീത സംവിധാനം ചെയ്ത് സി. ഡി തയാറാക്കി സഗീറിനെയാണ് ആദ്യം കേള്‍പ്പിക്കുന്നത്. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ക്വാളിറ്റിയൊന്നും ആദ്യം ചെയ്തുവച്ച ഗാനങ്ങള്‍ക്കില്ലായിരുന്നു. അപ്പോളവന്‍ ചെയ്തത് മറ്റ് പല ഭാഷകളിലുള്ള അത്തരം പാട്ടുകള്‍ കേള്‍പ്പിച്ച് അതുമായി താരതമ്യം ചെയ്ത്, അത്തരം സൗണ്ട് ക്വാളിറ്റി എന്തുകൊണ്ട് എന്റെ പാട്ടിന് കിട്ടിയില്ല എന്നെനിക്ക് കാട്ടിത്തരികയായിരുന്നു.

എന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചത് അവനാണ്. ഞാനത് എന്നും ഓര്‍ക്കുന്നയാളാണ്. അവനിലൂടെയാണ് ക്വാളിറ്റി ശ്രദ്ധിക്കുന്ന കലാകാരനാണ് ദീപക്ക് എന്നൊരു അംഗീകാരം എനിക്ക് കിട്ടുന്നത്.

രണ്ടാമത്തെ ചിത്രത്തിനുവേണ്ടി പിന്നെയും കാത്തിരിക്കേണ്ടി വന്നു?


ആദ്യത്തെ സിനിമ കഴിഞ്ഞ് എട്ട്, ഒന്‍പത് മാസം പിടിച്ചു രണ്ടാമത്തെ ചിത്രമായ സിംഫണി എന്നെത്തേടിയെത്താന്‍. എന്റെയൊപ്പം വന്ന മറ്റ് പുതിയ ആളുകള്‍ക്കെല്ലാം അവസരങ്ങള്‍ കിട്ടുമ്പോള്‍ ഞാന്‍ മാത്രം നോക്കിയിരിക്കേണ്ട സാഹചര്യം... എന്നെക്കാള്‍ ഒന്നോ രണ്ടോ മാസത്തെ വ്യത്യാസത്തിലാണ് അല്‍ഫോന്‍സ് ഫീല്‍ഡില്‍ വന്നത്. പക്ഷേ അല്‍ഫോന്‍സിന് കൈ നിറയെ വലിയ ചിത്രങ്ങളുണ്ടായിരുന്നു. പിന്നെ എനിക്ക് മനസിലായി എല്ലാം ഒരു സമയമാണ്. പതുക്കെ വന്നാലും കുഴപ്പമില്ല. നന്നായി വന്നോളുമെന്ന്.

ആളുകള്‍ അംഗീകരിച്ചുതുടങ്ങിയപ്പോള്‍ എന്തുതോന്നി?


ആദ്യസിനിമ എല്ലാവര്‍ക്കും ലോട്ടറി പോലെയാണ്. വിജയിച്ചാല്‍ നല്ലത്. പോയാല്‍ ഒന്നും സംഭവിക്കില്ല. പക്ഷേ ഒരു വിജയം വന്നുകഴിഞ്ഞാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം അത് പ്രഷറാണ്. ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കും. എന്നെ ഒരാള്‍ ഒരു പ്രോജക്ട് ഏല്‍പ്പിക്കുമ്പോള്‍ അവര്‍ക്കതിനുള്ള നല്ല റിസള്‍ട്ട് കിട്ടണേ എന്നുളള ആശങ്ക എപ്പോഴും ഉണ്ടായിട്ടുണ്ട്.
uploads/news/2018/12/275413/DeepakDevINW251218d.jpg

വലിയ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രഷര്‍ കൂടുതലാണ്. കാരണം ആ പടം ക്യാരീ ചെയ്യുന്ന സ്റ്റാര്‍ വാല്യു, അതിന്റെ സംഗീതം വില്‍ക്കപ്പെടുന്ന അവസ്ഥ, അത് സ്വീകരിക്കുന്ന ജനങ്ങള്‍, അങ്ങനെ കുറേ കാര്യങ്ങള്‍ വരുമ്പോള്‍ ഫ്രീയായി ജോലി ചെയ്യാനുള്ള അവസരം കുറയുന്നതായി തോന്നിയിട്ടുണ്ട്. ചില സമയത്ത് പല അഭിപ്രായങ്ങ ള്‍ കേള്‍ക്കേണ്ടി വരും. ചെറിയ പടങ്ങളാകുമ്പോള്‍ സംവിധായകന്‍ സംഗീതത്തിന്റേതായ എല്ലാ കാര്യങ്ങളും നമുക്ക് വിട്ടുതരും. അപ്പോള്‍ റിലാക്‌സിഡായിട്ട് ആ വര്‍ക്ക് തീര്‍ക്കാനാവും.

ആരുടെ സംഗീതമാണ് ഏറെ സ്വാധീനിച്ചത്?


എന്റെ ഗുരു വിദ്യാസാഗര്‍ ജിയുടേത്. അദ്ദേഹത്തിന്റെ പാട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാനാഗ്രഹിക്കുന്നതും. അദ്ദേഹത്തിന്റെ സംഗീതം കേള്‍ക്കുമ്പോള്‍ മനസിനു കിട്ടുന്ന സുഖം ഒന്നുവേറെയാണ്. യാതൊരു സാങ്കേതികതയുമില്ലാതെ ഒരു പാട്ട് നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും അതിന്റെ കമ്പോസറിന്റെയാണ്.

ആ രീതിയില്‍ സംഗീതസംവിധാനം ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് വിദ്യാസാഗര്‍ ജിയാണ്. അതുപോലെ എന്നെ സ്വാധീനിച്ച വ്യക്തികളിലൊരാളാണ് എം. ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ സംഗീതത്തിനുമുണ്ട് ഒരു മാസ്മരികത.

സാങ്കേതികത പാട്ടിനെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് ?


പണ്ട് ശ്രുതിശുദ്ധമായി, താളം മാറാതെ ഒക്കെ ചെയ്യുന്നവര്‍ക്കേ ഒരു നല്ല ഗായകനോ ഗായികയോ ആകാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് അതല്ല, ശ്രുതിയും താളവുമൊക്കെ സാങ്കേതികത കൊണ്ട് കറക്ട് ചെയ്യാം. പക്ഷേ ഭാവവും ശബ്ദവും നമ്മുടെ ഉള്ളില്‍നിന്നുവരേണ്ട കാര്യമാണ്. വ്യത്യസ്തമായ ശബ്ദവും നല്ല എക്‌സ്പ്രഷനും കൂടിയുണ്ടെങ്കില്‍ ശ്രുതിയും താളവും ഒന്നും കൂടുതല്‍ ശ്രദ്ധിക്കാനില്ല.

മുഴുവനായും ടെക്‌നോളജി വച്ച് നമുക്കൊന്നും ചെയ്യാനാവില്ല. പലപ്പോഴും റിയാലിറ്റി ഷോയിലും മറ്റും കണ്ടിട്ടുള്ളത് ഒരു ലജന്‍ഡ് പാടിയ പാട്ട് ഒരു വ്യത്യാസവുമില്ലാതെ പാടാന്‍ കഴിയുന്ന കുട്ടികളെയാണ്. പക്ഷേ അവരുടേതായ രീതിയില്‍ എന്തെങ്കിലും ചെയ്യിപ്പിക്കുമ്പോഴേ കഴിവ് തെളിഞ്ഞുകാണാന്‍ കഴിയൂ.

മക്കള്‍ രണ്ടുപേരും ഗായകരാണ്? അച്ഛനാണോ അവരുടെ ഗുരു?


എനിക്കും സ്മിതയ്ക്കും രണ്ട് മക്കളാണ് ദേവികയും പല്ലവിയും. രണ്ട് പേര്‍ക്കും പാട്ട് പാടാന്‍ ഇഷ്ടമാണ്. ഇളയ മകള്‍ പല്ലവി പിയാനോ വായിക്കുകയും പാട്ടുപാടുകയും ചെയ്യും. മൂത്ത മകള്‍ പാട്ട് പാടും ഗിറ്റാര്‍ വായിക്കും. എന്റെ നടക്കാത്ത ആഗ്രഹമായ ഗിറ്റാര്‍, അവളിലൂടെ സാധിച്ചെടുക്കാന്‍ നോക്കിയതാണ്. അവളത് നന്നായി ചെയ്യും. ഇപ്പോള്‍ ഒന്നുരണ്ട് ചിത്രത്തില്‍ പാടിയിട്ടുണ്ട്.

ഞാനവരെ പഠിപ്പിക്കാനിരിക്കാറില്ല. അല്‍ഫോന്‍സാണ് അവരുടെ അധ്യാപകന്‍. ഞാനെപ്പോഴും വല്ലാത്തൊരു ആരാധനയോടെ കാണുന്ന അധ്യാപകനും കൂടിയാണ് അല്‍ഫോന്‍സ്

എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം?


ഞാന്‍ ഇപ്പോള്‍ സ്വപ്നങ്ങള്‍ കാണാറില്ല. കാരണം നമ്മളൊരു സ്വപ്നം കണ്ട് അതിന്റെ പിറകെ പോകാന്‍ നോക്കിയാല്‍ ആ സ്വപ്നം നമ്മളില്‍നിന്ന് ദൂരെ ദൂരെ പോകും. അതെന്റെ അനുഭവമാണ്. അതുകൊണ്ട് ആഗ്രഹങ്ങളൊന്നുമില്ല. കിട്ടുന്നതെല്ലാം ബോണസ്. പ്രതീക്ഷിക്കാതെ പലതും വരും. പ്രതീക്ഷിക്കുന്നത് നടക്കാതെ വരുമ്പോള്‍ വിഷമം കൂടും.
uploads/news/2018/12/275413/DeepakDevINW251218b.jpg

ഒരു മ്യൂസിക് ഡയറക്ടര്‍ അടുത്ത ഹിറ്റുണ്ടാക്കാനോ, അല്ലെങ്കില്‍ എന്തെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടോ ഒരു പാട്ട് ഉണ്ടാക്കരുത്. ചെയ്യുന്ന ജോലി ആസ്വദിച്ച് ചെയ്യുക. പിന്നാലെ എല്ലാം വന്നു ചേരും. സംഗീതമല്ലാത്ത ഒരു ആഗ്രഹം മനസില്‍ വച്ചുകൊണ്ട് സംഗീതത്തെ നേടിയെടുക്കാന്‍ ശ്രമിക്കരുത്. അത് പണമാണെങ്കിലും മറ്റെന്താണെങ്കിലും.

ജീവിതത്തില്‍ സങ്കടം തോന്നിയ നിമിഷം?


ആ അനുഭവം സ്വകാര്യമായി മനസില്‍ സൂക്ഷിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

കുടുംബത്തോട് വളരെ കരുതലുള്ള വ്യക്തിയാണ്?


തീര്‍ച്ചയായും. അവരാണ് എന്റെ ബലം. ഞാന്‍ പ്രോഗ്രാമിന് പോകുമ്പോള്‍ പോലും അവരെ മിസ് ചെയ്യാറില്ല. അവരും എന്റെയൊപ്പം ഉണ്ടാവണം എന്നെനിക്ക് നിര്‍ബന്ധമാണ്. കാരണം അവരില്ലാത്ത ഒരു പ്രോഗ്രാം എന്നെ സംബന്ധിച്ച് പൂര്‍ണ്ണതയില്ലാത്ത ഒന്നാണ്.

സ്‌റ്റേജില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ഓഡിയന്‍സിനിടയില്‍ ഫാമിലിയുടെ മുഖം കാണുന്നതാണെന്റെ ആത്മവിശ്വാസം. ഓപ്പണായി എന്റെ പ്രശ്‌നങ്ങള്‍ പറയുന്നത് അവരാണ്. എന്റെ പെര്‍ഫോമന്‍സില്‍ പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതെന്താണെന്ന് സാധാരണ ജനം പറയില്ല. പക്ഷേ എന്റെ ഭാര്യയും കുട്ടികളും പറയും.

മാതാപിതാക്കളും സംഗീതത്തെ സ്നേഹിച്ചവരാണ്?


എന്റെ ജീവിതത്തില്‍ ഞാനിന്നിരിക്കുന്ന പൊസിഷന്‍ എന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചതാണ്. അവര്‍ നല്ല പ്രായത്തില്‍ പാട്ട് പാടണം, അതിലൂടെ അറിയപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. പക്ഷേ ആ നല്ല സമയത്ത് ജോലിക്കായി അവര്‍ വിദേശത്തുപോയി. രണ്ട് പേരും നന്നായി പാടുമായിരുന്നു, അവരുടെ വാസനയാണ് എന്നിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്.

എന്റെ ബന്ധുക്കളില്‍ പലര്‍ക്കും സംഗീതത്തോട് പുച്ഛമായിരുന്നു. സംഗീതം കൊണ്ട് എന്ത് ചെയ്യാനെന്ന് അവരൊക്കെ ചോദിച്ചു. അത്തരം ഒരു ബാക്ക്ഗ്രൗണ്ടില്‍ ഒന്നും നോക്കാതെ എന്റെ രണ്ട് കൈയും പിടിച്ച് മുന്നോട്ട് നടത്തിക്കൊണ്ടുവന്നത് എന്റെ അച്ഛനും അമ്മയുമായിരുന്നു. അവരെ എല്ലാ മാതാപിതാക്കളും മാതൃകയാക്കേണ്ടതാണ്. കുട്ടികള്‍ക്കെന്താണോ ഇഷ്ടം, അതില്‍ അവരെ പ്രോത്സാഹിപ്പിക്കണം.

മകന്റെ ഇഷ്ടം അച്ഛന്‍ തിരിച്ചറിഞ്ഞത്?


എനിക്ക് പാട്ടിനോട് ഇഷ്ടമുണ്ടെന്ന് അച്ഛന് അറിയാമായിരുന്നു. അച്ഛന്റെ ഒരു സുഹൃത്ത് നൂറുദ്ദീന്‍ അങ്കിളിന് ദുബായില്‍ ഒരു മ്യൂസിക് സ്‌കൂള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മ്യൂസിക് സ്‌കൂളിലാണ് ആദ്യം എന്നെ ചേര്‍ക്കുന്നത്.

അവിടെ ഒരു സ്റ്റുഡന്റായിട്ട് പോവാനായത് കൊണ്ടാണ് സ്‌റ്റേജില്‍ പാടാനും മറ്റുമൊക്കെ അവസരങ്ങള്‍ ലഭിച്ചത്. നൂറുദ്ദീന്‍ അങ്കിളാണ് എന്നെ സംഗീതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അദ്ദേഹമാണ് എന്റെയുള്ളിലെ വാസനകളെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞതും. അതുകൊണ്ടാണ് അച്ഛനെനിക്ക് കീബോര്‍ഡ് വാങ്ങിത്തന്നത്.

പുതിയ ചിത്രങ്ങള്‍?


ഏറ്റവും കൂടുതല്‍ എക്സൈറ്റഡായി കാത്തിരിക്കുന്ന ചിത്രം ലൂസിഫറാണ്. മോഹന്‍ലാല്‍ ചിത്രം, ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണം. പൃഥ്വിയുടെ ഡയറക്ഷന്‍. നരന് ശേഷം മോഹന്‍ലാലിനൊപ്പം ചെയ്യുന്ന പ്രോജക്ടാണ്. ഇതിനെല്ലാമുപരി സുഹൃത്തായ പൃഥ്വിയുടെ ആദ്യത്തെ പടം. പൃഥ്വിയുമായുളള റിലേഷന്‍ പുതിയ മുഖത്തിലൂടെ തുടങ്ങിയതാണ്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ. സിനിമ കിട്ടാഞ്ഞിട്ടല്ല. നേരത്തെമുതല്‍ അതങ്ങനെ മതിയെന്ന് തീരുമാനിച്ചിരിക്കുന്നതാണ്. ചെയ്യുന്നത് നന്നായി ചെയ്യണമെന്നുമാത്രം...

ഷെറിങ്ങ് പവിത്രന്‍

Ads by Google
Wednesday 26 Dec 2018 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW