Thursday, August 22, 2019 Last Updated 21 Min 17 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Tuesday 25 Dec 2018 06.21 PM

പിണറായി വിജയന്റെ ജാതി ആരെയാണ് അലോസരപ്പെടുത്തുന്നത് ?

പിണറായിവിജയനോട് തന്റെ കുലത്തൊഴില്‍ ചെയ്യാന്‍ പോകൂവെന്ന് പറഞ്ഞുകൊണ്ട് അപമാനിച്ച ആ കാര്‍ട്ടൂണിന് പല അര്‍ത്ഥതലങ്ങളുമുണ്ട്. നാം ആധുനികതയുടെ ഉത്തുംഗശൃംഖത്തില്‍ എത്തിയെങ്കിലും ഇപ്പോഴും ചാതുവര്‍വണ്ണ്യം നമ്മുടെ മനസില്‍ നിന്നുംമാഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അത്.
Pinarayi Vijayan

മൂന്നാംകണ്ണ്

ആര്‍. സുരേഷ്

നിങ്ങള്‍ക്ക് ഒരാളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ അധിക്ഷേപിച്ച് കൊല്ലാം എന്നൊരു യുദ്ധനീതി പണ്ടുകാലത്തുണ്ടായിരുന്നു. മഹാഭാരതയുദ്ധത്തില്‍പോലും ധീരപോരാളിയായിരുന്ന കര്‍ണ്ണനെ വധിക്കാന്‍ സ്വീകരിച്ച യുദ്ധതന്ത്രങ്ങളില്‍ ഒന്ന് അതായിരുന്നു. യുദ്ധക്കളത്തില്‍ കര്‍ണ്ണന്റെ തേരുതെളിക്കുന്ന ശല്യരുടെ പ്രധാന ദൗത്യവും അതായിരുന്നു. ജാതീയമായും രാജപുത്രന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ യോഗ്യതയില്ലാത്ത അധകൃതനെന്നും പറഞ്ഞ് നിരന്തരം അപമാനിച്ച് കര്‍ണന്റെ മനോവീര്യം കെടുത്തുകയെന്നതായിരുന്നു ആ തന്ത്രം. മറ്റു പലതിനോടൊപ്പം ആ തന്ത്രവും വിജയം കണ്ടപ്പോള്‍ മഹാഭാരതകഥയിലെ ഏറ്റവും ഉജ്ജല കഥാപാത്രമായ കര്‍ണ്ണന്‍ വധിക്കപ്പെട്ടു. ധര്‍മ്മയുദ്ധത്തില്‍ അധര്‍മ്മമാകാം എന്ന പുതിയ തത്വശാസ്ത്രത്തോടെ അത് ദേവപുത്രന്മാര്‍ക്ക് വിജയം കൈവരിക്കാനുള്ള യുദ്ധതന്ത്രമായി ഒടുവില്‍ മാറി. അങ്ങനെയാണ്, മനുഷ്യജീവന്റെ എല്ലാവശങ്ങളും ഭാവങ്ങളും സ്പര്‍ശിക്കുന്നുവെന്ന് പറയുന്ന മഹാഭാരതത്തെപ്പോലും തങ്ങളുടെ ഇഷ്ടപ്രകാരം വളച്ചൊടിച്ച്, ഉന്നതകുലജാതന്മാരുടെ എന്ത് അധര്‍മ്മത്തിനും ധര്‍മ്മത്തിന്റെ മേലങ്കില്‍ ചാര്‍ത്തി, നീതിയും ന്യായവുമാക്കി മാറ്റിയത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കഴിഞ്ഞ് ഇന്ന് നാം ആധുനികയുഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലഘട്ടത്തില്‍ നില്‍ക്കുമ്പോഴും ഈ യുദ്ധനീതിക്ക് മാറ്റം വന്നിട്ടില്ല. ഒരുകാലത്ത് ആരാധിച്ചിരുന്ന ചന്ദ്രനേയും ചൊവ്വയേയും കാലടിയില്‍ കൊണ്ടുവരികയും അന്ധവിശ്വാങ്ങളുടെ എല്ലാ ചലങ്ങലക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് പുതിയ യുഗത്തിലേക്ക് പോകുമ്പോഴും ഇവിടെ ആ പഴയ യുദ്ധനീതി പ്രയോഗിക്കപ്പെടുകയാണ്. തങ്ങള്‍ക്കെതിരെ പോരാടുന്ന വ്യക്തിയെ ജാതീയമായും അദ്ദേഹത്തിന്റെ കുലമഹിമപറഞ്ഞും അപമാനിച്ച് പൊളിക്കുകയെന്ന തന്ത്രം. മഹാഭാരതയുദ്ധക്കാലത്ത് ശല്യരായിരുന്നു മേലാളന്മാരുടെ കുഴലൂത്ത് നടത്തിയതെങ്കില്‍ ഇന്ന് എന്തും ഏതും ചവച്ചുതുപ്പാനും എത്രവിഷം വമിപ്പിക്കാനും ഒരുമടിയുമില്ലാതെ ചില മാധ്യമങ്ങള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞദിവസം ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ അച്ചടിച്ചുവന്ന ഒരു കാര്‍ട്ടൂണ്‍. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന ഏറ്റവും തരംതാണ ഒരു കാര്‍ട്ടൂണ്‍. അദ്ദേഹം പിറന്നുവീണ സമുദായത്തേയും അവര്‍ സ്വീകരിക്കുന്ന കുലത്തൊഴിലും ചിത്രീകരിച്ചുകൊണ്ട് നടത്തിയ മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുന്ന ഒരു കാര്‍ട്ടൂണ്‍. സുതാര്യതയും നിഷ്പക്ഷതയും അവകാശപ്പെടുന്ന വലിയവായില്‍ ധാര്‍മ്മികത പ്രസംഗിച്ചുനടക്കുന്ന ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അതിനെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്തണമായിരുന്നു. ഇത്തരത്തിലുള്ള വൃത്തികെട്ട മാധ്യമപ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കുകയെന്ന ദൗത്യവും അവരായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ജന്മഭൂമിയിലെ കാര്‍ട്ടൂണ്‍ തങ്ങള്‍ക്ക് ഒരു 'ഫൈവ്‌സ്റ്റാര്‍ മിഠായി'യെന്ന സന്തോഷത്തോടെയാണ് ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന കപടസത്യവാദികള്‍ സ്വീകരിച്ചത്.

പിണറായിവിജയനോട് തന്റെ കുലത്തൊഴില്‍ ചെയ്യാന്‍ പോകൂവെന്ന് പറഞ്ഞുകൊണ്ട് അപമാനിച്ച ആ കാര്‍ട്ടൂണിന് പല അര്‍ത്ഥതലങ്ങളുമുണ്ട്. നാം ആധുനികതയുടെ ഉത്തുംഗശൃംഖത്തില്‍ എത്തിയെങ്കിലും ഇപ്പോഴും ചാതുവര്‍വണ്ണ്യം നമ്മുടെ മനസില്‍ നിന്നുംമാഞ്ഞുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അത്. അതായത് ശൂദ്രരായ നിങ്ങള്‍ ഞങ്ങളുടെ അടിമകളാണെന്നും ഉന്നതകുലജാതരായ ഞങ്ങളാണ് അധികാരം കൈയേറണ്ടവരെന്നുമുള്ള ആ പഴയ മനുനീതി. നിങ്ങള്‍ എന്നും ഭരിക്കപ്പെടേണ്ടവരും ഞങ്ങള്‍ ഭരിക്കുന്നവരുമെന്ന പഴയമയുടെ ദുര്‍ഗന്ധം പേറുന്ന ചിന്ത. അതാണ് ഇവിടേക്ക് നയിച്ചത്. എന്നാല്‍ ജനാധിപത്യത്തിന്റെ ഈ കാലത്തില്‍ അത്തരം ഒരു ചിന്തയ്ക്ക് മുന്നോട്ടുപേകാനാവില്ല. പിന്നോക്കകാരനാണ് തങ്ങളുടെ നേതാവെങ്കിലും അദ്ദേഹം ഇന്ത്യ ഭരിക്കുന്നത് ഒരു ആഢ്യബ്രാഹ്മണന്റെ എല്ലാ ചേഷ്ടകളോടെയുമാണ്. അതാണ് ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപം.

നേരിട്ട് നിന്ന് പേരാടാന്‍ കഴിയാതെ വരുമ്പോഴാണ് ഒരാളെ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നുകൊണ്ട് അധിക്ഷേപിക്കുക. പൗരോഹിത്യവും ചാതുര്‍വര്‍ണ്ണ്യവും എന്നും അതാണ് ചെയ്തിട്ടുള്ളത്. അവര്‍ക്ക് നേരിട്ടുനിന്ന് പോരാടാനുള്ള ധൈര്യം ഒരിക്കലുമുണ്ടായിരുന്നില്ല. അദ്ധ്വാനിക്കുന്നവന്‍ പോരാടി നേടുന്ന അപ്പത്തിന്റെ മാധുര്യം നുണയുക മാത്രമായിരുന്നു എന്നും അവര്‍. അതാണ് അവര്‍ ജന്മഭൂമിയിലൂടെ പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന മറ്റ് മാധ്യമങ്ങള്‍ പഴയ ശൂദ്രന്മാരുടെ സ്വഭാവമാണ് കാണിക്കുന്നത്.

ശബരിമല വിഷയം ഉയര്‍ന്നുവന്നതുമുതല്‍ തന്നെ പിണറായി വിജയന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ജാതിപറഞ്ഞും മറ്റും അധിക്ഷേപിക്കാനുളള ശ്രമം പലകോണുകളില്‍ നിന്നും നടക്കുന്നുണ്ട്. നേരത്തെ ഒരു സ്ത്രീയെകൊണ്ട് പരസ്യമായി പറയിച്ച് അത് ഈ സംഘപരിവാര്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്ന് പിണറായി വിജയനെ അപമാനിക്കുകയെന്നുപറഞ്ഞാല്‍ ഒരു വ്യക്തിയേയോ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയോ അപമാനിക്കലല്ല, അത് കേരളത്തിലെ മൂന്നരകോടിയില്‍പരം വരുന്ന ജനങ്ങളെ അപമാനിക്കലാണ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവന്നതുമുതല്‍ തന്നെ ഒരു വര്‍ഗ്ഗീയകലാപത്തിന് ലക്ഷ്യമിട്ടാണ് ഇവിടുത്തെ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സംഘപരിവാറിന്റെ നേരിട്ട നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ തന്നെയായിരുന്നു. ഇന്നും വിഷം വമിപ്പിക്കുന്നതില്‍ നിന്നും അവര്‍ പിന്മാറിയിട്ടില്ല. സംഘപരിവാറിന്റേത് രാഷ്ട്രീയലക്ഷ്യമാണെന്ന് നമുക്ക് അംഗീകരിക്കാം. എന്നാല്‍ ഇതൊന്നുമില്ലാതെ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ചില മാധ്യമങ്ങള്‍ കൊളുത്തിവിടുന്ന വര്‍ഗ്ഗീയവിഷം വമിപ്പിക്കുന്ന അമ്പുകള്‍ ഈ സമൂഹത്തിന് താങ്ങാനാകുന്നതിലേറെയായിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിശന്റ മാന്യതയും നിഷ്പക്ഷതയും ധാര്‍മ്മികതയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഈ മഹാന്മാരെല്ലാം ചേര്‍ന്ന് മംഗളം ടി.വിക്കെതിരെ പടപ്പുറപ്പാട് നടത്തിയത്. അതിനേക്കാള്‍ എത്രയേ വലിയ അധാര്‍മ്മികതയും വര്‍ഗ്ഗീയപ്രവര്‍ത്തനവുമാണ് സ്വാതന്ത്ര്യസമര പശ്ചാത്തലം അവകാശപ്പെടുന്ന മാധ്യമങ്ങള്‍പോലും ചെയ്യുന്നത് എന്നാലോചിക്കുമ്പോഴാണ് ഇവരുടെ കപടമുഖങ്ങള്‍ പുറത്തുവരുന്നത്. എട്ടരമണി ചര്‍ച്ചയില്‍ വന്നിരുന്ന് നടത്തുന്ന ചില പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ എന്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുമെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. സ്വയം തെറ്റുകള്‍ അറിയുന്നുമില്ല, മറ്റുള്ളവരുടേത് തിരുത്തുന്നുമില്ല എന്നതാണ് ഇന്ന് നമ്മുടെ മാധ്യമലോകത്ത് കാണുന്ന പ്രധാന സവിശേഷത.

ഒരുകാര്യം പലവട്ടം പറഞ്ഞ് അതിനെ അരക്കിട്ടുറപ്പിച്ച് സത്യമാണെന്ന് പൊതുസമൂഹത്തെകൊണ്ട്‌വിശ്വസിപ്പിക്കുകയെന്ന ഗീബല്‍സിയന്‍ നയമാണ് ഇവിടെ സംഘപരിവാര്‍ മാധ്യമങ്ങളും മറ്റ് മുഖ്യധാരാമാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവരും നടത്തുന്നത്. ഇത് ചിലപ്പോള്‍ താല്‍ക്കാലിക ലാഭം ഉണ്ടാക്കികൊടുത്തേയ്ക്കും. എന്നാല്‍ സാമ്പത്തികനേട്ടം മാത്രം മുന്നില്‍കണ്ടുകൊണ്ട് ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന മുറിവുകള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അത്തരം മുറിവുകള്‍ ഉണ്ടാക്കുന്നതിലല്ല മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. പകരം അവയെ ഉണക്കുന്നതിനാണ്.

ശബരിമലയില്‍ എത്തുന്ന യുവതികള്‍ ആരായാലും അവരെ കല്ലെറിഞ്ഞ് ഓടിക്കുന്നവര്‍ ഒരിക്കലും ഭക്തരാവില്ല. അവര്‍ ക്രിമിനലുകളാണ്. ഭക്തര്‍ എന്നാല്‍ മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും മനസുള്ളവര്‍ കൂടിയാണ്. അവര്‍ അയ്യനെ തൊഴുന്നു മടങ്ങിപ്പോകുന്നു. മറ്റുള്ളവരും ആ ഭക്തിയുടെ സായൂജ്യം അടയുന്നതില്‍ തെറ്റുകാണുകയുമില്ല. അതുകൊണ്ട് ക്രിമനലുകളെ ക്രിമിനലുകളായും ഭക്തരെ ഭക്തരായും തിരിച്ചറിയാനുള്ള ബാദ്ധ്യത മാധ്യമസമൂഹത്തിനുണ്ട്. വിമര്‍ശനം മാദ്ധ്യമങ്ങളുടെ മുഖമുദ്രയാണ്. അത് ശക്തമായി തന്നെ നടത്തുകയും വേണം. എന്നാല്‍ അത് വിഷയാധിഷ്ഠിതമാകണം. വ്യക്തിയധിഷ്ഠിതമാകരുത്. അതുപോലെ സൃഷ്ടിപരമായ വസ്തുകളായിരിക്കണം വിമര്‍ശനത്തിന്റെ കാതല്‍, നശീകരണമാണ് നമ്മുടെ വിമര്‍ശനങ്ങളുടെ മുഖമുദ്രയെങ്കില്‍ ഇന്നലെ അവരെ അക്രമിച്ച് അവശരാക്കിയവര്‍ നാളെ നിങ്ങള്‍ക്ക് നേരെയും പാഞ്ഞടുക്കും. പിന്നെ നാലാം തൂണ് നിലംപരിശാകും. അത്തരമൊരു സമൂഹത്തില്‍ നിങ്ങള്‍ക്ക് മാദ്ധ്യമവിലക്കിനെക്കുറിച്ചല്ല, മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പോലും പറയാന്‍ അവകാശമുണ്ടാവില്ല. നിങ്ങള്‍ അന്തപുര എഴുത്തുകാരും സംപ്രേക്ഷണക്കാരുമായി മാറും. ആ കാലം വരാതിരിക്കണമെങ്കില്‍ അതിന് മാദ്ധ്യമലോകത്തില്‍ നിന്നുതന്നെ ശ്രമമുണ്ടാകേണ്ടതുണ്ട്. നാലുകാശിന് വേണ്ടി പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന കഥപോലെയാകും അല്ലെങ്കല്‍ നാം. മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ്, അല്ലാതെ ആരെയും എപ്പോഴും എന്തുംപറയാനും എങ്ങനെ അധിക്ഷേപിക്കാനും സമൂഹത്തിന്റെ ഐക്യത്തേയും അഖണ്ഡതേയയും നശിപ്പിക്കാനുമാണെന്ന് ധരിക്കരുത്. അങ്ങനെ ധരിക്കുന്ന ഒരു സമൂഹത്തില്‍ മാദ്ധ്യമവിലക്കുപോലെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായി വരും. അത് മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ അന്തസത്തയ്ക്ക് തന്നെ കേടുണ്ടാക്കും.

Ads by Google
Ads by Google
Loading...
TRENDING NOW