Thursday, August 22, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 18 Dec 2018 10.24 AM

സിനിമയില്‍ ഒരുത്തന്‍ ആണ്‍കൂത്തുമായി വന്നാല്‍ പോടാ ****** എന്നു വിളിക്കാനുള്ള തന്റേടമെനിക്കുണ്ട്

''സിനിമാലോകത്ത് ആഞ്ഞടിക്കുന്ന മീ ടൂ ക്യാമ്പയിന്‍ ഇനിയും ആരുടെയൊക്കെ മുഖം മൂടികള്‍ വലിച്ചുകീറും?'''
uploads/news/2018/12/273378/CiniStoryCastingCouch19.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 19

ഹോളിവുഡ് മുതല്‍ ഇങ്ങ് മലയാളത്തില്‍ വരെ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മീ ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ അലിസാ മിലാനോ എന്ന സൂപ്പര്‍ താരമാണ് മീ ടു ക്യാമ്പെയിന് തുടക്കം കുറിച്ചത്.

പിന്നീട് നിര്‍മ്മാതാവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്‌ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ പല തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, പ്രത്യേകിച്ചും വിനോദ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മീ ടൂ ഹാഷ് ടാഗില്‍ ആരോപണങ്ങളുമായി രംഗത്തെത്തി.

മീടു ക്യാമ്പെയിന് ബോളിവുഡില്‍ തുടക്കം കുറിച്ചത് രാധിക ആപ്‌തെയാണ്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് പെട്ടെന്ന് അടങ്ങിയതുമില്ല. ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഒരു തെന്നിന്ത്യന്‍ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആ സൂപ്പര്‍താരത്തിന്റെ മുഖത്തടിച്ചുവെന്നും രാധിക ആപ്‌തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനിയെടുത്ത് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് സദാചാരാവാദികളുടെ ആക്രമണം ഉണ്ടായപ്പോഴും രാധിക ആപ്‌തെയുടെ മറുപടി ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഈ ക്യാംപെയ്ന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരു വര്‍ഷത്തോളം എടുത്തു.
മുന്‍പും അപൂര്‍വ്വം ചില നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ടവയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയവയുമായിരുന്നു. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. പിന്നീട് നിരവധിപ്പേര്‍ മീടു ക്യാമ്പെയിനില്‍ അണിചേര്‍ന്നു.

സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, ക്വീന്‍ ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബാല്‍, സ്റ്റാന്റ് അപ് കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഗായകന്‍ കൈലാഷ് ഖേര്‍, കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്മാരായ രജത് കപൂര്‍, അലോക് നാഥ് എന്നിവര്‍ക്കെതിരെയാണ് കലാരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ രംഗത്തെത്തിയത്. പിന്നീട് തെന്നിന്ത്യയിലെ ഒട്ടേറെ നടിമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയും അവ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

ഇവരെ കൂടാതെ മലയാളത്തില്‍ നിന്നും നടനും എം.എല്‍.എയുമായ മുകേഷിനെതിരെയും അലന്‍സിയറിനെതിരേയും പുറത്തു വന്ന വെളിപ്പെടുത്തലുകളില്‍ സിനിമാ ലോകം ഞെട്ടി നില്‍ക്കുമ്പോഴാണ് വീണ്ടും ചില തുറന്നു പറച്ചിലുകള്‍ ഉണ്ടായത്. ഏറ്റവും ഒടുവിലായി നടന്ന മീ ടൂ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാം...

സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെയും വെളിപ്പെടുത്തല്‍ ഉണ്ടായി. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു ക്യാമ്പെയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറില്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.

പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദേഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചുകൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു. എന്നാല്‍ അതിനു മുമ്പായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.

ഇതിന് പിന്നാലെ സംവിധായക സഹായിയായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അനു ചന്ദ്ര എന്ന മലയാളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് ഡയറക്ടര്‍. അനു ചന്ദ്രയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റെ പേരില്‍ സിനിമ നഷ്ടമാകുകയാണെങ്കില്‍ അങ്ങ് പോകട്ടെയെന്ന ധീരനിലപാട് കൂടി പങ്കുവയ്ക്കുന്നു അനുവിന്റെ കുറിപ്പ്.

ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സില്‍ ആണ്. സ്വജനപക്ഷപാതവും പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ ടെക്‌നീഷന്‍ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം. അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ അളക്കപ്പെടുന്നതും നിര്‍വചിക്കപ്പെടുന്നതും അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്‌കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍. പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്.

പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോഷ്യേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ ഒന്നും പറയാതെ തലകുനിച്ചു.

അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അസ്വസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു. അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു.

സാമൂഹിക യാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതേ സാധിക്കുമായിരുന്നുള്ളൂ. ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുത്തിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു, അസിസ്റ്റന്റ് ആവുകയും ചെയ്തു.

ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു. അപ്പോഴുള്ള എന്റെ ഉള്ളിലെ ആര്‍ജവം എന്തായിരുന്നുവെന്ന് അറിയാമോ? ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്‍കൂത്തുമായി വന്നാല്‍ പോടാ ****** എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയൊക്കെയേ ഉള്ളൂ ഇവന്മാരുടെ കാമവെറി. (ഇനീപ്പം അതിന്റെ
പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും)
.....
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും മലയാളികളുടെ പ്രിയ നടിമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തു വന്നത് മുംതാസ്, അമലപോള്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവരുടെ തുറന്നു പറച്ചിലുകളാണ്.

സിനിമാ രംഗത്തുനിന്ന് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മുംതാസ് പറയുന്നു. സംവിധായകരില്‍ നിന്നടക്കമുണ്ടായ അനുഭവമാണ് മുംതാസ് വെളിപ്പെടുത്തിയത്ഒരു സംവിധായകന്റെ പെരുമാറ്റം അതിരുകടന്നതോടെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. നടികര്‍ സംഘമാണ് സംഭവം ഒത്തുതീര്‍പ്പാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി.

അതേസമയം സംവിധായകന്റെ പേരു വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുംതാസ് വിവരിച്ചു. അമ്മ ഒപ്പം ഷൂട്ടിങ് സെറ്റില്‍ വരാറുണ്ടായിരുന്നു. വരാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അമ്മ മുളക്‌പൊടി പൊതിഞ്ഞ് നല്‍കുമായിരുന്നെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ഉപയോഗിക്കണമെന്ന ഉപദേശം നല്‍കിയിരുന്നതായും താരം പറയുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുറിയിലേക്ക് വിളിച്ചാല്‍ പോകരുതെന്ന് അമ്മ പറഞ്ഞിരുന്നതായും മുംതാസ് വ്യക്തമാക്കി.

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് റൂമില്‍ നില്‍ക്കുമ്പോള്‍ തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തലാണ് അമലപോള്‍ നടത്തിയത്.

സിനിമാ പി.ആര്‍.ഒ നിഖില്‍ മുരുകനെതിരേ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് ലക്ഷ്മി രാമകൃഷ്ണനാണ്. നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചു. എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ തുറന്ന് പറഞ്ഞിരുന്നു. അന്ന് ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. പലപ്പോഴും എന്റെ സങ്കടം മറച്ച് വച്ച് ഞാന്‍ ചിരിച്ചിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുന്‍പ് ഞാന്‍ നൂറ് വട്ടം ആലോചിച്ചു. അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്ത് സംഭവിച്ചാലും ഞാന്‍ നേരിടാന്‍ തയ്യാറാണ്.

അയാള്‍ എന്നേക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ഒരാളാണ്. അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയുടെ ആരോപണങ്ങളെ തുടര്‍ന്ന് നിഖില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. അറിയാതെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുകയാണെന്ന് നിഖില്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ കരുത്താര്‍ജിക്കുമ്പോള്‍ കൂടുതല്‍ പേര്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് ധൈര്യം കാണിക്കുകയാണ്. പല പ്രമുഖരുടെയും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് സിനിമാ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ആരുടെയൊക്കെ മുഖം മൂടികള്‍ വരും ദിവസങ്ങളില്‍ അഴിഞ്ഞു വീഴുമെന്ന് കാത്തിരുന്ന് കാണാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW