Tuesday, August 20, 2019 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Monday 17 Dec 2018 02.30 PM

സന്ദര്‍ശകരില്ല, സ്തുതിപാഠകരില്ല, ഒറ്റപ്പെടലിനു നടുവില്‍ ബിഷപ്പ് ഫ്രാങ്കോ അരമന വിട്ടു; എഫ്.എം.ജെ സെമിനാരിയില്‍ സുഖവാസം; പിന്തുണയുമായി പി.സി ജോര്‍ജ് ഭാര്യാസമേതം ജലന്ധറില്‍

ബിഷപ്പ് ഫ്രാങ്കോ അധികാരം ഒഴിയുന്നതിനു മുന്‍പ് രൂപതയുടെയും കമ്പനികളുടെയും പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ പിന്‍വലിച്ചതായും വിവരമുണ്ട്.
bishop franco mulakkal

കോട്ടയം: ചക്രവര്‍ത്തിക്കു തുല്യനായി ജീവിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ഒറ്റപ്പെടലിനു നടുവില്‍. സമ്പന്ന കാലത്ത് ചുറ്റമുണ്ടായിരുന്ന സ്തുപാഠകരും ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദര്‍ശകരും ആ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ല. ഒറ്റപ്പെടലിന്റെ നടുവില്‍ നട്ടംതിരിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഒടുവില്‍ അരമന വിട്ടു. ഫ്രാങ്കോ തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദികരുടെ സെമിനാരിയിലേക്ക് താമസം മാറ്റി. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പൂര്‍ണ്ണമായും ശീതികരിച്ച പ്രതാപ്ഗള്ളിലുള്ള ഈ സെമിനാരിയിലാണ് ഫ്രാങ്കോ ഇപ്പോള്‍ താമസിക്കുന്നത്.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ ജലന്ധറില്‍ എത്തി. ഞായറാഴ്ച വൈകിട്ട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള കാത്തലിക് കമ്മ്യൂണിറ്റി (കെ.സി.സി)യുടെ ക്രിസ്മസ് ആഘോഷത്തിലും ജോര്‍ജ് ഭാര്യ ഉഷയ്‌ക്കൊപ്പം പങ്കെടുത്തു. പരിപാടിയുടെ മുഖ്യാതിഥിയും ഉദ്ഘാടകനുമായി രണ്ട് വൈദികരുടെ പേരാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ജോര്‍ജും ഭാര്യയും വേദിയില്‍ എത്തിയത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ജോര്‍ജ് ക്രിസ്മസ് ആഘോഷവേദിയില്‍ സംസാരിച്ചത്.

bishop franco mulakkal

നവംബര്‍ നാലിന് നടന്ന കത്തീഡ്രല്‍ ഫെസ്റ്റിലേക്ക് ജോര്‍ജിനെ ക്ഷണിച്ചിരുന്നുവെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും അവരുടെ കുടുംബത്തേയും അധിക്ഷേപിച്ച് സംസാരിച്ചതാണ് ജോര്‍ജിനെതിരെ വിശ്വാസികള്‍ രംഗത്തെത്താന്‍ കാരണം. കത്തീഡ്രല്‍ ഫെസ്റ്റിന് ജോര്‍ജിനെ ക്ഷണിച്ചതിനെതിരെ വി​ശ്വാസികള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ രഹസ്യമായാണ് ജോര്‍ജ് ഇന്നലെ വേദിയില്‍ എത്തിയത്.

ജോര്‍ജിനെ തിരിച്ചറിയാന്‍ പോലും സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗത്തിനും കഴിഞ്ഞില്ല. എതിര്‍പ്പ് മുന്നില്‍കണ്ട് പോലീസിന്റെ വലിയ സുരക്ഷയും ജോര്‍ജിന് ഏര്‍പ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനും ജലന്ധറിലെ ഒരു പഞ്ചാബിയുടെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റുമായ മലയാളി യുവാവാണ് ജോര്‍ജിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നുപോയ ജലന്ധര്‍ രൂപതയിലെ ഒരു വൈദികനും ജോര്‍ജിനെ അവിടെ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ ക്രിസ്മസ് ആഘോഷത്തിന് എത്തിയിരുന്നില്ല.

ആയിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തില്‍ 200 ഓളം പേര്‍ മാത്രമാണ് എത്തിയത്. അതില്‍ ഏറെയും എഫ്.എം.ജെയിലെ വൈദിക വിദ്യാര്‍ത്ഥികളും ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന വൈദികരുമായിരുന്നു. ഏതാനും കന്യാസ്ത്രീകളും കെ.സി.സി പ്രവര്‍ത്തകരും കുറച്ച് പഞ്ചാബികളും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളില്‍ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ് ആളുകള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

bishop franco mulakkal

ബിഷപ്പ് ഫ്രാങ്കോയെ രൂപതയുടെ ഭരണപരമായ ചുമതലകളില്‍ നിന്ന് നീക്കി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതോടെ ബിഷപ്പ് ഹൗസില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കന്യാസ്ത്രീകളും ബിഷപ്പ് ഹൗസില്‍ കയറിയിറങ്ങുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കി. ഫ്രാങ്കോയുടെ അധികാരവും നഷ്ടമായതോടെ അടുപ്പക്കാരായ വൈദികരും മറ്റും അവിടേക്ക് വരുന്നതും ചുരുക്കി.

ഇതോടെ തികച്ചും ഒറ്റപ്പെട്ടുപോയ ഫ്രാങ്കോ കൂടുതല്‍ സമയവും മുറിക്കുള്ളില്‍ തന്നെയാണ് കഴിഞ്ഞുകൂടിയത്. അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോയുടെ മുറിയുടെ തൊട്ടടുത്തു തന്നെയാണ് ഫ്രാങ്കോയുടെ മുറിയും. അഡ്മിനിസ്‌ട്രേറ്ററുടെ കണ്ണുകള്‍ എപ്പോഴും ഫ്രാങ്കോയുടെ മേലുള്ളതിനാല്‍ ഏറെ അസ്വസ്ഥനായാണ് അദ്ദേഹം അവിടെ കഴിഞ്ഞതും.

അതിനിടെയാണ് വീണുകിട്ടിയ അവസരം പോലെ ഡെങ്കിപ്പനി പിടിപെട്ടത്. ഇതോടെ പഞ്ചാബിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ബിഷപ്പ് ഫ്രാങ്കോ അവിടെനിന്നും നേരെ എഫ്.എം.ജെ സെമിനാരിയിലേക്കാണ് പോയത്. ബിഷപ്പ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ വേണ്ടപ്പെട്ടവരെ കാണാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഈ മാറ്റം. ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഈ മാസം ഒന്നിന് കത്തീഡ്രല്‍ പള്ളിയില്‍ രൂപതയില്‍ നിന്നുള്ള ഭൂരിഭാഗം വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തിരുന്നു. ഫ്രാങ്കോയെ അടുപ്പക്കാരോ ഈ ചടങ്ങിന് എത്തിയിരുന്നില്ല.

bishop franco mulakkal

അതേസമയം, മറ്റു പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയിരുന്ന വൈദികര്‍ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. ജലന്ധറിലുള്ള മൂന്ന് സി.എം.ഐ വൈദികര്‍ ഇതിനകം തന്നെ കെട്ടുമുറുക്കികഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അമൃത്സറില്‍ ഒരു സാംസ്‌കാരിക നിലയം പണിയാന്‍ മുന്നിട്ടിറങ്ങിയ വൈദികനാണ് ഇതില്‍ ഒരാള്‍. 500 കോടിയുടെ പ്രൊജക്ട് ആയിരുന്നു ഇദ്ദേഹം പദ്ധതിയിട്ടിരുന്നത്. ഫ്രാങ്കോ അറസ്റ്റിലായതോടെ ഈ പദ്ധതി മുടങ്ങിപ്പോയി. രൂപതയിലെ ഭൂരിപക്ഷം വൈദികരും എതിര്‍ക്കുന്ന ഈ പദ്ധതിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ അംഗീകാരം നല്‍കുകയുമില്ല.

അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസ് രൂപതയിലെ വൈദികരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ച കഴിഞ്ഞാലുടന്‍ വൈദികര്‍ക്ക് സ്ഥലംമാറ്റവും ഉണ്ടാകുമെന്ന് സൂചന. രൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ അഡ്മിന്‌സ്‌ട്രേറ്റര്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ട് വൈദികരെയാണ് ചുമതലകള്‍ ഇപ്പോഴും ഏല്പിച്ചിരിക്കുന്നതെങ്കിലും തന്റെ അനുമതി കൂടാതെ ഒരു പൈസ പോലും ചെലവഴിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ അധികാരം ഒഴിയുന്നതിനു മുന്‍പ് രൂപതയുടെയും കമ്പനികളുടെയും പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ പിന്‍വലിച്ചതായും വിവരമുണ്ട്. കോടികളുടെ നിക്ഷേപം പിന്‍വലിച്ച് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് ഫ്രാങ്കോ കേരള പോലീസിനു മുമ്പാകെ ഹാജരായതെന്നും വൈദികര്‍ പറയുന്നു. കേസിന്റെ തുടക്കത്തില്‍ വലിയൊരു സംഖ്യ പിന്‍വലിച്ചിരുന്നു.

ഫാ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ കന്യാസ്ത്രീകള്‍ക്ക് 10 ഏക്കറും മഠവും ഓഫര്‍ ചെയ്ത സമയത്തായിരുന്നു ഇത്. പിന്നീട് ഫ്രങ്കോയും കൂട്ടരും കേരളത്തിലേക്ക് പുറപ്പെടും മുന്‍പ് അക്കൗണ്ടുകള്‍ ഏറെക്കുറെ കാലിയാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
ബീനാ സെബാസ്റ്റിയന്‍
Monday 17 Dec 2018 02.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW