Tuesday, August 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 11.48 AM

ഹായ് ഐ ആം മോഹന്‍ലാല്‍.... പ്രിയ ആനന്ദിനെ ഞെട്ടിച്ച ലാലേട്ടന്‍

''എസ്രയിലൂടെ മലയാള സിനിമയിലെത്തിയ പ്രിയ ആനന്ദിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മലയാള സിനിമയേയും കേരളത്തേയും ഏറെ സ്നേഹിക്കുന്ന പ്രിയയുടെ പുത്തന്‍ സിനിമാ വിശേഷങ്ങളിലൂടെ... ''
uploads/news/2018/12/273100/PriyaanandINW171218.jpg

ലൈലാകമേ... എന്ന പാട്ടിനൊപ്പം മലയാളി മനസുകളില്‍ സ്ഥാനം പിടിച്ച തെന്നിന്ത്യന്‍ സുന്ദരി, പ്രിയ ആനന്ദ്. എസ്രയ്ക്കുശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു.

ബോളിവുഡി ല്‍പ്പോലും സാന്നിധ്യമറിയിച്ച വിശ്വരൂപം സുന്ദരി തെന്നിന്ത്യയിലെ തിളങ്ങുന്ന താരമാണ്. കായംകുളം കൊച്ചുണ്ണിയുടെ വിജയക്കുതിപ്പിനൊപ്പം മലയാള സിനിമയില്‍ നിന്ന് കൈനിറയെ അവസരങ്ങള്‍ തേടിയെത്തുന്ന സന്തോഷത്തിലാണ് പ്രിയ.

കായംകുളം കൊച്ചുണ്ണിയിലെ കഥാപാത്രത്തെ കുറിച്ച്?


എനിക്ക് വളരെ സ്പെഷ്യലായ സിനിമയാണ് കായംകുളം കൊച്ചുണ്ണി. കരിയറിലെ ബിഗ്ബജറ്റ് സിനിമയാണിത്.
ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ പോലെയല്ല ജാനകി, ജീവിച്ചിരുന്ന ആളാണ്. അത്തരം ജീവിതങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്.

സംവിധായകന്‍ അടക്കമുള്ള പിന്നണി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തോളം റിസര്‍ച്ച് നടത്തിയിരുന്നു. അതിനുള്ള റിസല്‍ട്ട് സിനിമയിലുണ്ട്. ആദ്യമായാണ് ഞാനൊരു പീരിയോഡിക് സിനിമയില്‍ അഭിനയിക്കുന്നത്.

റോഷന്‍ സാര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു. കൊച്ചുണ്ണിയുടെ കഥ മലയാളികള്‍ക്കെല്ലാം അറിയുന്നതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള പ്രതീക്ഷയും കൂടുതലായിരിക്കും. അതായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളികളിലൊന്ന്.
എസ്രയ്ക്കുശേഷം വീണ്ടും നല്ല മലയാള ചിത്രങ്ങളുടെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് മുംബൈയില്‍ വച്ചാണ് റോഷന്‍ ആന്‍ഡ്രൂസ് സാറിനെ കണ്ടത്. അന്ന് ഒരു കാഷ്വല്‍ ടോക്ക് എന്നപോലെ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് സംസാരിച്ചിരുന്നു. തിരിച്ച് ചെന്നൈയിലെത്തി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് എന്നെ ജാനകിയായി തെരഞ്ഞെടുത്തുവെന്നു പറഞ്ഞ് റോഷന്‍ സാര്‍ വിളിച്ചത്. ശരിക്കും എക്സൈറ്റഡായി. ആ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോള്‍ എനിക്കതിലൊരു വേഷം കിട്ടുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല.

വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്കീ സിനിമ. വലിയൊരു ലൊക്കേഷന്‍, പെര്‍ഫെക്ഷനിസ്റ്റായ റോഷന്‍ സാറിനെപ്പോലൊരു സംവിധായകന്‍, മോഹന്‍ലാല്‍ ലാല്‍ സാര്‍, നിവിന്‍... അവര്‍ക്കൊപ്പമൊരു സിനിമ, ഇപ്പോഴും ആ ത്രില്ലിലാണ് ഞാന്‍.

കന്നഡയില്‍ രണ്ട് സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്താണ് ഈ പ്രോജക്ടിലേക്ക് വിളിക്കുന്നത്. കൊച്ചുണ്ണിക്ക് വേണ്ടി അതെല്ലാം വേണ്ടെന്നു വച്ചു. ഒരു ചരിത്ര സിനിമയുടെ ഭാഗമാകുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ഓഫറുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

uploads/news/2018/12/273100/PriyaanandINW171218d.jpg

എസ്രയില്‍ നിന്ന് കായംകുളം കൊച്ചുണ്ണിയിലെത്തിയപ്പോള്‍?


ഒരുപാട് ഹൊറര്‍ കഥകള്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും എസ്ര എന്നെ ഞെട്ടിച്ചു. കഥ കേട്ടപ്പോള്‍ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് തോന്നി. മലയാളത്തില്‍ ചെയ്ത രണ്ടു കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. എസ്രയിലെ പ്രിയയുമായി കൊച്ചുണ്ണിയിലെ ജാനകിക്ക് ഒരു സാമ്യതയുമില്ല.

മലയാളത്തിലെത്തുമ്പോള്‍ ഭാഷയായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. എങ്കിലും എസ്രയില്‍ സംഭാഷണങ്ങളെല്ലാം കാണാപാഠം പഠിച്ചാണ് പറഞ്ഞത്. തമിഴ് വശമുള്ളതു കൊണ്ട് ലിപ്‌സിങ്ക് പ്രശ്‌നമായില്ല. പക്ഷേ കായംകുളം കൊച്ചുണ്ണി ചരിത്ര സിനിമയായത് കൊണ്ട് തന്നെ സംഭാഷണങ്ങള്‍ പ്രധാനമായിരുന്നു. ഭാഷാ ശൈലിയിലും വ്യത്യാസമുണ്ടെന്നത് ചെറിയൊരു പ്രശ്നം തന്നെയായിരുന്നു. ഇപ്പോള്‍ ഞാന്‍ തമിഴിലും തെലുങ്കിലും ഡബ് ചെയ്യുന്നുണ്ട്.

മലയാളത്തിലെ ആദ്യ ചിത്രം പൃഥ്വിരാജിനൊപ്പമായിരുന്നു. ബോളിവുഡില്‍പ്പോലും അറിയപ്പെടുന്ന നടനാണദ്ദേഹം. കായംകുളം കൊച്ചുണ്ണിയിലാകട്ടെ മോഹന്‍ലാല്‍ സാറിനും നിവിനുമൊപ്പം. ഇവരെല്ലാം വളരെ സപ്പോര്‍ട്ടീവായിരുന്നു. ഇത്രയും സീനിയറായ, എക്സ്പീരിയന്‍സ്ഡായ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ എന്റെ ജോലി കുറച്ചുകൂടി ഈസിയാകുമെന്നാണ് എനിക്ക് തോന്നുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍?


ചരിത്ര സിനിമയെന്നതിലുപരി മോഹന്‍ലാല്‍ സാര്‍ ഈ സിനിമയുടെ ഭാഗമാണെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു. ഫസ്റ്റ് പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ ആ പ്രതികരണം കണ്ടതുമാണ്. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിനുവരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് ലാല്‍ സാറിനെ കണ്ടിരുന്നു.

യാത്രകളില്‍ പ്രൈവസി സൂക്ഷിക്കുന്ന ആളാണദ്ദേഹം എന്ന് കേട്ടിട്ടുള്ളതുകൊണ്ട് ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാന്‍ പരിചയപ്പെടാന്‍ ശ്രമിച്ചില്ല. എന്നാല്‍ ഹായ് ഐ ആം മോഹന്‍ലാല്‍ല്‍ എന്നു പറഞ്ഞ് അദ്ദേഹം പരിചയപ്പെടാന്‍ വന്നു. അദ്ദേഹത്തെപ്പോലെ ഒരാള്‍ ഇത്രയും ഹംപിളായി സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നത് വളരെ വലിയ കാര്യമാണ്. എന്റെ പേര് അദ്ദേഹത്തിനറിയാമെന്നതും എന്നെ അത്ഭുതപ്പെടുത്തി.

മലയാള സിനിമയെക്കുറിച്ച്?


മലയാള സിനിമകളില്‍ റിയലിസ്റ്റിക് സിനിമകളാണ് കൂടുതലും. അതുകൊണ്ടാണ് കഥകളോട് കൂടുതല്‍ അടുപ്പം തോന്നുന്നത്. മലയാള സിനിമയോടും ഇവിടുത്തെ പ്രേക്ഷകരോടുമൊക്കെ ഒരുപാട് ബഹുമാനം തോന്നിയിട്ടുണ്ട്. മലയാളത്തില്‍ ഗ്ലാമറിനേക്കാള്‍ പ്രാധാന്യം കഥകള്‍ക്കാണ്.

പ്രേക്ഷകരും സംവിധായകരും അഭിനേതാക്കളില്‍ നിന്നും മികച്ച പെര്‍ഫോമന്‍സാണ് പ്രതീക്ഷിക്കുന്നത്. കൊമേഷ്യല്‍ മൂവികളാണെങ്കില്‍പ്പോലും അഭിനയപ്രാധാന്യമുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ സിനിമകളിലുണ്ടാവും. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമോ എന്ന ഭയമുണ്ടായിരുന്നു.

uploads/news/2018/12/273100/PriyaanandINW171218c.jpg

മറ്റു ഭാഷാസിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് മലയാളത്തിലെ അഭിനേതാക്കളും. കഥാപാത്രങ്ങള്‍ക്കായി എന്ത് പരീക്ഷണങ്ങള്‍ക്കും അവര്‍ തയാറാണ്. വിശദമായി പഠിച്ച ശേഷമാണ് അവര്‍ സിനിമ സെലക്ട് ചെയ്യുന്നത് പോലും. സംവിധായകരും പരീക്ഷണങ്ങള്‍ക്ക് തയാറാണ്. ടെക്നിക്കലിയും സ്‌ക്രിപ്റ്റിലും വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ മലയാള സിനിമ തയാറാണെന്നത് വലിയൊരു കാര്യമാണ്.

മറ്റൊന്ന് മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകുന്നു എന്നതാണ്. ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ലി എന്നിവയൊക്കെ കൊമേര്‍ഷ്യല്‍ സിനിമകളാണെങ്കിലും എത്ര മനോഹരമായാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം പോസിറ്റീവായി ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയാറാകുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

മിക്ക കഥാപാത്രങ്ങള്‍ക്കും സ്വന്തം പേരാണ്?


പ്രിയ എന്ന പേര് ഇന്ത്യന്‍ സിനിമയുമായി വളരെ ബന്ധപ്പെട്ട ഒന്നായാണു തോന്നുന്നത്. ഞാന്‍ ജനിക്കും മുന്‍പു അച്ഛന്‍ അമ്മയോടു പറയുമായിരുന്നത്രേ, നമുക്കൊരു പെണ്‍കുട്ടി മതി. അവള്‍ക്കു പ്രിയ എന്നു പേരിടണമെന്ന്.. പ്രിയ എന്നാല്‍ പ്രിയപ്പെട്ടത് എന്നല്ലേ അര്‍ത്ഥം. അതുകൊണ്ടാവാം ആ പേരിനോട് അത്രയും അടുപ്പം എല്ലാവര്‍ക്കും തോന്നുന്നത്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും മിക്ക കഥാപാത്രങ്ങളുടേയും പേര് പ്രിയ എന്നായിരുന്നു. എസ്ര ഉള്‍പ്പെടെ ആറു ചിത്രങ്ങളില്‍ എന്റെ കഥാപാത്രത്തിന്റെ പേര് പ്രിയ എന്നായിരുന്നു.

ജീവിതത്തില്‍ വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ ഭാഗമായി?


അച്ഛന്‍ ഭരദ്വാജ് ആനന്ദ പകുതി തെലുങ്കും പകുതി മറാഠിയുമാണ്. അമ്മ രാധ തമിഴ് നാട്ടുകാരിയും. ചെന്നൈയില്‍ ജനിച്ചെങ്കിലും വളര്‍ന്നത് ഹൈദരാബാദിലാണ്. പിന്നെ അച്ഛനും അമ്മയ്ക്കുമൊപ്പം യു.എസ്സിലേക്ക് പോയി. വിദ്യാഭ്യാസമെല്ലാം അവിടെയായിരുന്നു. ഇന്ത്യയില്‍ പ്രാദേശികമായ ചില വ്യത്യാസങ്ങളുണ്ടെന്നല്ലാതെ കള്‍ച്ചര്‍ ഏറെക്കുറേ ഒരുപോലെയാണ്.

എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് യു.എസ് ലൈഫ്സ്‌റ്റൈല്‍. എങ്കിലും ജീവിതത്തിലുണ്ടായ യാത്രകളൊക്കെ വ്യക്തിജീവിതത്തിലും കരിയറിലും ഒരുപാട് സഹായിച്ചിട്ടുണ്ട്. മാത്രമല്ല ഇഗ്ലീഷ്, തമിഴ്, കന്നട, മറാത്തി സ്പാനിഷ് എന്നീ ഭാഷകളൊക്കെ പഠിക്കാനുമായി.

ബന്ധുക്കളെല്ലാം യു.എസില്‍ ഉണ്ടായിരുന്നത് കൊണ്ട് നാടിനെ ഒരുപാട് മിസ് ചെയ്തില്ല. അവിടെ എല്ലാ ആഘോഷങ്ങള്‍ക്കും എല്ലാവരും ഒത്തുചേരുമായിരുന്നു. നാട്ടില്‍ ആഘോഷിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു അന്നൊക്കെ.

uploads/news/2018/12/273100/PriyaanandINW171218a.jpg

യു.എസില്‍ സെറ്റിലായ കുടുംബത്തില്‍ നിന്ന് സിനിമയിലേക്കെത്തിയപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം?


അച്ഛന്റെയും അമ്മയുടേയും ഏക മകളാണ് ഞാന്‍. അവര്‍ രണ്ടാളുമാണ് എന്റെ ശക്തി. സിനിമ കരിയറാക്കുന്നതിനോട് ആദ്യം അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ലായിരുന്നു. യു.എസ്സില്‍ നിന്ന് പോരുന്നു എന്നതായിരുന്നു അവരുടെ പ്രശ്‌നം. ഒറ്റമകളായതു കൊണ്ട് എന്നെയവര്‍ നന്നായി മിസ് ചെയ്തു. കരിയറിലും അവര്‍ക്ക് ആശങ്കകളുണ്ടായിരുന്നു. പക്ഷേ പിന്നീട് ഇഷ്ടം മനസ്സിലാക്കിയപ്പോള്‍ അവരാണ് എന്റെ കരുത്തായത്.

സിനിമയോടുള്ള ഇഷ്ടം തുടങ്ങുന്നത്?


ചെറുപ്പം മുതല്‍ സിനിമ കാണും. പക്ഷേ അന്നൊന്നും അഭിനയമെന്ന് വേര്‍തിരിച്ചു കണ്ടിരുന്നില്ല. സാങ്കേതികതയും സംവിധാനവുമൊക്കെയാണ് ഇഷ്ടപ്പെട്ടിരുന്നത്. അഭിനയം ആകസ്മികമായി എത്തിച്ചേര്‍ന്നതാണ്. സിനിമയിലെത്തുംവരെ ക്യാമറയെന്തെന്നോ, ലൈറ്റ് എന്തെന്നോ അറിയില്ലായിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു ഇഷ്ടം.

പഠനശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചെന്നൈയില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് മടങ്ങാന്‍ കാരണം മുത്തശ്ശിയുമായുള്ള അടുപ്പമാണ്. ആ മടക്കമാണ് വെള്ളിത്തിരയിലെത്തിച്ചത്. സിനിമയാണ് എന്റെ വഴിയെന്ന് പണ്ടേ തോന്നിയിരുന്നു. പക്ഷേ നടിയാകുമെന്നൊന്നും കരുതിയില്ല.

അവിടെ നിന്ന് 2009ല്‍ വാമനന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേത്തെത്തുമ്പോള്‍ സിനിമയില്‍ മുന്നോട്ട് പോകാന്‍ കഴിയുമോ എന്നുപോലും അറിയില്ലായിരുന്നു. പക്ഷേ തുടര്‍ന്നും നല്ല സിനിമകളുടെ ഭാഗമായി. തെന്നിന്ത്യയ്ക്കൊപ്പം ബോളിവുഡിലും സിനിമ ചെയ്തു. അതൊക്കെ ഭാഗ്യമാണ്.

പ്രിയയ്ക്ക് ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് ഇംഗ്ലീഷ് വിംഗ്ലീഷ് ?


തീര്‍ച്ചയായും. നിര്‍ഭാഗ്യവശാല്‍ ശ്രീദേവി മാമിന്ന് നമുക്കൊപ്പമില്ല. മാമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലേറ്റവും വലിയ കാര്യമാണ്. സ്‌ക്രീനില്‍ ശ്രീദേവി മാമിനെ കണ്ടാണ് ഞാന്‍ സിനിമയെ സ്നേഹിച്ചു തുടങ്ങിയത്.

ഇംഗ്ലീഷ് വിംഗ്ലീഷില്‍ ചെറിയൊരു കഥാപാത്രമായിരുന്നെങ്കിലും ശ്രീദേവി മാമിനെ കാണാനും ഒപ്പം അഭിനയിക്കാനും കഴിയുമെന്നോര്‍ത്തപ്പോള്‍ വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല. മാമിന്റെ മുമ്പില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഏത് അഭിനേതാവിന്റെ മുമ്പിലും അഭിനയിക്കാം. അന്നാ സിനിമ ചെയ്യാതിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായേനെ അത്.

uploads/news/2018/12/273100/PriyaanandINW171218b.jpg
പ്രിയ ആനന്ദ് മുത്തശിയോടൊപ്പം

കേരളത്തോടുള്ള ഇഷ്ടം?


സിനിമയ്ക്കുവേണ്ടി കേരളത്തിലെത്തിയ ശേഷം എന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കേരളം. മൂന്നാറിലും വാഗമണ്ണിലും വയനാട്ടിലുമൊക്കെ പലവട്ടം പോയി. പ്രകൃതി സൗന്ദര്യത്തിലും സംസ്‌ക്കാരത്തിന്റെ കാര്യത്തിലുമൊക്കെ റിച്ചാണ് കേരളം

ഒരു സെലിബ്രിറ്റിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസാരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കും?


നോ ഡൗട്ട്സ് മോഹന്‍ലാല്‍ സാര്‍.

പുതിയ പ്രോജക്ടുകള്‍?


ആര്‍.ജെ ബാലാജിയുടെ എല്‍.കെ.ജി, കന്നഡ ചിത്രം ഓറഞ്ച്, മലയാളത്തില്‍ നീതി എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW