Tuesday, August 20, 2019 Last Updated 59 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 02.31 PM

ഡിസംബര്‍ 12.... ഇന്നാണാ കല്ല്യാണം; ലോകം ഉറ്റുനോക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ കല്ല്യാണം (വീഡിയോ)

uploads/news/2018/12/271811/isha.jpg

ഡിംസംബര്‍ 12.... ഇന്നാണാ കല്ല്യാണം.... ലോകം ഏറെ വിസ്മയത്തോടെയും ആശ്ചര്യത്തോടെയും ഉറ്റുനോക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ കല്ല്യാണം. പിരമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദ് പിരമലുമൊത്തുള്ള കല്ല്യാണം.

കോടികള്‍ ഒഴുക്കി നടന്ന വിവാഹ നിശ്ചയമായിരുന്നു ഇറ്റലിയിലെ ലേക് കോമോയില്‍ നടന്നത്. 70 മുതല്‍ 700 കോടി വരെ പൊടിച്ച് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്ന് കരുതപ്പെടുന്ന വിവാഹം ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തോട് കിടപിടിക്കും.

മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന വിവാഹക്ഷണപത്രമാണ് ഇഷയ്ക്കായി പിതാവ് ഒരുക്കിയത്. വിവാഹത്തിന്റെ ക്ഷണക്കത്തില്‍ തുടങ്ങിയ വിസ്മയം പിന്നീടങ്ങോട്ട് നീണ്ടു. ആഡംബര വിവാഹത്തിന്റെ വിസ്മയങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തെത്തി. സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച വലിയൊരു പെട്ടിക്കുള്ളില്‍ പല പെട്ടികളിലായി ഒളിപ്പിച്ച സമ്മാനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച ആ കല്ല്യാണക്കുറി നവമാധ്യമങ്ങളിലൂടെ ലോകം കണ്ടു. പെട്ടി തുറന്നപ്പോള്‍ കേട്ടത് ഗായത്രി മന്ത്രം. ഇതിന് പുറമേ ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.

രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ക്ക് വന്‍ താരനിര തന്നെ ഒഴുകിയെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകളുടെ വിവാഹം കൂടാന്‍ വിഐപികളുടെ നീണ്ട നിര തന്നെയാണ് എത്തിയിരിക്കുന്നത്. ആകെ 1200 അതിഥികള്‍ക്കാണ് ക്ഷണം. 48 ചാര്‍ട്ടേഡ് വിമാനങ്ങളിലായി ഉദയ്പുര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരില്‍ യു.എസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ വരെ ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നും നടന്‍ മോഹന്‍ലാലിന് മാത്രമാണ് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാവപ്പെട്ടകള്‍ക്ക് അന്നം വിളമ്പിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഡിസംബര്‍ ഏഴു മുതല്‍ 10 വരെ നടന്ന അന്നദാനത്തില്‍ 5100 പേര്‍ക്ക് മൂന്നു ദിവസവും ഭക്ഷണം നല്‍കും. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്നാണ് ഭക്ഷണം വിളമ്പിയത്. അതിഥികള്‍ക്ക് പറക്കാന്‍ 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ഇതിന് പുറമേ സ്വകാര്യ എയര്‍ലൈനുകളുടെ 20 എയര്‍ക്രാഫ്റ്റുകള്‍.

ഉദയ്പുരിലും ചുറ്റുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലുമെല്ലാം അംബാനിയും പിരാമല്‍ കുടുംബവും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ജാഗ്വര്‍, പോര്‍ഷെ, മെഴ്‌സിഡസ്, ബി.എം ഡബ്ല്യു, ഔഡി, വോള്‍വോ തുടങ്ങി ആഡംബര കാറുകളുടെ വലിയ നിരതന്നെയാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 108 തദ്ദേശീയ കലാരൂപങ്ങളാണ് ഹോട്ടലിനെ അലങ്കരിക്കുന്നത്. ആഘോഷ രാവിലെ സംഗീത നിശയ്ക്ക് കൊഴുപ്പേകിയത് ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സായിരുന്നു.

ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ആഘോഷം ഉദയ്പുരിന്റെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലുതാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബോളിവുഡ് താരരാജാക്കന്‍മാരും റാണിമാരും മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക, വ്യവസായിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ തടാകനഗരമെന്ന് അപരനാമധേയമുള്ള ഉദയ്പുരിലേക്ക് ഒഴുകി. ഒരു പരിപാടിയില്‍ ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിക്കൊപ്പം ചടുലനൃത്തച്ചുവടുകളുമായി രംഗത്തെത്തിയത് ആവേശം വാനോളമുയര്‍ത്തി. ധീരുഭായ് അംബാനിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ഗുരുവിലെ ഗാനത്തിനു ചുവടുവയ്ക്കാനെത്തിയത് ചിത്രത്തിലെ നായകനായ അഭിഷേക് ബച്ചനും -ഐശ്വര്യ റായ് ബച്ചനുമായിരുന്നു. പോപ് താരം ബിയോണ്‍സിന്റെ സംഗീതനിശയായിരുന്നു ആഘോഷരാവിലെ മറ്റൊരു ആകര്‍ഷണം.

യു.എസ്. മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള കായികപ്രതിഭകള്‍, ലക്ഷ്മി മിത്തല്‍ ഉള്‍പ്പെടെയുള്ള വ്യവസായികള്‍, ബോളിവുഡില്‍നിന്നു സല്‍മാന്‍ ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ഖാന്‍, കിരണ്‍ റാവു, പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷണമുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ ഭാഗമായി മുംബൈ വിമാനത്താവളം ശനിയാഴ്ച സാക്ഷ്യംവഹിച്ചത് റെക്കോഡ് വിമാന ഗതാഗതത്തിനായിരുന്നു. 24 മണിക്കൂറില്‍ 1,007 വട്ടമാണ് ഛത്രപതി ശിവജി വിമാനത്താവളം കേന്ദ്രീകരിച്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇതോടെ കഴിഞ്ഞ ജൂണിലെ 1003 തവണയെന്ന റെക്കോഡും തിരുത്തിയെഴുതി.

അംബാനി കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹമാണു മുംബൈയുടെ ആകാശത്തെ തിരക്കിനു കാരണമെന്ന് അധികൃതര്‍ അനൗദ്യോഗികമായി അറിയിച്ചു.

ഉദയ്പൂരിലെ ആഘോഷങ്ങള്‍ക്ക് ശേഷം 12 മുംബെയില്‍ നടക്കുന്ന വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേയ്ക്കാവും നവദമ്പതികള്‍ പോകുക. അഞ്ചു നിലകളും കടലിനെ അഭിമുഖീകരിക്കുന്ന വീട്.

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോബ്‌സിന്റെ ഏറ്റവും പുതിയ സമ്പന്ന പട്ടിക അനുസരിച്ച് 4,730 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് 3.31 ലക്ഷം കോടി രൂപ.

ഇന്ത്യക്കാരായ സമ്പന്നരില്‍ 24 സ്ഥാനത്താണ് അജയ് പിരാമല്‍. ഫാര്‍മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരാമല്‍ എന്റര്‍പ്രൈസസിന്റെ ചെയര്‍മാനായ അദ്ദേഹത്തിന്റെ ആസ്തി 500 കോടി ഡോളറാണ്. അതായത് 35,000 കോടി രൂപ.

Ads by Google
Ads by Google
Loading...
TRENDING NOW