Sunday, August 18, 2019 Last Updated 56 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 04.08 PM

തൊണ്ടയിലെ മുഴ ഇത് കാന്‍സറിന്റെ ലക്ഷണമാണോ? മുഴമാറാന്‍ ഓപ്പറേഷന്‍ ആവശ്യമുണ്ടോ? മരുന്നുകൊണ്ട് മാറ്റാന്‍ കഴിയുമോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/11/268590/askdrgenmedicn291118a.jpg

മാനസികസമ്മര്‍ദം അതിരുവിടുമ്പോള്‍

എനിക്ക് 56 വയസുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എപ്പോഴും എന്തെങ്കിലും ചിന്തിച്ചു കൂട്ടുക പതിവാണ്. മനസിന് വിഷമമുണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ ഉണ്ടായാല്‍ ശരീരമാകെ വിറയ്ക്കും. അതിനു പുറമേ നിര്‍ത്താതെയുള്ള പല്ലുകടി. കമ്പിളി പുതപ്പുകൊണ്ട് പുതച്ച് എട്ടു പത്തു മിനിട്ട് കഴിഞ്ഞതിനു ശേഷമാണ് വിറയല്‍ മാറി ശരീരം സാധാരണ നിലയിലായത്. എന്താണ് ഇതിനു കാരണം.? ഇങ്ങനെ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
---- മനുരാജ് , പൊന്‍കുന്നം

വിവിധതരം ടെന്‍ഷനും മാനസിക സമ്മര്‍ദങ്ങളും ആധുനിക ജീവിതത്തിന്റെ ഭാഗാമായിത്തീര്‍ന്നിരിക്കുന്നു. ഇത് സാധാരണയായി ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, സന്തോഷക്കുറവ് എന്നിങ്ങനെയാണ് പുറത്ത് പ്രതിഫലിക്കുന്നത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ടെന്‍ഷന്‍ ചിലരില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഫലിക്കാറുണ്ട്.

ശ്വാസതടസം അനുഭവപ്പെടുക, വളരെ വേഗത്തിലും ശക്തിയായും ശ്വാസം വലിക്കുക, പെട്ടെന്ന് ഉണ്ടാകുന്ന ബോധക്കേടും സംസാരിക്കാന്‍ കഴിയാതെ വരികയും ശക്തിമായ വിറയലും ടെന്‍ഷന്‍ മൂലം സംഭവിക്കാം. ഇതുകൂടാതെ അപസ്മാരത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള കൈകാലുകളുടെ ചലനവും ഇതോടൊപ്പം കണ്ടുവരുന്നു.

സാധാരണയായി ഈ അസ്വസ്ഥതകള്‍ പെട്ടെന്നുതന്നെ മാറി പൂര്‍വസ്ഥിതിയിലെത്താറുണ്ട്. ഇത് കൂടുതലായും കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഇത്തരക്കാരില്‍ പിന്നീട് ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ സമാന ലക്ഷണങ്ങള്‍ വീണ്ടും കാണാറുണ്ട്.

തൊണ്ടയിലെ മുഴ കാന്‍സറിന്റെ ലക്ഷണം

അന്‍പത് വയസുള്ള വീട്ടമ്മയാണ് ഞാന്‍. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എന്റെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അതത്ര ഗൗരവമായി എടുത്തില്ല. ഈ അടുത്ത കാലത്ത് മുഴ വീണ്ടും കണ്ടുതുടങ്ങി. ഡോക്ടറെ കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞു. ചില നേരങ്ങളില്‍ കടുത്ത വേദനയും അനുഭവപ്പെടുന്നുണ്ട്. മുഴമാറാന്‍ ഓപ്പറേഷന്‍ ആവശ്യമുണ്ടോ? മരുന്നുകൊണ്ട് മാറ്റാന്‍ കഴിയുമോ? ഇത് കാന്‍സറിന്റെ ലക്ഷണമാണോ?
---- കുഞ്ഞുമോള്‍ , കാഞ്ഞിരപ്പിള്ളി

മുഴയുടെ വലിപ്പം, ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചാല്‍ മാത്രമേ ഏത് തരം മുഴയാണിതെന്ന് പറയാനാവുകയുള്ളു. എന്നാല്‍ ചെറുപ്പകാലം മുതല്‍ കണ്ടു തുടങ്ങിയ ഈ മുഴ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള ഗോയിറ്റര്‍ എന്ന രോഗമായിരിക്കാനാണ് സാധ്യത. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്.

വളര്‍ച്ചയുടെ ഘട്ടത്തില്‍ തൈറോക്‌സിന്‍ ഹോര്‍മോണ്‍ കൂടുതലായി വേണ്ടിവരും. ആഹാരത്തില്‍ അയഡിന്റെ കുറവ്, ജന്മനാലും അല്ലാതെയും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ചില രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ഈ ഹോര്‍മോണിന്റെ അളവില്‍ മാറ്റമുണ്ടാകും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാവുകയും അത് ഗോയിറ്റര്‍ എന്ന മുഴയായി കഴുത്തിനു മുന്‍വശത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ശരീരം വളരുന്ന പ്രായത്തില്‍ ഉണ്ടാകുന്ന ഇത്തരം മുഴ പ്യൂബെര്‍ട്ടി ഗോയിറ്റര്‍ എന്നറിയപ്പെടുന്നു.

ഇത് വളര്‍ച്ച കഴിയുമ്പോള്‍തന്നെ കുറയുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ മാറാതെ നിലനില്‍ക്കുന്നു. മറ്റുചിലരില്‍ തൈറോയ്ട് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്‍പാദനം അമിതമായി ഉണ്ടാവുകയും ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗത്തിനു കാരണമാവുകയും ചെയ്യും. ഇതിന് ടോക്‌സിക് ഗോയിറ്റര്‍ എന്നു പറയുന്നു.

താങ്ങളുടെ പ്രശ്‌നം ഗോയിറ്ററാകാനാണ് സാധ്യത. കൗമാരകാലം മുതല്‍ കാണപ്പെടുന്ന മുഴ ഈ പ്രായത്തിലും ഉള്ളതുകൊണ്ട് കാന്‍സറായിരിക്കാന്‍ സാധ്യതയില്ല. എന്തായാലും ഒരു എന്‍ഡോക്രൈനോളജിസ്റ്റിനെ കാണണം. പരിശോധനകള്‍ നടത്തണം. ചിലതരം തൈറോയ്ഡു മുഴകള്‍ മുരുന്നുകൊണ്ട് ചികിത്സിക്കാം. എന്നാല്‍ മറ്റ് ചിലത് ഓപ്പറേഷന്‍ തന്നെ വേണം.

ശരീരത്തിന് ചൂടും പുകച്ചിലും


വയസ് 60. വീട്ടമ്മയാണ്. ശരീരത്തിന് എപ്പോഴും വളരെയധികം ചൂടു തോന്നുന്നു. മൂത്രത്തിനും സാധാരണയില്‍ കൂടുതല്‍ ചൂടു തോന്നുന്നു. പുകച്ചിലുമുണ്ട്. കൈപ്പത്തികള്‍ക്ക് മരവിപ്പ്, പാദങ്ങള്‍ക്ക് പുകച്ചില്‍ ഇവയുമുണ്ട്. സ്വസ്ഥമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ കുഴപ്പമൊന്നുമില്ല. ഈ പ്രശ്‌നങ്ങള്‍ എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? പരിഹരിക്കാന്‍ സാധിക്കുമോ?
----- ഗിരിജ എന്‍ , പട്ടം

ശരീരത്തിന് ചൂടു, പനി അതോടൊപ്പം മൂത്രത്തിന് ചൂടും പുകച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നത് സാധാരണ കാണുന്ന ഒരു പ്രശ്‌നമാണ്. മൂത്രത്തില്‍ അണുബാധയാണ് ഇതിനു കാരണം. മധ്യവയസായ സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പ്രമേഹരോഗികളില്‍. കൈകാലുകളില്‍ പുകച്ചിലും മരവിപ്പും സാധാരണ കണ്ടുവരുന്നത് പ്രമേഹരോഗികളിലാണ്. അതിനാല്‍ ഫിസിഷനെ കണ്ട് മൂത്രത്തില്‍ പഴുപ്പുണ്ടോയെന്നും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണോയെന്നും മനസിലാക്കുക.

പ്രസവശേഷം നടുവുവേദന


എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. വയസ് 29. കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യ പ്രസവം. പ്രസവത്തെത്തുടര്‍ന്ന് കാലുകള്‍ക്ക് അസഹ്യമായ വേദന ഉണ്ടായി. ഇന്‍ജക്ഷനെടുത്തപ്പോഴാണ് മാറിയത്. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും വേദനയുണ്ടായി. എന്താണു ഇതിനു കാരണം? വാതമാണോ?
----- ചന്ദ്രിക രാജന്‍ , പത്തനംതിട്ട

ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും നടുവേദനയും നടുവില്‍ നിന്ന് കാലിലേയ്ക്കുള്ള വേദനയും സാധാരണമാണ്. നട്ടെല്ലിന്റെ മേല്‍ വികസിച്ചു വരുന്ന ഗര്‍ഭപാത്രവും വളര്‍ന്നു വരുന്ന കുഞ്ഞും മൂലമുണ്ടാകുന്ന ആകൃതിവ്യത്യാസം, പേശികളിലുള്ള ആയാസം, വിവിധതരം ഹോര്‍മോണുകളുടെ മാറ്റങ്ങള്‍, ദിനചര്യയിലുള്ള മാറ്റം എന്നിവയെല്ലാം ഗര്‍ഭകാലത്ത് നടുവുവേദനയ്ക്കു കാരണമാവാം.

പ്രസവശേഷം ഇത്തരം വേദനകള്‍ സാധാരണയായി അപ്രത്യക്ഷമാവാറുണ്ട്. പ്രസവസമയത്ത് സന്ധികളിലും പേശികളിലും ഉണ്ടാവുന്ന ആയാസവും നടുവേദനയ്ക്കു കാരണമാവാം. ഇത്തരം വേദനകള്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്കൊണ്ടാവണമെന്നില്ല.

നടുവിന്റെ പ്രശ്‌നം കൊണ്ടാണ് കാലിലും വേദന ഉണ്ടാകുന്നത്. എന്നാല്‍ നടുസംബന്ധമായ പ്രശ്‌നങ്ങളല്ലാതെയും കാലില്‍ വേദന കാണാറുണ്ട്. ഗര്‍ഭകാലത്തോ പ്രസവാനന്തരമോ കാണുന്ന വീക്കവും വേദനയും ചിലപ്പോള്‍ അപകടകാരിയായ ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാവാം.

ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോഴും കാല്‍സ്യത്തിന്റെ അളവു കുറയുമ്പോഴും കാലിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതു പോലെ തോന്നുകയും വേദനയനുഭവപ്പെടുകയും ചെയ്യാറുണ്ട്. താങ്കളുടെ കത്തില്‍ നിന്ന് മനസിലായപ്രകാരം കാര്യമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ല. വാതമാവാനുമിടയില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗകാരണം കണ്ടെത്തി ചികിത്സിക്കുന്നതാവും ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW