Monday, August 19, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 03.24 PM

ഹെര്‍ണിയ ചികിത്സ വൈകരുത്

''ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെര്‍ണിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം. അമിതവണ്ണം, സ്ഥിരമായ ചുമ, അമിതഭാരം ഉയര്‍ത്തുന്നവര്‍, മലശോധനയ്ക്കായ് വളരെയധികം ആയാസപ്പെടുക, ശരീരപ്രകൃതി, പാരമ്പര്യം എന്നിവയെല്ലാം ഹെര്‍ണിയക്കു കാരണമാകാം''
uploads/news/2018/11/268586/hernin291118a.jpg

ഹെര്‍ണിയ അഥവാ കുടലിറക്കം എന്ന രോഗം ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. മിക്ക ആശുപത്രികളിലും ഒരു ദിവസം കുറഞ്ഞത് ഒരു ഹെര്‍ണിയ ശസ്ത്രക്രിയയെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍നിന്നുതന്നെ ഈ രോഗത്തിന്റെ വ്യാപനം മനസിലാക്കാവുന്നതേയുള്ളൂ.

ശരീരത്തിലെ മാംസപേശികള്‍ ദുര്‍ബലമാകുമ്പോള്‍ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങള്‍ പുറത്തേക്കു തള്ളിവരുന്ന അവസ്ഥയാണ് ഹെര്‍ണിയ. മിക്കവരിലും കുടല്‍ ഭാഗങ്ങളായിരിക്കും ഇങ്ങനെ പുറത്തേക്കു തള്ളുന്നത്.

കുട്ടികള്‍ മുതല്‍ പ്രായമായവരില്‍വരെ ഹെര്‍ണിയ കാണപ്പെടാം. പുരുഷന്മാരിലും കൂട്ടികളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമാകുന്നതോടെ പേശികള്‍ക്കു ബലം കുറയുന്നതാണ് ഹെര്‍ണിയക്കു കാരണമാകുന്നത്.

രോഗസാധ്യത ആര്‍ക്കൊക്കെ


ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെര്‍ണിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം. അമിതവണ്ണം, സ്ഥിരമായ ചുമ, അമിതഭാരം ഉയര്‍ത്തുന്നവര്‍, മലശോധനയ്ക്കായ് വളരെയധികം ആയാസപ്പെടുക, ശരീരപ്രകൃതി, പാരമ്പര്യം എന്നിവയെല്ലാം ഹെര്‍ണിയക്കു കാരണമാകാം.

മിക്ക ഹെര്‍ണിയയും വയറും വയറിനു ചുറ്റുമുള്ള ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. പ്രായമാകുന്നതോടെ ശരീരത്തിലെ പേശികള്‍ അയയുന്നത് സ്വാഭാവികമാണ്. ഒപ്പം മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മുത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയും ഹെര്‍ണിയയിലേക്കു നയിക്കാം.

സ്ത്രീകളില്‍ പ്രധാനമായും സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ക്ക് അനുബന്ധമായാണ് ഹെര്‍ണിയ പ്രത്യക്ഷപ്പെടുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായുണ്ടാക്കിയ മുറിവിന്റെ ഭാഗത്തുകൂടി ആന്തരാവയവങ്ങള്‍ പുറത്തേക്കു തള്ളിവരുന്ന അവസ്ഥയാണിത്. വണ്ണമുള്ളവരില്‍ വണ്ണം കുറയുമ്പോള്‍ വയറിലെ പേശികള്‍ക്ക് അയവുണ്ടാകാം.

അതുപോലെ പ്രസവശേഷം സ്ത്രീകള്‍ പൊതുവേ വണ്ണം വയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതുമൂലം വയറിന്റെ അടിഭാഗത്തായി കൊഴുപ്പ് അടിഞ്ഞു കൂടി വയര്‍താഴേക്കു തൂങ്ങുന്നത് പേശികളുടെ ബലക്ഷയത്തിനു ഇടയാക്കാം. ഇങ്ങനെ പേശീകള്‍ക്കുണ്ടാകുന്ന അയവുമൂലവും ഹെര്‍ണിയ ഉണ്ടാകാം.

uploads/news/2018/11/268586/hernin291118b.jpg

പലതരം ഹെര്‍ണിയ


ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍ അനുസരിച്ച് ഇതിനെ പലതായി തരംതിരിക്കാം. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിരിക്കും ഓരോതരം ഹെര്‍ണിയയും കാണപ്പെടുന്നത്.

ഇന്‍ഗൈ്വനല്‍ ഹെര്‍ണിയ :


സാധാരണയായി പുരുഷന്മാരില്‍ കാണപ്പെടുന്ന ഹെര്‍ണിയയാണിത്. കാലിടുക്കുകളില്‍ വൃഷണത്തിനു തൊട്ടുമുകളില്‍ ഇരുവശങ്ങളിലുമായാണ് ഇത് കാണപ്പെടുന്നത്. പുരുഷന്മാരില്‍ കാണപ്പെടുന്ന ഭൂരിഭാഗം ഹെര്‍ണിയയും ഈ വിഭാഗത്തില്‍പ്പെടുത്താം. ഇന്‍ഗൈ്വനല്‍ ഹെര്‍ണിയ രണ്ടുരീതിയില്‍ കാണപ്പെടാം. ജന്മനാലുള്ള പേശീ ദൗര്‍ബല്യംമൂലം ഉണ്ടാകുന്ന ഡയറക്ട് ഹെര്‍ണിയയും ജന്മനാലുള്ള വിടവിലൂടെ കുടല്‍ഭാഗം തള്ളിവരുന്ന ഇന്‍ഡയറക്ട് ഹെര്‍ണിയയും.

ഫിമൊറല്‍ ഹെര്‍ണിയ :


സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ഹെര്‍ണിയയാണിത്. ഇന്‍ഗൈ്വനല്‍ ഹെര്‍ണിയ പോലെതന്നെ അരയ്ക്കു താഴെയായാണ് ഇതും കാണപ്പെടുന്നത്. ഫിമറല്‍ ധമനി കടന്നുപോകുന്ന വിടവിലൂടെ കുടലോ മൂത്രസഞ്ചിയോ ഇറങ്ങിവരുന്ന അവസ്ഥയാണിത്. സ്വയം പരിശോധനയിലൂടെ ഇത്തരം തള്ളല്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.എപ്പിഗ്യാസ്ട്രിക് ഹെര്‍ണിയ അഥവാ വെന്‍ട്രല്‍ ഹെര്‍ണിയ : നെഞ്ചിനു മധ്യത്തിലായും ഉദരത്തിനു മുകളിലുമായാണ് ഇത് കാണപ്പെടുക.

പുരുഷന്മാരിലാണ് വെന്‍ട്രല്‍ ഹെര്‍ണിയ അധികമായും കണ്ടുവരുന്നത്. വയറിലെ ദുര്‍ബലമായ പേശികളിലൂടെ കുടല്‍ ഭാഗങ്ങള്‍ തള്ളിവരുന്നതാണ് ഇതിനു കാരണം. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, പുളിച്ചു തികട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ഇവരില്‍ പ്രധാനമായും ഉണ്ടാകുന്നത്.

ആമ്പിലിക്കല്‍ ഹെര്‍ണിയ :


നവജാതശിശുക്കളില്‍ ജന്മനാല്‍ തന്നെ കാണപ്പെടുന്ന ഒന്നാണ് ആമ്പിലിക്കല്‍ ഹെര്‍ണിയ. അപൂര്‍വമായി വയറിനുള്ളിലെ ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന മര്‍ദം മൂലം മുതിന്നവരില്‍ (അമിതഭാരം ഉയര്‍ത്തുക, മലബന്ധം മുതലായവ) ഇത്തരം ഹെര്‍ണിയ ഉണ്ടാകാം. പൊക്കിളിന്റെ ഭാഗത്തെ പേശീകള്‍ക്കിടയിലൂടെ ആന്തരാവയവങ്ങള്‍ തള്ളിവരുന്ന അവസ്ഥയാണിത്.

ഇങ്ങനെ തള്ളിവരുന്നത് കുടല്‍തന്നെ ആകണമെന്നില്ല. മാതാപിതാക്കള്‍ കുട്ടിയുടെ പൊക്കിളിന്റെ ഭാഗം ശ്രദ്ധിക്കുന്നതിലൂടെ ഇത് തിരിച്ചറിയാന്‍ കഴിയും. പൊക്കിളിന്റെ ഭാഗം വീര്‍ത്തുവരിക, വളര്‍ന്നിട്ടും പൊക്കിളിന്റെ ഭാഗം വീര്‍ത്തുതന്നെയിരിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങള്‍.

ഡയഫ്രമാറ്റിക് ഹെര്‍ണിയ:


ഉദരഭിത്തിയുടെ ബലക്ഷയത്തിലൂടെ ഉദരത്തില്‍നിന്നും നെഞ്ചിനകത്തേക്ക് അവയവങ്ങള്‍ തള്ളുന്നതിന്റെ ഫലമായി ശ്വാസതടസം ഉണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തിനുള്ളില്‍ കാണപ്പെടുന്നതിനാല്‍ ഇത്തരം ഹെര്‍ണിയയില്‍ പുറമേ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല.

ഹയാറ്റല്‍ ഹെര്‍ണിയ:


ആമാശയത്തിന്റെ മുകള്‍ഭാഗം അന്നനാളത്തോട് ചേര്‍ന്ന് ഉദരത്തില്‍നിന്നും നെഞ്ചിലേക്കുകയറുകയാണ് ഹയാറ്റസ് ഹെര്‍ണിയയില്‍ സംഭവിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളും പുറമേ പ്രകടമാകണമെന്നില്ല.

ഇന്‍സിഷണല്‍ ഹെര്‍ണിയ:


സിസേറിയന്‍ ഉള്‍പ്പെടെയുള്ള ഉദര ശസ്ത്രക്രിയകള്‍ക്കുശേഷം മുറിപ്പാടിലൂടെ കുടല്‍ ഭാഗങ്ങള്‍ പുറത്തേക്കു തള്ളിവരുന്നു.

ലക്ഷണങ്ങള്‍


ശരീരത്തിന്റെ ഏതു ഭാഗത്തും ഹെര്‍ണിയ കാണപ്പെടാം. ഹെര്‍ണിയക്ക് സാധാരണയായി വേദന അനുഭവപ്പെടുകയില്ല. അതിനാല്‍ തന്നെ ശരീരത്തിനു പുറത്തു പ്രകടമാകുന്ന തള്ളലുകള്‍ അവഗണിക്കരുത്. മലര്‍ന്നു കിടക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചുമയ്ക്കുമ്പോള്‍ പുറത്തേക്കു തള്ളിവരുന്നതുമാണിവ.
uploads/news/2018/11/268586/hernin291118c.jpg

ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. ചിലരില്‍ നീര്‍ക്കെട്ടുവന്ന് കുടലിന്റെ ഭാഗം പഴുക്കുകയും തള്ളിവന്ന ഭാഗം തിരിച്ച് കയറാതെ വരികയും ചെയ്യും. ഇത് ഗുരുതരമായതും ഉടന്‍ ശസ്ത്രക്രിയ ആവശ്യമായതുമായ ഘട്ടമാണ്. ഇവരില്‍ അസഹ്യമായ വയറുവേദനയോ ഛര്‍ദിയോ കാണപ്പെടാം.

എന്നാല്‍ ശരീരത്തിനകത്തു കാണപ്പെടുന്ന ഹെര്‍ണിയക്ക് പുറമേ പ്രകടമായ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. വയറുകമ്പിക്കല്‍, പുളിച്ചു തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴായിരിക്കും ഇത് പലപ്പോഴും തിരിച്ചറിയപ്പെടുന്നത്. ഇവ തിരിച്ചറിയാന്‍ എന്‍ഡോസ്‌കോപ്പി, സി. ടി സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ ആവശ്യമായി വന്നേക്കാം.

ചികിത്സ


ശസ്ത്രക്രിയ മാത്രമാണ് ഹെര്‍ണിയക്കുള്ള ചികിത്സ. ലാപ്രോസ്‌കോപി പയോഗിച്ചോ വയറു തുറന്നുള്ള ശസ്ത്രക്രിയ വഴിയോ ഹെര്‍ണിയ പരിഹരിക്കാം. ഓരോ തരം ഹെര്‍ണിയയുടേയും പ്രത്യേകത അനുസരിച്ചാണ് ഏത് ശസ്ത്രക്രിയയാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത്. ഹെര്‍ണിയ ശസ്ത്രക്രയയില്‍ മെഷ് എന്ന വലപോലുള്ള വസ്തുവിന്റെ പ്രധാന്യം വളരെ വലുതാണ്. പേശികള്‍ക്കിടയിലെ വിടവിലൂടെ ആന്തരവയവങ്ങള്‍ തള്ളിവരുന്ന ഭാഗത്ത് മെഷ്‌വച്ച് അടയ്ക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

മെഷ് വയ്ക്കുന്നതോടെ ആ ഭാഗത്ത് നല്ല ബലം കിട്ടുകയും ചെയ്യുന്നു. ഏറ്റവും പുതിയ രീതിയായ മെഷ് ഉപയോഗിക്കുന്നതിലൂടെ വീണ്ടും ഹെര്‍ണിയ വരാനുള്ള സാധ്യത 90 ശതമാത്തോളം ഒഴിവാക്കി നിര്‍ത്തുകയുമാവാം. എന്നാല്‍ ഹെര്‍ണിയ ശസ്ത്രക്രിയയില്‍ ഉണ്ടാകുന്ന അണുബാധകള്‍ വീണ്ടും ഹെര്‍ണിയയ്ക്കു വഴിവയ്ക്കാം.

വയര്‍ തുറന്നുള്ള ശസ്ത്രക്രിയയേക്കാള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുന്ന ദിവസങ്ങളുടെ എണ്ണവും വിശ്രമദിനങ്ങളും ലാപ്രോസ്‌കോപി ശസ്ത്രക്രിയക്കുശേഷം വേണ്ടിവരുന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം 30 ദിവസത്തെ വിശ്രമമാണ് സാധാരണ നിര്‍ദേശിക്കുന്നത്. അതിനുശേഷവും പേശികള്‍ക്ക് അമിത മര്‍ദം നല്‍കുന്ന പ്രവര്‍ത്തികള്‍, ശക്തിയായി ചുമയ്ക്കുക തുടങ്ങിയവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. എം. എന്‍. ശശികുമാര്‍, കോട്ടയം

Ads by Google
Thursday 29 Nov 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW