Monday, August 19, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Nov 2018 04.56 PM

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് യോഗ

''യോഗാസന പരിശീലനത്തിലൂടെ ചിട്ടയായ ജീവിതശൈലി നയിക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തമാക്കുന്നു''
uploads/news/2018/11/268327/yogatips281118.jpg

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ അവന്റെ കുടുംബത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോ ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രത്തിന്റെ സമ്പത്തും ആരോഗ്യമുള്ള ജനതയാണ്. ആരോഗ്യം ശരീരത്തിന്റെ മാത്രമല്ല മനസിന്റെയും കൂടിയാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനംതന്നെ ആരോഗ്യമെന്നാല്‍ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമാണ്. ജീവിതത്തിരക്കേറിയ ആധുനിക കാലഘട്ടത്തില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അത്യന്തം പരിശ്രമിക്കുന്ന മനുഷ്യന്‍ അവശ്യം വേണ്ട ആരോഗ്യസംരക്ഷണത്തില്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ സമയം കണ്ടെത്താതെ പോകുന്നു.

അമൂല്യ സമ്പത്ത്


ആരോഗ്യപരിപാലനത്തില്‍ അതിപ്രധാനമായ ഘടകങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. ഇന്നുകാണുന്ന ഒട്ടനവധി രോഗങ്ങള്‍ക്കും കാരണം വ്യായാമരഹിതമായ ജീവിതവും തെറ്റായ ഭക്ഷണക്രമവുമാണ്. കുട്ടിക്കാലത്ത് ഓടിച്ചാടികളിച്ചിരുന്ന മനുഷ്യന്‍ ജീവിതഭാരം ഏല്‍ക്കുന്നതോടെ യാതൊരു വ്യായാമവുമില്ലാത്ത അവസ്ഥയിലെത്തുന്നു.

വ്യായാമം ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കുന്ന വിധത്തിലായിരിക്കണം. അതിനുതകുന്ന ഏറ്റവും ലളിതവും സുഗമവും ശാസ്ത്രീയവുമായ പരിശീലനക്രമമാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ നമുക്ക് സംഭാവന ചെയ്ത അമൂല്യസമ്പത്തായ യോഗാസനം. പ്രായഭേദമെന്യേ, സ്ത്രീ പുരുഷ ഭേദമെന്യേ ഇത് പരിശീലിക്കാവുന്നതാണ്.

uploads/news/2018/11/268327/yogatips281118a.jpg

അടുക്കും ചിട്ടയും


യോഗാസന പരിശീലനത്തിലൂടെ ചിട്ടയായ ജീവിതശൈലി നയിക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തമാക്കുന്നു. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. തെറ്റായ ജീവിതചര്യ ഒട്ടനവധി രോഗങ്ങള്‍ക്ക് കാരണമാകും. തെറ്റായ ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങളില്‍ ചിലതാണ് രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, കുടവയര്‍, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ത്വക്ക് രോഗങ്ങള്‍, അള്‍സര്‍ തുടങ്ങിയവ. കാന്‍സര്‍ തുടങ്ങിയ രോഗങ്ങളും ഇതില്‍പ്പെടുന്നു.

തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന് സമയം കണ്ടെത്താത്തതുകൊണ്ട് നിരവധി രോഗങ്ങള്‍ക്ക് നാം വശംവദരാകുന്നു. രോഗം വന്ന് ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെ സംരക്ഷിക്കുന്നതാണ്. രോഗം വരാതിരിക്കുന്നതിന്, അതായത് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് വലിയ പങ്കാണ് യോഗാസനത്തിനുള്ളത്.

മനസ് ശാന്തമാക്കാം


ആധുനിക ജീവിതത്തില്‍ നമ്മെ വളരെയധികം പ്രയാസപ്പെടുത്തുന്നതാണ് മാനസിക സംഘര്‍ഷം. നിരന്തരമായ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും നമ്മുടെ പ്രതിരോധശക്തി നഷ്ടപ്പെടുത്തുന്നു. ഈ അവസ്ഥ നമ്മുടെ അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അങ്ങനെ പ്രകടമായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

അമിത ദേഷ്യമോ മാനസിക സംഘര്‍ഷമോ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാനായി അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനാലിനും തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് തൈറോക്‌സിനും അമിതമായി രക്തത്തില്‍ കലരും. അതുവഴി നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ നടക്കാനിടയാകും. ഹൃദയമിടിപ്പ് വര്‍ധിക്കുന്നു, ശ്വസനവേഗം കൂടുന്നു, രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു, ശരീരത്തിന് ചൂട് അനുഭവപ്പെടുന്നു. മാനസികാവസ്ഥ ശാന്തമാകുമ്പോള്‍ ഇതെല്ലാം സാധാണ ഗതിയിലാകുന്നു.

uploads/news/2018/11/268327/yogatips281118b.jpg

നിരന്തരമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ശാന്തത കൈവരാതെ ശരീരാവയവങ്ങള്‍ക്ക് അമിതമായ പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടിവരുന്നു. ഇത് പ്രകടമായ ഏത് രോഗങ്ങള്‍ക്കും കാരണമാകാം. രക്തസമ്മര്‍ദം, ആസ്ത്മ, അള്‍സര്‍, മൈഗ്രെന്‍, ഹൃദ്രോഗം, പ്രമേഹം, നടുവേദന, സ്‌പോണ്ടിലോസിസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രോഗപരിഹാരത്തിന് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാകണം. എങ്കില്‍ മാത്രമേ രോഗശമനം സാധ്യമാവുകയുള്ളൂ. ഇവിടെയാണ് യോഗാസനത്തിന്റെ പ്രസക്തി.

സമ്പൂര്‍ണ ആരോഗ്യം


ഇന്നനുഭപ്പെടുന്ന പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കാനും മരുന്നുകളുടെ ഉപയോഗം കുറയ്ക്കുവാനും ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും യോഗ പരിശീലനത്തിലൂടെ സാധിക്കും. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവു മഹത്തായ, ഫലപ്രദമായ ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍.

സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്തിത്വവികസനത്തിനും യോഗ സഹായിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, ശവാസനം അഥവാ യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ക്കും സാധാരണ ചെയ്യാവുന്ന ആസനങ്ങളാണ് നിന്നുകൊണ്ട് ചെയ്യാവുന്ന താഡാസനം, സ്‌കന്ദചലനം, ഘടിചലനം, വീരഭദ്രാസനം, പാര്‍ശ്വത്രികോണാസനം, പാദഹസ്താസനം എന്നിവ. സൂര്യനമസ്‌ക്കാരവും നിത്യജീവിതത്തില്‍ വളരെ പ്രയോജനകരമാണ്.

കടപ്പാട്:
ആചാര്യ ഉണ്ണിരാമന്‍
പതഞ്ജലി യോഗ റിസര്‍ച്ച്
സെന്റര്‍, കോഴിക്കോട്

Ads by Google
Wednesday 28 Nov 2018 04.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW