Tuesday, August 20, 2019 Last Updated 21 Min 28 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Wednesday 28 Nov 2018 08.16 AM

ഫാ. വട്ടോളി മാപ്പുപറഞ്ഞുവെന്നത് കുപ്രചരണം; പിന്തുടരുന്നത് ക്രിസ്തുവിന്റെ പ്രബോധനങ്ങളും മാര്‍പാപ്പമാരുടെ ദര്‍ശനങ്ങളുമെന്ന് അടുത്തവൃത്തങ്ങള്‍; വിശദീകരണം തേടിയതില്‍ പ്രതിേഷധവുമായി ഫോറം

ലൈംഗികമായി പീഡനമേറ്റവള്‍ക്ക് നീതി കിട്ടുന്നതിനു വേണ്ടിയാണ് ഫ.വട്ടോളിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നിലകൊണ്ടത്. അത് എങ്ങനെയാണ് 'സഭയുടെ സത്‌പേരിന് കളങ്കംവരുത്തിവച്ചത്? വിശ്വാസത്തിന് അപമാനം വരുത്തിയത്?'
uploads/news/2018/11/268262/Fr.-augustin-vattoli.jpg

കോട്ടയം: ഭൂമി തട്ടിപ്പും കന്യാസ്ത്രീ പീഡനവും ചോദ്യം ചെയ്തതിന്റെ പേരില്‍ സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായ ഫാ.അഗസ്റ്റിന്‍ വട്ടോളി അധികാരികളോട് മാപ്പുപറഞ്ഞുവെന്ന പ്രചാരണം അടിസ്ഥാന രഹിതവും ചില കുബുദ്ധികള്‍ നടത്തുന്ന കുപ്രചരണവുമാണെന്ന് വൈദികനോട് അടുത്ത വൃത്തങ്ങള്‍. ക്രിസ്തുവിന്റെ പ്രബോധങ്ങളും മാര്‍പാപ്പമാര്‍ ചാക്രികലേഖനത്തിലൂടെയും മറ്റും വിശ്വാസികളുമായി പങ്കുവച്ച ദര്‍ശനങ്ങളോടും യോജിച്ചുതന്നെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നല്‍കിയ നോട്ടിസിന് ഫാ.വട്ടോളി ശനിയാഴ്ച മറുപടി നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ മറുപടിക്കത്തിനെ കുറിച്ച് തനിക്കൊന്നും പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഫാ.വട്ടോളി.

അദ്ദേഹം നല്‍കിയ മറുപടിക്കത്തില്‍ 'തന്റെ ജനകീയ സമരങ്ങള്‍ സഭയിലെ അധികാരശ്രേണിക്ക് (ഹൈറാര്‍ക്കി) വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ തനിക്ക് ഖേദമുണ്ട്'' എന്നൊരുവാചകം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനെ ചിലര്‍ മാപ്പപേക്ഷയായി ദുര്‍വ്യാഖ്യാനിക്കുകയാണ്. മാപ്പുപറയാന്‍ അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റു ചെയ്തവരാണ് കുറ്റബോധംകൊണ്ട് വേദനിക്കേണ്ടതും മാപ്പുപറയേണ്ടതുമെന്ന് അവര്‍ പ്രതികരിച്ചു.

അതിരൂപതയിലെ ചില കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏതാനും വ്യക്തികളാണ് ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാകാം. കത്തിലെ ആ ഒരു ഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുമെന്ന് അറിയാതെയാവില്ല അദ്ദേഹം എഴുതിയത്. ചില വൈദികരും അഡ്മിനിസ്‌ട്രേറ്റരോട് മാപ്പുപറഞ്ഞുവെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്ററെ കണ്ട് അവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്തത്. മറിച്ചുള്ള പ്രചരണവും ചില ലക്ഷ്യങ്ങളോടെയാവാം. അതീവ രഹസ്യസ്വഭാവത്തോടെ രൂപതാ അധികൃതരുമായി നടത്തുന്ന ഇത്തരം കത്തിടപാടുകളുടെയും ചര്‍ച്ചകളുടെയും വിവരങ്ങള്‍ ചോര്‍ന്ന് ദുര്‍വ്യാഖ്യാനത്തിന് ഇടനല്‍കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. പൊതുസമൂഹത്തെ ഒരുനിമിഷത്തേക്ക് തെറ്റിദ്ധരിപ്പിക്കാമെന്നല്ലാതെ മറ്റൊന്നിനും ഇതുകൊണ്ട് കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഫാ.വട്ടോളിക്ക് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധവുമായി ഫോറം ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് (ഫോറം) രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തുറന്ന കത്ത് അയച്ചാണ് ഫോറം പ്രതിഷേധം രേഖപ്പെടുത്തിയത്. ഫാ.വട്ടോളിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ക്രിസ്തു ദര്‍ശനങ്ങളോട് യോജിച്ച് നീതിനിഷേധിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാ.വട്ടോളിക്ക് സഭാ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഫോറം കത്തില്‍ പറയുന്നു.

സര്‍ക്കാരുകളുടെ നയങ്ങള്‍ സഭയുടെ സ്ഥാപിത താല്‍പര്യത്തിന് വിരുദ്ധമാകുമ്പോള്‍ വൈദികരേയും കന്യാസ്ത്രീകളെയും അത്മായരേയും തെരുവിലിറക്കി പ്രതിഷേധ പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യും. സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സഭാധികാരികള്‍ അതിനെ ന്യായീകരിക്കും. എന്നാല്‍ സഭയ്ക്കുള്ളില്‍ ചിലത് ചീഞ്ഞുനാറുന്നുവെന്ന് അറിയുമ്പോള്‍ ഇവര്‍ക്കൊന്നും പ്രതിഷേധിക്കാന്‍ അവകാശമില്ലേ? അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടേയും മൗലികാവകാശമാണെന്ന് ഓര്‍ക്കണം.

ഫാ.വട്ടോളിയുടെ സമരങ്ങള്‍ ഭരണകൂടത്തോട് ആയിരുന്നപ്പോള്‍ സഭാ നേതൃത്വത്തിന് ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ അത് രാജ്യദ്രോഹവും സഭാവിരുദ്ധവുമായി. വിധേയത്വവും നിയമവും ഉന്നയിച്ച് അവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. മഹാരാഷ്ട്രയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ രാജ്യദ്രോഹികളായി മുദ്രകുത്തി. ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടിയാണ് ഫാ.വട്ടോളി ശബ്ദമുയര്‍ത്തിയത്. കേരളത്തിലെ എല്ലാ ബിഷപ്പുമാരും ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിലും സ്വാധീനത്തിലും മയങ്ങി നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ കന്യാസ്ത്രീക്കു വേണ്ടി നിലകൊണ്ടത് ഫാ.വട്ടോളിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ്. അല്ലെങ്കില്‍ അവര്‍ ഏകയായി പുറന്തള്ളപ്പെട്ടേനെ. പ്രവാചക തുല്യമായ ഫാ.വട്ടോളിയുടെ പ്രവര്‍ത്തനങ്ങളെ സഭാ നേതൃത്വം അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഫോറം ചൂണ്ടിക്കാട്ടുന്നു.

ലൈംഗികമായി പീഡനമേറ്റവള്‍ക്ക് നീതി കിട്ടുന്നതിനു വേണ്ടിയാണ് ഫ.വട്ടോളിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നിലകൊണ്ടത്. അത് എങ്ങനെയാണ് 'സഭയുടെ സത്‌പേരിന് കളങ്കംവരുത്തിവച്ചത്? വിശ്വാസത്തിന് അപമാനം വരുത്തിയത്?' എന്നും ഫോറം ചോദിക്കുന്നു. സഭയ്ക്കുള്ളിലെ പ്രവാചക ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇത്തരം മുന്നറിയിപ്പ് നോട്ടീസുകളെന്ന് തങ്ങള്‍ സംശയിക്കുന്നു. ഇത്തരം ശബ്ദങ്ങളുടെ അഭാവമായിരുന്നു മധ്യകാലഘട്ടങ്ങളില്‍ സഭ ഇത്രയേറെ ദുഷിക്കുന്നതിനും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നതിനും ഇടയാക്കിയതെന്നത സഭാചരിത്രമാണ്. മുന്നറിയിപ്പ് ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് സഭയെ നശിപ്പിക്കും അതുകൊണ്ട് ഫാ.വട്ടോളിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഫാ.വട്ടോളിക്കു പിന്നില്‍ അടിയുറച്ചുനില്‍ക്കുമെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഫോറം വ്യക്തമാക്കുന്നു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട അതിരൂപതയിലെ വിവാദ ഭൂമിയിടപാടിനേയും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനേയും പരസ്യമായി ചോദ്യം ചെയ്തതോടെയാണ് ഫാ.വട്ടോളി നേതൃത്വത്തിന് അനഭിമതനായത്. ഈ മാസം 12ന് അദ്ദേഹത്തോട് വിശദീകരണം തേടി അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കുകയായിരുന്നു. കാനോനിക നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം അദ്ദേഹം നടത്തിയതായി പറഞ്ഞുകേള്‍ക്കുന്നുവെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

ഫാ.വട്ടോളിക്ക് നോട്ടീസ് നല്‍കിയത് സഭാതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹം വയനാട്ടിലെ ആദിവാസി മേഖലയിലായിരുന്നു. ഊരുകളിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഫാ.വട്ടോളിയുടെ നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തിങ്കളാഴ്ച കോഴിക്കോടും ഫാ.വട്ടോളിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടന്നിരുന്നു. തട്ടിപ്പ് കേസില്‍ പ്രതിയായ ഫാ.ജോസഫ് പാംമ്പഌനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ വിളിച്ചുകൂട്ടിയ കണ്‍വന്‍ഷനിലാണ് ഫാ.വട്ടോളി എത്തിയത്.

ബീനാ സെബാസ്റ്റിയന്‍

Ads by Google
Ads by Google
Loading...
TRENDING NOW