Tuesday, August 20, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 26 Nov 2018 10.55 AM

Shining Like A Jewel

''നവല്‍ എന്ന ജുവല്‍ എന്ന സിനിമ ഒരു വര്‍ഷം പിന്നിടുമ്പോഴും നവലായി മലയാളത്തിലെത്തിയ റീം കാദം അവാര്‍ഡ് തിളക്കത്തില്‍ രത്നങ്ങളേക്കാള്‍ പ്രകാശിക്കുകയാണ്...''
uploads/news/2018/11/267752/ReemkadamINW231118b.jpg

എന്റെ വേരുകള്‍ തിയറ്റര്‍ വേദികളിലാണ്. ഞാനവിടെ നിന്നാണ് വളര്‍ന്നു തുടങ്ങിയത്. അഭിനേത്രിയായതും ലൈറ്റുകളും പ്രശസ്തിയും പതിച്ചതും, ക്യാമറകണ്ണുകള്‍ അഭിനയങ്ങള്‍ ഒപ്പിയെടുത്തതുമൊക്കെ ആ വേരില്‍ ഉറച്ചു നിന്നശേഷമാണ്. അതുകൊണ്ട് ആ വേദികള്‍ ഇന്നും തരുന്ന സംതൃപ്തി മറ്റൊന്നിനും തരാനാകില്ല.

ഇറാനിയന്‍ വംശജയായ ഹോളിവുഡ് അഭിനേത്രി റീം കാദം തന്റെ ഫെ യ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്. നവല്‍ എന്ന ജുവലിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതയായ റീം ഇപ്പോള്‍ നവലിലൂടെ കിട്ടുന്ന അവാര്‍ഡുകളില്‍ ജുവലായി തിളങ്ങുകയാണ്...

നവല്‍ അവാര്‍ഡ് തിളക്കത്തിലാണല്ലോ ?


അതെ. ആംസ്റ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിംമേക്കര്‍ ഫെസ്റ്റിവലില്‍ ബെസ്റ്റ് ലീഡ് ആക്ര്ടസ് അവാര്‍ഡ് കിട്ടി. 16 നോമിനേഷനുകളില്‍
എട്ടെണ്ണം നവലിനു കിട്ടി. കല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കേരള സ്‌റ്റേറ്റ് ഫിലിം ക്രിട്ടിക് അവാര്‍ഡ് എന്നിവയൊക്കെ കിട്ടി.

അമേരിക്ക, ഇറ്റലി, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നൊക്കെ നല്ല ഫീഡ്ബാക്കാണ്. അതെല്ലാം ഒരു പെണ്ണിന്റെ പച്ചയായ ജീവിതത്തിലെ തീവ്ര അനുഭവങ്ങള്‍ തുറന്നു കാട്ടിയ നവല്‍ എന്ന ജുവലിനാണല്ലോ എന്ന വലിയ സന്തോഷമുണ്ട്.

അതിനു ശേഷം ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ മിലന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലടക്കം പലതിലും നോമിനേഷന്‍ വന്നു.

മലയാളിയല്ലാത്ത ഞാന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയിലെ കഥാപാത്രത്തിന് അന്തര്‍ദേശീയ തലത്തില്‍, പ്രത്യേകിച്ച് എന്റെ നാട്ടില്‍ അംഗീകാരം കിട്ടുന്നു എന്നതില്‍ കവിഞ്ഞൊരു സന്തോഷമുണ്ടോ. ശരിക്കുമതൊരു വലിയ ഭാഗ്യം തന്നെയാണ്.

uploads/news/2018/11/267752/ReemkadamINW231118c.jpg

പുതിയ സിനിമകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. ഡിസ്‌കഷന്‍ നടക്കുന്നുണ്ട് . വോഹ് ലംഹേ യാദ് ആയേ എന്ന ബോളിവുഡ് മ്യൂസിക് ആല്‍ബം ഇപ്പോള്‍ ചെയ്തു. അതൊരു ഹിറ്റ് റിഥം ആകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, ആഴത്തിലുള്ള കഥാപാത്രം ഇതിനൊക്കെയാണ് കാത്തിരിക്കുന്നത്. എല്ലാം നവല്‍ തന്ന ഭാഗ്യങ്ങളാണ്.

കേരളത്തെ മിസ് ചെയ്യുന്നുണ്ടോ ?


തീര്‍ച്ചയായും. അതൊരു നൊസ്റ്റാള്‍ജിയ തന്നെയാണ്. ആലപ്പുഴയിലെ കായല്‍സവാരിയും, കപ്പയും മീന്‍കറിയുമടക്കമുള്ള സ്പൈസി ഫ്‌ളേവറുള്ള ആഹാരവും, അതിരപ്പള്ളി വെള്ളച്ചാട്ടവുമൊക്കെ ശരിക്കും വിസ്മയങ്ങളാണ്. സിനിമ പ്രൊമോഷനു വേണ്ടി വന്നപ്പോഴും ഞാന്‍ കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നവല്‍ എന്ന ജുവല്‍ സിനിമയുടെ ഭാഗമായതോടു കൂടി ശ്വേത മേനോനടക്കമുള്ള കുറെ നല്ല മലയാള സുഹൃത്തുക്കളെയും കിട്ടി.

ന്യൂ ഡല്‍ഹിയിലെ ആദില്‍ ഹുസൈന്റെ വീട്ടില്‍ പോയപ്പോള്‍ കിട്ടിയ സ്നേഹസ്വീകരണവും മറക്കാനാവില്ല. കേരളത്തില്‍ എന്റെ മുഖം പതിഞ്ഞ പല ഹോര്‍ഡിംഗുകള്‍ കണ്ടതും അവിടുത്തെ പ്രെസ്സ് മീറ്റുകളും ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടവും അഭിമുഖങ്ങളുമൊക്കെ ശരിക്കും ആസ്വദിച്ചു. എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രം തന്ന സ്ഥലമാണ് കേരളം.

നവല്‍ എന്ന ജുവലിലുടെ അറിയപ്പെടുന്ന അഭിനേത്രിയായി. മലയാളത്തില്‍ നിന്ന് ഇനിയും ഓഫറുകള്‍ വന്നാല്‍ ?


ഞാനുമതിനാണ് കാത്തിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് മലയാള സിനിമ എന്നിലേക്ക് എത്തിയത്. ഇപ്പോഴതെനിക്ക് ഒരേ സമയം അംഗീകാരവും പ്രചോദനവും ഉത്തരവാദിത്തവുമാണ്. നല്ല സിനിമകളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം.

മികച്ച തെരഞ്ഞെടുപ്പല്ലെങ്കില്‍ ഒരുപക്ഷെ കരിയര്‍ തന്നെ ഇല്ലാതാകും. സ്‌ക്രീന്‍ റൈറ്റിംഗില്‍ എനിക്കൊരു പരിചയം ഉള്ളത് കൊണ്ട് സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാനറിയാം. വേര്‍സ്റ്റാലിറ്റിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

മലയാള ഭാഷ പഠിച്ചോ ?


സത്യത്തില്‍ മലയാളം പഠിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ക്രീയേറ്റീവിറ്റി ഇഷ്ടപ്പെടുന്നത് കൊണ്ട് ഞാനാ ബുദ്ധിമുട്ട് സഹിക്കാന്‍ തീരുമാനിച്ചു. എനിക്ക് വേണ്ടി തന്നെയാണ് ഞാന്‍ ഈ ഭാഷ പഠിച്ചത്. ഞാന്‍ പഠിച്ച മലയാള സ്ലാങ്ങാണെങ്കില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമാണ്. എങ്കിലും നവല്‍ എന്ന കഥാപാത്രത്തെ മനസിലാക്കാന്‍ അതെന്നെ ഒരുപാട് സഹായിച്ചു.
uploads/news/2018/11/267752/ReemkadamINW231118a.jpg

നവല്‍ തന്നത് ?


അന്തര്‍ദേശിയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാന്‍ ഈ സിനിമ കാരണമായി. ഇന്ത്യയില്‍ നിന്ന് കിട്ടിയ റെക്കഗ്‌നീഷന്‍ എന്റെ കരിയറിനെ അത്രയും സഹായിച്ചു. ലൈഫ് ഓഫ് പൈ യിലൂടെ ഹോളിവുഡിലടക്കം ശ്രദ്ധിക്കപ്പെട്ട ആദില്‍ ഹുസൈന്‍, മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ശ്വേതാ മേനോന്‍, കേരള സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ അഞ്ജലി, മികച്ച അഭിനേതാവായ സുധീര്‍ കരമന എന്നിവരടങ്ങുന്ന വലിയ ടീം എന്നിലെ അഭിനേത്രിയുടെ വളര്‍ച്ചയ്ക്ക് ഒരുപാടു സഹായിച്ചു.

അഭിനേത്രിയെന്ന നിലയില്‍ ഒരു കഥാപാത്രത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ ഈ കഥാപാത്രം സഹായിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല വൈകാരിക തലത്തില്‍ കൂടിയും ഈ കഥാപാത്രം കടന്നു പോകുന്നുണ്ട്. സിനിമ കണ്ട ഏതൊരാള്‍ക്കും അത് മനസിലാക്കാനും പറ്റും. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സംതൃപ്തി കിട്ടി. അതുകൊണ്ടാണ് മറ്റാരും നിര്‍ബന്ധിക്കാഞ്ഞിട്ടും ഞാന്‍ മലയാളം പഠിച്ചത്.

ഈ സിനിമയില്‍ അഭിനയിച്ച ശേഷം മലയാള സിനിമകള്‍ കാണാറുണ്ടോ ?


ചിലതൊക്കെ കണ്ടിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച മണിച്ചിത്രത്താഴാണ് എനിക്കതില്‍ ഏറെ ഇഷ്ടപെട്ടത്. നല്ല കഥയും മോഹന്‍ലാലടക്കമുള്ളവരുടെ മികച്ച അഭിനയവുമാണതില്‍.

മലയാളസിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പലരും എന്നോട് ആ സിനിമ കാണുന്നത് അഭിനേത്രിയെന്ന നിലയില്‍ ഉചിതമാകുമെന്നു പറഞ്ഞിരുന്നു. ഞാന്‍ ഭാഗമായ ഒരു ഭാഷയിലെ കൂടുതല്‍ സിനിമകള്‍ കാണണമെന്നുണ്ട്. ഹിന്ദി സിനിമകളും കാണാന്‍ ശ്രമിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെ ആണതില്‍ ഏറ്റവും ഇഷ്ടപെട്ടത്.

ജീവിതത്തില്‍ അഭിമാനം തോന്നിയ നിമിഷം ?


ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയ നിമിഷം തന്നെ. ഭാഷ കൊണ്ടും അഭിനയ തലം കൊണ്ടും എന്നെ കൂടുതല്‍ വളര്‍ത്താന്‍ ഈ കഥാപാത്രത്തിന് കഴിഞ്ഞു. ഒരു ദിവസത്തിലെ 12 മണിക്കൂര്‍ വരെ മലയാളം പഠിക്കാന്‍ മാറ്റി വച്ചു, അവധി ദിവസങ്ങള്‍ ആസ്വദിക്കാതെ കഥാപാത്രത്തിനായി തയ്യാറെടുത്തു. അതൊക്കെ പൂര്‍ണ്ണതയിലെത്തിയത് ഈ അവാര്‍ഡ് കിട്ടിയപ്പോഴാണ്. ഞാന്‍ നവല്‍ എന്ന ജുവലില്‍ ചെയ്ത കഥാപാത്രമായ റെയ്നഹ് ജബ്ബാരി എന്ന യഥാര്‍ത്ഥ വ്യക്തിക്ക് അവാര്‍ഡ് സമര്‍പ്പിക്കാനാണ് എനിക്കിഷ്ടം.
uploads/news/2018/11/267752/ReemkadamINW231118d.jpg

ഇറാനില്‍ തന്നെ റേപ്പ് ചെയ്ത ഓഫീസറുമായുള്ള മല്‍പിടുത്തത്തില്‍ ജീവന്‍ ബലി നല്‍കിയ അവര്‍ക്കാണ് എന്റെ ആ അവാര്‍ഡ്. കൊല്ലപ്പെടും മുന്‍പ് തന്റെ അമ്മക്ക് വേണ്ടി റെയ്നഹ് പാടുന്ന പാട്ടാണ് എനിക്ക് ആ സിനിമയില്‍ കൂടുതല്‍ ടച്ച് ചെയ്തത്. ആ പാട്ടിന്റെ വരികള്‍ക്കും അവാര്‍ഡ് കിട്ടിയിരുന്നു. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുന്നത് കൊണ്ട് സാധാരണ ജനങ്ങളിലേക്ക് ഈ സിനിമ ഇതുവരെ എത്തിയിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ കണ്ട ശേഷം ഒരുപാട് നല്ല ഓഫറുകള്‍ എനിക്ക് വരുന്നുണ്ട്.

ഒരു വ്യക്തിയെന്ന നിലയില്‍ നെഗറ്റീവ് ആന്‍ഡ് പോസിറ്റീവ് വശങ്ങള്‍ ?


ഏതൊരു കാര്യത്തിലും 100 ശതമാനം കമ്മിറ്റഡ് ആകുക എന്നതാണ് എന്റെ നെഗറ്റീവും പോസിറ്റീവും. ചില സമയങ്ങളില്‍ അത് നല്ലതാണ്. പ്രൊഫഷനില്‍ അതേറെ സഹായിക്കും. പക്ഷേ ഞാന്‍ വളരെ പെട്ടെന്ന് ഒരാളെ വിശ്വസിക്കും, സ്നേഹിക്കും. ചുറ്റുമുള്ളവര്‍ ചിലപ്പോഴത് മുതലെടുക്കും. അതുകൊണ്ടു തന്നെ ഞാന്‍ ഇപ്പോള്‍ മനസ്സിനെ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

അഭിനയ മേഖല ഇഷ്ടപ്പെട്ടു തുടങ്ങിയത് ?


ശരിക്കുമതെനിക്കറിയില്ല. നാലു വയസ്സുള്ളപ്പോള്‍ മുതല്‍ എനിക്കുള്ളിലെ കലാകാരി ഉണര്‍ന്നു തുടങ്ങിയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. സ്‌കൂള്‍ പഠനകാലമാണ് അതിന് ജീവന്‍ നല്‍കിയത്. നാലാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സിന്‍ഡ്രല്ലായി വേദിയിലെത്തിയത് ഇപ്പോഴും മനസ്സിലുണ്ട്.

എട്ടാം ഗ്രേഡില്‍ എത്തിയപ്പോഴാണ് ഞാനത് സീരിയസ്സായി കണ്ടത്, അതായത് 14 വയസുള്ളപ്പോള്‍. അന്നെനിക്ക് സാന്‍ ഡിഗോ പെര്‍ഫോമിംഗ് ആര്‍ട്ട്സ് ഹൈസ്‌കൂളില്‍ ചേരണമെന്നുണ്ടായിരുന്നു. പക്ഷേ ഒരു പരമ്പരാഗത മിഡില്‍ ഈസ്‌റ്റേണ്‍ കുടുംബത്തില്‍ വളര്‍ന്ന
എന്നെ ഡോക്ടര്‍, വക്കീല്‍ എന്നീ പ്രൊഫഷനിലേക്ക് തിരിച്ചു വിടാനായിരുന്നു വീട്ടുകാര്‍ക്ക് ഇഷ്ടം.

ഞാന്‍ പഠനത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് ആക്റ്റിംഗിനാണ്. അങ്ങനെ ഞങ്ങളുടെ സ്‌കൂളിലെ ഡ്രാമ ടീച്ചര്‍ വഴി ഞാന്‍ അഭിനയം പഠിച്ചുതുടങ്ങി. ഞാനന്ന് തിയേറ്റര്‍ ജീവവായുവാക്കി മാറ്റിയ ഒരു ഉപകരണം പോലെയായിരുന്നു. പല വേദികളിലും ഞാനതോടെ നിറഞ്ഞു നിന്നു. അതിനു ശേഷം അമേരിക്കന്‍ അഭിനേത്രിയും പല ഹോളിവുഡ് അഭിനേതാക്കളുടെയും പരിശീലകയുമായ സ്റ്റെല്ല അഡ്ലറിന്റെ ശിഷ്യന്‍ ക്യാരി സ്‌കോട്ടിനൊപ്പം അഭിനയ പക്വതയുള്ള തലങ്ങള്‍ പഠിച്ചു. അവിടെ വച്ച് ഇന്നത്തെ ഹോളിവുഡ് അഭിനേതാക്കളില്‍ പലരും സുഹൃത്തുക്കളായി. എന്റെ കരിയര്‍ ബ്രേക്കിന് കാരണവും അവിടുത്തെ പഠനമാണ്.

18 വയസ്സില്‍ ആദ്യ ടി.വി ഷോ ചെയ്തു. എങ്കിലും കരിയറിന്റെ തുടക്കത്തില്‍ ശരിക്കും സ്ട്രഗിള്‍ ചെയ്തു. മാതാപിതാക്കളോടുള്ള സ്നേഹവും, എനിക്ക് മുന്നില്‍ പലതവണ കൊട്ടിയടച്ച സിനിമ വാതിലുകളുമൊക്കെ പലപ്പോഴും തളര്‍ത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ആക്ടിംഗിനോടുള്ള പാഷനാണ് ശക്തി നല്‍കിയത്. നന്നായി കഷ്ടപ്പെട്ടാണ് ഒരു മുന്‍ഗാമികളുമില്ലാത്ത ഞാന്‍ ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നത്. അത് അവസാനം വിജയത്തില്‍ എത്തിക്കുകയും ചെയ്തു. സ്‌ക്രീന്‍ റൈറ്റായി അവാര്‍ഡ് നേടിയതും ബി.എഫ്.എ ബിരുദം നേടിയതും മികച്ച സി
നിമകളുടെ ഭാഗമായതുമൊക്കെ വലിയ അനുഗ്രഹങ്ങളാണ്.

uploads/news/2018/11/267752/ReemkadamINW231118.jpg

മാതാപിതാക്കള്‍ എന്നെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ അഭിമാനിക്കുന്നുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്നവര്‍ സന്തോഷത്തോടെ പലരോടും പറയുന്നു. എന്റെ വലം കൈയായി, വലിയ ശക്തിയായി ഒപ്പം നില്‍ക്കുന്ന എന്റെ മാനേജറും സുഹൃത്തുമൊക്കെയായ വലേറി മാക്കഫ്റേയടക്കമുള്ളവരും ഇപ്പോഴെന്റെ ഉയര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയാണ് ഏറ്റവും വലിയ ഭാഗ്യങ്ങള്‍. അവരുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിനുള്ള കാരണങ്ങള്‍.

സ്വപ്നകഥാപാത്രങ്ങള്‍?


ഹോളിവുഡില്‍ എപ്പോഴുമെന്റെ റോള്‍ മോഡലായ മെറില്‍ സ്ട്രീപ്പിനൊപ്പമൊരു കഥാപാത്രം ചെയ്യണമെന്നുണ്ട്. വൈകാരികമായ കാമ്പുള്ള കഥാപാത്രമാവണമത് എന്നുണ്ട്, അതൊരുപക്ഷേ കോമിക്കല്‍ കഥാപാത്രമാണെങ്കിലും എനിക്കവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതിഷ്ടമാണ്.
എന്റെ അമ്മയെയും എന്നെയും ഒരുപോലെ സ്വാധീനിച്ച ഒരു കഥ ഞാന്‍ എഴുതിയിട്ടുണ്ട്.

ആ സിനിമ ഞാന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന രീതിയില്‍ ചെയ്യണമെന്നുണ്ട്. മലയാളത്തില്‍ നല്ല സംവിധായകന്റെ തിരക്കഥയില്‍ മികച്ച കാസ്റ്റിനൊപ്പം നവലിനെപ്പോലെ ആഴത്തില്‍ പതിയുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന മോഹവും ഉണ്ട്. അതിനായി ഞാന്‍ കാത്തിരിക്കുന്നു.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW