Tuesday, August 20, 2019 Last Updated 21 Min 28 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Sunday 25 Nov 2018 11.24 AM

ഫാ. വട്ടോളിക്കെതിരെ വാളെടുക്കാന്‍ റീത്ത് വൈര്യം മറന്ന് സഭാനേതൃത്വം; സഭ നശിച്ചാലും വട്ടോളിമാരെ വളര്‍ത്തില്ലെന്ന വാശിയില്‍ പിതാക്കന്മാര്‍; മെത്രാന്മാരുടെ മാനസപുത്രനായിരുന്ന വട്ടോളി വിമതനായത് എങ്ങനെ?

ഫാ.അഗസ്റ്റിന്‍ വട്ടോളിയെ ഒതുക്കാന്‍ കച്ചകെട്ടിയിറങ്ങി സഭാ പിതാക്കന്മാര്‍. കത്തോലിക്കാ സഭ നശിച്ചാലും വേണ്ടില്ല വട്ടോളിമാരെ സഭയില്‍ വച്ചുവാഴിക്കില്ല എന്ന നിലപാടിലാണ് ഏതാനും ചില മെത്രാന്മാര്‍. അതില്‍ റീത്ത് (ആരാധനാക്രമം) ഭേദമില്ല. ആരാധനക്രമത്തിന്റെയും മറ്റും പേരില്‍ കേരളത്തിനകത്തും പുറത്തും തമ്മിലടിച്ചിരുന്ന സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകള്‍ ഒന്നിച്ചാണ് ഫാ.വട്ടോളിക്കെതിരെ പട നയിക്കുന്നത്.
Fr. Agustin Vattoli

കോട്ടയം: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി തട്ടിപ്പും ജലന്ധര്‍ ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനവും ചോദ്യം ചെയ്തതോടെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായ ഫാ.അഗസ്റ്റിന്‍ വട്ടോളിയെ ഒതുക്കാന്‍ കച്ചകെട്ടിയിറങ്ങി സഭാ പിതാക്കന്മാര്‍. കത്തോലിക്കാ സഭ നശിച്ചാലും വേണ്ടില്ല വട്ടോളിമാരെ സഭയില്‍ വച്ചുവാഴിക്കില്ല എന്ന നിലപാടിലാണ് ഏതാനും ചില മെത്രാന്മാര്‍. അതില്‍ റീത്ത് (ആരാധനാക്രമം) ഭേദമില്ല. ആരാധനക്രമത്തിന്റെയും മറ്റും പേരില്‍ കേരളത്തിനകത്തും പുറത്തും തമ്മിലടിച്ചിരുന്ന സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകള്‍ ഒന്നിച്ചാണ് ഫാ.വട്ടോളിക്കെതിരെ പട നയിക്കുന്നത്.

ഫാ.വട്ടോളിയുടെ പോക്ക് തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് മെത്രാന്മാരെ ഒരുമിപ്പിച്ചത്. സഭാചട്ടങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം ഫാ.വട്ടോളിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനു പിന്നില്‍ സഭാ ഭേദമന്യേ ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ചയാണ് നോട്ടീസിന് മറുപടി നല്‍കേണ്ട ദിവസം.

Fr. Agustin Vattoli

ഭൂമി തട്ടിപ്പ് പുറത്തുവരുന്നത് വരെ സഭാ പിതാക്കന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വൈദികനായിരുന്നു ഫാ.വട്ടോളി. 12 വര്‍ഷമായി മുഴുവന്‍ സമയവും സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്നയാളാണ് ഫാ.വട്ടോളി. ഇതിന് സഭയുടെ എല്ലാവിധ ഔദ്യോഗിക അനുമതികളുമുണ്ട്. മൂലമ്പള്ളി സമരം, ആദിവാസി സമരം, പെരിയാര്‍ സമരം, കൂടങ്കുളം, പാറമട ലോബികള്‍ക്കെതിരായ സമരം, പ്ലാച്ചിമട കൊക്കൊകോള കമ്പനിക്കെതിരായ സമരം, പുതുവൈപ്പ് സമരം തുടങ്ങി കേരളം ഇതുവരെ കണ്ട എല്ലാ ജനകീയ സമരങ്ങളുടെയും നേതൃനിരയില്‍ ഫാ.വട്ടോളിയുണ്ടായിരുന്നു. ഇതിനെയെല്ലാം മെത്രാന്മാര്‍ അഭിനന്ദിക്കുകയും പല വേദികളിലും ഫാ.വട്ടോളിയുടെ സമരങ്ങള്‍ എടുത്തുപറഞ്ഞ് അവര്‍ അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ട്.

സഭാ വേദികളില്‍ ഫാ.വട്ടോളിയെ വിളിച്ച് ക്ലാസുകള്‍ എടുപ്പിക്കുകയും സെമിനാരികളിലും കന്യാസ്ത്രീകളുടെയും പരിശീലന വേളകളില്‍ ക്ലാസ് എടുപ്പിക്കുകയും ചെയ്തിരുന്നു. മെത്രാന്മാര്‍ പലരും ഫാ.വട്ടോളിയുടെ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ സീറോ മലബാര്‍, ലത്തീന്‍ രൂപതകള്‍ തമ്മിലുണ്ടായിരുന്ന അനൈക്യം മാറ്റിയതു തന്നെ ഫാ.വട്ടോളിയുടെ സമരവേദികളായിരുന്നു. പെരിയാര്‍ സമരത്തിലൂടെയായിരുന്നു എറണാകുളം, വരാപ്പുഴ രൂപതകള്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിച്ചതു തന്നെ.

കൊക്കൊകോള കമ്പനിക്കെതിരെ സമരം നയിച്ചതിനു അറസ്റ്റിലായി രണ്ടാഴ്ച ജയില്‍ വാസം അനുഭവിച്ചയാളാണ് ഫാ.വട്ടോളി. അദ്ദേഹം അറസ്റ്റിലായി പിറ്റേന്ന് തന്നെ ജയിലില്‍ എത്തി ആശ്വസിപ്പിച്ച് എല്ലാ പിന്തുണയും നല്‍കിയ ആളാണ് പാലക്കാട് മെത്രാന്‍ കൂടിയായ ജേക്കബ് മനത്തോടത്ത്. കേരളത്തിലെ ഒട്ടുമിക്ക മെത്രാന്മാരും അന്ന് വിഷയത്തില്‍ ഇടപെടുകയും ഫാ.വട്ടോളിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Fr. Agustin Vattoli

കൊച്ചിയില്‍ കുടിവെള്ള സംരക്ഷണത്തിനും പെരിയാര്‍ മലനീകരണത്തിനുമെതിരെ മറൈന്‍ ഡ്രൈവില്‍ എറണാകുളം-വരാപ്പുഴ രൂപതകള്‍ സംയുക്തമായി നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു. ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ആയിരുന്നു. ആലുവയില്‍ നടന്ന ജനകീയ സമരത്തില്‍ മംഗലപ്പുഴ സെമിനാരിയില്‍ നിന്നും മറ്റും വൈദിക വിദ്യാര്‍ത്ഥികള്‍ ജാഥയായി എത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. അന്നും പ്രസംഗിക്കാന്‍ എത്തിയത് കര്‍ദ്ദിനാള്‍ ആയിരുന്നു. എറണാകുളത്തെയും വരാപ്പുഴയിലെയും എല്ലാ മെത്രാന്മാരും വികാരി ജനറാള്‍മാരും എല്ലാ ഫൊറോനകളിലെ വൈദികരും എല്ലാം പങ്കെടുത്ത വിപുലമായ സമരങ്ങളാവയിരുന്നു അന്ന് നടന്നിരുന്നത്.

എന്നാല്‍ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നതോടെ ഇവരെല്ലാം ഫാ.വട്ടോളിക്കെതിരെ തിരിഞ്ഞു. ഇതിനര്‍ത്ഥം ഫാ.വട്ടോളി മോശക്കാരനായതുകൊണ്ടല്ല, ഫാ.വട്ടോളി ഈ വിഷയത്തില്‍ ഇടപെട്ടതാണ് ഇവരെയെല്ലാം പ്രകോപിപ്പിച്ചത്. ഈ പ്രശ്‌നത്തോടെ ഫാ.വട്ടോളി കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എതിരായ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുമല്ല കാരണം. സഭയ്ക്കുള്ളില്‍ ഇതിലൂം രൂക്ഷമായ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരാനും പരസ്യമായി പ്രതികരിക്കാനും ഫാ.വട്ടോളി രംഗത്തെത്തും. മറ്റു പല രൂപതകളും ഇപ്പോള്‍തന്നെ പൊട്ടിത്തെറിയുടെ വക്കിലാണ്. അതെല്ലാം പുറത്തുവന്നാല്‍ ഇവരുടെ നിലനില്‍പ്പ് പ്രശ്‌നത്തിലാകും. ഇപ്പോള്‍ അനുഭവിക്കുന്നതിന്റെ നൂറിരട്ടി നാണക്കേട് സഭയ്ക്കുണ്ടാകും. ഈ ഭയമാണ് ഫാ.വട്ടോളിയെ നിയന്ത്രിക്കാന്‍ ഇവര്‍ ഒറ്റക്കെട്ടായി രംഗത്തെത്താന്‍ കാരണം. ബിഷപ്പ് ഫ്രാങ്കോയെ നാണിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്യുന്ന കഥകള്‍ വടക്കന്‍ ജില്ലകളിലെ മെത്രന്മാരുടെ പേരില്‍ പുറത്തുവരുന്നുണ്ട്.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയേയും ബിഷപ്പ് ഫ്രാങ്കോയെയും രാജ്യത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന ഫാ.വട്ടോളിയെ തങ്ങള്‍ക്ക് ബാധകമായത് എന്നവകാശപ്പെടുന്ന കാനോന്‍ നിയമത്തിന്റെ മറവില്‍ പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. തങ്ങളോട് കളിച്ചവര്‍ക്ക് പകരത്തിന് പകരം മറുപടി നല്‍കണം. ഇതിനു വേണ്ടി ചില അത്മായ സംഘടനകളെ തന്നെ മെത്രാന്മാരുടെ ആശീര്‍വാദത്തോടെ അടുത്തകാലത്ത് രംഗത്തിറക്കിയിട്ടുണ്ട്. ഫാ.വട്ടോളിക്കെതിരെ പരാതി നല്‍കിയത് താനാണെന്ന് ഇത്തരമൊരു കടലാസ് സംഘടനയുടെ നേതാവ് തന്നെ കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഈ നേതാവിനു പരാതി എഴുതാന്‍ എല്ലാ ഒത്താശയും ചെയ്തു നല്‍കിയതും ഈ മെത്രാന്മാര്‍ തന്നെയാണ്. ഏതെങ്കിലും ഒരു വിശ്വാസി നല്‍കിയ പരാതിയില്‍ ഒരു വൈദികനെതിരെ സഭ നടപടിക്ക് തുനിയുന്നു എന്ന അസാധാരണ സംഭവമാണ് ഇവിടെയുള്ളത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവം.

Fr. Agustin Vattoli

കേരള സഭയില്‍ ഇന്ന് ഫാ.വട്ടോളിയെ പോലെ ജനപിന്തുണയുള്ള ഒരു വൈദികനോ മെത്രാനോ ഇല്ല. വിശ്വാസികളുടെ ഇടയില്‍ മാത്രമല്ല, പൊതുസമൂഹത്തിന് മുന്‍പിലും ഫാ.വട്ടോളിക്കുണ്ടാകുന്ന ജനസമ്മതി സഭാപിതാക്കന്മാരെ അസൂയപ്പെടുത്തുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നു. ഈ മാതൃക പിന്തുടര്‍ന്ന് ഭാവിയില്‍ ആരും വട്ടോളിമാര്‍ ആകാന്‍ ശ്രമിക്കേണ്ട എന്ന് മറ്റുള്ളവര്‍ക്കുള്ള താക്കീത് കൂടിയാണ് ഈ നീക്കം.

മൂന്ന് റീത്തുമാരിലെയും (ആരാധനക്രമം) തലവന്മാര്‍ ഒരുമിച്ചാണ് ഫാ.വട്ടോളിക്കെതിരെ നീങ്ങുന്നതെന്നാണ് പുതിയ വിവരം. ഭൂമി തട്ടിപ്പ് കേസില്‍ എറണാകുളത്തെ വൈദികരെ അനുനയിപ്പിക്കാന്‍ ലത്തീന്‍, മലങ്കര സഭാനേതൃത്വം പലതവണ ശ്രമിച്ചുവെങ്കിലും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇതിന്റെ പക ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് ആത്മീയ നേതൃത്വത്തിലിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി കന്യാസ്ത്രീകള്‍ സീറോ മലബാര്‍ സഭാ പിതാക്കന്മാരുടെ അരമനകള്‍ കയറിയിറങ്ങിയപ്പോള്‍, ഫ്രാങ്കോ ലത്തീന്‍ രൂപതാധ്യക്ഷനാണെന്നും തങ്ങള്‍ക്കല്ല, ലത്തീന്‍ രൂപതയ്ക്കാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരവുമെന്ന് പറഞ്ഞ് നിഷ്‌കരുണം തള്ളിപ്പറഞ്ഞു.

കേരളത്തിലെ ബിഷപ്പ് അല്ലല്ലോ എന്നതായിരുന്നു മറ്റൊരു നിലപാട്. എന്നാല്‍ കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ആരംഭിച്ചതോടെ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) ആയിരുന്നുവെന്നത് ഇവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു. കെ.സി.ബി.സി നിരന്തരം ഇറക്കിയ സര്‍ക്കുലറുകള്‍ക്ക് പിന്നില്‍ പി.ഒ.സിയിലെ മലങ്കര സഭാംഗമായ ഒരു വൈദികനായിരുന്നുവെന്നതും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സമരത്തിന്റെ പേരില്‍ എറണാകുളത്തെ വൈദികര്‍ക്കെതിരെ ഇദ്ദേഹം നിരന്തരം നവമാധ്യമങ്ങളില്‍ ഉയര്‍ത്തിയ വിമര്‍ശനവും അന്ന് ചര്‍ച്ചയായിരുന്നു.

ഏറ്റവും അവസാനഘട്ടത്തിലാണ് കെ.സി.ബി.സി അധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് ഡോ.സൂസപാക്യം സമരത്തെ തള്ളിപ്പറയുന്നതും. ബിഷപ്പ് ഫ്രാങ്കോ പാലാ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുമ്പോള്‍ അദ്ദേഹം സേവനം ചെയ്യുന്ന ലത്തീന്‍ സഭയില്‍ നിന്ന് ആരും തിരിഞ്ഞുനോക്കിയില്ല. ഈ സമയം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ജയിലില്‍ മത്സരിച്ചെത്തിയതും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഫാ.വട്ടോളിയെ ഏതു വിധേനയും സഭയില്‍ നിന്ന് പുറത്താക്കിയെ അടങ്ങൂവെന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്ന ബിഷപ്പുമാര്‍ കേരള സഭയിലുണ്ട്. സഭ തകര്‍ന്നാലും കുഴപ്പമില്ല ഇനി ഒരു വട്ടോളിയും ഇവിടെ തലപൊക്കരുത് എന്നതാണ് ഇവരുടെ നിലപാട്. അത് പരസ്യമായി പ്രകടിപ്പിച്ചവരുമുണ്ട്.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
Ads by Google
Loading...
TRENDING NOW