Tuesday, August 20, 2019 Last Updated 21 Min 28 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Friday 23 Nov 2018 11.12 AM

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡന പരാതി: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ക്ക് വന്‍ സുരക്ഷാഭീഷണി; സുരക്ഷ നല്‍കാന്‍ സാമ്പത്തികശേഷിയില്ലെന്ന് മദര്‍ ജനറാള്‍, സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റാമെന്ന്; മരണംവരെ സഭയില്‍ തുടരുമെന്ന് പരാതിക്കാരിയും സാക്ഷികളും

ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ചു നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്ക് സ്വന്തമായി കാറും തോന്നുമ്പോഴേല്ലാം വിമാനയാത്രയും മറ്റ് ആഡംബര ജീവിതസൗകര്യങ്ങളുമെല്ലാം ഒരുക്കാന്‍ കഴിയുന്ന സന്യാസിനിസഭയാണ് രൂപതയുടെ മുന്‍ അധ്യക്ഷനെതിരായ ഒരു കേസിലെ ഇരയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ പോലും നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത്.
Bishop Franko case

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ക്ക് വന്‍ സുരക്ഷാഭീഷണി; സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് മദര്‍ ജനറാള്‍, അഗതി മന്ദിരത്തിലേക്ക് മാറ്റാമെന്ന്; സമര്‍പ്പിത ജീവിതത്തില്‍ സഭയില്‍ തന്നെ തുടരുമെന്ന് പരാതിക്കാരിയും സാക്ഷികളും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും കുറവിലങ്ങാട് മഠത്തില്‍ വന്‍ സുരക്ഷാ ഭീഷണി. കന്യാസ്ത്രീയുടെ സുരക്ഷയ്ക്ക് പോലീസ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാന്‍ കഴിയില്ലെന്ന് സെന്റ് ഫ്രാന്‍സിസ് മിന്‍ഷോം മദര്‍ സുപ്പീരിയര്‍ പോലീസിനെ അറിയിച്ചു. ആശങ്കയുണ്ടെങ്കില്‍ പോലീസിന് ഇവരെ ഏതെങ്കിലും സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാമെന്നാണ് മദര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മീഷണറീസ് ഓഫ് ജീസസ് സന്യാസ സഭയ്ക്കു വേണ്ടി സമര്‍പ്പിതമാണ് തങ്ങളുടെ ജീവിതമെന്നും ശേഷിച്ച കാലവും സഭയില്‍ തുടര്‍ന്ന് ഈ മഠത്തില്‍ തന്നെ താമസിക്കാനാണ് താല്‍പര്യവുമെന്ന് കന്യാസ്ത്രീകള്‍ പറയുന്നു.

Bishop Franko case

കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന ഫാ.കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ ജലന്ധറില്‍ മരിച്ചതിനു പിന്നാലെയാണ് കന്യാസ്ത്രീകളുടെയും മഠത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാണിച്ച് കുറവിലങ്ങാട് എസ്.ഐ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ പോലീസ് മുന്നോട്ടുവച്ചിരുന്നു. മഠത്തിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ഇരുഗേറ്റുകളിലും നൈറ്റ് വിഷന്‍ കാമറ സ്ഥാപിക്കുകയും വേണം, മെയിന്‍ റോഡ് മുതല്‍ മഠം വരെയുള്ള വഴിയില്‍ ലൈറ്റ് സ്ഥാപിക്കുക, മഠത്തിന്റെ ടെറസ്സിലെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ മതിയായ വെളിച്ചം കിട്ടുന്നതിന് ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ കമ്പിവലയിട്ട് സുരക്ഷിതമാക്കുക, ഗാര്‍ഡിന്റെ അംഗബലം കൂട്ടിയതിനാല്‍ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്നത് ഗാര്‍ഡ് റൂം അനുവദിക്കുക, മഠത്തിലെ വൃദ്ധമന്ദിരത്തിലെ മുഴുവന്‍ താമസക്കാരുടെയും വിവരങ്ങള്‍ കൈമാറുക, ഭക്ഷണം പാചകം ചെയ്യുന്നതിന് സ്ഥിരമായി നിയമിച്ചിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കുകയും മറ്റുള്ളവരെ ആ ചുമതല ഏല്പിക്കാതിരിക്കുകയും ചെയ്യുക, മഠത്തിന്റെ ടെറസ്സിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുക, ചാപ്പലിന്റെ ഭാഗത്തെ ജനാലകള്‍ ഉറപ്പുള്ളതാക്കുക, പരാതിക്കാരി താമസിക്കുന്ന മുറിയ്ക്കു സമീപത്തെ ബെല്‍ ഗാര്‍ഡ് റൂമിന് സമീപത്തേക്ക് മാറ്റുക, പരാതിക്കാരിയുടെ മുറിയുടെ വാതില്‍ അകത്തുനിന്ന് ബ്രോസ്ബാര്‍ ചെയ്ത് ബലപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസ് നല്‍കിയിരുന്നത്. ഒക്‌ടോബര്‍ 27നായിരിന്നു ഇത്തരമൊരു കത്ത് എസ്.ഐ നല്‍കിയത്.

Bishop Franko case

എന്നാല്‍ മദര്‍ സുപ്പീരിയര്‍ക്ക് നല്‍കിയ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് മീഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന് സാമ്പത്തികശേഷിയും അധികാരവും ഇല്ലെന്ന് മദര്‍ ജനറാള്‍ സി.റെജീന നല്‍കിയ മറുപടി കത്തില്‍ പറയുന്നു. പോലീസ് ആവശ്യപ്പെട്ട സുരക്ഷാക്രമീകരണങ്ങളില്‍ ചിലത് മിഷന്‍ ഹോമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും അന്തേവാസികളുടെ സ്വകാര്യതയെയും സാരമായി ബാധിക്കുന്നത്.

Bishop Franko case

പരാതിക്കാരിയുടെയും സാക്ഷികളുടെയും സുരക്ഷ അതീവ പ്രധാന്യമുള്ളതാണ്. അതിനാല്‍ ഇവരെ സുരക്ഷിതമായ സര്‍ക്കാരിന്റെ സംവിധാനങ്ങളിലേക്ക്് മാറ്റിപ്പാര്‍പ്പിക്കുന്നത് ഉത്തമമാണെന്ന് കരുതുന്നു. ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവര്‍ക്ക്‌സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സമ്മതമാണെന്ന വിവരവും അറിയിക്കുന്നുവെന്ന് സി.റെജീന കത്തില്‍ പറയുന്നു.

Bishop Franko case

ഈ കത്തില്‍ പോലീസ് പരാതിക്കാരിയുടെയും മറ്റും നിലപാട് തേടിയിട്ടുണ്ട്. തങ്ങളെ എങ്ങനെയെങ്കിലും മഠത്തില്‍ നിന്നു പുറത്താക്കാനുള്ള മഠം അധികൃതരുടെ തന്ത്രമാണിതെന്നും ഇതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയും അദ്ദേഹത്തിന്റെ സന്തത സഹചാരികളായ ചില വൈദികരുമാണെന്ന് കന്യാസ്ത്രീകള്‍ 'മംഗളം ഓണ്‍ലൈനോട്' പറഞ്ഞു. വീടും നാടും ഉപേക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സഭയ്ക്ക് വേണ്ടി സമര്‍പ്പിത ജീവിതം നയിക്കുന്നവരാണ് തങ്ങള്‍. മരണംവരെ സഭയില്‍ തുടരാനും കേസ് കഴിയുന്നവരെ എങ്കിലും ഈ മഠത്തില്‍ തുടരാനുമാണ് തങ്ങളുടെ തീരുമാനം. അതില്‍ ഒരുമാറ്റവുമില്ല. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നും തങ്ങളോട് നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു.
Bishop Franko case

അതേസമയം, കഴിഞ്ഞ കാലവര്‍ത്തില്‍ ഇടിമിന്നലേറ്റ് മഠത്തിലെ നാല് സിസിടിവി കാമറകള്‍ക്ക് കേടുപാട് സംഭവിച്ചതായും വിവരമുണ്ട്. ഇത്രയും നാളിനുള്ളില്‍ തകരാര്‍ പരിഹരിക്കാന്‍ പോലും മഠം അധികൃതര്‍ തയ്യാറായിട്ടില്ല.

ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ചു നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്ക് സ്വന്തമായി കാറും തോന്നുമ്പോഴേല്ലാം വിമാനയാത്രയും മറ്റ് ആഡംബര ജീവിതസൗകര്യങ്ങളുമെല്ലാം ഒരുക്കാന്‍ കഴിയുന്ന സന്യാസിനിസഭയാണ് രൂപതയുടെ മുന്‍ അധ്യക്ഷനെതിരായ ഒരു കേസിലെ ഇരയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ പോലും നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കന്യാസ്ത്രീകള്‍ക്കെതിരെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കത്തോലിക്കാ സഭാ നേതൃത്വം സ്വീകരിക്കുന്നതെന്ന് എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Friday 23 Nov 2018 11.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW