Tuesday, August 20, 2019 Last Updated 21 Min 27 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റ്യന്‍
Thursday 22 Nov 2018 07.33 AM

ആലഞ്ചേരിയുടെ ഭൂമി തട്ടിപ്പും ഫ്രാങ്കോയുടെ കന്യാസ്ത്രീ പീഡനവും ചോദ്യം ചെയ്തു; ഫാ.അഗസ്റ്റിന്‍ വട്ടോളിയ്ക്ക് സഭയുടെ നോട്ടീസ്; നിശബ്ദനാക്കേണ്ടത് എറണാകുളത്തെ ഭൂമാഫിയുടെ ആവശ്യം, വൈദികനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് എസ്.ഒ.എസ്

സഭയ്ക്കെതിരെ അഴിമതികളും കള്ളക്കച്ചവടങ്ങളും ചോദ്യം ചെയ്തതോടെ സഭാനേൃത്വത്തിന്റെ കണ്ണിലെ കരടായ ഫാ.വട്ടോളിയെ പുറത്താക്കി സഹവൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് സീറോ മലബാര്‍ സഭാനേതൃത്വത്തിന്റെ നീക്കമെന്നും അറിയുന്നു.
 Fr. Agustin VattoliK Bishop Franko

കോട്ടയം: സീറോ മലബാര്‍ സഭയെ അടുത്തകാലത്ത് പിടിച്ചുകുലുക്കിയ വിഷയങ്ങളില്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളിക്കെതിരെ സഭയില്‍ നീക്കം. ഫാ.അഗസ്റ്റിന്‍ വട്ടോലിയെ പൗരോഹിത്യത്തില്‍ നിന്നും പുറത്താക്കണമെന്ന ഒരു വിഭാഗം വിശ്വാസികളുടെ പരാതിയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വിശദീകരണം തേടിയതായി വിവരം. സഭാ നേതൃത്വത്തോട് അനുസരക്കേട് കാട്ടിയെന്നാണ് ഫാ.വട്ടോലിക്കെതിരായ കുറ്റം. സഭയെ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സഭാ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ.വട്ടോളി വിധേയനാകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 25നകം വിശദീകരണം നല്‍കണമെന്ന് കത്തില്‍ പറഞ്ഞിരിക്കുന്നതായാണ് സൂചന.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്പന പുറത്തുകൊണ്ടുവന്നതും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നിയമത്തിനു മുന്നില്‍ നില്‍ക്കേണ്ടിവന്നതും ഫാ.അഗസ്റ്റിന്‍ വട്ടോലിയുടെ ഇടപെടല്‍ മൂലമായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ നേതൃനിരയിലും ഫാ.വട്ടോളിയായിരുന്നു. സഭയ്ക്കെതിരെ അഴിമതികളും കള്ളക്കച്ചവടങ്ങളും ചോദ്യം ചെയ്തതോടെ സഭാനേൃത്വത്തിന്റെ കണ്ണിലെ കരടായ ഫാ.വട്ടോളിയെ പുറത്താക്കി സഹവൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് സീറോ മലബാര്‍ സഭാനേതൃത്വത്തിന്റെ നീക്കമെന്നും അറിയുന്നു. എന്നാല്‍, ഇത്തരമൊരു കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി തയ്യാറായില്ല.

കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതിക്കൂട്ടിലായ ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നതു മുതല്‍ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു ഫാ.വട്ടോളി. അതിനിടെയാണ് ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം പുറത്തുവരുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ രൂപീകരിച്ച സേവ് ഔവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) മൂവ്മെന്റിന്റെ കണ്‍വീനറും ഫാ.വട്ടോളിയാണ്. കന്യാസ്ത്രീക്ക് പിന്തുണയുമായി എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന സമരത്തിന്റെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ചത് ഇവരുടെ സമരത്തിന്റെ സമ്മര്‍ദ്ദം കൂടിയായിരുന്നു. ഫാ.വട്ടോളിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സഭയിലെ ഒരു വിഭാഗം കടുത്ത 'സഭാ വിരുദ്ധത' ആയാണ് കാണുന്നത്. ഇതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അഡ്മിനിസ്ട്രേറ്ററുടെ മേലുള്ള സമ്മര്‍ദ്ദത്തിനു പിന്നിലുള്ള കാരണവും.

ഈ സമരങ്ങള്‍ക്കും പുറമേ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെ കന്യാസ്ത്രീകളുടെ ജീവന് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് ഈ മാസം 14ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും ഫാ.വട്ടോളി പങ്കെടുത്തിരുന്നു. എസ്ഒഎസ് നടത്തിയ ധര്‍ണ്ണയില്‍ ഒരു പുരോഹിതനായ അഗസ്റ്റിന്‍ വട്ടോളി പങ്കെടുത്തത് പൊതുസമൂഹത്തില്‍ സഭയുടെ സല്‍പേരില്‍ കളങ്കം വരുത്തിയെന്നും വിശ്വാസത്യത തകര്‍ക്കാന്‍ കാരണമായി എന്നുമാണ് സഭയിലെ ചിലരുടെ കണ്ടെത്തല്‍. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ നിന്ന് ഫാ.വട്ടോളിയെ പിന്തിരിപ്പിക്കാനും ചില സഭാ നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും വിവരമുണ്ട്.

മേലില്‍ ഇത്തരം സമരപരിപാടികളില്‍ നിന്ന് ഫാ.വട്ടോളിയെ പിന്തിരിപ്പിക്കുകയാണ് സഭാ നേതൃത്വത്തിന്റെ നീക്കമെന്ന് കരുതുന്നത്. മുന്നറിയിപ്പ് ലംഘിച്ചും സമരപരിപാടിക്ക് പോയാല്‍ അനുസരണക്കേടിന്റെ പേരില്‍ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കുമെന്ന താക്കീതാണ് നല്‍കുന്നത്.

അതേസമയം, ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കുക എന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് എസ്.ഒ.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 14ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പോകരുത് എന്നു പറഞ്ഞ് 12നാണ് അച്ചന് കത്തുകൊടുത്തത്. ആറാഴ്ച മുന്‍പ് നിശ്ചയിച്ച പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് കാണിച്ച് അവസാന നിമിഷം കത്തുകൊടുത്തതിനു പിന്നിലുള്ള കാരണം വ്യക്തമാണല്ലോ. അദ്ദേഹത്തിന് ധര്‍ണ്ണയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല എന്നറിഞ്ഞ് ബോധപൂര്‍വ്വം കൊടുത്ത നോട്ടീസ് ആയിരുന്നു അത്. നോട്ടീസ് ലംഘിക്കുകയല്ലാതെ മറ്റു മാര്‍ഗം അദ്ദേഹത്തിന് മുന്നിലില്ല എന്നുള്ള ഉറപ്പോടെയാണ് കൊടുത്തത്.

എന്നാല്‍ പരിപാടിക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ നോട്ടീസിന്റെ കാര്യം ഫാ.വട്ടോളി ആരോടും പറഞ്ഞിരുന്നില്ല. പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഒന്നിനും മുന്‍നിരയിലേക്ക് വന്നില്ല. ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത വി.എസ് അച്യുതാനന്ദന് സ്വാഗതം പറയാന്‍ മാത്രം വന്ന വൈദികന്‍ പിന്നീട് ചടങ്ങിന്റെ പിന്‍നിരയിലേക്ക് മാറിയിരുന്നു. അദ്ദേഹം ജാഥ നയിക്കുകയോ പ്രസംഗം നടത്തുകയോ ചെയ്തില്ല. ഒരു അനുസരണക്കേടും അദ്ദേഹം നടത്തിയിട്ടില്ല. ബോധപൂര്‍വ്വം കെണിയില്‍ വീഴ്ത്താന്‍ കൊടുത്ത നോട്ടീസ് ആയിരുന്നു അത്. ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കി പരിപാടിയില്‍ നിന്ന് ഒഴിവായി നില്‍ക്കാമായിരുന്നുവെന്നും എസ്.ഒ.എസ് പ്രവര്‍ത്തകര്‍ പറയുന്നൂ.

ഫാ.വട്ടോളിക്ക് നോട്ടീസ് കിട്ടിയ കാര്യം അതിരൂപതയിലെ മറ്റ് വൈദികരോ എസ്.ഒ.എസ് പ്രവര്‍ത്തകരോ അറിഞ്ഞിരുന്നില്ല. രണ്ടു ദിവസമായി കര്‍ദ്ദിനാളുമായി ബന്ധപ്പെട്ട ഒരാളുടെ ഫേസ്ബുക്ക് പേജില്‍ ഫാ.വട്ടോളിയെ പുറത്താക്കാനുള്ള തീരുമാനം അടുത്ത സിനഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് പോസ്റ്റ് കണ്ടു. ഇതേകുറിച്ച് തിരക്കിയപ്പോഴാണ് നോട്ടീസ് കിട്ടിയ വിവരം ഫാ.വട്ടോളി പറഞ്ഞത്. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ചിലര്‍ നടത്തിയ കെണിയാണ് ആ നോട്ടീസ്. ആ കെണിയില്‍ അദ്ദേഹത്തെ പെടുത്തി അനുസരണമില്ലായ്മ എന്ന കാരണം കാട്ടി പുറത്താക്കാനാണ് നീക്കം. ഇതേനടപടി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പോകരുതെന്നും പറഞ്ഞ് എടുത്തിരുന്നു. സംസ്‌കാര ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഫാ.വട്ടോളി വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അനുശോചന യോഗത്തില്‍ അദ്ദേഹത്തിന് സംസാരിക്കേണ്ടതിനാല്‍ ആ നിര്‍ദേശം പാലിക്കാന്‍ കഴിഞ്ഞില്ല. അനുസരണക്കേട് കാണിച്ചു എന്നു ബോധപൂര്‍വ്വം വരുത്തിതീര്‍ക്കാന്‍ ചെയ്യുന്നതാണ് ഇതെല്ലാം. അനുസരണവ്രതം ലംഘിച്ചുവെന്ന കുറ്റം ചുമത്തി ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാനാണെങ്കില്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച റോബിന്‍ വടക്കുചേരി മുതല്‍ ബിഷപ്പ് ഫ്രാങ്കോ വരെയുള്ളവര്‍ക്കെതിരെ സഭ എന്തുനടപടി എടുക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

'വൈദികന്‍ സഭാ വിരുദ്ധരുടെയും നിരീശ്വര വാദികളുടെയും കൂടെ നടക്കുന്നു എന്ന് കേള്‍ക്കുന്നു' എന്നാണ് നോട്ടീസ് പറഞ്ഞിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സഭയ്ക്ക് കഴിയുമോ എന്ന പ്രസക്തമായ ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു. സഭയിലെ വൈദികര്‍ പോലും അറിയും മുന്‍പ് അടുത്ത മാസം നടക്കാന്‍ പോകുന്ന ഒരു സിനഡില്‍ ഫാ.വട്ടോളിയെ പുറത്താക്കുമെന്ന 'തീരുമാനം' കര്‍ദ്ദിനാളിന്റെ അടുപ്പക്കാര്‍ക്ക് എങ്ങനെ കിട്ടിയെന്നാണ് ഇവര്‍ ചോദിക്കുന്നത്. തൃശൂര്‍ സ്വദേശിയായ ഒരു മെത്രാനാണ് ഫാ.വട്ടോളിയെ പുറത്താക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും വിവരമുണ്ട്. ഏതെങ്കിലും ഒരു വൈദികനെതിരെ നടപടിയെടുത്താല്‍ ശക്തമായി പ്രതികരിക്കുമെന്ന നിലപാടിലാണ് അതിരൂപതയിലെ വൈദികര്‍ എന്നും സൂചനയുണ്ട്.

ഫാ.അഗസ്റ്റിന്‍ വട്ടോളിയെ നിശബ്ദനാക്കേണ്ടത് എറണാകുളം കേന്ദ്രീകരിച്ചുള്ള ഭൂമാഫിയയുടെയും ആവശ്യമാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഫാ.വട്ടോളിയുടെ സാന്നിധ്യം ഇവരെ ഭയപ്പെടുത്തുന്നു. അതിരൂപതയിലെ ഭൂമി വിവാദ ഇടപാട് തുടക്കത്തിലെ പിടികൂടിയതിനാല്‍ ഭൂമാഫിയ നോട്ടമിട്ടിരുന്ന അതിരൂപതയുടെ പല പ്ലോട്ടുകളുടെ വില്‍പ്പനയും നടക്കാതെ പോയിരുന്നു.

Ads by Google
ബീന സെബാസ്റ്റ്യന്‍
Thursday 22 Nov 2018 07.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW