Tuesday, August 20, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 04.00 PM

കണ്ണിലെ പൊയ്കയിലെ ചിരിത്തിളക്കം

''നിഷ്‌കളങ്കമായ ചിരി സമ്മാനിച്ച് മലയാളികളുടെ മനസിലിടം നേടിയ അഭിനേത്രി നിമിഷ സജയന്റെ സിനിമാ വിശേഷങ്ങളിലൂടെ...''
uploads/news/2018/11/266060/nimishasanji191118.jpg

തനി നാടന്‍ നായിക, ഈ വിശേഷണം മലയാള സിനിമയില്‍ നിമിഷ സജയന് സ്വന്തം. മുംബൈയില്‍ നിന്ന് സിനിമ എന്ന സ്വപ്നം കൈയെത്തിപ്പിടിക്കാന്‍ കേരളത്തിലെത്തിയ നിമിഷയെ പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ തന്നെ സ്വതസിദ്ധമായ അഭിനയശൈലി കാഴ്ചവച്ച നിമിഷയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പ്രഗദ്്ഭരായ സംവിധായകര്‍ക്കൊപ്പം, അഭിനേതാക്കള്‍ക്കൊപ്പം കൈനിറയെ സിനിമകള്‍. ബോക്സോഫീസില്‍ ഹിറ്റായ മാംഗല്യം തന്തുനാനേനയ്ക്ക് ശേഷം ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ റിലീസാകുന്നതിന്റെ തിരക്കിലാണ് നിമിഷ.

ദിലീഷ് പോത്തന്റെ സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങി മധുപാലിന്റെ സിനിമ വരെ എത്തുമ്പോള്‍..?


തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്ക് സെലക്ട് ചെയ്യുമ്പോള്‍ എനിക്ക് മലയാളം ശരിക്കറിയില്ലായിരുന്നു. എന്നെ ശ്രീജയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ദിലീഷേട്ടനാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും കഴിഞ്ഞ് മുംബൈയില്‍ എത്തിയപ്പോഴാണ് രാജീവേട്ടന്റെ കോള്‍ എന്നെ തേടിയെത്തുന്നത്.

നിമിഷ ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങ് പോരെഎന്ന് പറഞ്ഞു. ഞാന്‍ വേറെ ഒന്നും ചോദിച്ചില്ല, എനിക്ക് രാജീവേട്ടനെ വിശ്വാസമാണ്. അങ്ങനെയാണ് ഈടയിലെത്തുന്നത്. പിന്നീട് മധുപാല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തു. അദ്ദേഹം വളരെ ഓപ്പണ്‍ മൈന്‍ഡഡാണ്. ഷൂട്ടിനിടയില്‍ എന്തെങ്കിലും സംശയം ചോദിച്ചാല്‍ തിരക്കാണെങ്കിലും അതൊക്കെ മാറ്റിവച്ച് അടുത്തിരുത്തി സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

പിന്നെ സനല്‍ കുമാര്‍ ശശിധരന്‍, അദ്ദേഹത്തിന്റെ രീതി തന്നെ വ്യത്യസ്തമാണ്. ഓരോരുത്തരുടേയും ട്രീറ്റ്മെന്‍ഡ് ഓരോ തരത്തിലായിരുന്നു. സിനിമയുടെ നാല് യൂണിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ചിറങ്ങിയതുപോലെയാണ് തോന്നുന്നത്.

സൗമ്യ സദാനന്ദന്‍ എന്ന സംവിധായികയുടെ സിനിമയില്‍ അഭിനയിച്ചപ്പോള്‍?


സൗമ്യ ചേച്ചി വിളിച്ചപ്പോള്‍ തന്നെ സന്തോഷം തോന്നി. ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയിലേക്ക് ഒരുപാട് സ്ത്രീ സംവിധായകര്‍ വരുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം തോന്നുന്നു. ആണ്‍ പെണ്‍ സംവിധായകരുടെ കാഴ്ചപ്പാടുകള്‍ എപ്പോഴും രണ്ടുതരത്തിലായിരിക്കും. അവരുടെ പേഴ്‌സ്‌പെക്റ്റിവ് വ്യത്യസ്തമായിരിക്കും.

ഒരു സംവിധായികക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന എക്‌സ്പീരിയന്‍സ് വേറെ ആണ്. മാത്രമല്ല ഡോക്യുമെന്ററിയില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ ആള്‍ കൂടിയാകുമ്പോള്‍ അതില്‍ക്കൂടുതല്‍ വേറെ എന്ത് വേണം.

മാംഗല്യം തന്തുനാനേനയിലൂടെ ആദ്യമായി സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കി?


തൊണ്ടി മുതലില്‍ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ ദിലീഷേട്ടന്‍ ശ്രമിച്ചിരുന്നു. ശ്രീജ ഒരു നാടന്‍ പെണ്‍കുട്ടിയാണ്. ഇംഗ്ലീഷ് കലര്‍ന്നുള്ള സംസാരം കൊണ്ട് ആ കഥാപാ്രതത്തിന് ഡബ്ബ് ചെയ്യാന്‍ കഴിയില്ലായിരുന്നു. സ്രിന്റ ചേച്ചിയാണ് (സ്രിന്റ അര്‍ഹാന്‍) എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ഈടയിലാകട്ടെ എന്റെ കഥാപാത്രത്തിന്റേത് കണ്ണൂര്‍ സ്ലാങ്ങായിരുന്നു. എനിക്കതൊട്ടും പരിചയമില്ല.

മാംഗല്യം തന്തുനാനേയില്‍ വന്നപ്പോള്‍ ഡബ്ബ് ചെയ്ത് നോക്കാമെന്ന് സൗമ്യ ചേച്ചി പറഞ്ഞു. ചില വാക്കുകളൊന്നും എനിക്ക് വഴങ്ങില്ലായിരുന്നു. ഒരുപാട് സമയമെടുത്താണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. എങ്കിലും സ്വന്തം കഥാപാത്രത്തിന് എന്റെ തന്നെ ശബ്ദം കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

uploads/news/2018/11/266060/nimishasanji191118b.jpg

അഭിനേത്രി എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ കൂടിയതായി തോന്നിയോ?


സിനിമയിലല്ല, എന്നിലുള്ള ഉത്തരവാദിത്തങ്ങള്‍ കൂടിയതായി തോന്നുന്നുണ്ട്. പലരും ഈട ഇപ്പോഴാണ് കാണുന്നത്. കഥാപാത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകണം, അമ്മുവിനെപ്പോലെ, ശ്രീജയെപ്പോലെയുള്ള കഥാപാത്രങ്ങളാണ് ഇനി സെലക്ട് ചെയ്യേണ്ടതെന്നുള്ള ധാരാളം മെസേജുകള്‍ എനിക്ക് കിട്ടുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ എന്നില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.

മുംബൈ പോലൊരു നഗരത്തില്‍ ജനിച്ചുവളര്‍ന്നിട്ടും തികച്ചും സാധാരണക്കാരിയാണ് നിമിഷ?


മുംബൈയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഞാനൊരു സാധാരണക്കാരിയാണ്. സാധാരണ പെണ്‍കുട്ടികളെപ്പോലെയാണ് ജീവിച്ചതും. പഠനവും മുംബൈയില്‍ തന്നെയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഹാങ്ഔട്ടുകളൊന്നുമില്ലായിരുന്നു. കോളജ്, വീട് ഇതൊക്കെത്തന്നെയായിരുന്നു ലോകം.

സിനിമയില്‍ വന്നപ്പോഴും എനിക്ക് കിട്ടിയതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. ഇതുവരെ ചെയ്ത സിനിമകളുടെയെല്ലാം കഥപറയാന്‍ വരുമ്പോള്‍ ഈ കഥാപാത്രത്തെകുറിച്ച് ആലോചിച്ചപ്പോ ള്‍ തന്നെ മനസില്‍ വന്നത് നിമിഷയാണെന്ന്് അവരെല്ലാം പറഞ്ഞിട്ടുമുണ്ട്.

മുംബൈ ലൈഫ് മിസ് ചെയ്യുന്നുണ്ടോ?


കുറച്ചൊക്കെ. ഞാന്‍ ജനിച്ചു വളര്‍ന്നതവിടെയാണ്. ഓര്‍മ്മവച്ച നാള്‍ മുതലുള്ള ഓര്‍മ്മകളെല്ലാം മുംബൈ റിലേറ്റഡാണ്. ജനിച്ചു വളര്‍ന്ന വീട്, പഠിച്ച സ്‌കൂള്‍, അധ്യാപകര്‍, എന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ അതെല്ലാം മിസ് ചെയ്യും.

സിനിമ സ്വപ്നമായി മാറിയത്?


ഞാന്‍ കുഞ്ഞായിരുന്ന സമയത്ത് അന്ധേരിയില്‍ ഓഡീഷനുകളില്‍ പങ്കെടുക്കുമായിരുന്നെന്ന് മമ്മി പറഞ്ഞിട്ടുണ്ട്. ഏഴാംക്ലാസ്വരെ ഞാന്‍ ബോയ്കട്ട് ചെയ്യുമായിരുന്നു. അന്നൊക്കെ എന്നെ കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നില്ലായിരുന്നു. ലൂസ് ടീ ഷര്‍ട്ടും ജീന്‍സുമൊക്കെയിട്ട് ടോം ബോയ് ലുക്കായിരുന്നു അന്ന്. പിന്നീട് പഠനത്തിലായി ശ്രദ്ധ.

പിന്നീട് എേപ്പാഴോ മനസില്‍ സിനിമ ഒരു സ്വപ്നമായി കടന്നുകൂടി. മീഡിയ റിലേറ്റഡായ കോഴ്സുകളെന്തെങ്കിലും പഠിക്കാനായിരുന്നു ഇഷ്ടം. അങ്ങനെയാണ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കുന്നത്. ആ സമയത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയുടെ ഓഡീഷനില്‍ പങ്കെടുക്കുന്നത്.

അംഗീകാരങ്ങളേറെ ലഭിച്ച തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെക്കുറിച്ച്?


സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ, പുതിയതായി എത്തിയ എനിക്ക് അത്രയും നല്ലൊരു കഥാപാത്രം ലഭിച്ചതുതന്നെ വലിയൊരു കാര്യമാണ്. തുടക്കത്തില്‍ ഇത്രയും നല്ലൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. സുരാജേട്ടനാകട്ടെ, ഫഹദിക്കയാവട്ടെ രാജീവേട്ടനാകട്ടെ ദേശീയ അവാര്‍ഡ് നേടിയവരാണ്.
uploads/news/2018/11/266060/nimishasanji191118c.jpg

അവര്‍ക്കൊപ്പം അഭിനയത്തിന്റെ എ.ബി.സി.ഡി പോലുമറിയാതെയാണ് ഞാന്‍ അഭിനയിച്ച് തുടങ്ങുന്നത്. ഇന്നും ശ്രീജയുടെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. ആ സിനിമയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.

സുരാജ് വെഞ്ഞാറമ്മൂട് മുതല്‍ യൂത്ത് സ്റ്റാര്‍ ടൊവിനോയ്ക്കൊപ്പം വരെ അഭിനയിച്ചു?


ആദ്യ ചിത്രത്തില്‍ സുരാജേട്ടനും ഫഹദിക്കയുമൊക്കെ അഭിനയിക്കുമ്പോള്‍ ഞാനത് നോക്കി ഇരിക്കുമായിരിന്നു. അവര്‍ ക്യാമറയെ ഫേസ് ചെയ്ത് മുമ്പില്‍ ഒരാളുണ്ടെന്ന് സങ്കല്‍പ്പിച്ച് അഭിനയിക്കുന്നത് കാണുമ്പോള്‍ എനിക്കത് അദ്ഭുതമായിരുന്നു.

ഷെയ്നാണെങ്കില്‍ കരയുന്ന സീനില്‍ കരഞ്ഞുകൊണ്ടേയിരിക്കും. കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അപ്രോച്ചാണ് കുഞ്ചാക്കോ ബോബന്റേത്. ടോവിനോ ചേട്ടനാണെങ്കില്‍ ഡീറ്റെയ്ല്‍ഡായി വര്‍ക്ക് ചെയ്യുന്ന ആളാണ്.

സ്വപ്ന കഥാപാത്രങ്ങള്‍?


കഥാപാത്രങ്ങളേക്കാള്‍ സിനിമകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സൈക്കോ കില്ലര്‍, ക്രൈംസീരീസിലുള്ള രമണ്‍ രാഘവ്, ബോണ്‍ ഗേള്‍ പോലെയുള്ള സിനിമകളില്‍ അഭിനയിക്കണമെന്നുണ്ട്. സാധാരണ അങ്ങനെയുള്ള സിനിമകളില്‍ ആണുങ്ങളാണ് അഭിനയിക്കുന്നത്. ഒരു സീരിയല്‍ കില്ലറായ ലേഡിയായി അഭിനയിക്കണമെന്നുണ്ട്.

നിമിഷയുടെ പോസിറ്റീവും നെഗറ്റീവും?


പോസിറ്റീവ് എന്താണെന്നയില്ല. നെഗറ്റീവ് എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഭയങ്കര ഇമോഷണലാണ്. എനിക്കിഷ്ടമുള്ളവര്‍ എന്നെ വഴക്കു പറഞ്ഞാല്‍ ഞാന്‍ കരയും. ഭയങ്കര സെന്‍സിറ്റീവാണ്. ഷോര്‍ട്ട് ടെമ്പേഡാണ്. പെട്ടെന്ന് ദേഷ്യം വരും അതുപോലെ തണുക്കുകയും ചെയ്യും. ദേഷ്യമൊന്ന് കുറയ്ക്കണമെന്ന് എന്നോട് പലരും പറഞ്ഞു. പിന്നെ ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരിക്കും. എനിക്ക് വെറുതെയിരിക്കാന്‍ പറ്റില്ല.

സപ്പോര്‍ട്ടീവായി ഒപ്പം നില്‍ക്കുന്നവര്‍?


നോ ഡൗട്ട്സ് എന്റെ പേരന്റ്സ്. പിന്നെ രാജീവേട്ടന്‍(സംവിധായകന്‍ രാജീവ് രവി). അവരൊക്കെ വളരെ പോസിറ്റിവിറ്റി തരുന്നവരാണ്. പിന്നെ കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. സിനിമയിലാണെങ്കില്‍ അനു സിതാരയാണ് അടുത്ത സുഹൃത്ത്. അനു ചേച്ചി ഭയങ്കര പോസിറ്റീവാണ്. ചെയ്യുന്നത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയും, രാജീവേട്ടനും അങ്ങനെയാണ്. തെറ്റു ചെയ്താല്‍ വഴക്ക് പറയും. അവരാണ് എനിക്ക് പോസിറ്റീവ് എനര്‍ജി തരുന്നത്.

നൃത്തം, സ്പോര്‍ട്‌സ് അഭിരുചികള്‍?


നൃത്തം പഠിച്ചിട്ടില്ല. പ്രാക്ടീസും കുറവാണ്. പക്ഷേ പെര്‍ഫോം ചെയ്യാറുണ്ട്. ചെറുപ്പം മുതല്‍ മാര്‍ഷ്വല്‍ ആര്‍ട്സ് പഠിക്കുന്നുണ്ടായിരുന്നു. തായ്ക്വോണ്ടയില്‍ ബ്ലാക് ബെല്‍റ്റുണ്ട്. പക്ഷേ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യാറേയില്ല.

കുടുംബം?


അച്ഛന്‍ സജയന്‍ എന്‍ജിനീയറാണ്. മമ്മി ബിന്ദു വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കൊപ്പം ലൊക്കേഷനില്‍ വരുന്നതുകൊണ്ട് ജോലി ഉപേക്ഷിച്ചു. ചേച്ചി നീതു പൂനൈയില്‍ വര്‍ക്ക് ചെയ്യുന്നു. ചേച്ചിയാണ് വീട്ടിലെ പ്രധാന ക്രിട്ടിക്. ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് മുഖത്ത് നോക്കി പറയും. സിനിമയാണെങ്കിലും എന്റെ കഥാപാത്രമാണെങ്കിലും ചേച്ചിയതിനെ വിലയിരുത്തും. അച്ഛനും അമ്മയും അങ്ങനെ ഓപ്പണായി പറയാറില്ല. ചേച്ചിയുടെ ക്രിട്ടിസിസമാണ് എന്റെ പ്ലസ് പോയിന്റ്.
uploads/news/2018/11/266060/nimishasanji191118a.jpg

മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്?


ഇപ്പോഴത്തെ മീ ടൂ മൂവ്മെന്റ് നല്ലതുതന്നെയാണ്. പലര്‍ക്കും ചെറിയൊരു പേടിയൊക്കെ ഉണ്ടാവും. പക്ഷേ പെണ്‍കുട്ടികളെ പ്രതികരിപ്പിക്കാന്‍ പഠിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്നു തോന്നുന്നു. ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ പ്രതികരിക്കണം. അപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കാനാകും. ഇനി ഇത്തരമൊരു ക്യാംപെയ്ന്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനുവേണ്ടിയാകണം.

ഒരാള്‍ നമ്മളോട് ചെയ്തത് അല്ലെങ്കില്‍ പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായല്ലെന്ന് പറയണം. എല്ലാവര്‍ക്കുമത് കഴിഞ്ഞെന്ന് വരില്ല. തെറ്റു കണ്ടാല്‍ പ്രതികരിക്കാന്‍ വീട്ടില്‍ നിന്നു തന്നെ പഠിക്കണം. അങ്ങനെ ചെയ്തു തുടങ്ങിയാല്‍ തന്നെ മാറ്റമുണ്ടാകും. ആരെങ്കിലും മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. മുഖമടച്ചൊന്ന് കൊടുക്കാന്‍ പറ്റിയാല്‍ ഏറ്റവും നല്ല കാര്യം.

പുതിയ പ്രോജക്ടുകള്‍?


സനല്‍ കുമാര്‍ ശശിധരന്‍ സാറിന്റെ ചോലയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ ഇതുവരെ ചെയ്തതില്‍വച്ച് വേറിട്ടൊരു വേഷമായിരിക്കും ചിത്രത്തിലേത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW