Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 03.40 PM

കൗമാരക്കാരുടെ സാമൂഹ്യ ജീവിതം: ആരോഗ്യകരമായതെന്ത്?

Teenage Social Life: What’s Healthy?

സാമൂഹ്യ ബന്ധങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ പ്രാധാന്യമുള്ള സംഗതിയാണ്, പ്രത്യേകിച്ച് കൗമാരക്കാരെ സംബന്ധിച്ചിടത്തോളം. സജീവമായ സാമൂഹ്യ ജീവിതത്തിന് അവരുടെ ശാരീരിക ക്ഷേമവുമായും ബന്ധമുണ്ടെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

കൗമാര പ്രായത്തിൽ സുഹൃത്തുക്കളുടെ സ്വാധീനം വളരെ വലുതായിരിക്കും. കാരണം, കൗമാരക്കാർ കുടുംബാംഗങ്ങളുമൊത്ത് ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ സമയം സുഹൃത്തുക്കൾക്കും സമപ്രായക്കാർക്കുമൊപ്പമാവും ചെലവഴിക്കുന്നത്.

ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന്റെ പ്രാധാന്യം (Importance of Healthy Social Life)


ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതം ആരെ സംബന്ധിച്ചിടത്തോളവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കൗമാരത്തിന്റെ വിഷമകരമായ ഘട്ടങ്ങളിൽ അവർ തനിച്ചാവുന്നത് നന്നായിരിക്കില്ല.

1. ആരോഗ്യകരമായ സാമൂഹിക ജീവിതം കൗമാരക്കാരിൽ തങ്ങൾ അംഗീകരിക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുകയും കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും. ഇവ രണ്ടും നിങ്ങളുടെ കൗമാരക്കാരന്/കൗമാരക്കാരിക്ക് മൊത്തത്തിലുള്ള വികാസത്തിന്, അത് വൈകാരികമായാലും സാമൂഹികമായാലും, അത്യാവശ്യമാണ്. ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുന്നത് ഭീഷണികളെയും പരിഹാസങ്ങളെയും മറ്റും നേരിടുന്നതിന് സഹായകമായിരിക്കും.

2. നല്ല സുഹൃത്തുക്കൾ കൗമാരക്കാരുടെ ജീവിതത്തെ പോസിറ്റീവായി സ്വാധീനിക്കും. സുഹൃത്തുക്കൾ പൊതുവായ താല്പര്യങ്ങൾ പങ്കുവയ്ക്കുന്നവരായതിനാൽ, അവർക്ക് നിങ്ങളുടെ കൗമാരക്കാരന്/കൗമാരക്കാരിക്ക് ശരിയായ തെരഞ്ഞെടുപ്പുകൾക്കുള്ള മാർഗനിർദേശം നൽകാൻ സാധിക്കും. സുഹൃത്തുക്കൾക്കിടയിലുള്ള ആരോഗ്യകരമായ മത്സരം അവരെ ശരിയായ പാതയിലൂടെ നയിക്കുന്നതിനും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും സഹായിക്കും.

3. ഹോർമോൺ മാറ്റങ്ങൾ മൂലം കൗമാര പ്രായം ഉയർച്ചകളും താഴ്ചകളും നിറഞ്ഞ, പിരിമുറുക്കം നിറഞ്ഞ, ഒരു ഘട്ടമായിരിക്കും. നല്ല സുഹൃത്തുക്കൾ ഈ വിഷമഘട്ടത്തിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. സുഹൃത്തുക്കൾ കൂടെയുള്ളതു കാരണം, മാതാപിതാക്കളുമായും സഹോദരങ്ങളുമായും സ്കൂളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് അവർക്ക് അനായാസമായി തോന്നും.

Teenage Social Life: What’s Healthy?

4. പൊതുവെ പിരിമുറുക്കം നിറഞ്ഞ ഈ ഘട്ടത്തിൽ, തമാശകൾ ആസ്വദിക്കുന്നതിനും ലാഘവത്വം കൈവരിക്കുന്നതിനും സഹായിക്കുമെന്നതാണ് സുഹൃദ്ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.

അനാരോഗ്യകരമായ സാമൂഹിക ജീവിതം (Signs of Unhealthy Social Life)


സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നത് നിങ്ങളുടെ കൗമാരക്കാരന്/കൗമാരക്കാരിക്ക് അനുകൂലമായ പല ഗുണങ്ങളും നൽകും. എന്നാൽ, സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യവുമാണ്. അനാരോഗ്യകരമായ സാമൂഹിക ജീവിതത്തിന്റെ ചില സൂചനകളെക്കുറിച്ചാണ് ഇനി പറയുന്നത്;

1. നിരീക്ഷണത്തിൽ നിന്ന് ഒഴിവാകുന്നതിനായി, എവിടെ പോകുന്നുവെന്ന് പറയാതിരിക്കുകയോ അതേക്കുറിച്ച് കള്ളം പറയുകയോ ചെയ്യുക. നിങ്ങളുടെ കുട്ടി ഇത്തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ, അവൻ/അവൾ ഒരു നല്ല സാമൂഹിക വൃത്തത്തിലല്ല എന്ന സൂചനയാണ് നൽകുന്നത്.

2. സമപ്രായക്കാരുമായി ഇടപെടുന്നതിൽ വിമുഖത കാട്ടുക.
3. പഠനത്തിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതും അനാരോഗ്യകരമായ സാമൂഹികബന്ധത്തിന്റെ സൂചനയാണ്.

4. രക്ഷകർത്താക്കളോടും സഹോദരങ്ങളോടും കുടുംബത്തോടുമുള്ള സമീപനത്തിൽ മാറ്റമുണ്ടാവുകയും അവരിൽ നിന്ന് അകലുകയും പ്രതിരോധാത്മകമോ രഹസ്യാത്മകമോ ആയ നിലപാട് സ്വീകരിക്കുകയും ചെയ്യുക.
5. കൂടുതൽ സമയം സാമൂഹ്യ സൈറ്റുകളിൽ ചെലവഴിക്കുക, രാത്രി വൈകിയും ഫോണിൽ സംസാരിക്കുക.

കൗമാരക്കാരുടെ സാമൂഹ്യ ജീവിതത്തിനു മാർഗനിർദേശം നൽകുന്നതിനുള്ള ടിപ്പുകൾ (Tip to Guide Your Teen’ Social Life)


നിങ്ങളുടെ കൗമാരക്കാരൻ/കൗമാരക്കാരി, ശരിയായ സാമൂഹ്യ ചുറ്റുപാടിലല്ല ഇടപെടുന്നത് എന്ന് മനസ്സിലായാൽ, അവർക്ക് നിങ്ങളിൽ നിന്ന് മുമ്പത്തെക്കാൾ കൂടുതൽ പിന്തുണയും മാർഗനിർദേശവും ആവശ്യമുണ്ടെന്ന് മനസ്സിലാക്കുക.

1. മകന്റെ/മകളുടെ ജീവിതത്തിൽ സജീവമായി ഇടപെടുക. എന്നാൽ, തടസ്സപ്പെടുത്തലുകളോ ആധിപത്യം സ്ഥാപിക്കലോ ഉണ്ടാകരുത്.
2. കുട്ടിയെയോ സുഹൃത്തുക്കളെയോ കുറ്റപ്പെടുത്താൻ തുനിയരുത്.
3. ശ്രദ്ധയോടെ ചുവടുവയ്ക്കുക. എവിടെ പിടിമുറുക്കണമെന്നും വിട്ടുകൊടുക്കണമെന്നും മനസ്സിലാക്കുക.

4. നല്ല സുഹൃത്തുക്കൾ ഉണ്ടാകുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് മകൻ/മകളുമായി ശാന്തമായി ചർച്ച ചെയ്യുക. നിങ്ങൾ മക്കളുടെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കാൻ മുതിരരുത്, അവർക്ക് സുഹൃത്തുക്കളെ ബുദ്ധിപൂർവം തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശം നൽകുക.
5. സാഹചര്യം അനുകൂലമല്ലെങ്കിൽ മാത്രം സമാധാന ലംഘനം നടത്തുക. പഴഞ്ചൊല്ലിൽ പറയുന്നതുപോലെ, വിലക്കപ്പെട്ട കനിക്കാവുമല്ലോ രുചി കൂടുതൽ. മകൻ/മകളുമായി ഉച്ചത്തിൽ വാഗ്വാദം നടത്തുന്നതിനു പകരം, ഒഴിവാക്കേണ്ട സൗഹൃദങ്ങളെക്കുറിച്ച് യുക്തിപൂർവം സംസാരിക്കുക.

Teenage Social Life: What’s Healthy?

6. കൗമാരക്കാരുടെ സുഹൃത്തുക്കളെക്കുറിച്ചു മാത്രമല്ല, അവരുടെ കുടുംബത്തെക്കുറിച്ചും മനസ്സിലാക്കുക. കുടുംബങ്ങൾ തമ്മിൽ ബന്ധപ്പെടുന്നത് കുട്ടികളുടെ സാമൂഹ്യ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ സഹായിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ പക്ഷപാതരഹിതമായിരിക്കാൻ ശ്രദ്ധിക്കുക. തുറന്ന മനസ്സോടെ ഇടപെടുക.

7. കുട്ടിയിൽ ഹോബികളും താല്പര്യങ്ങളും വളർത്തിയെടുക്കാൻ പ്രോത്സാഹനം നൽകുക. ഇത് ഫലപ്രദമായി സമയം വിനിയോഗിക്കാൻ അവരെ സഹായിക്കും.

8. സ്നേഹത്താലും പിന്തുണയാലും സുരക്ഷിതത്വം നൽകുന്നതാണ് കൗമാരക്കാരെ സഹായിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി. ഏത് അവസരത്തിലും സഹായത്തിനായി ഭയരഹിതമായി നിങ്ങളെ സമീപിക്കാം എന്ന വിശ്വാസം അവരിൽ സൃഷ്ടിച്ചെടുക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നതിൽ ‘താല്പര്യമില്ല’ എന്ന് പറയാൻ അവരെ പഠിപ്പിച്ചെടുക്കുക. എപ്പോഴും അവർക്കൊപ്പമുണ്ട് എന്ന വിശ്വാസം നേടിയെടുക്കുന്നതിലൂടെ അവർക്ക് നിങ്ങളോട് ഏതു വിഷയവും മടികൂടാതെ സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം ലഭിക്കും.

കൗമാരക്കാർ വളരുമ്പോൾ ഏതു തരത്തിലുള്ള വ്യക്തിയായിരിക്കും എന്ന് നിശ്ചയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് അവരുടെ സാമൂഹിക ജീവിതം. സുസ്ഥിരമായ കുടുംബാന്തരീക്ഷം, പരസ്പരം സ്നേഹിക്കുന്ന കുടുംബാംഗങ്ങൾ, തുറന്ന ആശയവിനിമയം, സ്നേഹിക്കപ്പെടുന്നു എന്ന സുരക്ഷിതത്വബോധം എന്നിവ കൗമാരക്കാരെ സ്വാഭാവികമായും നിഷേധാത്മക സ്വാധീനങ്ങളിൽ നിന്ന് അകറ്റുകയും ശരിയായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനു സഹായിക്കുകയും ചെയ്യും.

കടപ്പാട്: modasta.com

Ads by Google
Monday 19 Nov 2018 03.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW