Wednesday, August 21, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
അനിത മേരി ഐപ്പ്‌
Monday 19 Nov 2018 10.43 AM

ഇവര്‍ ആഴങ്ങളിലെ രക്ഷകര്‍: അഗ്നിശമനസേനയുടെ ചുണക്കുട്ടന്മാരായ സ്‌കൂബ ഡൈവേഴ്‌സ് സുസജ്ജം

Scuba divers, Fire force

ജലാശയങ്ങളില്‍ അപകടം ഉണ്ടായാല്‍ നൂറടി താഴ്ച്ചയില്‍വരെ മുങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തിയുള്ള അഗ്‌നിശമനസേനയുടെ ചുണക്കുട്ടന്മാരായ സ്‌കൂബ ഡൈവേഴ്സ് സജ്ജം. സ്വിമ്മിംഗ് പൂളില്‍ തുടങ്ങി ക്വാറിയിലും പുഴയിലും മുങ്ങി നിവര്‍ന്ന് കടലില്‍ തിരമാലകളോടു മല്ലിട്ട് രണ്ടാഴ്ച്ചയോളം നീണ്ട സേനാംഗങ്ങളുടെ സ്‌കൂബ ഡൈവിംഗ് പരിശീലനം പൂര്‍ത്തിയായി. ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ കാഴ്ച്ചക്കാകേണ്ടി വരുന്ന ഫയര്‍ഫോഴ്സിന്റെ ദുരവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമാകുന്നതാണ് ഇത്തരം പരിശീലനങ്ങള്‍.

പ്രളയത്തെത്തുടര്‍ന്ന് സേനാംഗങ്ങള്‍ക്കു സ്‌കൂബ ഡൈവിംഗില്‍ വിദഗ്ധ പരിശീലനം ലഭ്യമാക്കാനുള്ള നടപടികള്‍ക്കായി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്നു മാസം മുന്‍പ് ഫോര്‍ട്ട് കൊച്ചിയില്‍ സ്‌കൂബ ഡൈവിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.

ഇരുപത്തഞ്ചോളം പേരാണ് ഇതിനകം ഇവിടെനിന്നു പരിശീലനം നേടിയത്. ഫയര്‍ഫോഴ്സിന് സ്‌കൂബാ ഡൈവേഴ്സ് ഉണ്ടെങ്കിലും കേരളത്തില്‍ ആദ്യമായിട്ടാണ് വിദഗ്ധ പരിശീലനം നല്‍കാന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.
മുങ്ങല്‍ വിദഗ്ധനും വൈപ്പിന്‍ ഫയര്‍ സ്റ്റേഷനില്‍ അസി. സ്റ്റേഷന്‍ ഓഫീസറുമായ എ.ടി. ജോഷിയുടെ നേതൃത്വത്തിലാണ് ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ സ്‌കൂബാ പരിശീലനം പുരോഗമിക്കുന്നത്.

2011 മുതല്‍ സ്‌കൂബാ ഡൈവിംഗ് പരിശീലന രംഗത്ത് സജീവമാണ് എ.ടി. ജോഷി. കേരളത്തിലുടനീളം ആയിരത്തോളം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഒന്‍പതോളം പേരാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഇവര്‍ ശാസ്താംമുകളിലെ നൂറടിയിലധികം താഴ്ച്ചയുള്ള പാറമടയിലും പെരിയാറിലെ ആഴമേറിയ ഭാഗത്തും കടലിലുമായി പരിശീലനം പൂര്‍ത്തിയാക്കി.

മുങ്ങല്‍ വിദഗ്ധന് വെള്ളത്തിനടിയില്‍ കഴിയാനുള്ള യന്ത്രമാണ് സെല്‍ഫ് കണ്ടെയിന്റ് അണ്ടര്‍വാട്ടര്‍ ബ്രീത്തിങ് അപ്പാരറ്റസ് എന്ന സ്‌കൂബാ സെറ്റ്. ശുദ്ധവായു നിറച്ച സിലിന്‍ഡറും ഒരു ബോയന്‍സി കോമ്പന്‍സേറ്റര്‍ യന്ത്രവും (ബി.സി.ഡി.) ആണ് ഇതിലുള്ളത്. ശരീരത്തിന്റെയും വെള്ളത്തിന്റെയും സാന്ദ്രത ഒരേ തോതില്‍ നിലനിര്‍ത്തി വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ ഇവ സഹായിക്കും. മാസ്‌ക്, ഫിന്‍സ്, സിലിണ്ടര്‍, റഗുലേറ്റര്‍, ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാന്‍ വെയ്റ്റ് ബെല്‍റ്റ്, കത്തി, ടോര്‍ച്ച് എന്നിവയും സെറ്റിലുണ്ടാകും.

സിലിന്‍ഡറില്‍ നിറച്ചിട്ടുള്ള ശുദ്ധവായു ഉപയോഗിച്ച് അരമണിക്കൂര്‍വരെ ഒരാള്‍ക്കു വെള്ളത്തിനടിയില്‍ കഴിയാനാകും. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ മുകള്‍ത്തട്ടിലേക്കു പൊങ്ങിവരുന്നതിന് ബി.സി.ഡി. സഹായിക്കും. വെള്ളത്തിനടിയില്‍ സ്വയരക്ഷയ്ക്കുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും പരിശീലിപ്പിക്കും. ഇവ യഥാസമയം കൃത്യമായി ഉപയോഗിക്കാനറിയുക എന്നതാണ് പ്രധാനം.
ആധുനിക യന്ത്രസാമഗ്രികള്‍ ലഭ്യമാണെങ്കിലും സേനയില്‍ മുങ്ങല്‍ പരിശീലനത്തിന് ആകര്‍ഷണീയത കുറവാണ്. വളരെ അപകടം പിടിച്ച ഈ ജോലിക്ക് ഇന്‍ഷുറന്‍സ് സംവിധാനമോ പ്രത്യേക അലവന്‍സൊന്നും സേന നല്‍കുന്നില്ല. അതുകൊണ്ടു തന്നെ കൂടുതല്‍പേര്‍ ഈ രംഗത്തേക്കു കടന്നുവരാന്‍ മടിക്കുന്നുണ്ട്. ഉപകരണങ്ങള്‍ക്കു കേടുപാട് ഉണ്ടായാല്‍ പകരം കിട്ടാനില്ലാത്തതും വാങ്ങാനുള്ള പണച്ചെലവും സേനയെ വലയ്ക്കുന്നുണ്ട്.

സ്‌കൂബ ഡൈവേഴ്സിന് ശാരീരിക ക്ഷമത വലിയ ഘടകമാണെന്നു പരിശീലകനായ എ.ടി. ജോഷി പറഞ്ഞു. വെള്ളത്തിനടിയില്‍ ആഴം കൂടുന്നതിനനുസരിച്ച് മര്‍ദത്തിന്റെ തോതും കൂടും. അതിനനുസരിച്ച് ശരീരം നിലനിര്‍ത്തണം. പലര്‍ക്കും ഇതു സാധിച്ചെന്നു വരില്ല. ശാരീരീക ബുദ്ധിമുട്ടനുഭവപ്പെടുന്നവരെ തിരിച്ചയക്കും. ജലാശയങ്ങളില്‍ അപകടമുണ്ടായാല്‍ നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ വരുന്നതുവരെ കാത്തിരിക്കാതെ അഗ്‌നിശമനസേനാംഗങ്ങള്‍ക്കു സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW