Tuesday, August 20, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 17 Nov 2018 01.04 PM

ഓരോ ദിവസവും ഹോസ്പിറ്റലില്‍ ആ ഡോക്ടര്‍ അഞ്ചു മുലകള്‍ മുറിച്ചുകളയുന്നുണ്ട്, എന്തുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് മുലകള്‍ മുറിച്ചു കളയേണ്ടി വരുന്നത്?: ചര്‍ച്ചയായി ഒരു കുറിപ്പ്

breast cancer

തിരുവനന്തപുരം: ഇപ്പോള്‍ സ്ത്രീകളില്‍ അധികമായി കണ്ടു വരുന്ന ഒന്നാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തി ചികിത്സിക്കാത്തത് മൂലം പലര്‍ക്കും സ്തനങ്ങള്‍ മുറിച്ചുമാറ്റേണ്ടതായി വരാറുണ്ട്. ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെകണ്ടെത്താന്‍ സഹായിക്കും. അര്‍ബുദം ഗുരുതരമായി ബാധിക്കുന്നതില്‍ നിന്നും ഇത്തരം പരിശോധനകള്‍ രക്ഷിച്ചേക്കാം. ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

വിനീത അനില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ താന്‍ മാമ്മോഗ്രാം ചെയ്യാനായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പോയ സമയത്തുണ്ടായ അനുഭവമാണ് വിവരിക്കുന്നത്. ഓരോ ദിവസവും ഹോസ്പിറ്റലില്‍ ആ ഡോക്ടര്‍ അഞ്ചു മുലകള്‍ മുറിച്ചുകളയുന്നുണ്ട്. ഒരുപാട് കാന്‍സര്‍ ഹോസ്പിറ്റലുകളുണ്ട് കേരളത്തില്‍. അത്രയേറെ മുലകളും മുറിച്ചുനീക്കപ്പെടുന്നു. കാരണം കേരളത്തില്‍ ബ്രെസ്റ്റ് കാന്‍സര്‍ നിരക്ക് വളരെക്കൂടുതലാണ്. പെണ്ണിന്റെ ശരീരത്തില്‍ കാന്‍സര്‍ വന്നാല്‍ ഏറ്റവും വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള കാന്‍സറുകളില്‍ ഒന്നാണ് 'ബ്രെസ്റ്റ് കാന്‍സര്‍' എന്ന് ഡോക്ടര്‍ പറഞ്ഞതിനെക്കുറിച്ചും വിനീത വിവരിക്കുന്നു.

വിനീതയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആറുമാസം മുമ്പായിരുന്നു ഞാന്‍ മാമ്മോഗ്രാം ചെയ്യാന്‍ വേണ്ടി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പോയത്. പരിശോധനയ്ക്കായി കയറ്റിയ റൂമില്‍ ഡോക്ടറും ഒരു നഴ്‌സും ഉണ്ടായിരുന്നു. ഒരു കര്‍ട്ടന്‍ ഇട്ടു മറച്ചിരിക്കുകയാണ് ഡോക്ടറുടെ സീറ്റ്. വസ്ത്രം മാറിയശേഷം ഡോക്ടര്‍ വരുന്നതും കാത്ത് ആ തണുത്ത ടേബിളില്‍ കിടക്കുമ്പോളാണ് കര്‍ട്ടനപ്പുറെ നിന്നും ഒരു പുരുഷന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടത്. സ്വാഭാവികമായ ജിജ്ഞാസയാല്‍ കര്‍ട്ടന്‍ മാറ്റിനോക്കി.

മുപ്പത്തഞ്ചോളം പ്രായം തോന്നിക്കുന്നൊരാളാണ് കരയുന്നത്. കരയുന്നതിനോടൊപ്പം റിപ്പോര്‍ട്ട് പിടിച്ച ഡോക്ടറുടെ കൈകളില്‍ പിടിച്ചിട്ടുമുണ്ട്. 'മൂന്ന് കുഞ്ഞു മക്കളാണ് ഡോക്ടര്‍... എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?' ഡോക്ടറുടെ മുഖത്തു നിര്‍വ്വികാരത മാത്രം. അദ്ദേഹം അവിടെയിരിക്കുന്നയാളോട് ഒരു പ്രഭാഷണം തന്നെ നടത്തി. അയാള്‍ക്കത് എത്രത്തോളം മനസിലായിട്ടുണ്ടാവുമെന്നറിയില്ല. അത്രയേറെ സ്പീഡിലായിരുന്നു സംസാരം. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്.

'ഓരോ ദിവസവും ഹോസ്പിറ്റലില്‍ ആ ഡോക്ടര്‍ അഞ്ചു മുലകള്‍ മുറിച്ചുകളയുന്നുണ്ട്. ഒരുപാട് കാന്‍സര്‍ ഹോസ്പിറ്റലുകളുണ്ട് കേരളത്തില്‍. അത്രയേറെ മുലകളും മുറിച്ചുനീക്കപ്പെടുന്നു. കാരണം കേരളത്തില്‍ ബ്രെസ്റ്റ് കാന്‍സര്‍ നിരക്ക് വളരെക്കൂടുതലാണ്. പെണ്ണിന്റെ ശരീരത്തില്‍ കാന്‍സര്‍ വന്നാല്‍ ഏറ്റവും വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള കാന്‍സറുകളില്‍ ഒന്നാണ് 'ബ്രെസ്റ്റ് കാന്‍സര്‍', 'ഗര്‍ഭപാത്രകാന്‍സറിനേ'ക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണിത്. ''

ഡോക്ടറുടെ രോഗികളില്‍ 99 ശതമാനം പേരും കൃത്യസമയത്തു രോഗം തിരിച്ചറിയാഞ്ഞതിനാല്‍ ബ്രെസ്റ്റ് മുറിച്ചുകളയേണ്ടി വന്നവരാണ്. കേരളത്തിലെ സ്ത്രീകളില്‍
ഭൂരിഭാഗം പേരും നാണക്കേടും ഭയവും കാരണം ഒരു പരിധിവരെ പരിശോധനയ്ക്ക് തയ്യാറാവുന്നില്ല എന്നതാണ് കാരണം. അയാളുടെ ഭാര്യക്കും അതാണ് സംഭവിച്ചിരിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ തേഡ് സ്റ്റേജ് ആണ്. ശ്രമിക്കാം എന്നല്ലാതെ എത്രത്തോളം വിജയിക്കുമെന്ന് പറയാനാവില്ല.

റിസള്‍ട്ട് നെഗറ്റീവ് ആണെന്ന സന്തോഷവുമായി ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോളും, അയാളുടെ കരച്ചിലും, പുറത്തയാളെയും കാത്ത്, കയ്യിലൊരു കുഞ്ഞുമായിരിക്കുന്ന വെളുത്തുമെലിഞ്ഞ യുവതിയുടെ മുഖവും മനസ്സില്‍ തങ്ങിനിന്നു. അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും കുഞ്ഞുങ്ങളോടൊപ്പം സന്തോഷമായിരിക്കുന്നുവെന്നും വെറുതെ ചിന്തിക്കാറുണ്ട് ഇപ്പോളും ഞാനിടയ്ക്കിടെ.

അന്നത്തെ പരിശോധനയ്ക്ക് എനിക്ക് ആകെ ചെലവായത് 500 രൂപയില്‍ താഴെയാണ്. എന്നിട്ടും, എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങള്‍ പരിശോധനയ്ക്ക് തയ്യാറാവാത്തത്? ഉത്തരം ഒന്നേയുള്ളു 'വിവരമില്ലായ്മ.' നമ്മുടെ ശരീരം നമ്മുടെ അഭിമാനമാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യവും കടമയുമാണെന്ന തിരിച്ചറിവാണ് പെണ്ണുങ്ങളെ നമുക്കാദ്യം വേണ്ടത്. ലജ്ജിക്കേണ്ടിടത്തു മാത്രം ലജ്ജിക്കൂ. അനാവശ്യമായ അപകര്‍ഷതാബോധവും നാണവും ഭയവും നമ്മുടെ ശത്രുവാണെന്നു തിരിച്ചറിയൂ. നമ്മുടെ ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.

Ads by Google
Ads by Google
Loading...
TRENDING NOW