Tuesday, August 20, 2019 Last Updated 22 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 03.11 PM

മന്ത്രവാദി ഗണിച്ചു പറഞ്ഞ സ്ഥലം വന്‍തുക മുടക്കി പാട്ടത്തിനെടുത്തു, പണിക്കാരെ നിര്‍ത്തി രാപകലില്ലാത്ത അധ്വാനം: യുവാക്കളുടെ ‘നിധിവേട്ട’ ഒടുവില്‍ പൊളിഞ്ഞു!

Land digging story

മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സുഹൃത്തുക്കളായ യുവാക്കള്‍ നിധിയുണ്ടെന്ന് ലക്ഷണം പറഞ്ഞ സ്ഥലത്ത് ഖനനം നടത്തിയത്. സുഹൃത്തുക്കളായ കല്ലായി കിഴിപ്പറമ്പ്, പയ്യാനക്കല്‍ സ്വദേശികളായ യുവാക്കളാണ് തങ്ങള്‍ക്ക് നല്ലകാലം വരുന്നുണ്ടെന്നും വലിയൊരു നിധി കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് നിധി അന്വേഷണത്തിന് ഇറങ്ങിയത്. ദിശയും ഭൂമിയുടെ ആകൃതിയുമെല്ലാം അടയാളപ്പെടുത്തി നല്‍കി. വൈകാതെ സ്ഥലത്ത് നിര്‍മാണം തുടങ്ങി നിധിയെടുത്ത് വരാനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം.

വേളൂരിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് മന്ത്രവാദി പറഞ്ഞ ലക്ഷണങ്ങള്‍ യുവാക്കള്‍ കണ്ടെത്തിയത്. ഭൂവുടമയോട് മോഹന വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തു. ഈ ഭൂമിയിലെ രണ്ട് ഈന്ത് മരത്തിനടിയിലാണ് നിധിയെന്നാണ് യുവാക്കളോട് മന്ത്രവാദി ലക്ഷണം പറഞ്ഞിരുന്നത്. ചെരുപ്പ് നിര്‍മാണ യൂണിറ്റിലെ മാലിന്യം സംസ്‌കാരിക്കാനെന്നാണ് ഭൂവുടമയെ വിശ്വസിപ്പിച്ചത്. വന്‍ തുക വാടക കിട്ടിയപ്പോള്‍ ഉടമ ഖനനം നടന്നയിടത്തേക്ക് പിന്നീട് എത്തിയില്ല. ഇരുപത്തി നാല് മണിക്കൂറും വിശ്വസ്ത തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ജോലി നടത്തിയത്. ചെറിയ കുഴിയുണ്ടാക്കുന്നതിന് പോലും യന്ത്രസഹായം തേടുന്ന ഈ സമയത്ത് അതെല്ലാം ഒഴിവാക്കി ഖനനത്തിന് കായികാധ്വാനമായിരുന്നു തേടിയത്. ശബ്ദം പുറത്തായാല്‍ നാട്ടുകാര്‍ കാര്യം തിരക്കി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍.

നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മൂന്ന് ദിവസം പണി നിര്‍ത്തി. പിന്നീട് രാപ്പകലില്ലാതെ വിശ്വസ്തരെ ഇറക്കി ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു യുവാക്കള്‍ ശ്രമിച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള പണികളല്ലാതിരുന്നിട്ടും നാലുവശവും ഷീറ്റ് കൊണ്ട് മറച്ചാണ് നിധി തേടിയുള്ള മണ്ണെടുപ്പ് നടന്നത്. നാട്ടുകാരുമായി സഹകരണമില്ലാതിരിക്കാന്‍ വാഹനത്തിലാണ് പണിക്കാരെ കൊണ്ടു വന്ന് മടക്കിക്കൊണ്ട് പോയിരുന്നത്. നാട്ടുകാരുമായി യാതൊരുവിധ ബന്ധവുമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യസമയത്ത് ആഹാരവും കുടിവെള്ളവും പണിയിടത്തിലേക്ക് യുവാക്കള്‍ നേരിട്ടെത്തിച്ചിരുന്നു. ഒരുമാസത്തിലധികം കുഴിച്ചിട്ടും പണിതീരാത്തതും യന്ത്രം ഉപയോഗിക്കാത്തതിന്റെ കാരണം തിരക്കിയതിനെത്തുടര്‍ന്നുള്ള സംശയവുമാണ് രഹസ്യം പരസ്യമായത്.

നാല്‍പ്പത്തി ഒന്ന് ദിവസത്തെ ഖനനത്തിനൊടുവില്‍ കനപ്പെട്ടതൊന്നും കിട്ടിയിട്ടില്ലെന്നാണ് യുവാക്കളുടെ മൊഴി. ഇത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇവര്‍ക്ക് തക്കതായെന്തെങ്കിലും കിട്ടിയിട്ടുണ്ടാകാമെന്ന സംശയമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് അത്തോളി പൊലീസ് സംഘം. മന്ത്രവാദിയെ കണ്ടെത്തേണ്ടതുണ്ട്. ഭൂവുടമയ്ക്ക് കാര്യങ്ങളറിയാന്‍ കഴിഞ്ഞിരുന്നോ. പ്രത്യേക സംഘമാണോ കാര്യങ്ങള്‍ നിയന്ത്രിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അന്വേഷണത്തിന് പുരാവസ്തു വകുപ്പിന്റെ സഹായവും തേടാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഓരോദിവസവും വിശദമായ പൂജ നടത്തിയതിന് ശേഷമാണ് പണികള്‍ ചെയ്തിരുന്നതെന്നാണ് പ്രാഥമിക വിവരം. മരം മുറിച്ച് നീക്കുന്നതിന് പകരം പൂര്‍ണമായും ചുവട്ടിലെ മണ്ണ് മാറ്റി പിഴുതെടുക്കുകയാണുണ്ടായത്. ഈന്തില്‍ ഒരെണ്ണം നിലംപൊത്തിയതിന് പിന്നാലെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്.

Ads by Google
Wednesday 14 Nov 2018 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW