Friday, August 23, 2019 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 01.29 PM

ആവേശക്കാഴ്ചയായി ഒൻപതാമത്‌ റിയാദ് കേളി ഫുട്ബോൾ ടൂർണ്ണമെന്റിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് ചാമ്പ്യന്മാരായി

uploads/news/2018/11/264870/Gulf141118b.jpg

റിയാദ്‌: സൗദി റിയാദിലേയും പരിസരപ്രദേശങ്ങളിലേയും കാൽപന്തുകളി പ്രേമികൾക്ക്‌ കഴിഞ്ഞ രണ്ട്‌ മാസത്തിലേറെയായി ഉത്സവമായി മാറിയ ഡബിൾഹോഴ്സ്‌ കപ്പിനു വേണ്ടിയുള്ള ഒൻപതാമത്‌ കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്‌ നസ്രിയയിലെ റയൽ മഡ്രിഡ്‌ അക്കാഡമി സ്റ്റേഡിയത്തിൽ സമാപനമായി.

പ്രതികൂലകാലാവസ്ഥയെ അവഗണിച്ചുകൊണ്ട് കേളി ഫുട്‍ബോളിന്റെ കലാശപോരാട്ടം കാണാനെത്തിയ കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ പാരമ്യത്തിലെത്തിച്ച മത്സരത്തിനൊടുവിൽ ഐ.ബി.ടെക് ലാന്റേണ്‍ എഫ്സിയെ കീഴ്‌പ്പെടുത്തി എ.സി.ടി സോലുഷന്‍ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് ഡബിള്‍ ഹോര്‍സ് കപ്പിൽ മുത്തമിട്ടു. ഇരു ടീമുകളും തുടക്കം മുതലേ ആക്രമണത്തിൽ കേന്ദ്രീകരിച്ച മത്സരത്തിൽ ഇരു പകുതികളിലായി നേടിയ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്സ് എഫ്.സി, ലാന്റേണ്‍ എഫ്സിയെ തോല്പിച്ചത്.

സ്‌കോർ സൂചിപ്പിക്കുമ്പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ദേശീയ താരങ്ങളെ അടക്കം ടീമിലെത്തിച്ച് ഇരു ടീമുകളും കലാശക്കളിയില്‍ കപ്പിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാടി. തുല്യ ശക്തികളുടെ ആക്രമണ-പ്രത്യാക്രമണങ്ങളാല്‍ ആവേശോജ്ജ്വലമായ മത്സരത്തില്‍ മികച്ച ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, തുടക്കം മുതലേ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. കളിയുടെ ഏഴാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുന്നേറ്റം തടയുന്നതിനിടയില്‍ ലാന്റേണ്‍ എഫ്സി പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് ഫൌള്‍ ചെയ്തതിനു റഫറി വിധിച്ച പെനാല്‍റ്റി കിക്ക് ക്യാപ്റ്റന്‍ സജാദ് അതിവിദഗ്ദമായി വലയിലെത്തിച്ചു (1:0) ആദ്യ ഗോള്‍ നല്‍കിയ ആഘാതത്തില്‍ നിന്നും ഉണര്‍ന്ന് കളിച്ച ലാന്റേണ്‍ എഫ്സി ഒന്ന് രണ്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആഷിദ് അവ നിഷ്പ്രഭമാക്കി.

വേഗതകൊണ്ടും ഡ്രിബ്ലിംഗ് കൊണ്ടും എതിരാളികളെ വെള്ളം കുടിപ്പിച്ച ദേശീയതാരം അഫ്ദല്‍ കളിയുടെ ഇരുപത്തിയേഴാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ്നു വേണ്ടി രണ്ടാം ഗോള്‍ നേടി. ബാക്ക് വിങ്ങില്‍ നിന്നും ലഭിച്ച ലോംഗ് പാസ്‌ വിദഗ്ദമായി കണ്ട്രോള്‍ ചെയ്ത് നടത്തിയ ഒറ്റയാള്‍ മുന്നേറ്റം ഗോളിയെ വെട്ടിച്ച് വലയിലെത്തിച്ചു. (2:0) ആദ്യപകുതിക്ക് ശേഷം കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ ലാന്റേണ്‍ എഫ്സിയുടെ മുന്നെറ്റനിരയെ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്സ് എഫ്സി പ്രതിരോധം നന്നേ വിയർക്കേണ്ടിവന്നു.

രണ്ടാംപകുതിയുടെ ഇരുപതാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഫൌള്‍ ചെയ്തതിനു ലാന്റേണ്‍ എഫ്സിക്കനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഫാരിസ് എടുത്ത കിക്ക് ഒരു ഫുള്‍ ഡൈവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആഷിദ് രക്ഷപ്പെടുത്തി. കളിയിലേക്ക് തിരിച്ചുവരാന്‍ ലഭിച്ച അവസരം നഷ്ടമായതോടെ ലാന്റേണ്‍ എഫ്സി ക്യാമ്പില്‍ മൂകത പരന്നു. കളിയുടെ അവസാന നിമിഷങ്ങളില്‍ ആശ്വാസഗോള്‍ കണ്ടെത്താനുള്ള എല്‍.എഫ്സിയുടെ പരിശ്രമങ്ങളെ നിഷ്പ്രഭമാക്കി ഗോളുകള്‍ വഴങ്ങാതെ ടൂർണ്ണമെന്റിലെ ഗ്ലാമര്‍ ടീം ബ്ലാസ്റ്റേഴ്സ് വാഴക്കാട് ചാമ്പ്യന്മാരായി. നേരത്തെ കലാശകളിയുടെ പ്രായോജകരായ അബ്ദുള്‍ റഹ്മാന്‍ അല്‍ഘന്നാം എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധി സുകേഷ്, കേളി മുഖ്യരക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനര്‍ കെ.പി.എം സാദ്ദിക്ക്, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, സംഘാടകസമിതി ചെയര്‍മാര്‍ റഷീദ് മേലേതില്‍, കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൌണ്‍സിലര്‍ അനില്‍ നൌട്ടിയാല്‍ ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റ് മുഖ്യ പ്രായോജകരായ ഡബിള്‍ ഹോഴ്സ്സൗദി ഡിസ്ട്രിബ്യൂട്ടര്‍ എക്സീക്യുട്ടീവ് മാനേജര്‍ ഹസ്സന്‍ അല്‍ സഹ്റാനി, നിജില്‍ തോമസ്‌, മിഷാരി സാദൂന്‍, ഉമ്മര്‍ ഖാന്‍ സഫാമക്ക മാര്‍ക്കറ്റിംഗ് മാനേജര്‍ യഹിയ, അയ്‌മന്‍ ഫാത്തി, ശിഹാബ് കൊട്ടുകാട്, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ പ്രതിനിധി മുസ്തഫാ കവ്വായി, ഒ.ഐ.സി.സി.സി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, എന്‍.ആര്‍.കെ പ്രതിനിധി അഷ്‌റഫ്‌ വടക്കേവിള, മീഡിയ പ്രതിനിധികളായ ബഷീര്‍ പാങ്ങോട്, നാസര്‍ കാരന്തൂര്‍, കേളി മുഖ്യരക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനര്‍ കെ.പി.എം സാദ്ദിക്ക്, എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ചടങ്ങില്‍ വെച്ച് ബഷീര്‍ തൃത്താല കുടുംബസഹായ നിധിയിലേക്കുള്ള സംഭാവന കേളി ജീവ കാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചന്ദ്രനില്‍ നിന്നും അബ്ദുള്ള വല്ലാഞ്ചിറ ഏറ്റുവാങ്ങി. സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത് നന്ദിയും പറഞ്ഞു.

ഫൈനല്‍ മത്സരത്തിലെ മികച്ച താരമായും, ടൂർണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായും ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്റെ ആഷിദിനെ തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ലാന്റേണ്‍ എഫ്സിയുട തൌഫീഖും,ടോപ്‌ സ്കോറര്‍ ആയി സുബൈര്‍ (ബ്ലാസ്റ്റേഴ്സ് എഫ്.സി) തൌഫീഖ് (ലാന്റേണ്‍ എഫ്സി) എന്നിവരെയും തിരഞ്ഞെടുത്തു. ബഷീര്‍ തൃത്താലയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഫെയര്‍പ്ലേ ടീമിനുള്ള അവാര്‍ഡിനു ഹാഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്.സി വാഴക്കാട് അര്‍ഹരായി. വിജയികള്‍ക്കുള്ള ഡബിള്‍ഹോഴ്സ് കപ്പ്‌ ഡബിള്‍ ഹോഴ്സ് പ്രതിനിധികളായ ഹസ്സന്‍ അല്‍ സഹ്റാണി, മിഷ്ഹാരി സാദൂന്‍, നിജില്‍ തോമസ്‌ എന്നിവര്‍ സമ്മാനിച്ചു.

സമാപന സമ്മേളന വേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ച എ ട്രിബ്യൂട്ട് ടു ബാലഭാസ്കര്‍ എന്ന സംഗീതനൃത്ത പരിപാടി ഏവരുടെയും മനം കവര്‍ന്നു. ബാന്റ് മേളങ്ങളുടെയും കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയും ഫൈനല്‍ മത്സരങ്ങള്‍ക്ക് മിഴിവേകി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 14 Nov 2018 01.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW