Wednesday, August 21, 2019 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 11.33 AM

വലിച്ചെറിഞ്ഞ ടയറുകളും വീപ്പകളും പാര്‍ക്കുകളില്‍ അലങ്കാരമായി, പ്ലാസ്റ്റിക്കുകൊണ്ട് നടപ്പാതകള്‍: മാലിന്യം വീര്‍പ്പുമുട്ടിച്ച നഗരത്തെ പൊളിച്ചെഴുതിയത് ഇങ്ങനെ, പിന്നില്‍ ഐഎഎസ് ബുദ്ധി

Green Governance, IAS Officer,  Recycling Revolution

മാലിന്യം എന്ന ശാപം ഇല്ലാതാക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദ നിര്‍മാണത്തെക്കുറിച്ചും എല്ലാവരും പറയുമെങ്കിലും ആര്‍ക്കും എവിടെനിന്നു തുടങ്ങണമെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ല. ഈ അജ്ഞതയ്ക്ക് പരിഹാരമാവുകയാണ് ഹരി ചന്ദന ദസരി എന്ന യുവ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഹൈദരാബാദ് നഗരത്തിലെ പാര്‍ക്കുകളെല്ലാം ഇപ്പോള്‍ ഏവരെയും ആകര്‍ഷിക്കുകയാണ്. നഗര പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട് മാലിന്യമായി കിടക്കുന്ന ടയറുകളും വീപ്പകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യവും ഉപയോഗിച്ചാണ് നഗരത്തിലെ ഒഴിവുസമയത്തെ സജീവമാക്കുന്ന പാര്‍ക്കുകള്‍ അലങ്കരിച്ചിരിക്കുന്നത്.

ഫ്‌ലവര്‍ പോട്ടുകളും ചവറുകുട്ടകളും പോലും ഇത്തരത്തിലാണു നിര്‍മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം റീ സൈക്കിള്‍ ചെയ്താണ് നടപ്പാതകളെ വര്‍ണമനോഹരമാക്കുന്ന ടൈലുകള്‍ നിര്‍മിച്ചിരിക്കുന്നത്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാലിന്യത്തെ ഇല്ലാതാക്കുന്നതും അവയെ പുനരുപയോഗിച്ച് അതിശയകരമായി മാറ്റിയെടുക്കുകയും ചെയ്യുന്ന ഹരിത വിപ്ലവമാണ് ഇതിന്റെ സ്രഷ്ടാവും പ്രചാരകയുമായ ഈ ഐഎഎസ് ഓഫിസര്‍ നിര്‍വ്വഹിക്കുന്നത്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ (വെസ്റ്റ് സോണ്‍) സോണല്‍ കമ്മിഷണറാണ് ഇപ്പോള്‍ ദസരി. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ മാലിന്യം പുനരുപയോഗിച്ച് പ്രയോജനപ്രദമാക്കുന്ന അനേകം പദ്ധതികള്‍ നടപ്പാക്കി മാതൃകയായിക്കൊണ്ടിരിക്കുകയാണ് ദസരി. മുനിസിപ്പല്‍ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ വഴിയരികിലും മറ്റും കൂടിക്കിടക്കുന്ന ടയറുകളും മറ്റു മാലിന്യങ്ങളും കണ്ടപ്പോള്‍ രണ്ടുവര്‍ഷം മുമ്പാണ് ദസരിയുടെ മനസ്സില്‍ പുതിയൊരു ആശയത്തിന്റെ വിത്തു മുളയ്ക്കുന്നത്. പിന്നീടിങ്ങോട്ട് ഇത്തരത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമമായിരുന്നു.

Green Governance, IAS Officer,  Recycling Revolution

Green Governance, IAS Officer,  Recycling Revolution

മാലിന്യത്തില്‍ നിന്നു വേര്‍തിരിച്ചെടുത്ത വസ്തുക്കളാല്‍ നിര്‍മിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് ഇപ്പോള്‍ നഗരത്തില്‍ ആവശ്യക്കാരേറെയാണെന്നും ദസരി പറയുന്നു. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചു ചെലവു കൂടുതലാണ്. പക്ഷേ, നഗരങ്ങള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തില്‍നിന്നുള്ള മോചനം കൂടിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നു മറക്കരുത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ' ഗിവ് ആന്‍ഡ് ടേക്ക്' കേന്ദ്രങ്ങളാണ് ദസരിയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവര്‍ത്തനം. ആര്‍ക്കും ഈ കേന്ദ്രങ്ങളില്‍ എന്തും സംഭാവനയായി നിക്ഷേപിക്കാം. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ഇവിടെ നിക്ഷേപിക്കപ്പെടുന്നതെന്തും എടുക്കാം. മൂന്നു ചുമരുകള്‍ മാത്രമുള്ള ഗിവ് ആന്‍ഡ് ടേക് സെന്ററുകള്‍ നിര്‍മിച്ചിരിക്കുന്നതും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു വേര്‍തിരിച്ചെടുത്ത സാധനങ്ങള്‍ പുനരുപയോഗിച്ചാണ്.

Green Governance, IAS Officer,  Recycling Revolution

പാര്‍ക്കുകളിലെയും സര്‍ക്കാര്‍ ഓഫിസുകളിലെയും ബദല്‍ നിര്‍മാണരീതികള്‍ മനസ്സിലാക്കിയതോടെ നഗരപ്രദേശത്തു താമസിക്കുന്നവരില്‍ നിന്നും ഓര്‍ഡറുകള്‍ വന്നു. അതുകഴിഞ്ഞപ്പോള്‍ മുംബൈ, പുണെ എന്നിങ്ങനെ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന നഗരങ്ങളിലെ അധികൃതരും ദസരിയെ സമീപിച്ചു തുടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് ഒരുതരത്തിലുള്ള മാലിന്യവും പുറത്തു പോകുന്നില്ല എന്നതും ദസരി ഉറപ്പാക്കിയിട്ടുണ്ട്. കോംപാക്റ്റ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാണ് വീട്ടില്‍ നിന്നുള്ള മാലിന്യത്തെ പടികടത്തുന്നത്. വ്യക്തിജീവിതത്തിലായാലും പൊതുജീവിതത്തിലായായും ഹരി ചന്ദന ദസരി മാതൃകയാണ്. ഒരു ദശകത്തിലധികമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കുമായി ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ബാംബു ഹൗസ് ഇന്ത്യ എന്ന സ്ഥാപനവുമായും ദസരി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW