Wednesday, August 07, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 02.51 PM

ആഘോഷങ്ങളില്‍ തിളങ്ങട്ടെ

''ഇനി കാലാവസ്ഥയ്ക്ക് ചേരുന്ന തരത്തിലും ആഘോഷങ്ങള്‍ക്കനുസരിച്ചും മാറ്റംവരുത്താവുന്ന ഇന്റീരിയര്‍ പരീക്ഷിച്ചുനോക്കൂ. ''
uploads/news/2018/11/263855/rebuildkerala101118a.jpg

പ്രതീക്ഷിക്കാതെയെത്തിയ പ്രളയം പല വീടുകളേയും തകര്‍ത്തു. സ്വപ്നഭവനങ്ങള്‍ പലതും പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചു. ചെളിയും പൊടിയുമൊക്കെ കഴുകി വൃത്തിയാക്കിയപ്പോഴേക്കും നവരാത്രിയടക്കമുള്ള ആഘോഷനാളുകളുമെത്തി. വീടിന്റെ നഷ്ടപ്പെട്ട ഭംഗി എങ്ങനെ തിരിച്ചു പിടിക്കാമെന്ന ചിന്തയിലായിരിക്കും പലരും.

ഇനി മാറിവരുന്ന കാലാവസ്ഥയ്ക്കു ചേരുന്ന തരത്തിലും ആഘോഷങ്ങള്‍ക്കനുസരിച്ചും മാറ്റാവുന്ന രീതിയില്‍ ഇന്റീരിയര്‍ ഒരുക്കിയാലോ? അതിനൊക്കെ ഒരുപാട് സമയം വേണ്ടേ എന്ന് ചിന്തിക്കാന്‍ വരട്ടെ. ചെറിയ ചില കാര്യങ്ങളിലൂടെ വീടിന്റെ അകത്തളത്തിനെ മാറ്റിയെടുക്കാം.

പുതിയമുഖം.


വീട്ടില്‍ മുന്‍പ് ഇല്ലാതിരുന്ന പുതുമകളെന്തെങ്കിലും കൊണ്ടുവരാനാണ് ആദ്യം ശ്രമിക്കേണ്ടത്. പെബിള്‍ കോര്‍ട്ട്, വാട്ടര്‍ ബോഡി, വാള്‍ ക്ലാഡിങ് എന്നിവയൊക്കെ പരീക്ഷിക്കാം.മിനിമലിസ്റ്റിക് ശൈലിയില്‍ ഇന്റീരിയര്‍ ഒരുക്കിയാല്‍ കൂടുതല്‍ നന്ന്. പിന്നീട് എളുപ്പത്തില്‍ മാറ്റങ്ങള്‍ വരുത്താനാകും. മുറികളില്‍ ഫിക്‌സഡ് എലമെന്‍ഡ്സ് പരമാവധി കുറച്ച് ഇടയ്ക്കിടെ മാറ്റിവയ്ക്കാവുന്നവ തെരഞ്ഞെടുക്കുക. ഇവയില്‍ ചെറിയ മാറ്റം വരുത്തുമ്പോള്‍ തന്നെ മുറിക്ക് ഫ്രഷ്ഫീല്‍ ലഭിക്കും.

കര്‍ട്ടനുകളും കുഷ്യന്‍ കവറുകളും ബ്ലാക്, ഗ്രേ, വൈറ്റ്, ബെയ്ജ് എന്നിങ്ങനെയുള്ള നിറങ്ങളിലുള്ളവ തെരഞ്ഞെടുക്കൂ. ഈ നിറങ്ങള്‍ മറ്റു നിറങ്ങളും ശൈലികളുമായി യോജിക്കുന്നവയാണ്. ഡെക്കോറിലും ഫര്‍ണിഷിങ്ങിലും ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ ഇത്തരം നിറങ്ങളോ ന്യൂട്രല്‍ ഷെയ്ഡ്‌സോ തെരഞ്ഞെടുക്കുക. പ്ലഗ് പോയിന്റും ടിവിയുടെ സ്ഥാനവുമൊക്കെ മുന്‍പേ ക്രമീകരിച്ചിട്ടുള്ളതിനാല്‍ അവയില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ല.

അതിനാല്‍ സോഫാസെറ്റ്, കട്ടില്‍ എന്നിങ്ങനെ പ്രധാന ഫര്‍ണ്ണിച്ചറിന്റെ അറേഞ്ച്മെന്റ്സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം.പ്ലഗ് പോയിന്റ്, ടിവി യൂണിറ്റ് എന്നിവയ്ക്ക് തടസം വരാത്ത രീതിയില്‍ ഫര്‍ണ്ണിച്ചറുകളുടെ മൂന്ന്, നാല് അറേഞ്ച്മെന്റ്സ് മനസിലാക്കി വയ്ക്കുക. നാലു മാസം കൂടുമ്പോള്‍ ഈ ക്രമത്തില്‍ മാറ്റിയിടാം. അതിഥികള്‍ക്കായി ഇരിപ്പിടമൊരുക്കിയ ലിവിങ് ഏരിയയിലെ ഫോക്കല്‍ പോയിന്റില്‍ ചെറിയ റൗണ്ട് ടേബിള്‍ ഇടാം. വിശേഷ ദിവസങ്ങള്‍, സീസണ്‍ എന്നിങ്ങനെ ഓരോ സമയത്തും ഈ ടേബിളിലെ ക്യൂരിയോസ് മാറ്റാം.

uploads/news/2018/11/263855/rebuildkerala101118b.jpg

ആഘോഷങ്ങളെത്തുമ്പോള്‍


ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ കേരളത്തനിമയില്‍ വീടലങ്കരിക്കാം. പഴയ കേരള സാരികള്‍ കളയാതെ സൂക്ഷിച്ചാല്‍ കര്‍ട്ടനും കുഷ്യന്‍ കവറുകളുമാക്കി മാറ്റാം. കര്‍ട്ടന്റെ താഴ്വശത്ത് കസവ് ബോര്‍ഡര്‍ വരുന്ന രീതിയില്‍ തയ്ച്ചാല്‍ കൂടുതല്‍ ഉചിതം. അലങ്കാരത്തിന് കഥകളി രൂപവും ചുണ്ടന്‍വള്ളവും ആനയുമൊക്കെയായാല്‍ ലിവിങ് റൂമിന് കേരളത്തനിമയുമായി.

ലിവിങ് റൂമിനെ മനോഹരമാക്കാന്‍ ഷോ പീസുകള്‍ തേടി കടകള്‍ തോറുമലയേണ്ട. പഴയ പിച്ചള പാത്രവും ഉരുളിയുമൊക്കെ പുറത്തെടുത്ത് മിനുക്കിയെടുത്ത് ഷോ പീസ് ആക്കി വയ്ക്കാം.നവരാത്രി, ദീപാവലി ആഘോഷവേളകളില്‍ ഹോട്ട് നിറങ്ങളും ആക്സസറീസും പരീക്ഷിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് പോലുള്ള നിറങ്ങളിലെ കര്‍ട്ടന്‍, ചെയര്‍ ബാക്ക് എന്നു തുടങ്ങി ടേബിള്‍ മാറ്റിലും കിച്ചന്‍ ടൗവ്വലിലും വരെ ഈ നിറങ്ങള്‍ പരീക്ഷിക്കാം.

ആധുനികശൈലിയില്‍ പണികഴിപ്പിച്ച വീടാണെങ്കില്‍ അലങ്കാരങ്ങളില്‍ അല്‍പം വെസ്റ്റേണ്‍ ടച്ച് കൊണ്ടുവരാം. ഉപയോഗശൂന്യമായ ബള്‍ബ്, ചെറിയ കുപ്പികള്‍ എന്നിവയില്‍ അല്‍പം വെള്ളം നിറച്ച് പൂക്കള്‍ തണ്ടോടുകൂടി ഇട്ടുവയ്ക്കാം. ഇവ ടേബിളില്‍ തന്നെ വയ്ക്കണമെന്നില്ല. ഇവ കയറില്‍ കെട്ടി നിരനിരയായി തൂക്കിയിടുകയുമാവാം.

മഴയെത്തും മുന്‍പേ


മഴക്കാലത്തെ പ്രധാന പ്രശ്നം വീടിനുള്ളിലെ വെളിച്ചക്കുറവാണ്. ജനലിന് അഭിമുഖമായി വരുന്ന ഭിത്തിയില്‍ വലിയ കണ്ണാടി വയ്ക്കുകയോ ലൈറ്റ് കളറില്‍ ഗ്ലോസി വാള്‍പേപ്പര്‍ ഒട്ടിക്കുകയോ ചെയ്താല്‍ വെളിച്ചക്കുറവ് പരിഹരിക്കാം. ഇതില്‍ പ്രതിഫലിക്കുന്ന വെളിച്ചം മുറിയിലാകെ പ്രതിഫലിക്കും. മഴക്കാലത്ത് ഉപയോഗിക്കുന്ന കര്‍ട്ടനുകള്‍ നേര്‍ത്ത തുണികൊണ്ടുള്ള അധികം പ്ലീറ്റുകളുള്ളതാവട്ടെ.

നേര്‍ത്ത തുണിയാണെങ്കില്‍ നനഞ്ഞാല്‍ എളുപ്പം ഉണങ്ങും. ന്യൂട്രല്‍ ഷെയ്ഡുകളിലുള്ള കര്‍ട്ടനുകളാണ് നല്ലത്. മഴക്കാലത്ത് വാതിലിന് പുറത്ത് കയര്‍ കൊണ്ടുള്ള മാറ്റിടാം. അകത്തളങ്ങളിലാകട്ടെ മുള, ജ്യൂട്ട്, മോയ്സ്ചര്‍ റെസിസ്റ്റന്റ് മാറ്റ് എന്നിവയാകാം. മഴക്കാലത്ത് കറന്റ് പോകുമ്പോള്‍ മാത്രമല്ല മെഴുകുതിരിയുടെ ഉപയോഗം.

മുറികളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതുമൂലമുള്ള ദുര്‍ഗന്ധമകറ്റാന്‍ സുഗന്ധമുള്ള മെഴുകുതിരി കത്തിച്ചാല്‍ മതിയാകും. പല ആകൃതിയിലും വലിപ്പത്തിലുമുള്ള മെഴുകുതിരി സ്റ്റാന്റ് കൂടിയുണ്ടെങ്കില്‍ മുറികള്‍ക്ക് എലഗന്‍ഡ് ലുക്ക് കിട്ടും.

വേനല്‍ച്ചൂടില്‍


വേനലെത്തുന്നതിന് മുന്‍പു തന്നെ വീടിനുള്ളില്‍ ചൂട് കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തണം. ഇതിനായി ജനാലകളില്‍ സണ്‍ഷെയ്ഡ് നല്‍കാം. പ്രകാശം കടത്തിവിടുകയും എന്നാല്‍ ചൂട് തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്ന ഗ്ലാസുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ടെറസില്‍ വെള്ള പെയിന്റടിക്കാം. വീടിനകത്തെ ചൂട് കുറയ്ക്കാനും ശുദ്ധവായു ക്രമീകരിക്കാനും ഇന്റീരിയര്‍ പ്ലാന്റ്സ് വളര്‍ത്താം.
uploads/news/2018/11/263855/rebuildkerala101118c.jpg

വെയില്‍ അധികമെത്തുന്ന ജനാലയ്ക്കരികില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നതാണ് ഉചിതം. വേനലില്‍ ഷീര്‍ കര്‍ട്ടനുകളാണ് കൂടുതല്‍ ഇണങ്ങുന്നത്. പ്രധാനകര്‍ട്ടന്റെ പിന്നിലായി മറ്റൊരു കര്‍ട്ടനിടുന്നതാണിത്. നെറ്റ്, ഓര്‍ഗന്‍സ പോലുള്ള നേര്‍ത്ത തുണികളിലുള്ള ഷീര്‍ കര്‍ട്ടന്‍ ആവശ്യത്തിന് വായുസഞ്ചാരമൊരുക്കുന്നതിനൊപ്പം പൊടിയും മറ്റും കടത്തിവിടുകയുമില്ല.

വെളിച്ചം കൂടുതല്‍ വേണ്ടപ്പോള്‍ മെയിന്‍ കര്‍ട്ടന്‍ മാറ്റി ഷീര്‍ കര്‍ട്ടന്‍ മാത്രമായി ഉപയോഗിക്കാം. ഇന്റീരിയറില്‍ സമ്മര്‍ ഫീല്‍ കൂടി കിട്ടാന്‍ ഫ്ളോറല്‍ പ്രിന്റഡ് കോട്ടന്‍ ലിനന്‍ തുണികള്‍ കൊണ്ടുള്ള ചെയര്‍ബാക്ക്, കുഷ്യന്‍ കവര്‍, ബെഡ് സ്പ്രെഡ് എന്നിവ തെരഞ്ഞെടുക്കാം. കോണ്‍ട്രാസ്റ്റ് നിറങ്ങളിലുള്ള വലിയ ഫ്ളോറല്‍ പ്രിന്റുകളാണെങ്കില്‍ കൂടുതല്‍ നന്ന്. ഫ്ളവര്‍വേസിലും പരീക്ഷണങ്ങളാവാം. ഓറഞ്ച്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ഫ്ളവര്‍വേസ് നിറയ്ക്കാം.

കുട്ടിപ്പട്ടാളത്തിനായ്


പരീക്ഷക്കാലമാകുമ്പോള്‍ കുട്ടികളുടെ മുറിയില്‍ നിന്ന് പഠനത്തില്‍ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള വസ്തുക്കള്‍ മാറ്റി വയ്ക്കാം. ലിവിങ്് റൂമിലേക്കോ കട്ടിലിലേക്കോ ശ്രദ്ധ എത്താത്ത രീതിയില്‍ സ്റ്റഡി സ്പേസ് ക്രമീകരിക്കാം. സ്റ്റഡി ടേബിള്‍ ജനാലയ്ക്കരികില്‍ ക്രമീകരിക്കുന്നതാണ് ഉചിതം.
അവധിക്കാലമായാല്‍ വീടിനുള്ളില്‍ പരമാവധി സ്ഥലം കിട്ടുന്ന രീതിയില്‍ ഫര്‍ണ്ണിച്ചര്‍ ഭിത്തിയോട് ചേര്‍ത്തിടാം.

താഴെ വീണാല്‍ പൊട്ടാന്‍ സാധ്യതയുള്ളവയൊക്കെ ഒതുക്കി വയ്ക്കണം. ഗ്ലോസി ടൈലുകളാണ് കുട്ടികളുടെ മുറിയിലെങ്കില്‍ ഗ്രിപ് ഉള്ള റാഗ് വിരിക്കാം. തെന്നിവീഴുമെന്ന പേടി വേണ്ട. ചൂടും പൊടിയും കൂടുതലായതിനാല്‍ ഫൈബര്‍, കോട്ടന്‍ മെറ്റീരിയലിലുള്ള ഓറഞ്ച്, മഞ്ഞ, അക്വാ ബ്ലൂ എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കാം. ഇവ സമ്മറിന് ഇണങ്ങുന്ന നിറങ്ങളായതിനാല്‍ മുറികള്‍ക്ക് വ്യത്യസ്തമായ ലുക്കും സമ്മാനിക്കാം.

അശ്വതി അശോക്

Ads by Google
Saturday 10 Nov 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW