Tuesday, August 20, 2019 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 02.43 PM

പോയ്മറഞ്ഞു ഉദയസൂര്യന്‍

''വയലിന്‍ തന്ത്രികളിലൂടെ സംഗീതലോകത്തെ തരംഗമായി മാറിയ ബാലഭാസ്‌കര്‍ ഇനി ജനമനസുകളില്‍ ജീവിക്കും. ആ വയലിന്‍ തന്ത്രികള്‍ മീട്ടിയ ഗാനങ്ങള്‍ പോലെ അനശ്വരമായ പ്രണയത്തെ ശേഷിപ്പിച്ചാണ് ബാലഭാസ്‌കറിന്റെ നിത്യതയിലേക്കുള്ള മടക്കം. ''
uploads/news/2018/11/263572/balabaskerTRIBUTE091118a.jpg

നിനക്കായ് തോഴി പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം...

ഈ വരികളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനയറിയിച്ച ഈണം പകരുമ്പോള്‍ തന്റെ പ്രിയതമയ്ക്കായ് ഈ ഗാനം ബാക്കിയാകുമെന്ന് ബാലഭാസ്‌കര്‍ ചിന്തിച്ചിട്ടുണ്ടാവില്ല. വയലിന്‍ തന്ത്രികളിലൂടെ പ്രണയം ചാലിച്ചുചേര്‍ത്ത്, ഓരോ തവണ കേള്‍ക്കുമ്പോഴും സുഖമുള്ളൊരു നോവ് സമ്മാനിക്കുന്ന ആ മാസ്മരിക സംഗീതം ഇനി ഇല്ല.

വയലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ തെളിയുന്നത് പുഞ്ചിരി നിറഞ്ഞ ആ മുഖം മാത്രമാണ്. പതിനാറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ തേജസ്വിനി എന്ന കണ്‍മണിയെ ഒറ്റയ്ക്ക് യാത്രയാകാന്‍ അനുവദിക്കാതെ ബാലഭാസ്‌കറും അവള്‍ക്കൊപ്പം ചേര്‍ന്നു. പക്ഷേ ജീവന്റെ ജീവനായ ലക്ഷ്മിയെ തനിച്ചാക്കേണ്ടി വന്നു.

2017 ല്‍ കന്യകയ്ക്കുവേണ്ടി ബാലഭാസ്‌ക്കറുടെ അഭിമുഖത്തിനായ് ചെല്ലുമ്പോള്‍ കാണുന്നത് മുഖത്ത് നിറഞ്ഞ പുഞ്ചിരിയും കൈയില്‍ വയലിനുമായി സ്റ്റുഡിയോയില്‍ കാത്തിരിക്കുന്ന ബാലഭാസ്‌കറിനെയാണ്. ജീവന്റെ ജീവനായ വയലിനെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പ്രിയപത്നി ലക്ഷ്മിയെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന ആ കലാകാരന്‍ ഇനി ജനഹൃദയങ്ങളില്‍ മാത്രം.

ബാക്കിയായ സ്വപ്‌നങ്ങള്‍


വര്‍ണ്ണങ്ങള്‍ നിറഞ്ഞ സിനിമയുടെ മാന്ത്രികലോകം ഒരിക്കല്‍ പോലും ബാലഭാസ്‌കറെ സ്വാധീനിച്ചിട്ടില്ല. സ്റ്റേജുകളായിരുന്നു അദ്ദേഹത്തിന്റെ ലോകം.
സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മറ്റെന്തിനേക്കാളും സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതായിരിക്കും കൂടുതല്‍ ഇഷ്ടം. ഓഡിയന്‍സില്‍ നിന്ന് പെട്ടെന്ന് കിട്ടുന്ന പ്രതികരണമാണ് ഒന്നാമത്തെ കാര്യം.

സ്വയം വിലയിരുത്താന്‍ കിട്ടുന്ന അവസരം കൂടിയാണത്. പെര്‍ഫോമന്‍സിനിടയില്‍ സ്റ്റേജില്‍ തെറ്റും ശരിയും സംഭവിക്കും. സ്റ്റുഡിയോയില്‍ തിരുത്തുകള്‍ വരുത്താം, അവിടെ നല്ല രീതിയില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഉണ്ടാകും. പക്ഷേ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ടെക്നിക്കല്‍ സപ്പോര്‍ട്ടിന് ഒരു പരിധിയുണ്ട്. സ്‌റ്റേജില്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടത് കലാകാരനാണ്.

ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് സ്റ്റേജ് പെര്‍ഫോമന്‍സിലൂടെയാണ്.. വലിയൊരു സ്വപ്നവും അദ്ദേഹം മനസില്‍ സൂക്ഷിച്ചിരുന്നു. ഞാന്‍ സ്വപ്നം കാണുന്ന ഒരു ഷോ മാര്‍ച്ചില്‍ സംഭവിക്കാം. ടെക്നിക്കലി പെര്‍ഫെക്ടായ ഒരു ഷോ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ സ്റ്റേജ് ഷോകള്‍ക്കിടയില്‍ കാണികളെ പിടിച്ചിരുത്താന്‍ സിനിമാപ്പാട്ടുകള്‍ വായിക്കേണ്ടി വരും.

അതൊഴിവാക്കി സിനിമ കാണുന്നപോലെ തോന്നിപ്പിക്കുന്ന ഒരു ഷോ. അതാണെന്റെ സ്വപ്നം. അതിനുള്ള പരിശ്രമത്തിലാണ്. ആ ഷോയുടെ ഭാഗമായി സീരീസായി ഒരു സംഗീത യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നെ മാത്രം ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങളല്ല എനിക്കുള്ളത്. വെളിയിലുള്ളതുപോലെ സ്റ്റേഡിയം ഷോകള്‍ ഇന്ത്യയിലുണ്ടാവുന്നില്ല.

uploads/news/2018/11/263572/balabaskerTRIBUTE091118.jpg

അത്തരത്തി ലൊരു ഷോ ചെയ്യണമെന്നുണ്ട്..ആ സ്വപ്നം ബാക്കിവച്ചാണ് സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ബാലു വിടവാങ്ങുന്നത്. മൂന്നാം വയസില്‍ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിന്‍. പിന്നീട് അത് ജീവിതത്തിനോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവം പോലെ. ബാലഭാസ്‌കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകള്‍ കാണുന്നത്.

കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് ബാലഭാസ്‌കറായിരുന്നു. ഫ്യൂഷന്‍ സംഗീതത്തിന്റെ സാധ്യതകളാണ് ആ മാന്ത്രിക വിരലുകളില്‍ വിരിഞ്ഞത്.

സത്യത്തില്‍ ഫ്യൂഷന് ഇത്തരത്തിലൊരു സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ചെയ്തുതുടങ്ങിയതല്ല. എന്റെ ചിന്തകള്‍ അവതരിപ്പിക്കുന്നതിന് ഞാന്‍ കണ്ട ഒരു ഭാഷയാണ് വയലിന്‍.

ശോക ഗാനങ്ങള്‍ വായിച്ചുകൊണ്ടിരുന്ന വയലിനില്‍ ഫാസ്റ്റായ ഫ്യൂഷന്‍ പരീക്ഷിക്കുന്നതെങ്ങനെയാണെന്ന് പലരും ചോദിച്ചു. അതൊന്നും പ്ലാന്‍ഡായിട്ട് ചെയ്തതല്ല. ആ സമയത്ത് എന്റെ ചിന്തകള്‍ അത്തരത്തിലായിരുന്നു. ആ ചിന്തകളെ പുറത്തുകൊണ്ടുവരാന്‍ വേറൊരു മാര്‍ഗം എനിക്കറിയില്ല..

സിനിമയിലേക്ക്


ബാലഭാസ്‌കര്‍ എന്ന അതുല്യ കലാകാരന് സിനിമാലോകം അര്‍ഹതപ്പെട്ട സ്ഥാനം നല്‍കിയിരുന്നോ? ഇല്ലെങ്കിലും അദ്ദേഹത്തിന് പരാതിയൊന്നുമില്ലായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന വിശേഷണം ബാലഭാസ്‌കറിന് സ്വന്തമായതും ആ അനായാസഭാവം കാരണമാകും.

മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കുമ്പോള്‍ പ്രായം 17. പിന്നീട് ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍. എന്നാല്‍ വെള്ളിത്തിര ഒരിക്കലും ബാലഭാസ്‌കറിനെ ഭ്രമിപ്പിച്ചിട്ടില്ല.

ഓരോ വ്യക്തികള്‍ക്കും സിനിമയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇന്ന് ന്യുജനറേഷന് സ്വാതന്ത്ര്യം കൊടുക്കുന്നതുപോലെയായിരുന്നില്ല അന്ന്. ആ കാലഘട്ടത്തില്‍ എന്റെ സ്വപ്നവുമായി യോജിച്ചുപോകാന്‍ കഴിയാത്ത പലരേയും കാണേണ്ടിവന്നു, അവരോടൊത്ത് പാട്ടുകള്‍ ചെയ്യേണ്ടി വന്നു. അതുകൊണ്ടാവാം പെട്ടന്ന് മനസ്സുമടുത്തത്.

എന്റെ വില എനിക്കുമുമ്പില്‍ തന്നെ ഇടിയുന്ന അവസ്ഥ. അങ്ങനെയാണ് സിനിമയില്‍ നിന്ന് വീണ്ടും ആല്‍ബത്തിലേക്കെത്തുന്നത്. പതിനേഴാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. സിനിമയിലെത്തിയപ്പോള്‍ പ്രായം ഒരു നെഗറ്റീവ് ഘടകമായിരുന്നു. മുതിര്‍ന്ന പലരോടും നമ്മുടെ ആശയങ്ങള്‍ പറയുമ്പോള്‍ അതംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു.

uploads/news/2018/11/263572/balabaskerTRIBUTE091118b.jpg

ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എന്ന് പറയാം. സിനിമയില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഒട്ടും തൃപ്തിയില്ലാത്ത ജോലി ചെയ്യുന്ന ഒരാളായി മാറിയേനെ. സിനിമയില്‍ ഇനിയൊരു അവസരം തരില്ല എന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്ന് ഇറക്കി വിടുമ്പോഴും എനിക്കത് വലിയ കാര്യമായി തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സംഗീതമാണ് എന്റെ ലോകം.

സിനിമ അതിനിടയില്‍ വന്നുപോയതാണെന്ന് മാത്രം. ഒരു പാട്ട് ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് പറ്റില്ല. അത് ഉള്ളില്‍ നിന്ന് സ്വയം ഉണ്ടായി വരേണ്ടതാണ്. പിന്നെ വേണമെങ്കില്‍ ചെയ്യാമെന്ന് മാത്രം. പക്ഷേ കൃത്രിമത്വം കൂടുതലായിരിക്കും. അതിനോട് പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല. സിനിമയില്‍ തുടരാതിരുന്നതും നന്നായെന്നുതോന്നുന്നു.അതുകൊണ്ടാവാം ഞാന്‍ ആല്‍ബം ചെയ്യാനും ബാന്‍ഡ് ഉണ്ടാക്കാനുമൊക്കെ ശ്രമിച്ചത്.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയുന്നവര്‍ക്കൊപ്പം സിനിമ ചെയ്തേക്കാം. അല്ലാതെ അവരുടെ സംഗീതത്തെ എന്നിലൂടെ അവതരിപ്പിക്കാന്‍ കഴിയില്ല. എനിക്കതിനുള്ള യോഗ്യതയില്ലാത്തതുകൊണ്ടുമാവാം.

ജാനീ നീ തനിച്ചല്ല


16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്കെത്തിയ മകളുടെ പേരിലുള്ള വഴിപാടുകള്‍ നടത്താനാണ് ബാലഭാസ്‌കറും കുടുംബവും തൃശ്ശൂരിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറം സി.ആര്‍.പി.എസ് ക്യാംപിനരികില്‍ വച്ചായിരുന്നു ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ജാനി സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. ലക്ഷ്മിയും ബാലുവും ഡ്രൈവറും ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ബാലുവും മകള്‍ക്കൊപ്പം പോയത്.

നിനക്കായ് തോഴി


ഭാര്യ എന്നതിലുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലക്ഷ്മി. ഞാന്‍ എന്താണെന്ന് മനസ്സിലാക്കി അവള്‍ ഒപ്പമുണ്ട്. പല പ്രതിസന്ധിഘട്ടങ്ങളിലും മറ്റാര് കൂടെ നിന്നില്ലെങ്കിലും ലക്ഷ്മി എനിക്കൊപ്പമുണ്ടാകും.. ലക്ഷ്മിയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവായിരുന്നു അദ്ദേഹത്തിന്.

എന്നും ഒപ്പമുണ്ടാകുമെന്ന് കരുതിയ ലക്ഷ്മിയെ ഒടുവില്‍ തനിച്ചാക്കേണ്ടി വന്ന ദു:ഖവും പേറിയാണ് ആ അതുല്യപ്രതിഭ വിടപറയുന്നത്. തന്റെ ജീവന്റെ ജീവനായ നല്ലപാതിയെ തനിച്ചാക്കി ആ കലാകാരന്‍ പോയ്മറയുമ്പോള്‍ ആ വിയോഗം താങ്ങാന്‍ ലക്ഷ്മിക്ക് ദൈവം കരുത്ത് നല്‍കട്ടെ. ലക്ഷ്മിയിലൂടെ സംഗീതത്തിലെ ആ ഉദയസൂര്യന്‍ പുനര്‍ജനിക്കട്ടെ.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW