Tuesday, August 20, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 03.56 PM

സംഖ്യ നാലിന്റെ പ്രാധാന്യം

'' ദേവീദേവന്മാര്‍ക്ക് പൊതുവേ നാല് തൃക്കൈകള്‍ ആണല്ലോ ഉളളത്. ബ്രഹ്മാവിന് നാല് മുഖങ്ങളുള്ളതിനാല്‍ നാന്മുഖന്‍ എന്നും അറിയപ്പെടുന്നു. ശാപം ലഭിച്ചതുമൂലം ഒരു ശിരസ്സ് നഷ്ടമായി എന്നുള്ളത് പിന്നീടുള്ള കാര്യം. പ്രധാനമായി ദിക്കുകള്‍ നാലെണ്ണമാണുള്ളത്. യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ. വാസ്തുശാസ്ത്ര പ്രകാരം അഷ്ടദിക്കുകള്‍ ഉണ്ടെങ്കിലും പൊതുവേ ദിക്കുകള്‍ പ്രധാനമായി നാലാണ്. ''
uploads/news/2018/11/263397/joythi081118a.jpg

ദൈനംദിന ജീവിതത്തില്‍ സംഖ്യകള്‍ക്കുള്ള പ്രസക്തി നമുക്കേവര്‍ക്കും അറിവുള്ളതാണല്ലോ. ഉദാഹരണത്തിന് ജനനസംഖ്യ, ഉയരം, വണ്ണം, വരുമാനം ഇപ്രകാരം പല പ്രധാന കാര്യങ്ങളും സംഖ്യകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഗണിതം, സംഗീതം, കല, ആദ്ധ്യാത്മികത, സാമ്പത്തിക പുരോഗതി ഇപ്രകാരം വിവിധ മേഖലകളുമായി സംഖ്യകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ആദ്ധ്യാത്മികമായും പൗരാണികമായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന 'നാല്' എന്ന സംഖ്യയുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ചില വസ്തുതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ദേവീദേവന്മാര്‍ക്ക് പൊതുവേ നാല് തൃക്കൈകള്‍ ആണല്ലോ ഉളളത്. ബ്രഹ്മാവിന് നാല് മുഖങ്ങളുള്ളതിനാല്‍ നാന്മുഖന്‍ എന്നും അറിയപ്പെടുന്നു. ശാപം ലഭിച്ചതുമൂലം ഒരു ശിരസ്സ് നഷ്ടമായി എന്നുള്ളത് പിന്നീടുള്ള കാര്യം. പ്രധാനമായി ദിക്കുകള്‍ നാലെണ്ണമാണുള്ളത്. യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നിങ്ങനെ. വാസ്തുശാസ്ത്ര പ്രകാരം അഷ്ടദിക്കുകള്‍ ഉണ്ടെങ്കിലും പൊതുവേ ദിക്കുകള്‍ പ്രധാനമായി നാലാണ്.

ശുഭവാസനകള്‍ നാലെണ്ണമാകുന്നു. മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നിവയാണ് ഈ നാല് ശുഭവാസനകള്‍. പ്രപഞ്ചത്തില്‍ സൃഷ്ടി നാല് രീതികളിലാണ് സംഭവിക്കുന്നത്. യഥാക്രമം ജരായുതം, അണ്ഡജം, സ്വേദജം, ഉല്‍ഭിജ്ജം എന്നിവയാണ് നാലുതരം സൃഷ്ടികള്‍.

ജീവന്‍, ഈശ്വരന്‍, കൂടസ്ഥന്‍, ബ്രഹ്മം ഇപ്രകാരം ചതുര്‍വിധ ചൈതന്യങ്ങള്‍ നാലെണ്ണമാണ്. ചാതുര്‍വര്‍ണ്യം എന്നാല്‍ മാനവജാതിയെ നാലായി തിരിച്ചുകൊണ്ടുള്ള പുരാതന വ്യവസ്ഥിതിയാണല്ലോ. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളായാണ് ജാതി തിരിച്ചിരുന്നത്.

ജീവിതത്തില്‍ ദാനങ്ങള്‍ക്കുള്ള പങ്ക് പ്രസിദ്ധമാണല്ലോ. അന്നദാനം മഹാദാനമായി കരുതിപ്പോരുന്നു. പാത്രമറിഞ്ഞ് ദാനം ചെയ്യണമെന്നൊരു ചൊല്ലുണ്ട്. ചോദിക്കാതെ നല്‍കുന്നതിനെയാണ് 'ദാനം' എന്ന് പറയുന്നത്. ദാനങ്ങള്‍ പ്രധാനമായും നാല് വിധത്തിലാണുള്ളത്.

നിത്യദാനം, നൈമിത്തികദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ് ഈ നാല് ദാനങ്ങള്‍. നാല് യുഗങ്ങളാണുള്ളതെന്നും, അതില്‍ കലികാലത്തിലാണ് നാം ജീവിക്കുന്നതെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗം എന്നിവയാണ് മറ്റ് മൂന്നു യുഗങ്ങള്‍.

ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണല്ലോ വേദങ്ങള്‍. വേദങ്ങള്‍ നാലെണ്ണമാകുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ. ഭദ്രം എന്നാല്‍ നല്ലത്, കേടുകൂടാതെ, നന്നായിട്ട് എന്നൊക്കെയാണല്ലോ അര്‍ത്ഥം. നല്ല വാക്കോടുകൂടിയുള്ള ദാനം, അഹങ്കാരമില്ലാത്ത ജ്ഞാനം, ക്ഷമയോടുകൂടിയ ശൗര്യം, ത്യാഗശീലത്തോടുകൂടിയ ധനസ്ഥിതി ഇവയെ 'ചതുര്‍ഭദ്രം' എന്നു പറയുന്നു.

സാമം, ദാനം, ഭേദം, ദണ്ഡം ഇവയെ 'ചതുര്‍വിധ നയങ്ങള്‍' എന്നു പറയുന്നു. രാജഭരണകാലത്ത് കുറ്റകൃത്യങ്ങളും തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നീതി നടപ്പാക്കലിന്റെ ഭാഗമായി ഈ നാല് നയങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. മനുഷ്യജീവിത ചക്രവുമായും ഈ സംഖ്യബന്ധപ്പെട്ടിരിക്കുന്നു.

നാല് ആശ്രമങ്ങളാണ് ഒരുവന്റെ ജീവിതചക്രത്തിലുള്ളത്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം വാനപ്രസ്ഥം, സന്യാസം എന്നിവയാകുന്നു ഈ ആശ്രമങ്ങള്‍. ഓരോരോ ആശ്രമങ്ങളിലും നാം ആചരിക്കേണ്ട ധര്‍മ്മങ്ങളുണ്ട്. അതുപോലെ നിത്യജീവിതവുമായി ബന്ധപ്പെട്ടുള്ള നാല് പദാര്‍ത്ഥങ്ങളാണ് ഭൂമി, ജലം, അഗ്നി, വായു എന്നിവ.

നമ്മുടെ ജീവിതയാത്രയില്‍ 'ചതുര്‍ധാമങ്ങള്‍' ദര്‍ശിക്കുന്നത് വളരെ പുണ്യവും പവിത്രവുമായി കരുതിപ്പോരുന്നു. ഭാരതത്തിലെ നാലു പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒന്നായി അറിയപ്പെടുന്നത് 'ചതുര്‍ധാര'മെന്ന പേരിലാണ്. പ്രധാനമായും ബദരീനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഒന്നായി ചതുര്‍ധാമമെന്ന് പറയുന്നു.

സംഗീതവുമായി ഈ സംഖ്യയ്ക്ക് അഭേദ്യമായ ബന്ധമാണുള്ളത്. തംബുരുവിന് തന്ത്രികള്‍ നാലാണ്. മധ്യസ്ഥായി പഞ്ചമവും ഷഡ്ജത്തിന്റെ മൂന്നുഭേദങ്ങളും ഈ തന്ത്രികളിലൂടെ മീട്ടാവുന്നതാണ്. ഇവയെക്കൂടാതെ ഗണിതശാസ്ത്രത്തില്‍ രൂപങ്ങളും ആകൃതികളുമായി ബന്ധപ്പെട്ട് ഈ സംഖ്യ ഉപയോഗിക്കുന്നുണ്ട്.

ഉദാഹരണത്തിന് ദീര്‍ഘചതുരം, സമചതുരം ആദിയായവ. ദീപം തെളിയിക്കുന്നത് (പ്രധാനമായും സന്ധ്യാവേളകളില്‍) ഹൈന്ദവ ഭവനങ്ങളില്‍ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനമാണല്ലോ. എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും തുടക്കത്തില്‍ നാം ദീപം തെളിയിക്കാറുണ്ട്.

നിലവിളക്ക്, എണ്ണ, തിരി, ജ്വാല എന്നിങ്ങനെ നാല് കാര്യങ്ങള്‍ ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് പ്രാധാന്യമര്‍ഹിക്കുന്നു. വിളക്കിനെ ഭവനമായും എണ്ണയെ ശരീരമായും, തിരിയെ ആത്മാവായും, ജ്വാലയെ ആയുസ്സായും കരുതി ദീപം തെളിയിക്കുന്നു. ഒരു ചെറിയ സംഖ്യയുമായി ബന്ധപ്പെട്ട് ഇങ്ങനെ വളരെ വലിയ കാര്യങ്ങള്‍ നമ്മുടെ ജീവിതവുമായും സംസ്‌ക്കാരവുമായും ഇഴചേര്‍ന്നു കിടക്കുന്നു.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Thursday 08 Nov 2018 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW