Friday, August 23, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Wednesday 07 Nov 2018 12.18 PM

ആറ് ലക്ഷം രൂപ നല്‍കിയാല്‍ ആരെ വേണമെങ്കിലും സിനിമയില്‍ നായകനാക്കും, നായികയാകാന്‍ അഞ്ച് ലക്ഷം; തട്ടിപ്പുകളുടെ കഥ ഇവിടെയും അവസാനിക്കുന്നില്ല

കാസ്റ്റിംഗിന്റെ പേരില്‍ വ്യാജ പരസ്യം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തില്‍ വിലസുകയാണ്...
uploads/news/2018/11/263045/CiniStoryCastingCouch14.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 14

മലയാളസിനിമയില്‍ കാസ്റ്റിംഗ് കാള്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് പലഭാഗങ്ങളിലായി ഇത്തരം തട്ടിപ്പ് കേസുകള്‍ ഇതിനോടകം തന്നെ പിടിക്കപ്പെട്ടു കഴിഞ്ഞു. സിനിമകളുടെ പേരില്‍ കാസ്റ്റിംഗ് തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ ഏറെയുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. അടുത്തിടെ തിരുവനന്തപുരത്തും കോഴിക്കോടും അടൂരും ഇത്തരം തട്ടിപ്പ് കേസുകള്‍ പിടിക്കപ്പെട്ടിരുന്നു.

ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്ന സിനിമയില്‍ അഭിനയിക്കാന്‍ കുട്ടികളെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് തട്ടിപ്പ് നടന്നത്. ചൈതന്യ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുതായി ആരംഭിക്കുന്ന ചിത്രത്തിലേക്കാണ് കുട്ടികളെ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. പരസ്യം കണ്ടു ഓഡിഷന് എത്തിയത് നൂറോളം പേരാണ്. നിര്‍മ്മാതാവിന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരന്‍ രക്ഷിതാക്കളോട് പല കള്ളക്കഥകളും പറഞ്ഞ് അവരുടെ വിശ്വാസം പിടിച്ചുപറ്റി.

ന്യൂസിലാന്‍ഡ്, ദുബായ് തുടങ്ങിയ വിദേശ സ്ഥലങ്ങളില്‍ വച്ചാണ് സിനിമയുടെ ഷൂട്ടിംഗ് എന്ന് പറഞ്ഞ് അവരെ ആദ്യം മോഹിപ്പിച്ചു. കൊച്ചുകുട്ടികള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം ഉറപ്പായും രക്ഷിതാക്കളും വരണമെന്ന് പറഞ്ഞ് വിദേശയാത്രയുടെ ഓഫറും നല്‍കി. മുഴുവന്‍ ചെലവും നിര്‍മാതാവ് വഹിക്കുമെന്ന് പറഞ്ഞതോടെ എല്ലാവരും വലിയ പ്രതീക്ഷയിലായി. എന്നാല്‍ തട്ടിപ്പിന്റെ തന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുന്നതേയുണ്ടായിരുന്നുളളൂ. നൂറോളം പേരാണ് ഇവരുടെ വലയില്‍ കുടുങ്ങിയത് എന്നാണ് വിവരം.

സിനിമയിലേക്ക് കുട്ടികള്‍ സെലക്റ്റായി എന്നറിയിച്ച ശേഷം രക്ഷകര്‍ത്താക്കളില്‍ നിന്നും സിനിമയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ നല്‍കണമെന്ന ഡിമാന്‍ഡ് വച്ചു. അതിനു ശേഷമുള്ള എല്ലാ ചെലവുകളും നിര്‍മ്മാതാവ് വഹിക്കുമെന്ന വാഗ്ദാനവും നല്‍കി. പണം വാങ്ങിയ ശേഷം കുറച്ചുകാലം പ്രതികരണമൊന്നും ഇല്ലാതായതോടെ അവര്‍ സിനിമ സംഘവുമായി ബന്ധപ്പെട്ടു. തിരക്കഥയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ നടക്കുകയാണെന്നും കേസായത് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കാത്തത് എന്നും പറഞ്ഞു അവര്‍ തല്‍ക്കാലം തടിയൂരി.

ദിവസങ്ങള്‍ക്കുശേഷം പവിഴം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി കുട്ടികളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു. പുതിയ തട്ടിപ്പുമായി വന്നിരിക്കുന്നത് പഴയ ആള്‍ക്കാര്‍ തന്നെയാണെന്ന സംശയം ശക്തമായി. തട്ടിപ്പ് സംഘത്തിനെ കുടുക്കാന്‍ തക്കംപാര്‍ത്തിരിക്കുമ്പോഴാണ് മൂന്നാമതും പരസ്യം വന്നത്. പുതിയൊരു ബാനറിന്റെ പേരില്‍ പഴയ പരസ്യം. പുതിയ തട്ടിപ്പിന്റെ പ്ലാംനിംഗിനിടെയാണ് പ്രതികളെ പോലീസ് സഹായത്തോടെ വലയിലാക്കിയത്.

കോഴിക്കോട് നടന്ന തട്ടിപ്പ് മറ്റൊരു രീതിയില്‍ ആയിരുന്നു. നിരഞ്ജന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20നും 70നും ഇടയില്‍ പ്രായമുള്ളവരെ ആവശ്യമുണ്ട് എന്ന് കാണിച്ചായിരുന്നു പോസ്റ്ററുകള്‍ പതിച്ചിരുന്നത്. സിനിമയില്‍ നായകനാകാന്‍ ആറ് ലക്ഷവും നായികയാകാന്‍ അഞ്ച് ലക്ഷവും നല്‍കണം.

uploads/news/2018/11/263045/CiniStoryCastingCouch14a.jpg

മുപ്പതിനായിരം രൂപ നല്‍കിയാല്‍ നടന്‍ മാമുക്കോയക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. പരസ്യത്തില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സംവിധായകന്‍ എന്ന പേരില്‍ സംസാരിച്ചയാള്‍ പി കെ ബാബുരാജ് എന്നാണ് താന്‍ ഫീല്‍ഡില്‍ അറിയപ്പെടുന്നത് എന്നാണ് പറഞ്ഞത്.

ആറ് ലക്ഷം രൂപ നല്‍കിയാല്‍ ആരെ വേണമെങ്കിലും തന്റെ സിനിമയില്‍ നായകനാക്കുകയും അതിലൂടെ നാളത്തെ സൂപ്പര്‍സ്റ്റാര്‍ ആകാമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ടില്ലെന്നും നടന്‍ മാമുക്കോയ പറഞ്ഞതോടെയാണ് നിരഞ്ജന്‍ എന്ന ചിത്രം പണം തട്ടാനുള്ള മാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞത്. ഈ പേരില്‍ എത്രപേര്‍ പണം നല്‍കിയെന്ന് ആര്‍ക്കുമറിയില്ല. ഇതിനു മുന്‍പും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിരിക്കണം.

അടൂരിലും സമാനമായ തട്ടിപ്പ് കേസ് നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു ഒരു സ്ത്രീയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായായിരുന്നു കേസ്. പുറത്ത് വന്നതും വരാത്തതുമായി ഒട്ടേറെ തട്ടിപ്പുകള്‍ ഇപ്പോഴും സംസ്ഥാനത്ത് നടക്കുന്നുണ്ട്.

പണം നല്‍കുന്നതിന് തെളിവില്ലാത്തത് കൊണ്ടു തന്നെ പല കേസുകളും നിലനില്‍ക്കില്ല. ഒട്ടുമിക്കവരും നാണക്കേട് കാരണം പണം നഷ്ടപ്പെട്ടത് പുറത്ത് പറയാറുമില്ല.

തട്ടിപ്പുകളുടെ കഥ ഇവിടെയും അവസാനിക്കുന്നില്ല. പ്രമുഖരുടെ പേരുകള്‍ ഉപയോഗിച്ചും തട്ടിപ്പ് വ്യാപകമാണ്. കാസ്റ്റിംഗ് കോളിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സംവിധായകന്‍ വൈശാഖ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ച് സമൂഹ മാധ്യങ്ങളില്‍ വ്യാജ കാസ്റ്റിംഗ് കോള്‍ പ്രചരിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ദയവായി ഇത്തരം ചതികളില്‍ വീഴരുതെന്നായിരുന്നു സംവിധായകന്റെ അഭ്യര്‍ത്ഥന.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തില്‍ അവസരമുണ്ടെന്ന് പറഞ്ഞും വ്യാജ കാസ്റ്റിംഗ് കോള്‍ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകള്‍ തുടരുമ്പോഴും സിനിമാ സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. സിനിമ സംഘടനകളും പൊലീസും സഹകരിച്ച് നീങ്ങിയാല്‍ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാനാകും.

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW