Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 01 Nov 2018 04.05 PM

ദാനം ; ഐശ്വര്യത്തിന്റെ കവാടം

'' യാചകന് ദാനം നല്‍കുന്നത് ഏറ്റവും പ്രശംസിക്കേണ്ട കാര്യമാണ്. നല്ല കാര്യവുമാണ്. അത് ഏറ്റവും വലിയ അഹിംസകൂടിയാണ്. എന്നാല്‍ യാചിക്കാന്‍ മടിച്ചു നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയാണ് വേണ്ടത്. കഷ്ടപ്പെട്ട് അത്തരക്കാരെ കണ്ടെത്തണം. ''
uploads/news/2018/11/261366/joythi011118a.jpg

ദാനം എന്നാല്‍ യജ്ഞമാണ്. ദരിദ്രന് കൊടുക്കുന്നതല്ല ദാനം. യജ്ഞം ഈശ്വരപൂജയാണ്. ഈശ്വരന്‍ ദരിദ്രനല്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ്. തന്നിലുള്ള ഈശ്വരാംശത്തെ തിരിച്ചറിഞ്ഞ് ഭക്തിയോടെ ചെയ്യുന്ന പൂജയാണ് ദാനം.

യജ്ഞം, ദാനം, തപസ്സ് ഇവ മൂന്നും ത്രികോണ പുണ്യസ്തൂപത്തിന്റെ ശിഖരങ്ങളാണ്. ദാനം ദാരിദ്ര്യത്തെ അകറ്റുന്നതാണ്. ഇന്നുവരെ നാം നേരിട്ട എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ കാത്ത് സൂക്ഷിച്ച വലിയ സമ്പത്താണ് നമ്മുടെ സംസ്‌കാരം.

അതിവിശേഷ ഗുണങ്ങളായ സത്യം, ധര്‍മ്മം, നീതി, സ്‌നേഹം, ദാനം, അഹിംസ, പവിത്രത എന്നിവ ഏത് സാഹചര്യത്തിലും നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. ഇന്ന് നാം സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നു. ഗരുഡപുരാണം (5156) പറയുന്നത് ദാനം കൊടുക്കാത്തവന്‍ ദരിദ്രനായിത്തീരുന്നുവെന്നാണ്.

ദാരിദ്ര്യം പാപം ചെയ്യാന്‍ ഇടവരുത്തും. അങ്ങനെ വീണ്ടും വീണ്ടും ജനന-മരണ ചക്രങ്ങളില്‍പ്പെട്ട് വലയും. മനുഷ്യന്റെ ശോഭവളര്‍ത്തുന്ന എട്ട് ഗുണങ്ങളെക്കുറിച്ച് വിദൂരനീതിയില്‍ പറയുന്നുണ്ട്.

1. ബുദ്ധി, 2. കുലീനത, 3. ദമം, 4. ശാസ്ത്രജ്ഞാനം, 5. ഉത്സാഹം, 6. അധികം സംസാരിക്കാതിരിക്കല്‍, 7. യഥാശക്തി ദാനം, 8. നന്ദിയുണ്ടായിരിക്കുക. ഇതെല്ലാം നന്മയെ വളര്‍ത്തുന്ന ഗുണങ്ങളാണ്.

രണ്ടുതരം മനുഷ്യര്‍ സ്വര്‍ഗത്തിനും മുകളിലുള്ള ലോകത്ത് എത്തുന്നു; ശക്തനായിരുന്നിട്ടും ക്ഷമയോടുകൂടിയിരിക്കുന്നവനും നിര്‍ദ്ധനനായിരുന്നിട്ടും ദാനം ചെയ്യുന്നവനും. ദാനം എല്ലാ ഉപായങ്ങളിലുംവച്ച് ശ്രേഷ്ഠമാകുന്നു. വേദത്തേക്കാള്‍ വലിയ ശാസ്ത്രമില്ല. അമ്മയേക്കാള്‍ വലിയ ഗുരുവില്ല. ദാനത്തേക്കാള്‍ വലിയ സുഹൃത്തില്ല. ആപത്തില്‍ നമ്മെ സഹായിക്കുന്ന സുഹൃത്താണ് ദാനം. ഇഹലോകത്തും പരലോകത്തും സുകൃതം തരാന്‍ കഴിയുന്ന പ്രവൃത്തിയാണ് ദാനം.

യാചകന് ദാനം നല്‍കുന്നത് ഏറ്റവും പ്രശംസിക്കേണ്ട കാര്യമാണ്. നല്ല കാര്യവുമാണ്. അത് ഏറ്റവും വലിയ അഹിംസകൂടിയാണ്. എന്നാല്‍ യാചിക്കാന്‍ മടിച്ചു നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയാണ് വേണ്ടത്. കഷ്ടപ്പെട്ട് അത്തരക്കാരെ കണ്ടെത്തണം.

തപസ്സുകൊണ്ട് പ്രകാശിക്കുന്നവരാണീ കൂട്ടര്‍. ദാഹിച്ചവര്‍ക്ക് ജലം കൊടുത്താല്‍ എന്നും നിലനില്‍ക്കുന്ന കീര്‍ത്തിയുണ്ടാകും. അതുപോലെ പ്രാധാന്യം ഉളളതാണ് അന്നദാനം. അന്നദാനം മഹാദാനം എന്നാണ്. ദേവന്മാരും ഋഷിമാരും അന്നത്തെ പുകഴ്ത്തിപ്പറയുന്നുണ്ട്.

ലോകതന്ത്രവും ബുദ്ധിയും നിലനില്‍ക്കുന്നത് അന്നത്തിലാണ്. അന്നദാനത്തേക്കാള്‍ മഹത്തരമായൊരു ദാനം ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. അതുകൊണ്ട് അന്നം ദാനം ചെയ്യാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അന്നത്തിലാണ് പ്രാണന്‍ നിലനില്‍ക്കുന്നത്. നാം അന്നഗതപ്രാണന്‍മാരാണ്.

ഭൂമിയില്‍ ജീവിക്കുന്നത് അന്നംകൊണ്ടാണ്. ഒരു അതിഥി വീട്ടില്‍ വന്നാല്‍ അയാളെ നിന്ദിക്കരുത്. ഒന്നും നല്‍കാതെ പറഞ്ഞയയ്ക്കരുത്. അന്നം നല്‍കിയാല്‍ അത് നല്ല ഫലം കിട്ടുന്ന ദാനമാണ്.

അന്നം ദാനം ചെയ്യുന്നവന്‍ പശുസമൃദ്ധിയുള്ളവനാകും. ഈശ്വരന്റെ മുഖ്യനാമമായ ഓങ്കാരം സ്മരിക്കാതെ ദാനം ചെയ്യരുത്. അന്നം കിട്ടുന്ന വ്യക്തിക്ക് അത് ഭുജിച്ച് പൂര്‍ണ്ണ തൃപ്തിവരും.

മറ്റെന്ത് കിട്ടിയാലും അല്പംകൂടി വേണമെന്ന ചിന്തയുണ്ടാകും. എന്നാല്‍ അന്നം ഭക്ഷിച്ചാല്‍ പൂര്‍ണ്ണ തൃപ്തിവന്ന് 'മതി' എന്ന് പറയും. ന്യായമായി ഉണ്ടാക്കിയ ധനത്തിന്റെ പത്താമത്തെ അംശം ബുദ്ധിമാന്മാര്‍ ദാനകാര്യങ്ങള്‍ക്കായി ഈശ്വരപ്രസന്നതക്കുവേണ്ടി ചെലവഴിക്കണം (സ്‌കന്ദപുരാണം)
ന്യായോപാര്‍ജിത വിത്തസ്യ ദശമാംശേന ധീരത
കര്‍ത്തവ്യോ വിനിയോഗശ്ച ഈശ്വരപ്രീതൃര്‍ത്ഥ മേവ ചഃ

ഷിനോദ് സി.
മൊ: 9847730642

Ads by Google
Thursday 01 Nov 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW