Sunday, August 18, 2019 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 03.09 PM

വെളുത്തുള്ളി കഴിച്ചതുകൊണ്ട് ഹൃദ്രോഗം തടയാനാവുമോ? വെളുത്തുള്ളിയും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ?

ഹൃദയപൂര്‍വം
uploads/news/2018/10/260931/askdrheart301018.jpg

ഗര്‍ഭനിരോധന ഗുളികയും ഹൃദ്രോഗവും

ഞാന്‍ വിവാഹിതയാണ്. ഒരു കുട്ടിയുണ്ട്. ഒന്നര വയസ്. ഉടനെ ഒരു കുട്ടിയും കൂടി വേണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങള്‍. അതിനാല്‍ ഗര്‍ഭിനിരോധന ഗുളിക കഴിക്കാന്‍ തുടങ്ങി. ഗര്‍ഭനിരോധന ഗുളിക അമിതമായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഞാന്‍ നാലു വര്‍ഷമായി ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നുണ്ട്. എനിക്ക് ഹൃദ്രോഗമുണ്ടാകുമോ? ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തേണ്ടതുണ്ടോ? ഗര്‍ഭനിരോധന ഗുളിക ഹൃദ്രോഗത്തിന് കാരണമാകുന്നത് എങ്ങനെയാണ്?
----- രേണുക സന്തോഷ് , മാനന്തവാടി

ഗര്‍ഭനിരോധന ഗുളികകള്‍ ഹോര്‍മോണുകളാണ്. പ്രധാനമായും ഈസ്‌ട്രൊജനും പ്രോജസ്റ്റിനും അടങ്ങുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അമേരിക്കയില്‍ ആദ്യമായി 1960 മുതലാണ് ഇത് ഉപയോഗത്തില്‍ വരുന്നത്. ഇന്ന് ലോകത്ത് ഏകദേശം 100 ദശലക്ഷം സ്ത്രീകള്‍ ഈ ഗുളിക ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഹോര്‍മോണുകളുടെ സ്ഥിരമായ ഉപയോഗം ശരീരത്തില്‍ പല വ്യതിയാനങ്ങളും വരുത്താറുണ്ട്. ധമനികളില്‍ പൊതുവായി ജരിതാവസ്ഥയുണ്ടാകുന്നു എന്നതാണ് പ്രധാന പ്രത്യാഘാതം. കൂടാതെ രക്തക്കട്ടകള്‍ ഉണ്ടാകുന്നത് മൂലം ഹൃദ്രോഗവും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു.

സിരകളില്‍ രക്തക്കട്ടകള്‍ ഉണ്ടാകുമ്പോള്‍ കാലുകളില്‍ നീര്‍ക്കോളും വേദനയും ഉണ്ടാക്കുന്ന 'ത്രോംബൊ എംബോളിസം' ഉണ്ടാകുന്നു. അതിന്റെ പ്രത്യാഘാതമായി ശ്വാസകോശധമനികളില്‍ രക്തക്കട്ട ഒഴുകിയെത്തി 'പള്‍മൊണറി എംബൊളിസം' ഉണ്ടാകുന്നു. ഇത് മാരകമായ ഒരു പ്രതിഭാസമാണ്. മറ്റ് ആപത് ഘടകങ്ങള്‍ (പുകവലി, വര്‍ധിച്ച കൊളസ്‌ട്രോള്‍, പ്രമേഹം, അമിത വണ്ണം, പ്രഷര്‍) ഉള്ളവരിലാണ് ഗര്‍ഭനിരോധന ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍ കൂടുതലായി കാണുന്നത്. പ്രത്യേകിച്ച് ഹൃദ്രോഗസാധ്യത ഇക്കൂട്ടരില്‍ വര്‍ധിക്കുന്നു. അതുപോലെ സ്‌ട്രോക്കും.

കൂടാതെ രക്താദി സമ്മര്‍ദം, കാന്‍സര്‍, അമിത വണ്ണം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതകളും ഏറുന്നു. ഹൃദ്രോഗം, രക്താദി സമ്മര്‍ദം, പൊണ്ണത്തടി, വര്‍ധിച്ച കൊളസ്‌ട്രോള്‍ ഇവയുള്ളവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. കാരണം അവയുടെ തീവ്രത വഷളാകാനുള്ള സാധ്യതയേറും. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭിനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം യുറോപ്പിലും അമേരിക്കയിലും കൂടിവരുന്നുണ്ട്.

എന്നാല്‍ ഗര്‍ഭിനിരോധന ഗുളികകളെ യാതൊരു കാരണവശാലും തൊട്ടുകൂടാനാവാത്ത ഒരു ഭീകരനായി മുദ്രകുത്തുകയല്ല അവിടെ ചെയ്തത്. ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് വലിയ പ്രശ്‌നങ്ങള്‍ കൂടാതെ മുന്നോട്ടു പോകുന്നവര്‍ ധാരാളമുണ്ട്. പക്ഷേ, പാര്‍ശ്വഫലങ്ങളെപ്പറ്റിയും നാം ബോധവാന്മാരായിരിക്കണം.

വെളുത്തുള്ളി ഹൃദ്രോഗം തടയുമോ?


എന്റെ അമ്മയ്ക്ക് 70 വയസുണ്ട്. വാതസംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ അമ്മ ആരോഗ്യവതിയാണ്. ഹൃദ്രോഗം തടയാന്‍ വെളുത്തുള്ളി ഉത്തമമാണെന്ന് ആരോ പറഞ്ഞതു കേട്ട്, അമ്മ ദിവസവും വെളുത്തുള്ളി തിന്നുന്നു. എന്നാല്‍ വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിലെ രക്തം വറ്റിപ്പോകുന്നതിന് കാരണമാകുമെന്നും ചിലര്‍ പറയുന്നു. വെളുത്തുള്ളി കഴിച്ചതുകൊണ്ട് ഹൃദ്രോഗം തടയാനാവുമോ? വെളുത്തുള്ളിയും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ?
------ ശിവാനന്ദന്‍ ,കന്യാകുമാരി

ഉള്ളിയുടെ വര്‍ഗത്തില്‍പ്പെട്ട വെളുത്തുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സ്റ്റിവം എന്നാണ്. ധാരാളം ഔഷധഗുണമുള്ള ഒരു സവിശേഷ ചെടിയാണിത്. പണ്ടു കാലം മുതല്‍ ഉള്ളി കറികളില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്താണ് അതിന്റെ ഔഷധഗുണങ്ങളെപ്പറ്റി ശാസ്ത്രലോകം അറിഞ്ഞത്. അതോടെ വിപണിയും സജീവമായി.

'ഗാര്‍ളിക് ഗുളികകള്‍' ഇന്ന് വിദേശത്ത് ചൂടപ്പം പോലെ വിറ്റുപോകുന്നു. ഇന്ത്യയിലും മറ്റും ധാരാളമായുണ്ടാകുന്ന വെളുത്തുള്ളി ഇറക്കുമതി ചെയ്ത് ജര്‍മിനി തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതില്‍ ഗാര്‍ളിക് ഗുളികകളുണ്ടാക്കി വ്യവസായം ചെയ്യുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള ഈ സസ്യം കൊളസ്‌ട്രോള്‍, പ്രഷര്‍, ധമനികളിലെ ജരിതാവസ്ഥ, ഹൃദ്രോഗം, സ്‌ട്രോക്ക്, ആമാശയാന്തര അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ കുറയ്ക്കുവാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കൊളസ്‌ട്രോളും വെളുത്തുള്ളിയും വഴിയുള്ള ബന്ധത്തെപ്പറ്റി പന്ത്രണ്ടിലധികം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠനങ്ങളിലെല്ലാം സ്ഥരമായി വെളുത്തുള്ളിയുടെ സത്ത് ഉപയോഗിക്കുന്നവരില്‍ കൊളസ്‌ട്രോളിന്റെ തോത് കുറഞ്ഞ് കണ്ടു. അതുപോലെ ഹൃദ്രോഗവും മസ്തിഷ്‌ക്കാഘാതവും കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുമെന്ന് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.

ശ്വേതരക്താണുക്കളുടെ പറ്റിപ്പിടിക്കലിനെ പ്രതിരോധിച്ചുകൊണ്ട്, ട്രൈഗ്ലിസറൈഡുകളെ കുറച്ചുകൊണ്ട്, എച്ച്.ഡി.എല്‍ വര്‍ധിപ്പിച്ചുകൊണ്ട് ധമനികളെ വികസിപ്പിക്കുന്ന 'നൈട്രിക് ഓക്‌സൈഡി'ന്റെ ഉല്‍പാദനം ധൃതഗതിയിലാക്കിക്കൊണ്ട് വെളുത്തുള്ളി ഹൃദ്രോഗം ഒരുപരിധിവരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് വെളുത്തുള്ളി മനുഷ്യശരീരത്തിന്റെ ഒരു മിത്രം തന്നെ.

അതു സ്ഥിരമായി പാലിലോ, വാട്ടിയോ, ചുട്ടോ, കറികളിലോ ഉപയോഗിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കണം. വായയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ വെളുത്തുള്ളി കണക്കിലധികം കഴിക്കേണ്ട ആവശ്യവുമില്ല. ഇതിന്റെ ഗന്ധം അത്ര സുഖമുള്ളതല്ല. അതിനാല്‍ വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധമില്ലാത്ത ഗുളികകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.

ബീറ്റാ ബ്ലോക്കറും ക്ലോട്ട് ബസ്റ്ററും


ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ധാരാളമായി കേട്ടിട്ടുള്ള പേരുകളാണ് ബീറ്റാ ബ്ലോക്കര്‍, ക്ലോട്ട് ബസ്റ്റര്‍ എന്നിവ. ഹൃദയത്തിന്റെ ഏതു പ്രവര്‍ത്തനുമായാണ് ഈ മരുന്നുകള്‍ ബന്ധപ്പെട്ടിരിക്കുന്നത്? ഈ രണ്ടു മരുന്നുകളും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇവ ഹൃദ്രോഗം വരാതിരിക്കാന്‍ സഹായിക്കുമോ?
------ രാഹുല്‍ ആര്‍ നായര്‍, മാവേലിക്കര

ശരീരത്തിലെ സവിശേഷ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് അഡ്രിനാലിനും നോര്‍ അഡ്രിനാലിനും. പ്രത്യേകിച്ച് അധിവൃക്കഗ്രന്ഥികള്‍ അധികമായി ഉപസര്‍ജിക്കുന്ന അന്തസ്രാവമാണിവ. ഈ ഹോര്‍മോണുകള്‍ ശരീരത്തില്‍ പൊതുവെയും ഹൃദയത്തിലും നാനാവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു, സങ്കോചക്ഷമത വര്‍ധിപ്പിക്കുന്നു, പ്രഷര്‍ അമിതമാകുന്നു, പേശികളിലെ ധമനികളെ വികസിപ്പിക്കുന്നു. ഇങ്ങനെ പോകുന്നു നാനാവിധ പ്രവര്‍ത്തനങ്ങള്‍.

ഇത് അത്യാഹിത സമയങ്ങളിലെ ഒരു സ്ട്രസ് ഹോര്‍മോണാണ്. ഈ ഹോര്‍മോണുകളുടെ അമിത പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്ന ഔഷധമാണ് 'ബീറ്റാ അഡ്രിനേര്‍ജിക് ബ്ലോക്കര്‍' അഥവാ ബീറ്റാ ബ്ലോക്കര്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം സന്തുലിതമാക്കി, നെഞ്ചുവേദന കുറയ്ക്കാനും പ്രഷര്‍ ക്രമീകരിക്കാനും ഇവയിന്ന് സുലഭമായി ഉപയോഗിക്കപ്പെടുന്നു. തീവ്രപരിചരണ വിഭാങ്ങളിലെ പ്രിയപ്പെട്ട മരുന്നാണിത്.

എന്നാല്‍ ആസ്ത്മയുള്ളവര്‍ക്ക് ഇത്തരം മരുന്നുകള്‍ കൊടുക്കാറില്ല. ഹൃദയധമനികളില്‍ രക്തക്കട്ടകളുണ്ടായി അവയുടെ ഉള്‍വ്യാസം അടയുമ്പോഴാണ് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നത്. അതുപോലെ ശരീരത്തിലെ മറ്റ് രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന രക്തക്കട്ടകള്‍ അവിടെ ബ്ലോക്കുണ്ടാകുമ്പോള്‍ രക്തസഞ്ചാരം നിലച്ച് വേദനയും നീരും കോശമരണവും സംഭവിക്കുന്നു. ഇത്തരത്തില്‍ രക്തക്കട്ടയുണ്ടാകുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ചെറുക്കുന്ന ഔഷധങ്ങളാണ് ക്ലോട്ട് ബസ്റ്റര്‍. ഇവ ഹൃദ്രോഗികളിലും സ്‌ട്രോക്ക് ഉണ്ടായവരിലും സ്ഥിരമായി ഉപയോഗിക്കപ്പെടുന്നു.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW