Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 03.01 PM

കല്‍പ്പനയായി അവള്‍

''കല്‍പ്പനയുടെ മകള്‍ ശ്രീമയി കലാരഞ്ജിനിക്കും മകളാണ്. കല്‍പ്പനയുടെ ഓര്‍മകള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളുമായി കലാരഞ്്ജിനിയും ശ്രീമയിയും. ''
uploads/news/2018/10/259855/sreemayikalpana261018b.jpg

പച്ചയായ ജീവിതമായിരുന്നു കല്‍പ്പനയുടേത്. അപൂര്‍വ്വ ജന്‍മം എന്നു പറയാം. കലര്‍പ്പില്ലാത്ത സ്നേഹവും, ദയയും, കരുണയും എല്ലാം നിറഞ്ഞ ജീവിതം. മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി... വിഷമിക്കുന്നവരോടൊപ്പം അവരുടെ സങ്കടങ്ങള്‍ പങ്കുവച്ച്...വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികൊണ്ടും വേദനിക്കുന്നവര്‍ക്ക് താങ്ങും തണലുമായിരുന്നവള്‍....പെട്ടെന്നൊരുനാള്‍ കല്‍പ്പന ഈ ലോകത്തുനിന്നു പോയപ്പോള്‍ തനിച്ചായിപ്പോയത് അവര്‍ക്കുചുറ്റുമുള്ള കുറേയധികം ആളുകളാണ്.

എന്നാലിന്ന് കല്‍പ്പനയെ മകള്‍ ശ്രീമയിയിലൂടെ കാണുകയും അറിയുകയുമാണെന്ന് സഹോദരി കലാരഞ്ജിനി പറയുന്നു. അമ്മയുടെ സ്നേഹവും സഹാനുഭൂതിയും ലാളിത്യവും എല്ലാം ലഭിച്ച മകള്‍. കലാരഞ്ജിനിയും ശ്രീമയിയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ഒരു പെണ്‍കുട്ടിയുടെ ഉത്തരവാദിത്വം കൂടിയുണ്ടിപ്പോള്‍?


കലാരഞ്ജിനിി മോള്‍ അന്നും ഇന്നും ഞങ്ങളുടെ കൂടെത്തന്നെയാണ്. എന്റെ മോന്‍ അമ്പോറ്റി(പ്രിന്‍സ്), ശ്രീമയി, ഉര്‍വ്വശ്ശിയുടെ മകള്‍ കുഞ്ഞാറ്റ, അനിയന്റെ മകന്‍ അമ്പാടി എല്ലാവരും ചെന്നൈയിലെ ഈ വീട്ടില്‍ത്തന്നെ വളര്‍ന്നവരാണ്. എന്റെ അമ്മയാണ് പ്രിന്‍സിനേയും ശ്രീമയിയേയും വളര്‍ത്തിയത്. കല്‍പ്പനയേയും എന്നെയുമൊക്കെ മക്കള്‍ കാണുന്നതുതന്നെ അപൂര്‍വ്വമായിട്ടായിരുന്നു.

ഞങ്ങളൊക്കെ മാറി നിന്നാലും കുട്ടികള്‍ക്ക് വിഷമമൊന്നുമില്ല. അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണ് അമ്മൂമ്മ അവരെയെല്ലാം വളര്‍ത്തിയത്. അമ്മൂമ്മ എങ്ങോട്ടും പോവരുതെന്നേ അവര്‍ക്കുള്ളൂ. പണ്ടേ എന്റെ മകന്‍ കല്‍പ്പനയുടെ ചെല്ലക്കുട്ടിയും ശ്രീമയി എന്റെ പ്രിയപ്പെട്ട കുട്ടിയുമായിരുന്നു. അതുകൊണ്ടുതന്നെ അന്നും ഇന്നും ശ്രീമയിക്ക് ഒരു വ്യത്യാസവും ഇല്ല. കല്‍പ്പന ദൂരെ എവിടെയോ ഷൂട്ടിംഗിന് പോയതുപോലെയാണ് ഞങ്ങള്‍ വിചാരിച്ചിരിക്കുന്നത്.

അമ്മ തന്നെയാണ് ഇന്നും അവളെ നോക്കുന്നത്. കല്‍പ്പന പോയശേഷം രണ്ട് വര്‍ഷമായി ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ് ഞാന്‍. കാരണം മോളിപ്പോള്‍ ചെന്നൈയില്‍ എ.ആര്‍.എം കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അവളുടെ പഠനം എനിക്ക് ശ്രദ്ധിച്ചേ പറ്റൂ. കല്‍പ്പന ഉണ്ടായിരുന്നെങ്കിലും ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ മാറി മാറി കുട്ടികളുടെ ആവശ്യത്തിനുവേണ്ടി വീട്ടില്‍ നില്‍ക്കും.

ശ്രീമയി എനിക്ക് ചെറുപ്പം മുതല്‍ മുടി കെട്ടിത്തരുന്നതും പൊട്ടുതൊട്ടുതരുന്നതുമെല്ലാം കാര്‍ത്തു തന്നെയാണ്(കലാരഞ്ജിനിയെ ശ്രീമയി വിളിക്കുന്ന പേര്) അതുകൊണ്ട് മീനുവിനേക്കാള്‍(കല്‍പ്പന)എനിക്ക് കാര്‍ത്തുവിനോടായിരുന്നു കൂടുതല്‍ അറ്റാച്ച്മെന്റ്. എവിടെങ്കിലും ഷൂട്ടിംഗിന് പോയാലും എപ്പോഴാ വരുന്നത് കാത്തൂ.... എപ്പോഴാ വരുന്നത് കാത്തൂ.... എന്ന് ചോദിച്ച് ഞാന്‍ വിളിച്ചുകൊണ്ടിരിക്കും.

കലാരഞ്ജിനി പണ്ടുമുതലേ കല്‍പ്പനയുടെ മേക്കപ്പ് വുമണായുരുന്നു ഞാന്‍. ഷൂട്ടിനായാലും ടി. വി ഷോയ്ക്കു പോയാലും അവള്‍ക്കുവേണ്ട ഡ്രസും ആഭരണങ്ങളും ഒക്കെ സെലക്ട് ചെയ്തു കൊടുത്തിരുന്നത് ഞാനായിരുന്നു. മോള്‍ക്കും ഇതൊക്കെ വാങ്ങി നല്‍കുന്നത് ഞാനാണ്. ഒരു കമ്മല്‍ വേണമെങ്കിലും കാര്‍ത്തൂ എനിക്കാ കമ്മല്‍ ഇഷ്ടപ്പെട്ടായിരുന്നുു എന്നേ എന്റെ കുട്ടി പറയൂ. അല്ലാതെ ഒന്നിനും വാശിപിടിക്കുന്ന കൂട്ടത്തിലല്ല.

uploads/news/2018/10/259855/sreemayikalpana261018e.jpg

ശ്രീമയി ജനിച്ച ദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ചെന്നൈ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. കുറച്ചുദിവസം മുന്‍പേ കല്‍പ്പനയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ശ്രീമയിയെ പ്രസവിക്കുന്ന ദിവസം ഞാന്‍ മൈസൂരില്‍ ഒരു കന്നട പടത്തിന്റെ ഷൂട്ടിംഗിലാണ്. ഒരുച്ചയ്ക്കാണ് കല്‍പ്പനയ്ക്കു പെണ്‍കുഞ്ഞ് എന്നുപറഞ്ഞ് അമ്മ വിളിക്കുന്നത്. ആറ് മാസം കഴിഞ്ഞപ്പോള്‍ ഉര്‍വശ്ശിയുടെ മകള്‍ കുഞ്ഞാറ്റ ഉണ്ടായി.

പ്രിന്‍സിനും(അമ്പോറ്റി) എന്റെ സഹോദരന്റെ മകന്‍ അമ്പാടിക്കും ശേഷം ഉണ്ടായ പെണ്‍കുട്ടിയായതുകൊണ്ടു ശ്രീമയിയും പിന്നീട് കുഞ്ഞാറ്റയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി. എന്റെ സഹോദരന്‍ പ്രിന്‍സ് മരിച്ചു കഴിഞ്ഞ് അധികം താമസിക്കാതെയാണ് എനിക്ക് അമ്പോറ്റി ജനിക്കുന്നത്. അതുകൊണ്ടുതന്നെ പ്രിന്‍സ് പോയ ദുംഖം ഞങ്ങളെല്ലാം ഒരു പരിധിവരെ മറന്നത് അമ്പോറ്റിയിലൂടെയാണ്. പ്രിന്‍സിന്റെ ഓര്‍മയ്ക്കാണ് അമ്പോറ്റി ക്കും ആ പേരുതന്നെയിട്ടത്.

ശ്രീമയിയെക്കുറിച്ച് കല്‍പ്പനയ്ക്കുണ്ടായിരുന്ന സ്വപ്നങ്ങള്‍?


കലാരഞ്ജിനിി മക്കള്‍ തമ്മിലുള്ള വ്യത്യാസം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു. എല്ലാം ഞങ്ങളുടെ മക്കള്‍. അതുകൊണ്ട് കല്‍പ്പനയ്ക്കവളുടെ മകളുടെ ഭാവി എന്നൊന്നില്ല. അമ്മ ഞങ്ങളോട് ഇന്നതാവണം എന്നുപറഞ്ഞല്ല വളര്‍ത്തിയത്. തലേലെഴുത്തു പോലെ വരട്ടേ എന്ന് അമ്മ കരുതി. അതുപോലെ ഞങ്ങളുടെ മക്കളോടും ഇന്നതാവണം എന്ന് ആരും പറഞ്ഞിട്ടില്ല.

ശ്രീമയിയേക്കാള്‍ അമ്പോറ്റിയും കല്‍പ്പനയും തമ്മിലായിരുന്നു അടുപ്പം. അവന്റെ എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്നതും അവളോടായിരുന്നു. അവന് പാന്റും ഷര്‍ട്ടുമെല്ലാം മരിക്കുംവരെ വാങ്ങിക്കൊടുത്തത് അവളായിരുന്നു. കല്‍പ്പന പോയതില്‍ ഏറെ വിഷമിക്കുന്നത് അവനാണ്.

മക്കളോട് ഏത് പഠിക്കണം എന്ന് പറഞ്ഞുകൊടുക്കാനൊന്നും ഞങ്ങള്‍ക്കറിയില്ല. ആകെ അറിയാവുന്നത് അഭിനയമാണ്. മറ്റൊന്നിനെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു. സിനിമയാണ് ഞങ്ങളുടെ കുടുംബം. ഈ കുടുംബത്തില്‍ത്തന്നെ വരിക എന്നുള്ളത് ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാണ്. ഈ നിമിഷംവരെയും ശ്രീമയി അഭിനയ രംഗത്ത് വരുമോ എന്നെനിക്കറിയില്ല. അഭിനയിക്കാന്‍ അവള്‍ക്ക് താല്‍പര്യമുണ്ട്. അമ്പോറ്റിക്ക് ഡയറക്ഷനാണ് ഇഷ്ടം. പഠിച്ചതും അതുതന്നെ. അവനിപ്പോള്‍ പി. ജി ചെയ്യുന്നു.

കല്‍പ്പനയുടെ വലിയ ആഗ്രഹമായിരുന്നു അമ്പോറ്റി അഭിനയ രംഗത്ത് വരണമെന്ന്. അവള്‍ മരിക്കും മുന്‍പും പറഞ്ഞത് അമ്പോറ്റിയുടെ കുറച്ച് ഫോട്ടോകള്‍ എടുക്കണം. അവനെ എനിക്ക് അഭിനയിക്കാന്‍ വിടണം. എന്നൊക്കെയാണ്. അഭിനയിക്കുക എന്നത് ഇപ്പോഴേ പറ്റൂ. ഡയറക്ഷന്‍ പിന്നെയും ചെയ്യാം. ഒരു നടന്‍ ഡയറക്ട് ചെയ്യുന്നു എന്നത് വേറിട്ടൊരു കാര്യമാണ്.

അതുകൊണ്ടുതന്നെ അവന്‍ അഭിനയിക്കാന്‍ തന്നെ തിരുമാനിച്ചിരിക്കുകയാണ്. എന്റെ സ്വപ്നം സാധ്യമാകുമ്പോള്‍ അത് കാണാന്‍ മീനു ഇല്ലല്ലോ എന്നതോര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നാണ് മോന്‍ പറയുന്നത്.

ശ്രീമയിയെക്കുറിച്ച്?


കലാരഞ്ജിനി വലിയ ആഘോഷങ്ങള്‍ കാണിക്കുന്ന കുട്ടിയായിരുന്നില്ല അവള്‍. ഇപ്പോള്‍ അവള്‍ കല്‍പ്പനയെപ്പോലെയായി വരുന്നുണ്ട്. കല്‍പ്പനയുടെ അഭാവം അറിയാത്ത രീതിയില്‍ അവള്‍ കല്‍പ്പനയായിട്ട് ഞങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണ്. സംസാരത്തിലും പെരുമാറ്റത്തിലും ആരെയും വേദനിപ്പിക്കാത്ത കുട്ടി. കല്‍പ്പനയെ ഞങ്ങള്‍ അവളിലൂടെ കാണുന്നു. കല്‍പ്പന പോയ സമയത്ത് ആദ്യമൊക്കെ അമ്മ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് മീനൂ എന്ന് വിളിക്കുമായിരുന്നു. അപ്പോള്‍ ശ്രീമയി എന്താ അമ്മേ?? എന്ന് ചോദിക്കും. ഇടയ്ക്കിപ്പോഴും അതൊരു പതിവാണ്.
uploads/news/2018/10/259855/sreemayikalpana261018d.jpg

ഉര്‍വ്വശിയുടെ മകള്‍ കുഞ്ഞാറ്റ പണ്ടുമുതലേ കല്‍പ്പനയെപ്പോലെയാണ്. കല്‍പ്പനയുടെ സ്വഭാവവും പെരുമാറ്റവുമൊക്കെയാണവള്‍ക്ക്. കലപില സംസാരവും വഴക്കടിക്കലും ഒക്കെ. ശ്രീമയി ഭയങ്കര സോഫ്റ്റാണ്. പതുക്കയെ സംസാരിക്കൂ. ദയവും കരുണയും ഒക്കെയുള്ള കുഞ്ഞ്. എന്‍െ മോനും അതുപോലെതന്നെയാണ്. കോളജ് വിട്ടുവന്നാല്‍ രണ്ടുപേരും കുളിച്ച് അമ്പലത്തില്‍ പോകും. ഞങ്ങളുടെയൊപ്പമല്ലാതെ എങ്ങും പോവില്ല. അതൊക്കെ അമ്മ അവരെ വളര്‍ത്തിയ ഗുണമാണ്.

കല്‍പ്പനയുടെ സാമീപ്യം അറിയുന്ന നിമിഷങ്ങള്‍?


കലാരഞ്ജിനി കല്‍പ്പന ഇല്ലാത്തത് ഓരോ നിമിഷവും അറിയാറുണ്ട്. അവളുണ്ടെങ്കില്‍ വീട് എപ്പോഴും ഉണര്‍ന്നിരിക്കും. 24 മണിക്കൂറും ബഹളവും സംസാരവും. ഇപ്പോള്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, അവളുണ്ടായിരുന്നെങ്കില്‍ എല്ലാത്തിനും മുന്നിലുണ്ടായേനേ എന്ന്. ആര്‍ക്ക് എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ മുന്നിലുണ്ടാവും.

കണ്‍മുന്നില്‍ ആരും വേദനിക്കുന്നത് അവള്‍ക്കിഷ്ടമല്ല. നഷ്ടമെല്ലാം എനിക്കാണ്. എന്റെ ഒരു ഭാഗം പോയതുപോലെയാണ്. എല്ലാത്തിനും ഞങ്ങളൊരുമിച്ചായിരുന്നു. എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവളോടും അവളുടെ കാര്യങ്ങള്‍ എന്നോടുമാണ് പങ്കുവച്ചിരുന്നത്.

പുനര്‍ജന്‍മം എന്നൊക്കെ പറയുന്നത് സത്യമാണെങ്കില്‍ അവള്‍ മറ്റൊരു രൂപത്തില്‍ ഞങ്ങളുടെ മുന്നിലേക്ക് വരും. അങ്ങനെ ഒരു അത്ഭുതം എന്നെങ്കിലും നടത്തിത്തരണേ എന്നാണ് പ്രാര്‍ഥന. അങ്ങനെ വന്നാലും ഞങ്ങളെ അവള്‍ക്കും അവള്‍ക്കു ഞങ്ങളെയും മനസിലാവണം അത്രയേയുള്ളൂ.

കല്‍പ്പനയ്ക്കുപകരം കല്‍പ്പനമാത്രം. കല്‍പ്പനയെ പോലെയെന്നോ കല്‍പ്പനയ്ക്ക് പകരമെന്നോ പറയാന്‍ ആരുമില്ല. ഒരു പ്രാവശ്യം കണ്ടാല്‍ അവളേയും ആരും മറക്കില്ല, അവളും ആരെയും മറക്കില്ല.

ശ്രീമയി സിനിമയിലേക്കെന്നാണ്?


കലാരഞ്ജിനി രണ്ട് വര്‍ഷം മുന്‍പ് രണ്ട് മൂന്ന് ഓഫറുകള്‍ വന്നിരുന്നു. അവര്‍ക്കുതന്നെ അവളെ സിനിമയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു കണ്‍സപ്റ്റായിരുന്നു അതിനിടയ്ക്കാണ് അവളെ പഠിക്കാന്‍ ചേര്‍ത്തത്. ഇനി ഒരു വര്‍ഷം കൂടി കോഴ്സുണ്ട് അതുവരെ കാത്തിരിക്കാന്‍ ദൈവാനുഗ്രഹംകൊണ്ട് അവര്‍തയാറാണ്. എല്ലാം ഈശ്വരന്റെ കൈയിലാണ്. ഒരു ഡിഗ്രി കൈയിലില്ലാതെ പോയാല്‍ അതുമില്ല ഇതുമില്ലാത്ത അവസ്ഥയാകും. പഠനം തല്‍ക്കാലം മുടക്കേണ്ട. അഭിനയം അവള്‍ക്ക് വളരെ ഇഷ്ടമാണ്.

ശ്രീമയി മീനു ഉണ്ടായിരുന്നപ്പോഴും ഇപ്പോഴും മീനുവിന് മറ്റുള്ളവര്‍ കൊടുത്തിരുന്ന സ്നേഹത്തിന്റെ പങ്ക് കിട്ടിയിരുന്നയാളാണ് ഞാന്‍. പരിചയമില്ലാത്തവരുപോലും കല്‍പ്പനചേച്ചിയുടെ മോളല്ലേ?? എന്നു ചോദിച്ച് അടുത്തുവരുമ്പോള്‍ തോന്നും മീനുവിന് പകരം മറ്റാരുമില്ലെന്ന്. മീനുവിനെപ്പോലെ മീനു മാത്രമേയുള്ളൂ.

uploads/news/2018/10/259855/sreemayikalpana261018a.jpg
* ശ്രീമയി ഉര്‍വശിക്കൊപ്പം

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ അമ്മൂമ്മയുടെ കൂടെയാണ്. ഞാന്‍, കാര്‍ത്തൂ, മിനൂ, അമ്മൂമ്മ, പ്രിന്‍സ് ചേട്ടന്‍ ഒക്കെയുള്ള സ്നേഹവീടായിരുന്നു ഇത് . മീനു എവിടെയോ ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മീനുവിന് പകരമാണ് കാര്‍ത്തൂ എന്നല്ല. രണ്ടുപേരും എന്റെ കാര്യം ഒരുപോലാണ് നോക്കിയിരുന്നത്. മീനുവിന് ഷൂട്ടിംഗ് തിരക്കൊക്കെ ഉള്ളപ്പോള്‍ കാര്‍ത്തുവാണ് എന്റെ സ്‌കൂള്‍ പ്രോഗ്രാമിനൊക്കെ വന്നിരുന്നത്. ഇപ്പോള്‍ എനിക്കുവേണ്ടിയാണ് കാര്‍ത്തൂ ഷൂട്ടിംഗ് പോലും വേണ്ടെന്നുവച്ചിരിക്കുന്നത്.

സിനിമാമോഹം അമ്മയോട് പറഞ്ഞിരുന്നോ?


ശ്രീമയി അന്ന് സിനിമയില്‍ പോകാനുള്ള ഐഡിയ ഇല്ലായിരുന്നു. കുറേനാള്‍ മുന്‍പുവരെ എനിക്ക് വണ്ണമുണ്ടായിരുന്നു. പഠനത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ. സിനിമയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പ്ലസ്ടുവിന് ശേഷം പഠിച്ചാല്‍ കൊള്ളാമെന്ന് അമ്മയോട് പറഞ്ഞിരുന്നു. മീനു പോയ ശേഷം സിനിമയില്‍ത്തന്നെ നില്‍ക്കണമെന്ന് തോന്നിത്തുടങ്ങി. ആഗ്രഹമുണ്ട്. മീനു പറയുന്നതുപോലെ അഭിനയം രക്തത്തിലലിഞ്ഞുചേര്‍ന്നിട്ടുണ്ടാവാം. പക്ഷേ ഒരിക്കലും മീനുവിന് പകരമാവാന്‍ ആര്‍ക്കും കഴിയില്ല. മീനു എന്ത് ചെയ്താലും അതേറ്റവും ബെസ്റ്റായിരുന്നു.

അമ്മൂമ്മയുമൊത്തുള്ള നിമിഷങ്ങള്‍?


ശ്രീമയി അമ്മൂമ്മയാണ് എന്നെയും പ്രിന്‍സ് ചേട്ടനേയും നോക്കിവളര്‍ത്തിയത്. അമ്മൂമ്മയെ ഒരിക്കലും മിസ് ചെയ്യുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല. രണ്ട് ദിവസം അവധികിട്ടിയാല്‍ ഞങ്ങള്‍ കൊച്ചുമക്കളെല്ലാം അമ്മൂമ്മയുടെ അടുത്തേക്ക് വരും. എന്റെ അമ്മാവന്റെ മകനും കുഞ്ഞാറ്റയും ബംഗളൂരുവിലാണ്്.

ഞാനും പ്രിന്‍സ് ചേട്ടനും ഇവിടെയാണ്. ഞങ്ങള്‍ എപ്പോഴെങ്കിലുമാണ് ഒത്തുകൂടുന്നത്. അന്ന് ഭയങ്കര ബഹളമാണ്. രാത്രിയൊന്നും ഉറക്കമില്ല. ആരെയും ഉറങ്ങാനും സമ്മതിക്കില്ല. പൊടിയമ്മയുടെ(ഉര്‍വ്വശ്ശി)രണ്ടാമത്തെ മകനും ചെന്നൈയിലാണ്. അതുകൊണ്ട് എല്ലാവരും കൂടി ഒത്തുകൂടുന്ന നിമിഷം മറക്കാനാവില്ല. ഞങ്ങളെപ്പോലെതന്നെ അമ്മൂമ്മയും എല്ലാവരേയും കാത്തിരിക്കുന്നു.

സ്വപ്നങ്ങള്‍ ബാക്കിവച്ച് അവള്‍ ....


കല്‍പ്പനയ്ക്ക് എല്ലാവരും എപ്പോഴും കൂടെ വേണമായിരുന്നു. ചെന്നൈയില്‍ എത്തിയാല്‍ എന്റെയും ഉര്‍വ്വശിയുടേയുമൊപ്പം മാറി മാറി താമസിക്കും. അവസാന കാലത്തവള്‍ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു. അന്ന് ഞങ്ങളുടെ അമ്മയും ശ്രീമയിയും അവളൊടൊപ്പമുണ്ട്.

ജനുവരി 27 ന് തൃപ്പൂണിത്തുറയിലെ വീട്ടില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടാണ് ഹൈദരാബാദിലേക്ക് പോകുന്നത്. പോകുംമുന്‍പ് ഉര്‍വശിയെ ഫോണ്‍ചെയ്തിരുന്നു. ഞാന്‍ തിരിച്ചുവരുമ്പോള്‍ പൊന്നുണ്ണി(ഉര്‍വശ്ശിയുടെ മകന്‍)യേയുംകൊണ്ട് ഇങ്ങോട്ട് വരണം. അവന്റെയൊപ്പം കുറച്ചുദിവസം താമസിക്കണം..

uploads/news/2018/10/259855/sreemayikalpana261018c.jpg
ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി (ഫയല്‍ ചിത്രം)

ഹൈദരാബാദിലേക്ക് പോകുമ്പോള്‍ കല്‍പ്പനയോടൊപ്പം ഹെയര്‍ഡ്രസര്‍ കമലാമ്മയും ഉണ്ടായിരുന്നു. അവരായിരുന്നു സന്തത സഹചാരി. കമലാമ്മയേയും അവളോടൊപ്പമായിരുന്നു താമസിപ്പിച്ചിരുന്നത്. ഹൈദരാബാദിലെത്തി ഉടന്‍തന്നെ അവള്‍ അമ്മയെ വിളിച്ചു. പൊടിമോള്‍(ഉര്‍വശ്ശി)എപ്പോള്‍ വരുമെന്നു പറഞ്ഞോ?? എന്നു ചോദിച്ചു. മറ്റന്നാള്‍ രാവിലെ എത്തുമെന്ന്് അമ്മ പറഞ്ഞപ്പോള്‍ അവള്‍ സന്തോഷിച്ചു.

ഞാ ന്‍ വരുമ്പോള്‍ ചോറും അവിയലും തൈരും ഉണ്ടാക്കി വയ്ക്കണമെന്ന് ശാന്തചേച്ചിയോട് പറയണമെന്ന ്് പറഞ്ഞ് ഫോ ണ്‍ വച്ചു. ഭക്ഷണവും കഴിഞ്ഞു പ്രാര്‍ഥനയും കഴിഞ്ഞ് അര്‍ഥരാത്രിയായപ്പോള്‍ ടി.വി കാണാനിരുന്നു. രാവിലെ ഷൂട്ടിംഗിന് പോകാനുള്ളതല്ലേ കിടന്നുറങ്ങാന്‍ കമലാമ്മ ശാസിച്ചു. അങ്ങനെ രണ്ട് പേരും ഒരുമിച്ച് കിടന്നുറങ്ങി. കമലാമ്മ പുലര്‍ച്ചെ എഴുന്നേറ്റു. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 419. അവര്‍ ബാത്ത്റൂമിന്റെ ഡോര്‍ തുറന്നു.

അപ്പോള്‍ കല്‍പ്പന ചോദിച്ചു എന്നാ കമലാമ്മാ...?? ബാത്ത് റൂമില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കതകടയ്ക്ക് അല്ലെങ്കില്‍ എ. സി പോകുമെന്ന് പറഞ്ഞു. ബാത്ത്റൂമില്‍ പോയി വന്നപ്പോള്‍ കല്‍പ്പന ചരിഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും കമലാമ്മ കല്‍പ്പനയ്ക്കൊപ്പം കിടന്നുറങ്ങി.

രാവിലെ അലാറം വച്ച് കമലാമ്മ എഴുന്നേറ്റപ്പോഴും കല്‍പ്പന അതുപോലെ തന്നെ കിടന്നു. കമലാമ്മ കുളിച്ച് ചായയും ഇട്ട് വന്ന് അവളെ വിളിച്ചപ്പോള്‍ അനക്കമില്ല. ശരീരം തണുത്തിരിക്കുന്നു. കമലാമ്മ കരഞ്ഞു ബഹളം വച്ചു. ഹോട്ടലിലെ ജീവനക്കാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരിച്ചുവെന്നാണ് പറഞ്ഞത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 26 Oct 2018 03.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW