Tuesday, August 20, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 01.39 PM

മൂല്യശോഷണം - ആപല്‍സൂചന

'' സജ്ജന സമ്പര്‍ക്കംകൊണ്ട് മാത്രമേ ഇന്ന് നമുക്ക് ജീവിതവിജയം നേടനാവൂ. കര്‍മ്മം ചെയ്യുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഫലകാംക്ഷയോടുകൂടിയാകരുത് നമ്മുടെ കര്‍മ്മം. കര്‍മ്മഫലം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമ്മള്‍ അനുഭവിച്ചേ പറ്റൂ. ഈ പ്രക്രിയ അലംഘനീയമാണ്. ''
uploads/news/2018/10/259847/joythi261018b.jpg

സമാനതകളില്ലാതെ യുഗപരിവര്‍ത്തനത്തിലൂടെ സമ്പുഷ്ടമായ സനാതന ധര്‍മ്മമാര്‍ഗ്ഗത്തില്‍ സാര്‍വ്വലൗകിക പ്രസക്തിയോടെ അഭംഗുരം നിലനിന്നുവന്ന ഭാരതീയ സംസ്‌കാരം മൂല്യശോഷണം മൂലം കളങ്കിതമായിക്കൊണ്ടിരിക്കുന്നത് പ്രാജ്ഞസമൂഹം കണ്ടില്ലെന്ന് നടക്കുന്നത് ആത്മഹത്യാപരമാണ്. ഇതിന് പ്രധാന കാരണം, പരമ്പരാഗതമായി കൈമാറി വന്നുകൊണ്ടിരുന്ന മൂല്യബോധനത്തിന്റെ അപര്യാപ്തതകൊണ്ട് മാത്രമാണ്.

ഭരണകര്‍ത്താക്കളുടെ അവജ്ഞയും പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരത്തിന്റെ പലപ്പോഴായുള്ള അധിനിവേശവും മൂല്ല്യച്യുതിക്ക് പ്രധാന കാരണമായി. ഈശ്വരീയമായ അറിവിന്റെ അപര്യാപ്തതമൂലം സ്വബോധം നഷ്ടപ്പെട്ട് മനുഷ്യര്‍, അഗ്നി കണ്ട ശലഭങ്ങള്‍ ഭക്ഷണമെന്ന് കരുതി അതില്‍ ചാടി മരണം വരിക്കുന്നപോലെ സ്വയം അനര്‍ത്ഥങ്ങളിലേക്ക് കുതിച്ചുചാടിക്കൊണ്ടിരിക്കുന്നു.

മനുഷ്യജന്മം നമുക്ക് ലഭിച്ചിട്ടുള്ളത്, ഈശ്വരീയമായ ഒരു ദൗത്യനിര്‍വ്വഹണത്തിനുവേണ്ടിയാണ്. ബ്രഹ്മാംശമായ ജീവന്റെ ശുദ്ധീകരണ ദൗത്യനിര്‍വ്വഹണം നടക്കേണ്ടത് ജീവതമെന്ന പ്രഹേളികയിലൂടെയാണ്. നാം ഭൂമിയില്‍ വന്നുപിറക്കുന്നത് അനേകമനേകം ജന്മങ്ങളിലൂടെയാണ്.

നമ്മുടെ ദേഹം ജീവന്‍ എന്ന ഈശ്വരനെ പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. അങ്ങനെ പ്രതിഷ്ഠിതമായ ജീവനില്‍ മുജ്ജന്മങ്ങളിലൂടെ ആര്‍ജ്ജിതമായ പാപപുണ്യങ്ങള്‍ സഞ്ചിതമായിട്ടുണ്ട്. ഈ ദേഹമെന്ന ക്ഷേത്രം നശിക്കുന്നതിനെ നാം മരണമെന്ന് പറയുന്നു. മരണത്തോടുകൂടി ജീവന്‍ എന്ന ബ്രഹ്മാംശം പാപപുണ്യങ്ങള്‍ വഹിച്ചുകൊണ്ട് മറ്റൊരു മാതൃഗര്‍ഭത്തില്‍ പ്രവേശിക്കുന്നു. ജന്മങ്ങള്‍ മനുഷ്യജന്മമാകണമെന്നില്ല.

പാപപുണ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുഴുവായോ, മൃഗമായോ, പക്ഷിയായോ, മനുഷ്യനായോ ആവാം. എന്നാല്‍ ജന്മങ്ങളില്‍ ശ്രേഷ്ഠമായത് മനുഷ്യജന്മം മാത്രമാണ്. മനുഷ്യന്‍ വിശേഷബുദ്ധിയുടെ ഉടമയാണ്. ഗ്രാഹ്യത്യാജ്യ വിവേചനബുദ്ധി ദൈവം നമുക്ക് നല്‍കിയ അമൂല്യനിധിയാണ്.

മനുഷ്യജന്മം ഈശ്വരീയമായ മായകൊണ്ട് പരീക്ഷണവിധേയമാവുകയാണ്. ഈ പരീക്ഷണത്തില്‍ വിജയം പലതവണ ജന്മമെടുത്ത ശേഷം മാത്രമായിരിക്കും. ഒരുജന്മത്തില്‍ ആര്‍ജ്ജിതമായ അറിവ് അടുത്തജന്മത്തില്‍ തുടര്‍ച്ചയായി ലഭിക്കുകയുമില്ല. ഇതും ഒരു പരീക്ഷണമാണ്. പാപാധിക്യംകൊണ്ട് അനേകജന്മകാരണവും പുണ്യാധിക്യംമൂലം പുനര്‍ജന്മമില്ലാത്ത മോക്ഷപ്രാപ്തിയും വന്നു ഭവിക്കുമെന്നുമാണ് നമ്മുടെ വേദേതിഹാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

എന്നാല്‍ ഇത്തരം സത്യങ്ങളുടെ അടിസ്ഥാനത്തില്‍ തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ഉള്‍പ്രേരണയുണ്ടെങ്കിലും മായാവിഭ്രാന്തിമൂലം നമുക്ക് കഴിയുന്നില്ല. അങ്ങനെ മായാ വിഭ്രാന്തിയെ അകറ്റിനിര്‍ത്തി ജീവിതവിജയം ലഭിക്കുവാനാണ് മനുഷ്യര്‍ പ്രയത്‌നിക്കേണ്ടത്. സമീപകാലത്തുണ്ടായ വന്‍ പ്രളയം നമ്മെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നില്ലേ?

സജ്ജന സമ്പര്‍ക്കംകൊണ്ട് മാത്രമേ ഇന്ന് നമുക്ക് ജീവിതവിജയം നേടനാവൂ. കര്‍മ്മം ചെയ്യുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ഫലകാംക്ഷയോടുകൂടിയാകരുത് നമ്മുടെ കര്‍മ്മം. കര്‍മ്മഫലം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമ്മള്‍ അനുഭവിച്ചേ പറ്റൂ. ഈ പ്രക്രിയ അലംഘനീയമാണ്.

നൈമിഷികമായ സുഖഭോഗങ്ങള്‍ക്ക് പിന്നാലെ പോകുന്ന പലരും ഉണ്ടായിരിക്കാം. എന്നാല്‍ അവരെ പിന്തുര്‍ന്ന് നാം അധഃപതിക്കാന്‍ പാടില്ല. ദൈവദത്തമായ വിവേചനബുദ്ധികൊണ്ട് നാം നേര്‍വഴിക്ക് നടന്നില്ലെങ്കില്‍ ആരേയും പഴിപറഞ്ഞിട്ട് കാര്യമില്ല. നാം ആരേയും ശത്രുക്കളായി കാണേണ്ടതില്ല.

ആരെങ്കിലും നമ്മോട് ശത്രുതയോടെ പെരുമാറുന്നുണ്ടെങ്കില്‍ത്തന്നെ അവരെ സൗമ്യഭാവത്തില്‍ അനുനയിപ്പിക്കുവാന്‍ നമുക്ക് കഴിയണം. അതിമനോഹരമായ ഈ ഭൂമിയും മൃഗങ്ങളും പക്ഷികളും പ്രകൃതിയും കാലാവസ്ഥാ ഭേദവും, ചക്രവാളസീമകളും ഗ്രഹനക്ഷത്രാദികളും അഗ്നിപര്‍വ്വതങ്ങളും കടലുകളും പഞ്ചഭൂതങ്ങളും ഭൂകമ്പവും എല്ലാമെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്‍ എന്ന ഉല്‍കൃഷ്ട ജീവിയുടെ ഉന്നമനത്തിനും ആത്മീയ സംസ്‌കരണത്തിനും വേണ്ടിയാണ്.

അങ്ങനെ ദൈവിക പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയനായ മനുഷ്യന്‍ അഹന്തയ്ക്കും സ്വാര്‍ത്ഥത്തിനും മൃഗീയ വികാരങ്ങള്‍ക്കും വിധേയനാകരുത്. സഹജീവികളെ സ്‌നേഹിക്കുകയും എങ്ങും നിറഞ്ഞ ഈശ്വരസാക്ഷാല്‍ക്കാരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ജന്മസാഫല്യം ലഭിക്കുവാന്‍ ശ്രമിക്കുകയും വേണം.

പകരം വിദ്ധ്വംസക വിഘടന ദാരുണകൃത്യങ്ങളില്‍ ഏ ര്‍പ്പെടുന്നത് പരമമായ ദൈവനിന്ദ തന്നെയാണ്. ഒരുനോക്ക്, ഒരുവാക്ക്, ഒരുതാങ്ങ് എന്ന മൂന്ന് പ്രവൃത്തിയും നമ്മുടെ സഹജീവികളുടെ സന്തോഷത്തിനും സൗഖ്യത്തിനും കാരണമാകും.

വി.കെ. ശ്രീനിവാസന്‍ , ഏറാടി
മൊ: 9447729571

Ads by Google
Friday 26 Oct 2018 01.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW