Tuesday, August 20, 2019 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 08.05 AM

കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ ഖഷോഗിയുടെ ഡ്യൂപ്പിനെ വെച്ചും സൗദിയുടെ തന്ത്രം ; വധത്തിന് തൊട്ടുപിന്നാലെ വസ്ത്രവും കണ്ണടയും കൃത്രിമതാടിയും വെച്ച് ഉദ്യോഗസ്ഥനായ മദനിയെ പുറത്ത് വിട്ടു

uploads/news/2018/10/258863/khashogi.jpg

ഇസ്താംബൂള്‍: കോണ്‍സുലേറ്റിനുള്ളില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്ക്. ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുനശിപ്പിക്കാനും അന്താരാഷ്ട്ര രംഗത്ത് നിരപരാധികള്‍ ആണെന്ന് വരുത്താനും ഡ്യൂപ്പിനെ വെച്ചുള്ള നീക്കവും തുര്‍ക്കി പോലീസ് കണ്ടുപിടിച്ചതോടെ സൗദി പ്രതിരോധത്തിലായി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്താംബുളിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൗദിക്കെതിരേ രാജ്യാന്തരവികാരം ശക്തമാകുന്നതിനിടെ ഖഷോഗിയോട് സാമ്യതയുള്ള മുസ്തഫാ അല്‍ മദനിയെന്ന ഉദ്യോഗസ്ഥനെയാണ് ഖഷോഗിയുടെ വേഷം കെട്ടിച്ച് കോണ്‍സുലേറ്റിന് പുറത്തേക്ക് വിട്ട് നാടകം നടത്തിയത്.

ഈ മാസം രണ്ടിനാണു സൗദി കോണ്‍സുലേറ്റിനുള്ളില്‍വച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗി കോണ്‍സുലേറ്റില്‍നിന്നു പുറത്തേക്കു പോയി എന്നു വരുത്താന്‍ ഖഷോഗിയുടെ വസ്ത്രങ്ങളും കണ്ണടയും വാച്ചും ധരിപ്പിച്ച് കൃത്രിമതാടിയും വെച്ചാണ് മദനിയെ പുറത്തേക്ക് വിട്ടത്. ഖാഷോഗി കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ അപരന്‍ പുറത്തേക്ക് പോകുകയും ചെയ്തു. കോണ്‍സുലേറ്റില്‍ നിന്ന് ഇയാള്‍ സുല്‍ത്താന്‍ അഹമ്മദ് മോസ്‌കിലേക്കാണു പോയത്. ഇവിടെവച്ച് വെപ്പുമീശയും ഖഷോഗിയുടെ വസ്ത്രവും ഉപേക്ഷിച്ചു. തുടര്‍യാത്ര തുര്‍ക്കിയിലെ തന്നെ സുല്‍ത്താനമെറ്റ് ജില്ലയിലേക്കായിരുന്നു. കണ്ണടയും വാച്ചും ഇവിടെയാണു ഉപേക്ഷിച്ചതെന്നും തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു.

സൗദി അറേബ്യ ഒരുക്കിയ ഈ വ്യാജന്‍ ഖഷോഗിയെ തുര്‍ക്കി മാധ്യമങ്ങള്‍ കയ്യോടെ പിടികൂടുകയായിരുന്നു. മുസ്തഫാ അല്‍ മദനിയെയാണു സൗദി ''വേഷം'' കെട്ടിച്ചതെന്നു ഇയാളുടെ ചിത്രങ്ങള്‍ സഹിതമാണ് തുര്‍ക്കി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. മദനിയുടെ യാത്ര സംബന്ധിച്ച തുമ്പുകള്‍ തുര്‍ക്കി പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചംഗ കൊലയാളി സംഘം ഇസ്താംബുളിലേക്കു പറന്നെത്തിയെന്നും കോണ്‍സുലേറ്റില്‍വച്ച് ഇവര്‍ ഖഷോഗിയുടെ വിരലുകള്‍ മുറിച്ചുമാറ്റിയെന്നും പിന്നീട് അമ്പത്തിയൊമ്പതുകാരനെ ഛിന്നഭിന്നമാക്കിയെന്നുമാണ് തുര്‍ക്കി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. സൗദിയുടെ ഏകാധിപത്യഭരണത്തിന്റെ നിശിത വിമര്‍ശകനായിരുന്നു ഖഷോഗി. വെറുമൊരു പഴഞ്ചന്‍ ഏകാധിപതിയായാണു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അദ്ദേഹം കണ്ടിരുന്നതും.

uploads/news/2018/10/258863/khashogi-dupe.jpg

ഖഷോഗി കോണ്‍സുലേറ്റില്‍ എത്തുന്നതിനു തൊട്ടുമുമ്പ് മുഹമ്മദ് രാജകുമാരന്റെ സന്തതസഹചാരി മഹര്‍ അബ്ദുള്‍ അസീസ് മുത്‌റെബ് അവിടെയെത്തിയെന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജകുമാരന്‍ അമേരിക്കയിലും ഫ്രാന്‍സിലും സ്‌പെയിനിലുമൊക്കെ ഈ വര്‍ഷം യാത്ര നടത്തിയപ്പോള്‍ മഹര്‍ മുത്‌റെബും അനുചരവൃന്ദത്തിലുണ്ടായിരുന്നു. 2007- ല്‍ ലണ്ടനിലെ സൗദി എംബസിയിലുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറിയുടെ പേരുമായി മുത്‌റെബിന്റെ പേരിനു സാമ്യമുണ്ടുതാനും. എന്നാല്‍, ഖഷോഗി എത്തിയ സമയത്ത് മുത്‌റെബ് എന്തിന് അവിടെവന്നു എന്ന ചോദ്യത്തിനു സൗദി ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.

കൊലപാതകത്തിനു പിന്നാലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുപ്പക്കാരെ ഫോണില്‍ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന മത്രെബ് ആണു ഫോണ്‍ ചെയ്തത്. കൊലയില്‍ സൗദി രാജകുമാരനു പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഖഷോഗിയുടെ മകനെ വിളിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനമറിയിച്ച് സന്ദേശമയച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ഉദ്യോഗസ്ഥരിലൊരാള്‍ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊന്നെന്ന സൗദിയുടെ പുതിയ വിശദീകരണവും ലോകരാജ്യങ്ങള്‍ കണ്ണടച്ചു വിശ്വസിക്കുന്നില്ല. ആഴ്ചകള്‍ക്കു ശേഷമുള്ള ഈ വെളിപ്പെടുത്തലും 18 പേരുടെ അറസ്റ്റുമൊക്കെ രാജകുമാരന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു നേരത്തെ നല്‍കിയ അറിയിപ്പുകള്‍ക്കു ന്യായീകരണവുമായി സൗദി രംഗത്തെത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയ വിവരം സൗദി ഭരണകൂടത്തെ അറിയിച്ചില്ലെന്നാണു വാദം. പകരം, അദ്ദേഹത്തെ കോണ്‍സുലേറ്റില്‍നിന്നു പുറത്തുപോകാന്‍ അനുമതി നല്‍കുകയാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ടാണു റിയാദിനു നല്‍കിയതത്രേ. അതിനിടെ, കൊലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നു പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റിജെപ് തായിപ് എര്‍ദോവെന്‍. കൊലപാതകം സംബന്ധിച്ച് ഇന്നു പാര്‍ലമെന്റില്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നു തുര്‍ക്കി പ്രസിഡന്റ് റിജെപ് തായിപ് എര്‍ദോവെന്‍ വ്യക്തമാക്കി. മൃതദേഹം എന്തു ചെയ്‌തെന്ന കാര്യത്തില്‍ അവ്യക്തതയാണ് ബാക്കിയുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW