Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 11.07 AM

‘സിനിമയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല’; ഹണി റോസ് ഇങ്ങനെയാണ്

''മലയാളിമനസില്‍ എന്നും മായാത്ത സ്ഥാനമുണ്ട് ഹണി റോസിന്. സിനിമയോടൊപ്പം കൃഷിയേയും സ്നേഹിക്കുന്ന ഹണിയുടെ പുതിയ വിശേഷങ്ങളിലേക്ക്...'''
uploads/news/2018/10/258569/honeyroseINW221018b.jpg

വെയില്‍മാഞ്ഞ സായംസന്ധ്യയില്‍ മൂലമറ്റം പവര്‍ഹൗസിന് സമീപമുള്ള തേക്കിലക്കാട്ടില്‍ വീട്ടില്‍ നിന്ന് പക്ഷികളുടെ ചിലമ്പലുകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇളം കുളിര്‍കാറ്റിനൊപ്പം തലയാട്ടുന്ന ചെറുവൃക്ഷങ്ങളാല്‍ സമ്പന്നമായ ആ പൂന്തോട്ടത്തില്‍ പ്രകൃതിയുടെ സൗന്ദര്യമാസ്വദിച്ചിരിക്കുകയാണ് ഹണി റോസ്.

സിനിമയുടെ തിരക്കുകളൊഴിഞ്ഞാല്‍ ഹണി ഇങ്ങനെയാണ്. ഹണിറോസിന്റെ ഫേസ്ബുക്കില്‍ കാണാം താന്‍ നട്ടുവളര്‍ത്തിയ ചെടികളുടെ ചിത്രങ്ങള്‍. അത്രയ്ക്കുണ്ട് ചെടികളോടുള്ള സ്നേഹം. ഇതിനിടയില്‍ പുതിയ സിനിമ റിലീസായതിന്റെ സന്തോഷവുമുണ്ട് ആ മുഖത്ത്.

അച്ഛന്റെയും അമ്മയുടേയും ഏകമകള്‍. കൂട്ടിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ?


അച്ഛന്റെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ച് പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതില്‍ അന്നൊക്കെ സന്തോഷമേ ഉള്ളു.

കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുമല്ലോ. സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. കാരണം ഞാന്‍ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ് ഷെയര്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി ഫ്രീയായി നടക്കാമായിരുന്നു.

പെണ്‍കുട്ടിയായി ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?


ഒരിക്കലുമില്ല. പെണ്‍കുട്ടിയായതില്‍ അഭിമാനമേയുള്ളു. ചില സാഹചര്യങ്ങളില്‍ ആണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാനുള്ള കരുത്തുമുണ്ടായിരുന്നു. എല്ലാ സ്ത്രീകളും അത്തരത്തില്‍ കരുത്തുള്ളവരാണ്.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങള്‍?


വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നത്. കലാഭവന്‍ മണിച്ചേട്ടന്റെ ലൈഫ് സ്‌റ്റോറിയാണീ സിനിമ. കുറച്ചു സീനേ ഉള്ളുവെങ്കിലും നല്ലൊരു കഥാപാത്രമാണ് എന്റേത്. മണിച്ചേട്ടന്‍ കടന്നുപോയ വഴികളൊക്കെ സിനിമയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴും ആ സങ്കടവും സന്തോഷവുമൊക്കെ അതുപോലെ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

രാജാമണിയാണ് മണിച്ചേട്ടന്റെ വേഷം ചെയ്തത്. രൂപസാദൃശ്യമൊന്നും ഇല്ലെങ്കിലും ചില സീനുകളൊക്കെ അഭിനയിക്കുമ്പോള്‍ മണിച്ചേട്ടനാണ് മുമ്പില്‍ ഇരിക്കുന്നതെന്ന് തോന്നി.

uploads/news/2018/10/258569/honeyroseINW221018a.jpg

കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍?


അദ്ദേഹം മരിച്ചു കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തിന്റെ പ്രാധാന്യവും ആ വ്യക്തി നമ്മളിലുണ്ടാക്കിയ സ്വാധീനവുമൊക്കെ മനസിലാക്കുന്നത്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. മണിച്ചേട്ടന്റെ മരണശേഷം അദ്ദേഹത്തെ എവിടെവച്ച്, എങ്ങനെയാണ് കണ്ടതെന്ന് കുറേ ആലോചിച്ചു. അപ്പോഴാണ് മനസിലായത് ഞാനദ്ദേഹത്തെ കണ്ടിട്ടില്ലെന്ന്.

പക്ഷേ ഒരിക്കല്‍ പോലും കാണാത്ത ഒരാളാണ് മണിച്ചേട്ടനെന്ന് തോന്നിയിട്ടേയില്ല. എവിടെയൊക്കെയോ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നൊരു ഫീലുണ്ടായിരുന്നു. കലാസ്നേഹിയെന്നതിലുപരി വലിയൊരു മനുഷ്യസ്നേഹിയായിരുന്ന മണിച്ചേട്ടന്റെ അഭാവം വളരെ വലുതാണ്. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാ എന്ന കുറവ് ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മാറി. ഈയൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടായിരുന്നോ?


ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്കൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയന്‍ സാറാണ്. ബോയ്ഫ്രണ്ടിലേക്ക് എന്നെ കൊണ്ടുവന്നപ്പോള്‍ താന്‍ സിനിമയില്‍ നിന്ന് പുറത്തായെന്ന് പലപ്പോഴും തമാശ രൂപേണ അദ്ദേഹം പറയാറുണ്ട്.

സാര്‍ ഏത് സിനിമയിലേക്ക് വിളിച്ചാലും ആ സിനിമയുടെ ഭാഗമാകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഈ പ്രശ്നങ്ങളിലേക്കൊക്കെ ഞാനടക്കമുള്ളവരെ വലിച്ചിഴയ്ക്കണ്ട എന്നദ്ദേഹം തീരുമാനിച്ചതുകൊണ്ടാവാം ആ സമയത്തൊന്നും എന്നെ അഭിനയിക്കാന്‍ വിളിച്ചിട്ടില്ല.

നടി അക്രമിക്കപ്പെട്ട കേസില്‍ ഹര്‍ജി ചേരാനുള്ള തീരുമാനത്തെക്കുറിച്ച്?


ആ കുട്ടിയെ ഏതെങ്കിലും വിധത്തില്‍ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ് കേസില്‍ ഹര്‍ജി ചേരാന്‍ തീരുമാനിച്ചത്. തികച്ചും ജന്വിനായ തീരുമാനമായിരുന്നു അത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോസിറ്റീവായ സഹകരണമാണ് കിട്ടുന്നത്, അന്വേഷണത്തില്‍ തൃപ്തയാണ് എന്ന് ആ കുട്ടി പറഞ്ഞിരുന്നെങ്കിലും സംഘടനയുടെ ഭാഗമായി സഹായിക്കണമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ചുമതല എനിക്കും ശ്വേത മേനോനും രചന നാരായണന്‍കുട്ടിക്കും വിട്ടു തന്നിരുന്നു. ആ സമയത്ത് ശ്വേത ചേച്ചി സ്ഥലത്തില്ലായിരുന്നു.

പുറത്തുനിന്ന് കിട്ടിയ ഉപദേശമനുസരിച്ചാണ് കേസില്‍ ഹര്‍ജി ചേരാന്‍ തീരുമാനിച്ചത്. നിയമം അറിയാവുന്നവരോട് അന്വേഷിച്ചപ്പോഴും അതൊരു നല്ല തീരുമാനമാണെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയാണ് ഞാനും രചനയും കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്. പക്ഷേ ഹര്‍ജി ഫയല്‍ ചെയ്തതില്‍ ചില തെറ്റുകള്‍ സംഭവിച്ചു.

കേസിനെക്കുറിച്ചു കൂടുതല്‍ ഗൗരവമായി പഠിക്കണമായിരുന്നു. അത് ചെയ്യാതിരുന്നത് എന്റെ തെറ്റുതന്നെയാണ്. ആ കുട്ടിയോട് വ്യക്തിപരമായി എനിക്കടുപ്പമൊന്നുമില്ല. സംഭവമറിഞ്ഞ് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ കോണ്‍ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരവസരത്തില്‍ അവരെ കണ്ടെങ്കിലും ഈ കാര്യങ്ങളൊന്നും സംസാരിക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല.

കേസ് കോടതിയില്‍ വന്നപ്പോള്‍ കഥ മാറി, ഒപ്പിടുന്ന സമയത്ത് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. കേസിനെക്കുറിച്ച് വിശദമായി പഠിക്കാത്തതുകൊണ്ട് സംഭവിച്ച തെറ്റാണത്. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ എന്നേയും കുടുംബത്തേയും വളരെയധികം വേദനിപ്പിച്ചു.

പിന്നീട് പല വക്കീലന്മാരോടും ചോദിച്ചപ്പോള്‍ ഹര്‍ജി കൊടുക്കേണ്ടിയിരുന്നില്ല എന്നവര്‍ പറഞ്ഞു. ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം ആ കുട്ടിയെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു. ആ കേസുമായി മുന്നോട്ടുപോവുകയെന്നത് വലിയൊരു കാര്യമാണ്.

നിയമത്തെക്കുറിച്ച് കൂടുതല്‍ കാര്യമൊന്നും നമുക്കറിയില്ലല്ലോ? അപ്പോള്‍പ്പിന്നെ അങ്ങനെയൊരു തെറ്റ് സംഭവിക്കരുതായിരുന്നു. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ കാണിച്ചുകൊണ്ട് ഞാന്‍ ആ കുട്ടിക്ക് മെസേജ് അയച്ചിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

uploads/news/2018/10/258569/honeyroseINW221018.jpg

ബോയ്ഫ്രണ്ട് മുതല്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി വരെയുള്ള 13 വര്‍ഷങ്ങള്‍?


ഒരുപാടവസരങ്ങള്‍ എന്നെത്തേടിയെത്തി എന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമയില്‍ നിലനില്‍ക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്നല്ലാതെ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് ഒരുപരിധിയില്‍ കവിഞ്ഞുള്ള ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ല. എല്ലാവരോടും ഒരു ഹായ് ബന്ധമേയുള്ളൂ. കുറച്ചുകൂടി ആക്ടീവാകാമായിരുന്നു, അങ്ങനെയല്ലാത്തത് എന്റെ നെഗറ്റീവാണ്.

എന്നെത്തേടിയെത്തുന്ന ചിത്രങ്ങളില്‍ എനിക്ക് കംഫര്‍ട്ടബിളായ വേഷങ്ങളേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളു. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ സിനിമകളുടെ എണ്ണത്തില്‍ കുറവു വന്നേക്കാം. എങ്കിലും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാമെന്നുള്ളവര്‍ക്കൊപ്പമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു.

ചെയ്ത കഥാപാത്രങ്ങളില്‍ സന്തുഷ്ടയാണ്. പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നയാളാണ് ഞാന്‍. നല്ല കഥാപാത്രങ്ങള്‍ കിട്ടി. ഇപ്പോള്‍ 13 വര്‍ഷമായിട്ടും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെതന്നെ വലിയ കാര്യമല്ലേ?

ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി എന്ന കഥാപാത്രം ലഭിച്ചില്ലായിരുന്നെങ്കില്‍?


യൂണിക്കായൊരു കഥാപാത്രമായിരുന്നു ധ്വനി. അതുപോലൊരു കഥാപാത്രം ഇനി കിട്ടണമെന്നില്ല. വി.കെ പ്രകാശ് എന്ന സംവിധായകന്റെയും അനൂപേട്ടന്‍ എന്ന തിരക്കഥാകൃത്തിന്റെയുമൊക്കെ കഴിവുകൊണ്ടാണ് അത്രയും മികച്ചൊരു കഥാപാത്രമുണ്ടായത്. എന്നാല്‍ കഴിയും വിധം നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് തോന്നുന്നത്.

ആ കഥാപാത്രം ലഭിച്ചില്ലായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കിലോ? അങ്ങനെ പലതും ചിന്തിക്കേണ്ടി വരും.

ജീവിതത്തില്‍ ഒരിക്കലും രണ്ട് ഓപ്ഷനുകളില്ല, ഒന്നേയുള്ളൂ. ഒരു കാര്യം നടന്നാല്‍ അത് സംഭവിച്ചതാണ്. അതിനി ആര്‍ക്കും മാറ്റാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടെന്ത് കാര്യം? ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ സംഭവിക്കേണ്ടതായിരുന്നു, ബോയ്ഫ്രണ്ടും അങ്ങനെതന്നെ. അത്തരമൊരു കഥാപാത്രം ലഭിച്ചത് ദൈവാനുഗ്രഹമാണ്. ഇല്ലായിരുന്നെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നേനെ.

ഇഷ്ടപ്പെട്ട പ്രൊഫഷന്‍? അഭിനേത്രിയാകാനുള്ള തീരുമാനം ആഗ്രഹത്തെ ബാധിച്ചോ?


ഫാഷന്‍ ഡിസൈനിംഗ് ഇഷ്ടമായിരുന്നു. ചെറുപ്പം മുതല്‍ ചെറുതായി വരയ്ക്കുമായിരുന്നു. ഒരു ഓഫീസിലിരുന്ന് ഫയലുകള്‍ക്കിടിയല്‍ ജീവിക്കാന്‍ എനിക്ക് പറ്റുമായിരുന്നില്ല. കലാപരമായ ജോലികളെന്തെങ്കിലും ചെയ്യാനായിരുന്നു താല്‍പര്യം. ഞാന്‍ ആഗഹിച്ചതിനുമപ്പുറം ക്രിയേറ്റീവായി വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടി.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സിനിമയിലെത്തുന്നത്. അതിനുശേഷം സിനിമയില്‍ തുടരണമെന്നായിരുന്നു ആഗ്രഹം. ആ സിനിമ കഴിഞ്ഞപ്പോള്‍ ഞാനൊരു നടിയായി. ഇനിയും ഒരുപാട് നല്ല അവസരങ്ങള്‍ കിട്ടും. പെട്ടെന്നുതന്നെ വലിയൊരു സെലിബ്രിറ്റിയാകുമെന്നൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ നല്ല സിനിമകള്‍ക്കായി പിന്നെയും കാത്തിരിക്കേണ്ടി വന്നു.

സിനിമ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് നല്ല സിനിമകള്‍ ചെയ്യണമെന്ന് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. പിന്നീട് അതിനുവേണ്ടി മാനസികമായി തയാറെടുത്തു തുടങ്ങി. പ്രശ്‌നങ്ങളൊക്കെ മനസിലാക്കി തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു.

uploads/news/2018/10/258569/honeyroseINW221018d.jpg

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തീരുമാനം തെറ്റായെന്ന് തോന്നിയോ?


ബോയ്ഫ്രണ്ട് കഴിഞ്ഞ് ഒരു തമിഴ് സിനിമയിലാണ് അഭിനയിച്ചത്. മലയാള സിനിമ മേഖലയെക്കുറിച്ച് പോലും കാര്യമായ അറിവൊന്നുമില്ലാത്ത സമയത്താണ് തമിഴിലെത്തുന്നത്. തമിഴ് സിനിമയിലെ മാനേജര്‍മാര്‍ വഴിയാണവസരങ്ങള്‍ കിട്ടിയിരുന്നത്.

നല്ല കഥാപാത്രമാണ്, നല്ല ടീമാണ് എന്നൊക്കെ അവര്‍ പറയുന്ന അറിവേ എനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളുമുണ്ടായി. മലയാളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടശേഷം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ മതിയാരുന്നു.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ?


ഇന്‍ഡസ്ട്രിയില്‍ വന്നശേഷമാണ് ഞാന്‍ സിനിമയെന്താണെന്നറിയുന്നത്. അതുകൊണ്ടുതന്നെ കരിയറിന്റെ തുടക്കത്തില്‍ പല പാളിച്ചകളും സംഭവിച്ചു. ആ തെറ്റുകളൊക്കെ മനസിലാക്കി ഇപ്പോള്‍ സെലക്ടീവാകാറുണ്ട്.

ചങ്ക്സിനുശേഷം ഒരുപാട് നല്ല ഓഫറുകള്‍ വന്നിരുന്നു. ആ സമയത്താണ് ഏറ്റവുമധികം അവസരങ്ങള്‍ വന്നതും. പക്ഷേ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് എനിക്കു തോന്നി. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം. അതുകൊണ്ടാണ് ഇടയ്ക്ക് ചെറിയ ഗ്യാപ് വരുന്നത്.

സെലക്ടീവാകുന്നതുമൂലമുള്ള ഇടവേളകള്‍ കരിയറിനെ ബാധിക്കുമെന്ന് തോന്നിയോ?


എന്റെ കരിയറില്‍ ഇടയ്ക്കിടെ ഇടവേളകളുണ്ടാകാറുണ്ട്. നാളെ നല്ല സിനിമകള്‍ തേടിയെത്തും എന്ന് പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. ബോയ്ഫ്രണ്ട് കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ അഭിനയിക്കുന്നത്. ഇതിനിടയില്‍ മലയാളത്തിലും അന്യഭാഷകളിലുമായി സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നു. ചിലപ്പോള്‍ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കും, ഇതിനിടയില്‍ ചെറിയൊരു ഇടവേളയുണ്ടാകും. അതൊരു വലിയ പ്രശ്നമായൊന്നും തോന്നുന്നില്ല.

സിനിമകള്‍ വിജയിക്കണോ വേണ്ടയോ എന്ന് സോഷ്യല്‍മീഡിയ തീരുമാനിക്കുന്ന കാലമാണ്. എന്ത് തോന്നുന്നു?


ഞാന്‍ സിനിമയില്‍ വരുന്ന സമയത്തൊന്നും ഫേസ്ബുക്കൊന്നും ഇത്ര പബ്ലിക് ആയിരുന്നില്ല. അന്നൊക്കെ ചാനലുകളിലൂടെയും മാഗസിനുകളിലൂടെയുമൊക്കെയാണ് പ്രമോഷന്‍ ചെയ്തിരുന്നത്. ഇന്നതല്ല അവസ്ഥ. ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നത്. ആര്‍ക്കും എന്തും എഴുതാമെന്നൊരു സ്വാതന്ത്ര്യം കൂടിയുണ്ട് സോഷ്യല്‍ മീഡിയയില്‍.

ഗുണമെന്നതുപോലെ ദോഷവുമുണ്ട്. സിനിമ പ്രമോഷന് നല്ലൊരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍മീഡിയകള്‍. കൂടാതെ നമുക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഓപ്പണായി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയുമാകാം. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പായി റിവ്യൂസ് പോസ്റ്റ് ചെയ്യുന്നൊരു പ്രവണത കണ്ടുവരുന്നുണ്ട്. ഈ രീതി ശരിയല്ല. സിനിമ റിലീസായ ശേഷം റെസ്പോണ്‍സ് അറിഞ്ഞിട്ട് റിവ്യൂസ് പോസ്റ്റ് ചെയ്തോളൂ. അതല്ലേ ശരി? സിനിമ എന്നത് ഒരുപാട് പേരുടെ കഠിനാധ്വാനമാണ്. അതിനെ മാനിച്ചേ പറ്റൂ.

ധാരാളം ആരാധകരുണ്ടല്ലോ? ഇതിനിടയില്‍ പ്രണയാഭ്യര്‍ത്ഥനകള്‍?


പ്രണയാഭ്യര്‍ത്ഥനകളൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ കണ്ടിട്ടുള്ള ആരാധകരൊക്കെ നല്ല രീതിയില്‍ പെരുമാറുന്നവരാണ്. തമിഴ് നാട്ടില്‍ നിന്നൊരാള്‍ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരം വിളിക്കാറുണ്ട്. എല്ലാ ബര്‍ത്ത്ഡേയ്ക്കും വിളിച്ച് വിഷ് ചെയ്യും. എന്റെ പിറന്നാളിന് അയാളുടെ നാട്ടിലുള്ളവര്‍ക്ക് മധുരമൊക്കെ നല്‍കിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.
uploads/news/2018/10/258569/honeyroseINW221018c.jpg

ഒഴിവുസമയങ്ങളില്‍ കൃഷിയും പൂന്തോട്ട പരിപാലനവുമൊക്കെയായി ആക്ടീവാണല്ലോ?


കൃഷി എനിക്ക് ജീവനാണ്. ഇവിടെ വീടിനോട് ചേര്‍ന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങളൊക്കെ നട്ടുപിടിപ്പിട്ടിച്ചുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത ചെടികള്‍പോലും പലയിടങ്ങളില്‍ നിന്നായി കളക്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് ചെടികള്‍ കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള ചെടികളുടെ കളക്ഷനുള്ള ഒരുപാടുപേര്‍ കേരളത്തിലുണ്ട്.

അവരെയൊക്കെ കണ്ടുപിടിച്ച് നല്ലയിനം തൈകള്‍ വാങ്ങാറുണ്ട്. അത്തിയുടെ പല വെറൈറ്റികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബ്ലാക്ബെറിയില്‍ കായുണ്ടായപ്പോള്‍ ആ ചിത്രങ്ങളൊക്കെ ഞാന്‍ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. യാത്രകള്‍ക്കിയില്‍ കാണുന്ന ചെടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോള്‍ വഴിയിലെവിടെയെങ്കിലും ഫ്ളവര്‍ നഴ്സറികള്‍ കണ്ടാല്‍ അവിടെയിറങ്ങി ചെടികള്‍ നോക്കാറുണ്ട്.

ഫാമിംഗ് രീതികളൊക്കെ ഓണ്‍ലൈനില്‍ നോക്കി മനസിലാക്കും. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ ചെടികളുടെ പരിചരണമൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. അല്ലാത്തപ്പോള്‍ ഇതൊക്കെ നോക്കാനിവിടെ ചേച്ചിമാരുണ്ട്. വീടിനുചുറ്റും കുറേ മുളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ പലതരം പക്ഷികളുടെ കൂടുമുണ്ട്. വൈകുന്നേരങ്ങളില്‍ പക്ഷികളുടെ ശബ്ദമൊക്കെ കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖ
മാണ്.

ഇതിനിെട ബിസിനസും ചാരിറ്റിയും..?


അച്ഛനും അമ്മയും ചേര്‍ന്ന് ആയുര്‍വേദ പ്രോഡക്ടുകളുടെ ബിസിനസ് നടത്തുന്നുണ്ട്. രാമച്ചം കൊണ്ടുള്ള കിടക്ക, തൈലം, ബ്രഷ് എന്നീ പ്രോഡക്ടുകളുണ്ട്. ഇപ്പോള്‍ ഹണി ബാത്ത് ബ്രഷിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ബിസിനസ് എന്നതിലുപരി ചാരിറ്റിക്കാണ് പ്രാധാന്യം. സാധാരണ സ്ത്രീകള്‍ക്കൊരു വരുമാന മാര്‍ഗമാണിത്. നൂറിലധികം ചേച്ചിമാര്‍ ഇവിടെ ജോലി ചെയ്യുന്നു.

ഇതുവരെ ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കാനുള്ള സമയമെനിക്കുണ്ടായിരുന്നില്ല. ഇന്ത്യയ്ക്കകത്തും പുറത്തുമൊക്കെ സെയില്‍ നടക്കുന്നുണ്ട്. ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. അടുത്തിടെ ഒരു വിദേശവനിത ഹണി ബാത്ബ്രഷിനെക്കുറിച്ച് ഒരു വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറച്ചൂടെ പബ്ലിസിറ്റി കൊടുത്ത് ബിസിനസ് വിപുലീകരിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.

പുതിയ സിനിമകള്‍?


ഒമര്‍ സാറിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അഡാര്‍ ലൗവിന് ശേഷം ആ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. ഒരു സംവിധായികയുമായി മറ്റൊരു സിനിമയുടെ ഡിസ്‌കഷന്‍ കഴിഞ്ഞു.

അശ്വതി അശോക്
ഫോട്ടോ : അജ്മല്‍ ലത്തീഫ്

Ads by Google
Monday 22 Oct 2018 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW