Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 19 Oct 2018 04.15 PM

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക

''ഡ്രൈവര്‍മാര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ക്ലറിക്കല്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ മാത്രമല്ല, ഇരുന്നു ജോലി ചെയ്യുന്ന ഓരോരുത്തരും നീണ്ട ഇരിപ്പിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് ഇരയാണ്. ''
uploads/news/2018/10/257898/backpain191018a.jpg

ഇരിപ്പ് സുഖകരമായ ഒരവസ്ഥയാണ്. എന്നാല്‍ അതൊരു അസുഖകാരണന്നു ചിന്തിക്കാന്‍ നമുക്കെല്ലാം പ്രയാസമാണ്. ഇന്ന് മെഡിക്കല്‍ ഡിക്ഷ്ണറിയില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ വാക്കാണ് 'സിറ്റിങ് ഡിസീസ്'. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗകാരണങ്ങളില്‍ വച്ച് ഏറ്റവും മരണനിരക്കിനു കാരണമാകുന്നത് ഇരിപ്പ് എന്ന ആലസ്യം തന്നെയാണ്.

ഡ്രൈവര്‍മാര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ക്ലറിക്കല്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ മാത്രമല്ല, ഇരുന്നു ജോലി ചെയ്യുന്ന ഓരോരുത്തരും നീണ്ട ഇരിപ്പിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് ഇരയാണ്. ദിവസവും ഏഴ് അല്ലെങ്കില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കാണ് ഇരിപ്പിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഇരുന്നോളൂ പക്ഷേ


തുടര്‍ച്ചയായ ഇരിപ്പ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് ശരീരികാരോഗ്യത്തെയാണ്. ദീര്‍ഘനേരം ഇരിക്കുന്നതു മൂലം ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയുകയും അതു ദുര്‍മേദസ് അടിയാന്‍ കാരണമാകുകയും ചെയ്യും. തന്മൂലം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുകയും അമിതരക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവ ഉണ്ടാകുകയും മെറ്റബോളിക് സിന്‍ഡ്രോം എന്ന ഗുരുതരാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.

തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും പ്രത്യാഘാതങ്ങളും കൂടുതലായി കാണപ്പെടുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘ നേരം ഇരിക്കുന്നവര്‍ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയും. ഇതു ടൈപ്പ് 2 പ്രമേഹ

സാധ്യത വര്‍ധിപ്പിക്കും.


ഒരേ ഇരിപ്പ് ശരീരത്തിന്റെയും കാലുകളിലെയും പല പേശികളുടെയും പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും അതു പേശീബലക്ഷയത്തിലേക്കും അസ്ഥിബലക്ഷയത്തിലേക്കും എത്തിക്കും. സ്ത്രീകളെ സംബന്ധിച്ച് ദീര്‍ഘനേരം ഇരിക്കുന്നതുകൊണ്ട് നട്ടെല്ലിന്റെ സ്വാഭാവിക വടിവു നഷ്ടമാകാന്‍ ഇടവരുത്തുന്നു. ഇതു ശരീരസൗന്ദര്യത്തെ ബാധിക്കുന്നു.

തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ശരീരത്തിന്റെ മുഴുവന്‍ ഭാരവും നട്ടെല്ലിലേക്കാണ് എത്തുക. അതു ഡിസ്‌കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കും.

45 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ നടുവിന്റെ താഴ്ഭാഗത്തുള്ള ലംബാര്‍ ഡിസ്‌കിന്റെ മൃദുത്വം കുറഞ്ഞു കട്ടിയാകുകയും ഇത് ഞരമ്പിനെ ഞെരുക്കാനും സാധ്യതയുണ്ട്. ഇക്കാരണം കൊണ്ട് ദീര്‍ഘനേരം ഇരിക്കുന്നവരില്‍ ഡിസ്‌ക് പ്രൊലാപ്‌സ്, ബള്‍ജിങ് (തള്ളിവരിക) തുടങ്ങി നടുവിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഒരേ ഇരിപ്പ് കാലിലെയും ഇടുപ്പിലേയും പേശികള്‍ ദുര്‍ബലമാക്കും. ഇങ്ങനെ പേശികള്‍ക്ക് പെട്ടെന്ന് പരിക്കുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

നടപ്പ്, നില്‍പ്പ്, വ്യായാമം എന്നിവ തലച്ചോറിലെ എന്‍ഡോര്‍ഫിന്റെ അളവ് കൂട്ടുകയും അതു മാനസിക സന്തോഷം നല്‍കുകയും ചെയ്യും. നിരന്തരം ഇരിക്കുന്നവരെ സംബന്ധിച്ച്് വ്യായാ
മക്കുറവ് ഇവരുടെ മാനസിക സന്തോഷം ഇല്ലാതാക്കും. ഇതുമൂലം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും.

ഇരിപ്പ് ശരിയായില്ലെങ്കില്‍


ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. പലതരം കാന്‍സറുകള്‍ക്ക് ഇരിപ്പ് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏറ്റവും പ്രധാനം ശ്വാസകോശസംബന്ധമായ കാന്‍സറാണ്. 61 ശതമാനം വര്‍ധനവാണ് ലങ്‌സ് കാന്‍സറുകളില്‍ ഉണ്ടായിട്ടുള്ളത്.

ഗര്‍ഭാശയ കാന്‍സറുകളില്‍ 65 ശതമാനം വര്‍ധനവുണ്ടായിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുടലിലെ കാന്‍സറുകള്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഇരിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതോടൊപ്പം ഉറക്കക്കുറവ്,ഓര്‍മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

നടുവു നിവര്‍ത്താതെ വളഞ്ഞുകൂടിയുള്ള ഇരിപ്പ്, നടുവിന്റെ താഴ്ഭാഗത്ത് താങ്ങ് നല്‍കാത്ത കസേരയുടെ ഉപയോഗം എന്നിവയൊക്കെ നട്ടെല്ലിന്റെ പേശികള്‍ക്കും കഴുത്തിനും ആയാസമുണ്ടാക്കും.

ഇരിപ്പിന്റെ പ്രശ്‌നങ്ങള്‍


1. നീണ്ട ഇരിപ്പ് ഒരു പ്രശ്‌നക്കാരനാണ്.
2. ഇടവേളയില്ലാത്ത ഇരിപ്പ് ആരോഗ്യത്തിനു ദോഷകരമാണ്.

3. വ്യായാമമില്ലാത്ത ഇരിപ്പ് അപകടകാരിയാണ്.
4. തെറ്റായ ഇരിപ്പ് ആരോഗ്യം നഷ്ടപ്പെടുത്തും.

uploads/news/2018/10/257898/backpain191018c.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങള്‍ തടയാന്‍ അരമണിക്കൂര്‍ വ്യായാമം കൊണ്ടുമാത്രം മതിയാകില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

1. തുടര്‍ച്ചയായുള്ള ഇരിപ്പ് ഒഴിവാക്കാന്‍ ജോലിക്കിടെ ഇരിപ്പിനു ഇടവേളകള്‍ നല്‍കാം. 45 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കരുത്. ഇടയ്ക്ക് സീറ്റില്‍ നിന്നെഴുന്നേറ്റ് രണ്ടു മിനിറ്റു നേരം ശരീരം മുഴുവന്‍ സ്‌ട്രെച്ച് ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യുക.
2. ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമുള്ള സാഹചര്യങ്ങള്‍ കണ്ടെത്തണം. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നടുവു നിവര്‍ത്താനും അല്‍പദൂരം നടക്കാനും ശ്രമിക്കുക.

3. നടുവിന്റെ സ്വാഭാവിക വടിവ് നിലനിര്‍ത്തുന്ന രീതിയില്‍ ഇരിക്കുന്നതാണ് അഭികാമ്യം. രണ്ട് ഇടുപ്പിലും ഒരുപോലെ ഭാരം താങ്ങുന്ന നിലയില്‍ വേണം ഇരിക്കാന്‍. അതായത് ഒരു വശത്തേക്ക് മാത്രം ഭാരം നല്‍കുന്ന തരത്തില്‍ ഇരിക്കരുത്.
4. എത്ര അനുയോജ്യമായിട്ടുള്ള കസേരയാണ് ഉപയോഗിക്കുന്നതെങ്കിലും തുടര്‍ച്ചയായുള്ള ഇരിപ്പ് രോഗിയാക്കി മാറ്റും. നടുവു നിവര്‍ത്തി, ഉരം മുന്നോട്ട് ആയാതെ നിതംബം കസേരയുടെ ചാരില്‍ ചേര്‍ന്നിരിക്കുന്ന തരത്തില്‍ വേണം ഇരിക്കാന്‍.

5. നടുവിന്റെ താഴത്തെ ഭാഗത്തുള്ള സ്വാഭാവിക വടിവ് നിലനിര്‍ത്താന്‍ വേണ്ടി ഒരു സപ്പോര്‍ട്ട് നല്‍കാവുന്നതാണ് (ലംബാര്‍ സപ്പോര്‍ട്ട്). വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സീറ്റ് മുന്നോട്ട് നീക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും പുറകിലേക്ക് നീക്കി സീറ്റ് ക്രമീകരിക്കാറുണ്ട്. മുന്നോട്ട് നീക്കുന്നതാണ് നടുവിനും നല്ല ഇരിപ്പിനും ഉചിതം. ദീര്‍ഘദൂരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ നടുവിന് താങ്ങുലഭിക്കുന്ന വിധം കുഷ്യന്‍ സീറ്റ് ഉപയോഗിക്കാവുന്നതാണ്.

6. കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍, ഒരു കൈ അകലെ ദൂരത്തിലെങ്കിലും സ്‌ക്രീനുകള്‍ ക്രമീകരിക്കാന്‍ ശ്രമിക്കണം. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സ്‌ക്രീന്‍ കണ്ണിന്റെ അതേ നിരപ്പില്‍ വയ്ക്കുക. തല വല്ലാതെ കുനിക്കുകയോ ഉയര്‍ത്തുകയോ ചെയ്യേണ്ടി വരുന്ന ഇരിപ്പിനും കഴുത്തിനും സുഖകരമല്ല. ഇടുപ്പു സന്ധിയും മുട്ടു സന്ധിയും ഒരേ നിരപ്പിലാകാന്‍ ശ്രദ്ധിക്കുക. ഇതിനായി കാല്‍ തറയില്‍ നിന്ന് അല്‍പം ഉയര്‍ത്തി വയ്ക്കുക. ഫുട്ട് റെസ്റ്റുകള്‍ ഇതിനായി ഉപയോഗിക്കാം.

7. ഇരുന്നു ജോലി ചെയ്യുന്നവര്‍ ലിഫ്റ്റിനു പകരം പടികള്‍ കയറിയിറങ്ങാന്‍ ശ്രമിക്കുക.

8. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവരുടെ ഇരിപ്പ് മാത്രമല്ല, കസേര, ടേബിള്‍ എന്നിവ അനുയോജ്യമായിരിക്കണം. തുടര്‍ച്ചയായി ഇരുന്ന് ജോലി ടി.വി സീരിയല്‍ കാണുന്നവര്‍ പരസ്യങ്ങളെ പഴിക്കാതെ ഈ സമയം എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുക. ജോലിക്കിടെ ഫോണ്‍ കോളുകള്‍ എഴുന്നേറ്റ് നിന്ന് അറ്റന്‍ഡ് ചെയ്യുക. നടന്നുകൊണ്ട് സംസാരിക്കുക. ശരിയായ ആരോഗ്യത്തിനു ഒരു ദിവസം 10,000 ചുവടുകള്‍ വയ്ക്കണമെന്നാണ് പറയപ്പെടുന്നത്. സ്മാര്‍ട് ഫോണുകളില്‍ ഇന്ന് എത്രദൂരം നടന്നുവെന്നു കണ്ടെത്താന്‍ പോഡാ മീറ്റര്‍ എന്ന ആപ്പ് നിലവിലുണ്ട്. ഇവയുടെ സഹായം പ്രയോജനപ്പെടുത്താം.

ഡോ. രാജേഷ് വി.
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ്
മാതാ ഹോസ്പിറ്റല്‍, കോട്ടയം

തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW