Tuesday, August 20, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Oct 2018 11.06 AM

അഭിനയിച്ചത് 450 ചിത്രങ്ങളില്‍, എല്ലാ സിനിമയിലും കൈലിയും ബ്ലൗസും വേഷം, ഏറ്റവും കൂടിയ പ്രതിഫലം 6000 രൂപ; പട്ടിണി മാറ്റാന്‍ 15-ാംവയസില്‍ സിനിമയിലെത്തിയ ലളിതശ്രീയുടെ ജീവിതം

''കുടുംബത്തിലെ പട്ടിണി മാറ്റാന്‍ സിനിമയിലെത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടി. വെള്ളിത്തിരയുടെ ഒഴുക്കില്‍ പെട്ട അവളെ കാത്തിരുന്നത് അപ്രതീക്ഷിത ജീവിതാനുഭവങ്ങളായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ലളിതശ്രീ ഇന്നെവിടെയാണ്? ലളിതശ്രീയുടെ ജീവിതാനുഭവങ്ങളിലൂടെ...''
uploads/news/2018/10/257520/lalithsree171018.jpg

മുന്‍പ് അഭിനയിച്ചിട്ടുണ്ടോ? നൃത്തം അറിയാമോ?? അഭിനയിക്കാനുള്ള ആഗ്രഹവുമായെത്തിയ പെണ്‍കുട്ടിയെ അഭിമുഖം നടത്തുന്ന സംവിധായകന്റെ ചോദ്യത്തിന് ചെറു ചിരിയായിരുന്നു അവളുടെ മറുപടി. ആ ചിരിയുടെ മറുകരയില്‍ മികച്ചൊരു അഭിനേത്രിയുടെ സാന്നിധ്യം ദീര്‍ഘദര്‍ശിയായ സംവിധായകന്‍ കണ്ടിരിക്കണം.

ആദ്യ സിനിമയിലേക്ക് ഒരു ചിരി ദൂരം മാത്രമെടുത്ത ആ പെണ്‍കുട്ടി ലളിതശ്രീയാണ്. 42 വര്‍ഷങ്ങള്‍ക്കുള്ളില്‍ 450 ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി. അഭിനയത്തിന്റെ നാള്‍വഴികള്‍ ലളിതശ്രീയ്ക്ക് മധുരസ്മരണ മാത്രമാണിപ്പോള്‍.

12 വര്‍ഷം മുമ്പാണ് മലയാളത്തിലൊരവസരം അവസാനമായെത്തിയത്. മലയാള സിനിമ അകറ്റി നിര്‍ത്തുമ്പോഴും തളരാതെ മുന്നോട്ടു പോകാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് ഈ നടി. സിനിമയിലും ജീവിതത്തിലും ലളിതശ്രീ പിന്നിട്ട വഴികളിലെല്ലാം നൊമ്പരങ്ങളുടെ നനവുണ്ട്. വെള്ളിവെളിച്ചത്തിനപ്പുറം ആരുമറിയാത്ത നൊമ്പരങ്ങളും ഓര്‍മ്മകളും. ലളിതശ്രീ മനസ്സ് തുറക്കുന്നു.

12 വര്‍ഷത്തെ ഇടവേള എന്തുകൊണ്ട്?


2006 ലാണ് മലയാളത്തിലവസാനമഭിനയിച്ചത്. ബല്‍റാം വേഴ്‌സസ് താരാദാസില്‍. സിനിമ തീരെ കുറഞ്ഞ സമയമായിരുന്നു. സിനിമയും സീരിയലും പ്രതീക്ഷിച്ചാണ് 2002 ല്‍ തിരുവനന്തപുരത്തു വീട് വാടകയ്‌ക്കെടുത്തത്. വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടി. ചെന്നൈയില്‍ തെലുങ്ക്, ഹിന്ദി, തമിഴ് സീരിയലുകളുടെ മൊഴി മാറ്റവും കാര്‍ട്ടൂണ്‍ ചാനലുകളില്‍ ഡബ്ബിംഗും മറ്റും ലഭിക്കുമെന്ന തിരിച്ചറിവില്‍ 2006 ല്‍ താമസം അങ്ങോട്ടേക്ക് മാറ്റി.

അതോടെ മലയാള സിനിമയില്‍ നിന്ന് പുറത്തായി. ആറു ദക്ഷിണേന്ത്യന്‍ ഭാഷകളറിയാവുന്നതിനാല്‍ പട്ടിണിയില്ലാതെ കഴിഞ്ഞു. ഹിന്ദി, തെലുങ്ക് സീരിയലുകള്‍ തമിഴിലേക്ക് മാറ്റി. കൊച്ചു ടി.വിക്ക് വേണ്ടിയും പ്രോഗ്രാമുകള്‍ ചെയ്തു. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന സ്ഥിതി വന്നതോടെ അഭിനയ മോഹവും കെട്ടടങ്ങി.

ലൈംലൈറ്റില്‍ 25 വര്‍ഷം ജീവിച്ചശേഷം പെട്ടെന്നൊരു ദിവസം ക്യാമറയ്ക്കന്യയായിത്തീരുക എന്നത് വല്ലാത്ത ആഘാതമാണ്. സിനിമയെ പാഷനായി ഒരുകാലത്തും സമീപിച്ചിട്ടില്ല. അതിനാലാവണം എനിക്കത് അതിജീവിക്കാന്‍ കഴിഞ്ഞത്.

കടമറ്റത്തു കത്തനാര്‍ സീരിയലിലെ മന്ത്രവാദിനിയുടെ റോള്‍ കേരളമാകെ ചര്‍ച്ചാവിഷയമായ കാലം. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി തിരുവനന്തപുരത്ത് വന്നപ്പോള്‍ വീട്ടില്‍ വന്നു, ഉച്ച ഭക്ഷണം കഴിച്ചു. പിറ്റേന്ന് സ്വന്തം വീട്ടിലെത്തി ലളിതശ്രീയുടെ വീട്ടില്‍നിന്ന് ഊണുകഴിച്ച കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ തീരെ ചെറിയ കുട്ടിയാണ്. അവള്‍ പറഞ്ഞത്രേ

അച്ഛന്‍ ഇനി ആ ആന്റിയുടെ വീട്ടില്‍ പോകരുത്. അവര്‍ ദുര്‍മന്ത്രവാദിനിയാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളാണ്. പക്ഷേ അതിനുശേഷം മറ്റൊരു സീരിയല്‍ ലഭിച്ചില്ല.

ഇന്ന് കോമഡി ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ടല്ലോ, അതിനാലാവണം പഴയ ആര്‍ട്ടിസ്റ്റുകള്‍ക്ക് വര്‍ക്കില്ലാത്തത്. എന്റെ കാലത്ത് പെണ്ണുങ്ങള്‍ കോമഡി ചെയ്യുന്നത് മോശമാണെന്ന ധാരണ ഉണ്ടായിരുന്നു. ജീവിതം തള്ളിനീക്കാനുള്ള ത്വരയില്‍ കോമഡി എങ്കില്‍ കോമഡി എന്ന ലെവലിലാണ് ഞാനെല്ലാം അഭിനയിച്ചത്. അന്നൊക്കെ സിനിമയില്‍ കയറിപ്പറ്റാന്‍ വലിയ പ്രയാസമാണ്. ഇന്ന് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ രണ്ട് മൂന്ന് വര്‍ഷത്തിന് അപ്പുറത്തേക്ക് കരിയര്‍ നീട്ടാന്‍ വലിയ പാടാണ്.

uploads/news/2018/10/257520/lalithsree171018a.jpg

സിനിമയിലേക്കുള്ള കടന്നുവരവ് ?


അച്ഛന്‍ ചന്ദ്രശേഖരന്‍ നായര്‍ ഡോക്ടറായിരുന്നു. കോട്ടയമായിരുന്നു സ്വദേശം. അമ്മ പാലക്കാട്ടുകാരിയായിരുന്നു. ഒരു ചേച്ചിയും അനിയനും ഉള്‍പ്പെടെ മൂന്ന് മക്കള്‍. ജോലിയുടെ ഭാഗമായാണ് ഞങ്ങള്‍ ആന്ധ്രയിലേക്ക് പറിച്ചുനടപ്പെട്ടത്. അച്ഛനായിരുന്നു കുടുംബത്തിലെ ഏണിംഗ് മെമ്പര്‍. ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. പഠിപ്പ് മുറിഞ്ഞു. ഞങ്ങള്‍ മദ്രാസിലേക്ക് കുടിയേറി. മൂന്നാലു കൊല്ലം കൊണ്ടു കൈയിലെ കാശെല്ലാം തീര്‍ന്നു.

വാടക, ചേച്ചിയുടെ കല്യാണം, അനിയന്റെ തുടര്‍പഠനം, അമ്മയുടെ ചികിത്സ ചെലവ് കൂടിക്കൂടി വന്നു. ട്യൂട്ടോറിയല്‍ സഹപാഠി കുമാരിയുടെ അച്ഛന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ കൈനിറയെ കാശ് കിട്ടും എന്നു കുമാരി പ്രലോഭിപ്പിച്ചു. എനിക്ക് 15 വയസ്സേയുള്ളൂ. തൈറോയ്ഡ് കാരണം തടിച്ചി. തമിഴ് സിനിമ വെട്ടിപ്പിടിക്കണം എന്ന ആഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്. പുതുമുഖ നടനായ കമല്‍ഹാസനൊപ്പം ഉണര്‍ച്ചികളില്‍ തുടക്കമിട്ടു.

കുടുംബം പുലര്‍ത്താനുള്ള വെപ്രാളത്തില്‍ സിനിമയ്ക്ക് തല വച്ചു കൊടുത്ത ആളാണ് ഞാന്‍. ഡാന്‍സറായ കമല്‍ അഭിനയത്തില്‍ അന്നും സര്‍വ്വകലാവല്ലഭന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ അങ്ങനെ നടക്ക്, ഇങ്ങനെയിരിക്ക്, വലിയ കണ്ണുകളുണ്ടല്ലോ അത് ഉരുട്ടി ഡയലോഗ് പറയണംം എന്നൊക്കെ പറഞ്ഞുതന്നു. ഉണര്‍ച്ചികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കളര്‍ ചിത്രങ്ങളുടെ യുഗം വന്നു.

സിനിമ വിതരണത്തിനെടുക്കാന്‍ ആളില്ലാതായി. മദ്രാസില്‍ സിനിമയുടെ പ്രിവ്യൂ കണ്ട ഡോ. ബാലകൃഷ്ണന്‍ മധുരം തിരുമധുരം എന്ന ചിത്രത്തിലേക്ക് പപ്പുവേട്ടന്റെ നായികയായി വിളിച്ചു. അങ്ങനെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ആലുവയിലായിരുന്നു ഷൂട്ടിങ്. ചിത്രം സൂപ്പര്‍ ഹിറ്റായെങ്കിലും ഇതുവരെ കണ്ടിട്ടില്ല. പിന്നീട് തുടര്‍ച്ചയായി വേഷങ്ങള്‍ കിട്ടി.

ഭരതന്‍, പത്മരാജന്‍, ഐ.വി ശശി, ഹരിഹരന്‍ തുടങ്ങിയവരുടെ സിനിമകളില്‍ തിളങ്ങിയ ആ കാലം?


സിനിമകള്‍ക്ക് വേണ്ടി അലയേണ്ടി വന്നില്ല. വാടകയ്ക്ക് ഒരു ഹൃദയത്തിലൂടെയാണ് ശശിയേട്ടന്റെ ടീമില്‍ കയറിപ്പറ്റിയത്. ബല്‍റാം വേഴ്‌സസ് താരാദാസ് വരെ അത് തുടര്‍ന്നു. സെറ്റില്‍ ആദ്യം റെഡിയാകുന്നത് ശശിയേട്ടനാവും. വെളുത്ത തൊപ്പിയും വച്ച് തിരക്ക് കൂട്ടി ഓടി നടക്കുന്ന ശശിയേട്ടന്‍ ഇപ്പോഴും മുന്നിലുണ്ട്.

സാങ്കേതികവിദ്യ അത്രമേല്‍ വികസിക്കാത്ത കാലത്തും അദ്ദേഹം ചെയ്തുവച്ച അത്ഭുത സിനിമകള്‍ എത്രയോയുണ്ട്, അദ്ദേഹത്തിനപ്പുറം പോകാന്‍ ടെക്‌നോളജിക്കലി അപ്‌ഡേറ്റഡ് ആയ സംവിധായകര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. നാല്‍ക്കവല യിലേക്ക് വിളിച്ചത് മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടിയ സമയത്താണ്. ചുവന്നു തടിച്ച മുഖവുമായെത്തിയ എന്നെ കണ്ട് ശശിയേട്ടന്‍ അമ്പരന്നു. കഴുതക്കുട്ടീ നിന്റെ മുഖം എന്താ ഇങ്ങനെ? നാളെ ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും മുഖം പഴയതുപോലെ ഉണ്ടാവണം.. എന്നെല്ലാം ബഹളം വച്ചു.

ഹരിഹരന്‍ സാറിന്റെ സെറ്റ് മിലിട്ടറി ക്യാമ്പ് പോലെയാണ്. കൂട്ടംകൂടി ഇരിക്കാനോ തമാശപറഞ്ഞ് പൊട്ടിച്ചിരിക്കാനോ ഒന്നും സ്വാതന്ത്ര്യമില്ല. സീനിയേഴ്‌സിനെ ബഹുമാനിക്കാന്‍ വിട്ടുപോയാല്‍ സാര്‍ ചീത്തപറഞ്ഞു കണ്ണ് പൊട്ടിക്കും. കെ.ജി ജോര്‍ജ്ജ് സാറിന്റെ ആദാമിന്റെ വാരിയെല്ലില്‍ ഉഗ്രന്‍ വേഷമായിരുന്നു. അതുകണ്ടാണ് പത്മരാജന്‍ പറന്ന് പറന്ന് പറന്നിലേക്ക് ക്ഷണിച്ചത്. ആദാമിന്റെ വാരിയെല്ലില്‍ നാച്ചുറല്‍ ആയി അഭിനയിച്ചു.

ഭരതന്‍ സാറിന്റെ ശൈലിയാണ് ഏറ്റവും കംഫര്‍ട്ടബിള്‍. മേക്കപ്പിടാന്‍ സമ്മതിക്കില്ല. പത്ത് പേജ് ഒക്കെ കാണും ഒരു സീന്‍. ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ആശങ്കപ്പെടുമ്പോള്‍, നിനക്ക് കഴിയും കുട്ടീീ എന്ന് അദ്ദേഹം പ്രോത്സാഹിപ്പിക്കും. വേണു ചേട്ടനൊപ്പം ചെയ്ത അദ്ദേഹത്തിന്റെ പറങ്കിമല മറക്കാനാവില്ല. അതുപോലെ ജോഷി സാറിന്റെ മുഹൂര്‍ത്തം 11.30 ലെ സോഫിയാമ്മ എന്ന കഥാപാത്രവും.

ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ആ സിനിമയ്ക്കാണ്. 6000 രൂപ. സിനിമ 100 ദിവസം ഓടിയപ്പോള്‍ മൊമന്റോയും ലഭിച്ചു. അഭിനയത്തിന് ആദ്യമായി കിട്ടിയ ഉപഹാരമതാണ്. വീടിന്റെ മുകളിലത്തെ മുറിയില്‍ പഴയ സാധനങ്ങള്‍ക്കിടയില്‍ കഴിഞ്ഞദിവസം അതു കണ്ടു. ഹൃദയം നുറുങ്ങിപ്പോയി. എല്ലാം ഒന്നടുക്കിപ്പെറുക്കി വയ്ക്കണം.

uploads/news/2018/10/257520/lalithsree171018b.jpg

ശരീരപ്രദര്‍ശനത്തിന് സാധ്യതയുള്ള കഥാപാത്രങ്ങളും ധാരാളം ചെയ്തല്ലോ?


പട്ടിണി മാറ്റാനാണ് സിനിമയിലെത്തിയത്. തേടിയെത്തുന്ന സിനിമ ചെയ്യുക എന്നതിനപ്പുറം വേഷവിധാനങ്ങളെക്കുറിച്ചും ക്യാമറയുടെ ആംഗിളിനെ കുറിച്ചുമൊന്നും ചിന്തിക്കാന്‍ പോയില്ല. 2500 രൂപയാണ് ആദ്യ പ്രതിഫലം. നസീര്‍ സാര്‍ മൂന്നുലക്ഷം രൂപ വാങ്ങുന്ന കാലമാണത്. മൂന്നു തവണകളായിട്ടാണ് കാശ് തന്നിരുന്നത്. ആദ്യഘട്ടം അഡ്വാന്‍സായി തരും. പിന്നെ പകുതിയാകുമ്പോള്‍ കുറച്ചുപണം. ഡബ്ബിംഗ് സമയത്ത് ബാക്കി തുക. ചിലപ്പോള്‍ വണ്ടി ചെക്കാകും കിട്ടുക.

ഇന്ന വസ്ത്രം ധരിക്കാന്‍ പറ്റില്ല, ഇന്ന ഡയലോഗ് പറയാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞാല്‍ ഉടനടി നമ്മളെ കട്ട് ചെയ്യും. അതുകൊണ്ട് തന്നെ കാശിനുവേണ്ടി കിട്ടിയ വേഷങ്ങളൊക്കെ പകര്‍ന്നാടുകയായിരുന്നു. പിന്നെ എന്റെ അന്നത്തെ കഥാപാത്രങ്ങള്‍ ഗ്രാമവേശ്യ, ചായവില്‍പ്പനക്കാരി, ഭര്‍ത്താവിനെ അനുസരിക്കാത്ത വായാടി സ്ത്രീ ഒക്കെയാണ്. കോളജ് അധ്യാപിക പോലെ വസ്ത്രം ധരിക്കാന്‍ കഴിയില്ല. മിക്കവാറും എല്ലാ സിനിമയിലും കൈലിയും ബ്ലൗസും തന്നെയായിരിക്കും വേഷം.

പറങ്കിമലയിലെ നെല്ലുകുത്തുകാരി വഴിവിട്ട ജീവിതം നയിക്കുന്നവളാണ്. ചില രംഗങ്ങളില്‍ നാണിയുടെ വേഷവും പ്രകടനവും ഇത്തിരി ഓവര്‍ ആകുന്നില്ലേ എന്ന് ഭരതേട്ടനോട് പ്രയാസപ്പെടുമ്പോള്‍ അദ്ദേഹം പറയും എന്റെ നാണി സ്‌കൂള്‍ ടീച്ചര്‍ അല്ലല്ല എന്ന്. ഒപ്പം അഭിനയിക്കുന്ന ജലജയ്ക്കും മേനകയ്ക്കും സരിതയ്ക്കും എല്ലാം അടക്കവും ഒതുക്കവും ഉള്ള വസ്ത്രം. എനിക്ക് മാത്രം അരയും മുക്കാലും... ആദ്യകാലത്തൊക്കെ വിഷമം തോന്നിയിരുന്നു. പിന്നീട് ആ വിഷമമൊക്കെ എങ്ങനെയോ ഇല്ലാതായി.

സിനിമ കുറഞ്ഞതോടെ ഏകാന്തത അലട്ടാറുണ്ടോ?


അമ്മയും ചേച്ചിയും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. അനിയന്റെ കൂടെയാണിപ്പോള്‍ താമസം. അവന്റെ മകന്‍ കോളജ് പ്രൊഫസറാണ്. കല്യാണം കഴിഞ്ഞതോടെ കോളജിനടുത്തേക്ക് അവന്‍ മാറി. മരണംവരെ തണലാവുമെന്നു കരുതിയ ഭര്‍ത്താവും പിണങ്ങിപ്പോയി. വിജയ സാരഥിയുമായുള്ള ദാമ്പത്യ പരാജയത്തിന്റെ വിഴുപ്പലക്കാന്‍ ഞാനില്ല.

സ്ത്രീയെ പൂര്‍ണതയിലെത്തിക്കുന്നത് പുരുഷനാണ്. ആണ് ചെയ്യുന്നത് ആണ് തന്നെ ചെയ്യണം. അനിയന്റെ സഹായമില്ലെങ്കില്‍ എന്റെ കാര്യങ്ങള്‍ നടന്നു പോകില്ല. അമ്മയുടെ പാലക്കാട്ടെ വീട്ടില്‍ അമ്മാവന്‍മാരുണ്ട്. ചടങ്ങുകള്‍ക്കൊക്കെ ഇപ്പോഴും പോകാറുണ്ട്.

അച്ഛന്റെ വീടുമായി വര്‍ഷങ്ങളായി ബന്ധമില്ല. കഷ്ടപ്പെട്ട സമയങ്ങളില്‍ ഒരു സഹായവും ചെയ്യാതിരുന്നവര്‍ക്ക് ജീവിക്കാന്‍ വേണ്ടി മുഖത്ത് ചായം തേച്ചവളെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളത്. ജനിച്ചത് ഒറ്റയ്ക്കാണ്. ബന്ധങ്ങള്‍ പിന്നീട് സംഭവിക്കുന്നതാണ്.

മരണവും ഒറ്റയ്ക്കു തന്നെ. നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മരിക്കണമെന്നാണ് ഏറ്റവും വലിയ ആശ. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി തിരക്കിലാണ്. ഏകാന്തതയുണ്ടാകുന്നത് ഒന്നും ചെയ്യാനില്ലാത്ത സമയത്താണ്. അങ്ങനൊരു സമയം വരുമ്പോള്‍ പോലും ഭര്‍ത്താവ് മക്കള്‍ ഇവരൊന്നും ഇല്ലാത്തതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടില്ല. ബന്ധങ്ങള്‍ കൊണ്ട് മുറിവേറ്റവളാണ് ഞാന്‍. ഇന്നെനിക്ക് ബന്ധങ്ങളെക്കാള്‍ വലുത് സൗഹൃദങ്ങളാണ്.

uploads/news/2018/10/257520/lalithsree171018c.jpg

സിനിമയിലെ സൗഹൃദങ്ങള്‍?


സൗഹൃദങ്ങളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് അമ്പിളിച്ചേട്ടന്റെ മുഖമാണ്. സിനിമയില്‍ ആരുമായും അത്ര ഫ്രണ്ട്‌ലിയല്ല അമ്പിളിച്ചേട്ടന്‍. ഷോട്ട് കഴിഞ്ഞാല്‍ ലൈറ്റ്‌ബോയിയുടെ കൈയ്യില്‍ നിന്ന് ഒരു കൈലി വാങ്ങി എവിടെയെങ്കിലും വിരിച്ചു കിടക്കും. മിണ്ടാപൂച്ചയ്ക്ക് കല്യാണത്തില്‍ എന്റെ ഭര്‍ത്താവാണ് അദ്ദേഹം. പരസ്ത്രീബന്ധം ആരോപിച്ച് ഞാന്‍ അദ്ദേഹത്തിന്റെ കൂമ്പിനിടിക്കുന്ന സീന്‍ അതിലുണ്ട്. ഇപ്പോഴും പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണുന്ന സീന്‍ ആണത്.

ലൊക്കേഷനില്‍ എന്റെ നഖങ്ങള്‍ വളരാത്തതിനെ പറ്റി ലിസിയോട് പറഞ്ഞ് ഞാന്‍ സങ്കടപ്പെട്ടിരുന്നു. അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ നഖങ്ങള്‍ കിട്ടുമെന്നും അത് നഖങ്ങളില്‍ ഒട്ടിച്ച് ചായം തേച്ചാല്‍ ഒറിജിനല്‍ ആണെേന്ന തോന്നൂ എന്ന് പറഞ്ഞ് ലിസി ആശ്വസിപ്പിച്ചു. അപ്പോള്‍ എന്തോ ചിന്തിച്ചു കൊണ്ട് അമ്പിളിച്ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു.

രണ്ടുവര്‍ഷം കഴിഞ്ഞ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ഒരു കോള്‍. ലളിതാമ്മ... അമ്പിളിയാണ്. ഇപ്പോള്‍ എവിടെയെങ്കിലും പോകുമോ?? ഒരു മണിക്കൂറിനുള്ളില്‍ അമ്പിളിച്ചേട്ടന്റെ കാര്‍ വന്നുനിന്നു. വലിയൊരു ബാഗ് എന്റെ കയ്യില്‍ ഏല്‍പ്പിച്ചു..കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ലളിതാമ്മയ്ക്ക് കുറച്ച് സമ്മാനങ്ങള്‍ വാങ്ങി..

ധൃതിയില്‍ ചായ പോലും കുടിക്കാതെ അമ്പിളിച്ചേട്ടന്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ബാഗ് തുറന്നു നോക്കിയപ്പോള്‍ അതിശയിച്ചുപോയി. കുറേ പാവകള്‍. പിന്നെ ഞാന്‍ ആഗ്രഹിച്ച പോലെ ഒരു സെറ്റ് ആര്‍ട്ടിഫിഷല്‍ നെയില്‍സ്. ഞാന്‍ അന്ന് ലിസിയോട് പറഞ്ഞത് അമ്പിളിച്ചേട്ടന്‍ ശ്രദ്ധിച്ചിരുന്നു. അതായിരുന്നു അമ്പിളിച്ചേട്ടന്‍. വെല്ലൂരില്‍ കിടക്കുന്ന സമയത്ത് കാണാന്‍ പോയി. യാത്രപറയുമ്പോള്‍ വേഗം സുഖപ്പെട്ടു വാ... നമുക്ക് ഒരുമിച്ച് ഇനിയും അഭിനയിക്കേണ്ടേ?? എന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ അടുത്തുണ്ടായിരുന്ന മകന്‍ രാജ്കുമാര്‍ പറഞ്ഞു, എന്നിട്ട് വേണം ലളിതാന്റിക്ക് പപ്പയെ വീണ്ടും ഇടിച്ചു പഞ്ചറാക്കാന്‍.. അന്നേരം അമ്പിളിച്ചേട്ടന്റെ കണ്‍കോണിലെവിടെയോ പുഞ്ചിരി പോലെ തോന്നി.

ഷിജീഷ് യു. കെ

Ads by Google
Wednesday 17 Oct 2018 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW