Sunday, August 18, 2019 Last Updated 57 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 04.26 PM

സ്‌നേഹവും ശിക്ഷയും

'' മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി ''
uploads/news/2018/10/257290/GOODPARENTING161018.jpg

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തേക്കാള്‍ മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര ബന്ധമാണ് പ്രധാനം. കുട്ടിയില്‍ സുരക്ഷിതത്വബോധവും അവന്‍/അവള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന തോന്നലും മാതാപിതാക്കള്‍ തമ്മിലുള്ള മാനസികാടുപ്പത്തിലൂടെയും സ്‌നേഹത്തിലൂടെയുമാണുണ്ടായിവരുക.

പരസ്പരം കലഹിക്കുകയും ധാരണയില്ലാതുള്ള മുന്നോട്ട് പോകലും കുട്ടിയില്‍ അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും വളര്‍ത്തിക്കൊണ്ടുവരും. സ്‌നേഹിക്കപ്പെടുന്നതായി കുട്ടിക്ക് അനുഭവപ്പെടില്ല.

അനാവശ്യശിക്ഷ


ഒരിക്കല്‍ ആറു വയസ്സുകാരനായ രവി ജനാലയുടെ ഒരു ഗ്‌ളാസ് പൊട്ടിച്ചു. അടിച്ച പന്ത് ജനല്‍പ്പാളിയില്‍ തട്ടുകയായിരുന്നു. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല. അച്ഛന്‍ വന്നപ്പോള്‍ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അമ്മയാണ് അച്ഛനോട് കാര്യം അവതരിപ്പിച്ചത്. അച്ഛന്‍ രവിയെ പൊതിരെ തല്ലി.

രവിക്ക് ആ ഓര്‍മ്മ ഇന്നും ഒരു ഭയമായി മനസ്സില്‍ കിടക്കുന്നു. തെറ്റു ചെയ്തപ്പോള്‍ തല്ലിയതിലൊന്നും അവന് പരാതിയില്ല. ചില്ല് പൊട്ടിപ്പോയതില്‍ അവന് വിഷമമുണ്ടായിരുന്നു. അവന്‍ അതോര്‍ത്തു പശ്ചാത്തപിച്ചു. തെറ്റ് അറിയാതെ വന്നതാണല്ലോ.

അവനെ അടിച്ചതില്‍ ഒരു ന്യായീകരണവുമില്ലെന്ന് രവിക്ക് തോന്നിയിട്ടുണ്ടാകും. മാതാപിതാക്കളുടെ സ്‌നേഹമസൃണമായ ഒരു താക്കീതോ, കളിക്കുന്നത് സൂക്ഷിച്ച് വേണം എന്നൊരു ഉപദേശമോ ആയിരിക്കും അവന്‍ പ്രതീക്ഷിച്ചിരിക്കുക.

എല്ലാറ്റിനും ശിക്ഷ നിര്‍ബന്ധമോ?


ശിക്ഷ എപ്പോഴും അടി തന്നെ ആയിരിക്കണമോ? നിങ്ങളുടെ പ്രായോഗികബുദ്ധിയില്‍ ശിക്ഷിക്കലാണ് ശരിയെന്ന് തോന്നുന്നുണ്ടോ? ഒരുപക്ഷേ, പേടിച്ച് നിന്ന രവിയെ ചേര്‍ത്തുപിടിച്ച്, 'സാരമില്ല' എന്ന് പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നേനെ അച്ഛന്റെ ഉചിതമായ പെരുമാറ്റം.

അറിയാതെ ചെയ്ത തെറ്റ് പൊറുത്ത് കുട്ടിയെ സ്‌നേഹിക്കുക. പല പ്രാവശ്യം ചെയ്യരുതെന്ന് വിലക്കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ശാരീരിക ശിക്ഷയാകാം. പക്ഷേ, പലപ്പോഴും കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നത് ശരിയായ കാരണത്തിനായിരിക്കില്ല.

ഒരു കുട്ടിയുടെ കൈയില്‍നിന്ന് വിലപിടിപ്പുള്ള ഒരു പ്ലേറ്റ് താഴെ വീണ് പൊട്ടിയെന്ന് കരുതുക. പ്ലേറ്റ് പൊട്ടിച്ചതില്‍ വിരണ്ടിരിക്കുകയായിരിക്കും കുട്ടി. അറിയാതെ വന്ന ഒരു കൈപ്പിഴയായി അതിന് അമ്മ കുട്ടിയെ തല്ലുന്നുവെന്ന് കരുതുക. കുട്ടിക്കത് സഹിക്കാനായെന്ന് വരില്ല.

സാരമില്ല. പ്ലേറ്റിന്റെ കഷണങ്ങള്‍ കാലില്‍ കയറാതെ നോക്കുക.. എന്ന് പറഞ്ഞാല്‍ കുട്ടിയെ നിങ്ങള്‍ സ്‌നേഹിക്കുകയാണ്; അംഗീകരിക്കുകയാണ്, മേലില്‍ സൂക്ഷിക്കുക എന്നൊരു ഉപദേശവും ആകാം കൂടെ.

എപ്പോഴാണ് ശിക്ഷിക്കേണ്ടത്?


അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റിനാണ് ശിക്ഷ നല്‍കേണ്ടത്. അല്ലെങ്കില്‍ ഒരേ തെറ്റ് ആവര്‍ത്തിക്കപ്പെടുമ്പോള്‍. പരീക്ഷയില്‍ തോറ്റതിന് കുട്ടിയെ ശാസിക്കുന്നതും വഴക്ക് പറയുന്നതും ശിക്ഷിക്കുന്നതും ഗുണം ചെയ്യില്ല. സാരമില്ല, പരിശ്രമിച്ചാല്‍ അടുത്ത പരീക്ഷയില്‍ ജയിക്കാന്‍ കഴിയും..എന്ന് പ്രോത്സാഹിപ്പിക്കുക.

ഇളയകുട്ടിയെ മൂത്തയാള്‍ ഉപദ്രവിക്കുന്നുവെന്ന് കരുതുക. 'മോനങ്ങനെ ചെയ്യരുത്. അവന് വേദനിക്കില്ലേ..?' എന്ന് ആദ്യമൊക്കെ ചോദിക്കാം. പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ചെറിയ ശിക്ഷയാകാം. ഇതൊരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്. ശിക്ഷ ഇളയ കുട്ടിയോടുള്ള ദേഷ്യം കൂടാന്‍ ഇടയാക്കുന്ന തരത്തിലാകരുത്.

മൂത്ത കുട്ടിയോടൊത്തും സമയം ചിലവിടണം. അവന് മാത്രമായി കുറച്ച് സമയം മാറ്റിവയ്ക്കണം. അവന്റെ കുസൃതി ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുക്കണം. അവനോടൊത്തുകളിക്കണം. അവന്റെ സ്‌നേഹം പിടിച്ചുപറ്റിയിട്ട് താഴെയുള്ള ആളെ ഉപദ്രവിക്കുന്നത് ശരിയാണോയെന്ന് ചോദിച്ച് അവനെ പിന്തിരിപ്പിക്കുക. ശിക്ഷയേക്കാള്‍ പ്രോത്സാഹനമാണ് ഗുണം ചെയ്യുക. തോറ്റാലും ജയിച്ചാലും പ്രോത്സാഹിപ്പിക്കുക.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW