Sunday, August 18, 2019 Last Updated 57 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 03.47 PM

ഗോയിറ്റര്‍ മുഴ സര്‍ജറി ചെയ്തു നീക്കം ചെയ്തില്ലെങ്കില്‍ അത് കാന്‍സറായി മാറുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ?

uploads/news/2018/10/257284/askdrgenmedicn161018.jpg

ശരീരത്തില്‍ നീരും കറുത്ത നിറവും


നാലു വര്‍ഷം മുമ്പ് എന്റെ ശരീരമാകെ നീരു വന്നുതുടങ്ങി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറുവര്‍ഷം മരുന്നു കഴിച്ചു. ധാരാളം മൂത്രം പോകുമായിരുന്നു. പിന്നീട് ജോലിക്കായി ബാംഗ്ലൂരില്‍ പോയി. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ കറുത്ത നിറമായിരുന്നു. കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെട്ടു. തുടര്‍ന്ന് പല മരുന്നുകളും മാറി മാറി കഴിച്ചുനോക്കി. ഒരു രാത്രി ഭയങ്കര വയറ്റുവേദനയുണ്ടായി. ഛര്‍ദിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച കിടന്നു. ഹൈപവര്‍ പ്രോട്ടീന്‍ തന്നു. രോഗം അല്‍പം കുറഞ്ഞപ്പോള്‍ വീട്ടില്‍ പോയി. പ്രോട്ടീന്‍ അടങ്ങിയ പല മരുന്നുകളും ഉപയോഗിച്ചു. പ്രയോജനമൊന്നും ഉണ്ടായില്ല. ഇനി ഞാന്‍ എന്തു ചെയ്യും?
------ അജയന്‍, കോഴിക്കോട്

ശരീരമാകെ നീരുവരുന്നതിന് കാരണങ്ങള്‍ പലതാണ്. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ സാഹചര്യങ്ങള്‍, അളവു കുറയല്‍, അമിതമായ രക്തക്കുറവ്, എന്നിവയെല്ലാം തന്നെ ശരീരത്തില്‍ നീരിനു കാരണമാവാം. രക്തത്തിലെ ക്രിയാറ്റിന്റെ അളവ്, ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റ്, ഹിമോഗ്ലോബിന്റെ അളവ്, വയറിന്റെ സ്‌കാന്‍, എക്കോ കാര്‍ഡിയോഗ്രാഫി തുടങ്ങിയ ടെസ്റ്റുകള്‍ വഴി നീരിന്റെ കാരണം കണ്ടെത്താന്‍ കഴിയും.

നീരിനോടൊപ്പമുള്ള അനുബന്ധ പ്രശ്‌നങ്ങള്‍ രോഗത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ അത്തരം വിവരങ്ങളൊന്നും താങ്കളുടെ കത്തില്‍ വ്യക്തമല്ല. അതുകൊണ്ടുതന്നെ താങ്കളുടെ പ്രശ്‌നത്തില്‍ വ്യക്തമായൊരു ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.

മദ്യപാനമില്ല എന്നിട്ടും ലിവര്‍ സിറോസിസ്


എന്റെ സഹോദരനു വേണ്ടിയാണ് ഈ കത്ത്. 47 വയസുണ്ട്. മദ്യപാനമോ പുകവലിയോ ഇല്ല. അദ്ദേഹത്തിന് കരളില്‍ വീക്കമാണ്. വിശദമായ പരിശോധന നടത്തിയതില്‍ നിന്നും ലിവര്‍ സിറോസിസ് ആണെന്ന് തെളിഞ്ഞു. ഒരു തവണ കരളില്‍ നിന്നും വെള്ളം കുത്തിയെടുത്തു കളഞ്ഞു. രണ്ടു തവണ രക്തം കുത്തിവച്ചു. ഇടയ്ക്കിെട അസുഖം മൂര്‍ഛിക്കുന്നതിനാല്‍ ആശുപത്രിയിലാണ് കൂടുതല്‍ സമയവും. കരളിന്റെ ഇടത്തേ ലോബില്‍ വളര്‍ച്ചയുണ്ടെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. മദ്യപിക്കാത്തവര്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടാകാന്‍ കാരണമെന്താണ്? സഹോദരന്റെ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമോ? അതിന് എന്താണ് ചെയ്യേണ്ടത്?
---- സമീര്‍ , തിരൂര്‍

ലിവര്‍ സിറോസിസ് പലകാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. അമിത മദ്യപാനം അതില്‍ ഒന്നു മാത്രമാണ്. ദീര്‍ഘകാലമായി കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഏത് രോഗവും സിറോസിസിന് കാരണമാവാം. അമിത മദ്യപാനത്തിന് പുറമേ ഹെപ്പടൈറ്റിസ് ബി, ഹെപ്പടൈറ്റിസ് സി, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, വില്‍സണ്‍സ് രോഗം, ഹിമോക്രോമറ്റോസിസ്, തുടങ്ങി പലകാരണങ്ങള്‍കൊണ്ടും സിറോസിസ് ഉണ്ടാകാം.

വയറില്‍ നീര് നിറയുക, കാലിലും ശരീരത്തിലും നീര്, രക്തം ഛര്‍ദിക്കല്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സിറോസിസിന്റെ ഭാഗമായി ഉണ്ടാകാം. സിറോസിസ് ഉള്ളവരില്‍ ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന ലിവര്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ സിറോസിസ് ബാധിച്ച രോഗികള്‍ക്ക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യാവുന്നതാണ്.

ഇതിന്റെ സാധ്യതകള്‍ നിര്‍ണയിക്കുന്നത് രോഗത്തിന്റെ കാഠിന്യം, ആരോഗ്യസ്ഥിതി, കരളിലെ ഇടത്തെ ലോബിലെ മുഴ തുടങ്ങി നിരവധി തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നടത്തിയാല്‍ ഇതിന്റെ സാധ്യതകളെപ്പറ്റി അറിയാവുന്നതാണ്.

ഗോയിറ്റര്‍ മുഴ കാന്‍സറാകുമോ


എനിക്ക് 60 വയസ് 60 കിലോ ഭാരമുണ്ട്. 30 വര്‍ഷമായി തൈറോയിഡിന് മരുന്നു കഴിക്കുന്നുണ്ട്. ഇപ്പോള്‍ പ്രമേഹവും കാണുന്നു. എന്നാല്‍ പ്രമേഹം നിയന്ത്രണവിധേയമാണ്. വ്യായാമം പതിവായുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടക്കും. തൊണ്ടയില്‍ ഗോയിറ്റര്‍ മുഴയുണ്ട്. മുഴ കണ്ടു തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷമായി. സര്‍ജറി വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഗോയിറ്റര്‍ മുഴ സര്‍ജറി ചെയ്തു നീക്കം ചെയ്തില്ലെങ്കില്‍ അത് കാന്‍സറായി മാറുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ?
------ രവീന്ദ്രന്‍ നായര്‍ , പിണറായി

തൈറോയിഡ് ഗ്രന്ഥിയുടെ അമിത വളര്‍ച്ചമൂലം ഉണ്ടാകുന്ന കഴുത്തിലെ മുഴയെയാണ് പൊതുവേ ഗോയിറ്റര്‍ എന്നു പറയുന്നത്. എന്നാല്‍ ഇത് പലതരം കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. തൈറോയിഡ് ഗ്രന്ഥിയില്‍ നിന്ന് തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുമ്പോഴും ശരീരത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ ആവശ്യം കൂടുമ്പോഴും (ഉദാഹരണത്തിന് കൗമാരപ്രായക്കാരിലെ ഗോയിറ്റര്‍) ഗോയിറ്റര്‍ ഉണ്ടാകാം. ഭക്ഷണത്തിലെ അയഡിന്റെ അഭാവം ഗോയിറ്ററിന് കാരണമാവാം.

ചില മുഴകള്‍ ഹോര്‍മോണ്‍ അമിതമായി ഉല്‍പാദിപ്പിക്കുന്നത് ഹൈപ്പര്‍ തൈറോയിഡിസം എന്ന അവസ്ഥയ്ക്ക് കാരണമാകാം. ചിലപ്പോള്‍ അപകടകരമായ തൈറോയിഡ് കാന്‍സറുകളും കഴുത്തിലെ മുഴകളായി പ്രത്യക്ഷപ്പെടാം. തൈറോയിഡ് സംബന്ധമായ മുഴകളുള്ളവരില്‍ രക്തപരിശോധന, ടി.എഫ്.ടി (തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ്) കുത്തിയെടുത്ത് പരിശോധിക്കല്‍ (എഫ്.എന്‍.എ.സി തൈറോയിഡ്) തൈറോയിഡ് സ്‌കാ ന്‍ തുടങ്ങിയ ടെസ്റ്റുകള്‍ വഴി കഴുത്തിലെ മുഴ പ്രശ്‌നമുള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയാം. ഇത്തരം പ്രശ്‌നമുള്ള മുഴകളാണെങ്കില്‍ ഓപ്പറേഷന്‍ ചെയ്ത് ഒഴിവാക്കുന്നതാണ് നല്ലത്.

തൈറോയിഡിന്റെ പ്രശ്‌നമുള്ളവരില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ പൊതുവേ രണ്ടായി തിരിക്കാം. ഒന്ന് തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ (അതായത് ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍ തൈറോയിഡിസം) മറ്റൊന്ന് അമിതമായി വളര്‍ന്ന തൈറോയിഡ് ഗ്രന്ഥി കഴുത്തിലുള്ള മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍. ഭക്ഷണം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്, ചുമ, ശ്വാസതടസം എന്നിവയാണ് ഇതില്‍ പ്രധാനം.

കഴുത്തിന്റെ മുന്നിലുള്ള വലിയ മുഴകള്‍ സ്ത്രീകളില്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സാധാരണയായി ഗോയിറ്റര്‍ ഉള്ള ഒരാളില്‍ ഓപ്പറേഷന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ ഇങ്ങനെ തിരിക്കാം. 1. വളരെ വേഗത്തില്‍ വളരുന്ന ഗോയിറ്റര്‍, 2. എഫ്.എന്‍.എ.സി പരിശോധനയില്‍ കാന്‍സറാണെന്നുള്ള സംശയം 3. വലിയ തൈറോയിഡ് മുഴകള്‍ കൊണ്ട് സമ്മര്‍ദ ലക്ഷണങ്ങളുണ്ടെങ്കില്‍ 5. അമിതമായി ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന (ഹൈപ്പര്‍തൈറോയിഡിസം) മുഴകള്‍ എന്നിവയാണ്.

തൈറോയിഡ് ഹോര്‍മോണ്‍ ചികിത്സ (ഹൈപ്പോതൈറോയിഡിസം) ആന്റി തൈറോയിഡ് ഗുളികകള്‍ (ഹൈപ്പര്‍തൈറോയഡിസം) റേഡിയോ അയഡിന്‍ ചികിത്സ എന്നിവയാണ് തൈറോയിഡ് സംബന്ധമായ മറ്റ് ചികിത്സകള്‍. താങ്കളുടെ കത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതനുസരിച്ച് തൊണ്ടയിലെ മുഴ സാരമുള്ളതല്ല.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍ , മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW