Tuesday, August 20, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 03.40 PM

കുട്ടികളുടെ ബുദ്ധിവികാസത്തിന് നവരാത്രി വ്രതവും പൂജയും ഉത്തമം

'' അഷ്ടമി ദിവസം പൂജവയ്‌പോെട സരസ്വതിപൂജ തുടങ്ങാം. ഗണപതിയെ സങ്കല്പിച്ച് ഒരിലയില്‍ അവല്‍, മലര്‍, പഴം, ശര്‍ക്കര, കരിക്ക് തുടങ്ങിയവവയ്ക്കുക.ചിത്രത്തിന് മുമ്പിലോ, വലതുവശത്തായിട്ടോ എല്ലാ പുസ്തകങ്ങളും വയ്ക്കുക. പൂക്കളും ഹാരവും സുഗന്ധദ്രവ്യങ്ങളുംകൊണ്ട് പൂജാസ്ഥലവും പുസ്തകങ്ങളും അലങ്കരിക്കുക. ''
uploads/news/2018/10/257281/joythi1610118.jpg

സര്‍വ്വകാര്യവിജയത്തിനും കീര്‍ത്തിക്കും ഉന്നത വിദ്യാഭ്യാസത്തിനും നവരാത്രി വ്രതവും പൂജയും സര്‍വ്വസിദ്ധിദായകമാണ്. നവരാത്രി കാലത്ത് അതീവ ഭക്തിയോടെ ദേവിയെ പൂജിച്ചാരാധിക്കുകയും ക്ഷേത്രദര്‍ശനം ചെയ്യുകയും ചെയ്താല്‍ എത്ര പിന്നാക്കം നില്‍ക്കുന്ന കുട്ടികളും മികവുള്ളവരായിത്തീരും.

ഒരുവര്‍ഷം ഈ പൂജ ചെയ്താല്‍ ആ വര്‍ഷം ശത്രുദോഷവുമുണ്ടാകില്ല. ആപത്തുകള്‍ വരില്ലെന്നു മാത്രമല്ല; മഹാലക്ഷ്മീ കടാക്ഷം ഉണ്ടാവുകയും ചെയ്യും. കുട്ടികളിലും മാറ്റങ്ങള്‍ കാണാം. നവരാത്രി പൂജ ചെയ്താല്‍ ആ വര്‍ഷം ശത്രുക്കളുണ്ടാകില്ലെന്ന് പണ്ട് രാജാക്കന്മാര്‍ക്കും അറിയാമായിരുന്നു.

ഒരു കുഞ്ഞു പിറന്നാല്‍ അന്നു മുതല്‍ മാതാപിതാക്കള്‍ കുഞ്ഞിന്റെ ബുദ്ധി എങ്ങനെ വികസിപ്പിക്കാമെന്ന് ചിന്തിക്കുകയാണ്.

ആരോഗ്യം രണ്ടാമതേ ചിന്തിക്കുകയുള്ളൂ. ചില കുഞ്ഞുങ്ങളെ കണ്ടാല്‍ ബുദ്ധിപരമായ കഴിവുകള്‍ മനസ്സിലാക്കാം. ഒരാളുടെ കഴിവുകള്‍, വ്യക്തിത്വം എന്നിവ രൂപപ്പെടുന്ന കാലമാണ് വിദ്യാഭ്യാസകാലം. അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍തന്നെ പുരുഷസൂക്തംകൊണ്ട് വെണ്ണ ജപിച്ചു കഴിച്ചാല്‍ ബുദ്ധിയിലും ആരോഗ്യത്തിലും അവന്‍ മുന്‍പന്തിയിലായിരിക്കും. മാതാവ് ഈശ്വരഭജനത്തില്‍ ശ്രദ്ധിച്ചാല്‍ പിന്നെ പറയാനുമില്ല. കുട്ടികള്‍ ബുദ്ധിയില്‍ മികവ് കാണിക്കും.

സരസ്വതികടാക്ഷത്തിന് ഉത്തമമായ ഒന്‍പതു ദിനങ്ങളാണ്, നവരാത്രിയായി ആചരിക്കുന്നത്. ദുര്‍ഗ്ഗയേയും സരസ്വതിയേയും മഹാലക്ഷ്മിയേയും വ്യത്യസ്തരൂപത്തില്‍, ഭാവത്തില്‍ നവരാത്രി ദിനങ്ങളില്‍ സങ്കല്പിച്ചാരാധിക്കുന്നു. മത്സ്യമാംസാദികളുപേക്ഷിച്ച് പൂജയുടെ മാഹാത്മ്യം മനസ്സിലാക്കി കുട്ടികളെ വ്രതമെടുപ്പിച്ച് പൂജയില്‍ പങ്കുകൊളളിച്ചാല്‍ എത്ര മഠയരായ കുട്ടികളും വിദ്യയില്‍ കൗതുകം കാണിക്കും.

ഓരോരുത്തര്‍ക്കും സൗകര്യം ഉണ്ടെങ്കില്‍ അവരവരുടെ വീട്ടില്‍ തന്നെ ദേവി ആരാധനയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കാവുന്നതാണ്. പൂജാമുറി അല്ലെങ്കില്‍ ശുദ്ധമായ ഒരു സ്ഥലം വൃത്തിയാക്കി ഒരു പീഠംവച്ച് പട്ടുവിരിച്ച് ഗണപതി സരസ്വതി തുടങ്ങിയവരുടെ ചിത്രം വയ്ക്കുക.

ചിത്രത്തിന് മുന്നില്‍ അഞ്ചുതിരിയിട്ട് നിലവിളക്ക് കത്തിച്ചുവയ്ക്കുക. ഒന്‍പതു ദിനങ്ങളിലും പൂജയറിയാവുന്നവര്‍ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പൂജ അറിയാത്തവര്‍ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതും ഉത്തമം. അല്ലാത്തവര്‍ യഥാശക്തി പ്രാര്‍ത്ഥിച്ചാരാധിക്കുക.

ആ വിളക്കിന്റെ മുമ്പിലിരുന്ന് ദേവി ഭാഗവതം, ദേവിമാഹാത്മ്യം, സൗന്ദര്യലഹരി, ലളിത സഹസ്രനാമം എന്നിവ പാരായണം ചെയ്താല്‍ ദേവീപ്രസാദമുണ്ടാകും. നിലവിളക്ക് അവസാനദിവസംവരെ അണയാതെ സൂക്ഷിച്ചാല്‍ ശ്രേയസ്‌ക്കരമാണ്.

ഓരോ ദിവസവും പൂജിക്കേണ്ട ദേവിമാര്‍: താരാദേവി, കാളി, ത്രിപുരസുന്ദരി, ഭുവനേശ്വരി, ത്രിപുരഭൈരവി, ചിന്നമസ്ത, ധൂമവതി, ബഹുളാമുഖി, രാജമാതംഗി, ലക്ഷ്മി (കമല) എന്നീ ദേവിമാരെ ഓരോരോ ദിനങ്ങളില്‍ പൂജിക്കുന്നവരുമുണ്ട്.

ഒന്‍പത് ദിനങ്ങളിലും പൂജയ്ക്ക് പറ്റാത്തവര്‍ അവസാനത്തെ മൂന്നു ദിവസങ്ങളില്‍ കര്‍ശനമായും പൂജവയ്ക്കുക. അഷ്ടമി ദിവസം പൂജവയ്‌പോടെ സരസ്വതിപൂജ തുടങ്ങാം. ഗണപതിയെ സങ്കല്പിച്ച് ഒരിലയില്‍ അവല്‍, മലര്‍, പഴം, ശര്‍ക്കര, കരിക്ക് തുടങ്ങിയവ വയ്ക്കുക. ചിത്രത്തിന് മുമ്പിലോ, വലതുവശത്തായിട്ടോ എല്ലാ പുസ്തകങ്ങളും വയ്ക്കുക. പൂക്കളും ഹാരവും സുഗന്ധദ്രവ്യങ്ങളുംകൊണ്ട് പൂജാസ്ഥലവും പുസ്തകങ്ങളും അലങ്കരിക്കുക.

ഇതിന്റെ മുമ്പില്‍ കുട്ടികള്‍ ഇരുന്ന് ഗുരുവന്ദനത്തോടെ ഗണപതി, സരസ്വതി എന്നീ ദേവീദേവന്മാരുടെ സ്തുതികള്‍ ചൊല്ലിയാല്‍ ഒരു പൂജാരിയെക്കൊണ്ട് ചെയ്യിക്കുന്നതിനേക്കാളധികം ഫലം കിട്ടും. അമ്മമാരും മറ്റുള്ളവരും കൂടിയിരുന്നു ചൊല്ലിയാല്‍ കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും.

കൂടാതെ സന്താനഭാഗ്യം, രോഗശമനം, സമ്പദ്‌സമൃദ്ധി, ശത്രുശമനം, അപമൃത്യു അകലും, കുടുംബഭദ്രത ലഭിക്കും, ഉത്തമ വിവാഹബന്ധം ലഭിക്കും, തുടങ്ങി അനേകം ഗുണങ്ങള്‍ കിട്ടുകയും ചെയ്യും.

വിദ്യാരംഭം കുഞ്ഞു ജനിക്കുന്ന അന്നുമുതല്‍ തുടങ്ങാവുന്നതാണ്. അമ്മയുടെ മടിത്തട്ടില്‍നിന്നും വിദ്യ അഭ്യസിച്ചു തുടങ്ങട്ടേ. നല്ല ഗാനങ്ങളും നാമങ്ങളും, കീര്‍ത്തനങ്ങളും, താളങ്ങളും കുഞ്ഞിനെ ഇടയ്ക്കിടെ കേള്‍പ്പിക്കുക. അമ്മ സ്വയം പാടി ഉറക്കുക.

അങ്ങനെയുളള കുട്ടികള്‍ മൂന്നുവയസ്സിന് മുമ്പുള്ള എഴുത്തിനിരുത്തില്‍ നന്നായി ശോഭിക്കും. പഠിക്കാനുള്ള ജിജ്ഞാസ കാണിക്കും. ഈ രീതിയില്‍ അമ്മമാര്‍ ശ്രമിച്ചാല്‍ ജാതിമത ഭേദമെന്യേ എല്ലാ കുട്ടികളും ബുദ്ധിയുള്ളവരായിത്തീരും; ഉന്നതിയിലെത്തുകയും ചെയ്യും.

പ്രപഞ്ചത്തിന് മുഴുവന്‍ അമ്മയായ പരാശക്തിയെ പൂജിക്കാനുള്ള ദിനങ്ങളാണ് നവരാത്രി ദിനങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന പ്രഥമ മുതല്‍ നവമിവരെയുള്ള ദിനങ്ങള്‍. വിജയദശമിക്ക് എല്ലാവര്‍ക്കും എഴുത്തിനിരിക്കാം.

ഈ വര്‍ഷം ഒക്‌ടോബര്‍ 10 മുതല്‍ 19 വരെയാണ് നവരാത്രിയാഘോഷങ്ങള്‍. എല്ലാ ദേവീ ആരാധന ദിനങ്ങളേക്കാളും ശ്രേഷ്ഠമാണ് ദേവി ആരാധനയ്ക്ക് നവരാത്രി ദിനങ്ങള്‍. നിത്യവും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. വിജയദശമി ദിവസം എഴുത്തിനിരുത്തുകയും ചെയ്യാം.

ദക്ഷയാഗം നശിപ്പിക്കാന്‍ കാളീദേവി പ്രത്യക്ഷപ്പെട്ടത് വിജയദശമി ദിവസമായിരുന്നു. അര്‍ജ്ജുനനന്‍ അജ്ഞാത വാസമവസാനിപ്പിച്ച് ആദ്യമായി ഗാണ്ഡീവം കൈയിലെടുത്തതും വിജയദശമി ദിവസമാണെന്നാണറിവ്. ദേവി മഹിഷാസുരവധം ചെയ്തതും വിജയദശമി ദിവസമായിരുന്നു.

മനുഷ്യമനസ്സിലെ തമസ്സിനെ ഇല്ലാതാക്കി പ്രകാശം, ജ്ഞാനം എന്നിവ നിറയ്ക്കുന്നതിന്റെ പ്രതീകം കൂടിയാണ് വിജയദശമി. എല്ലാവരും ദേവിപൂജയില്‍ പങ്കെടുത്ത് വിജയം വരിക്കുക.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Tuesday 16 Oct 2018 03.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW