Wednesday, August 07, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Oct 2018 01.32 PM

അയാളെ ഞാന്‍ വെറുക്കുന്നു.. സീമ ജി. നായര്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയാതെ പോയതെല്ലാം...

''അഭിനയരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ സീമ ജി. നായര്‍ തന്റെ ജീവിതത്തെക്കുറിച്ച്....''
uploads/news/2018/10/256939/seemagnair151018e.jpg

അരികെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഒരു വന്‍മരത്തിന്റെ തണലിന്റെ കുളിര്‍മയുണ്ട് സീമയ്ക്കുചുറ്റും. കൂടെയുള്ളവരെയെല്ലാം സ്നേഹത്തിന്റെ ചിറകിലൊതുക്കി ആശ്വാസവാക്കുകള്‍ കൊണ്ടും പുഞ്ചിരികൊണ്ടുപോലും കരുതല്‍ നല്‍കുന്നവള്‍. പക്ഷേ ആ ജീവിതത്തിന് കണ്ണീരിന്റെ കയ്പ്പുണ്ട്, കഷ്ടപ്പാടിന്റെ വേദനകളുണ്ട്. അതെല്ലാം ഇടനെഞ്ചിലൊതുക്കി പുഞ്ചിരിക്കുകയാണവര്‍.

30 വര്‍ഷം അഭിനയമെന്ന കലയെ ബഹുമാനിച്ച് അതിന്റെ ഉള്ളറിഞ്ഞ വ്യക്തിയാണ് സീമ. പ്രശസ്ത നാടകനടിയും ഗായികയുമായ ചേര്‍ത്തല സുമതിയുടെ മകളായി ജനിച്ചു എന്ന വലിയ ഭാഗ്യവും സീമയുടെ ജീവിതത്തിന് മാറ്റ് കൂട്ടുന്നു. ആ അമ്മ പകര്‍ന്ന സ്നേഹവും കരുതലും കരുത്തുമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സീമയെന്ന മകളുടെ ജീവിതത്തിന് കാവലായി നില്‍ക്കുന്നതും.

എന്‍. ജി ഗോപിനാഥന്‍ പിള്ളയുടേയും ചേര്‍ത്തല സുമതിയുടേയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സീമ ജി. നായര്‍ എന്ന കേരളമറിയപ്പെടുന്ന കലാകാരി തന്റെ അഭിനയജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും പറയുന്നു....

അഭിനയജീവിതം സമ്മാനിച്ചത്?


ഒട്ടും ആഗ്രഹിക്കാതെ, പ്രതീക്ഷിക്കാതെ അഭിനേത്രിയുടെ കുപ്പായമണിഞ്ഞവളാണ് ഞാന്‍. ആ ഒഴുക്കിനനുസരിച്ച് നീന്തി ഇപ്പോള്‍ ഇവിടെവരെ എത്തിനില്‍ക്കുന്നു. നടിയെന്ന നിലയിലുളള യാതൊരു നിറങ്ങളും ജീവിത്തിലിന്നുവരെ എന്നെ മോഹിപ്പിച്ചിട്ടുമില്ല, തേടിവന്നിട്ടുമില്ല. അന്നുമിന്നും സീമയെ കാണുമ്പോള്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. സീമാ...നിന്റെ കഴിവിനനുസരിച്ചുള്ള അംഗീകാരങ്ങളോ നല്ല കഥാപാത്രത്തിന്റെ കുപ്പായമോ ഇതുവരെ നിനക്ക് കിട്ടിയിട്ടുണ്ടോ?? ഇതാ ഇന്ന് കാണുന്നവരും ഇന്നലെ കണ്ടവരും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടവരും ഇതേ ചോദ്യംതന്നെ എന്നോട് ചോദിക്കുന്നു.

ഇത് കേള്‍ക്കുമ്പോള്‍ ഉള്ളിലെവിടെയോ നഷ്ടബോധത്തില്‍നിന്നുളള ഒരു നീറ്റലുണ്ടാവാറുണ്ട്, വേദനയുണ്ടാവാറുണ്ട്. പക്ഷേ എനിക്ക് ജീവിച്ചല്ലേ പറ്റൂ. എന്റെ ജീവിത പ്രശ്നങ്ങള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും പരിഹാരമുണ്ടാക്കിയേ പറ്റൂ. മകനെ നോക്കിയേ പറ്റൂ. അതുകൊണ്ട്, കിട്ടുന്നത് നാടകമാണെങ്കിലും ഷോട്ട്ഫിലിമാണെങ്കിലും സീരിയലാണെങ്കിലും അഭിനയത്തില്‍ സഭ്യമായത് എന്തും ഞാന്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കും. ഈ ജീവിതം ഇങ്ങനെ തട്ടിയും മുട്ടിയും ഒക്കെ പോകും. അല്ലാതെ കിട്ടുന്ന വേഷങ്ങളില്‍ തൃപ്തയാണെന്നോ, ഇന്ന വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നോ ഒന്നും പറയാന്‍ പറ്റില്ല.

കഴിവുകളുണ്ടെന്ന് മറ്റുള്ളവര്‍ പറഞ്ഞിട്ടും സ്വയം കഴിവില്‍ ബോധ്യമുണ്ടായിട്ടും എന്തുകൊണ്ട് പ്രതീക്ഷിച്ച നിലയിലെത്തിയില്ല?


ഞാന്‍ അഭിനയ രംഗത്തു വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. അന്നും ഇന്നും എനിക്കൊരു ഗോഡ്ഫാദറില്ല. അത്തരത്തിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കൃത്യമായ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിച്ചേനേ. നമുക്ക് ഗൈഡന്‍സ് നല്‍കാനും നമ്മളെ ബൂസ്റ്റ് ചെയ്യാനും ആരെങ്കിലുമുണ്ടെങ്കില്‍ രക്ഷപെടും. അത്തരത്തിലൊരാള്‍ എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ പ്രതീക്ഷിച്ച നിലയിലെത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേനേ. ബാലചന്ദ്രമേനോന്‍ സാറിനെപ്പോലുള്ള സംവിധായകര്‍ എത്രയോ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നിരിക്കുന്നു.

മേലേക്കിടയിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം കിട്ടുകയും സാധാരണക്കാര്‍ക്ക് തുച്ഛമായ വരുമാനം നല്‍കുകയും ചെയ്യുന്ന രീതിയെക്കുറിച്ച് കേള്‍ക്കുന്നു. അത് ശരിയാണോ?


അത് വളരെ ശരിയാണ്. അന്നും ഇന്നും എനിക്ക് കിട്ടുന്ന പ്രതിഫലം വളരെ തുച്ഛമാണ്. കോരന് കുമ്പിളില്‍ കഞ്ഞിതന്നെ എന്ന അവസ്ഥ. പക്ഷേ ന്യൂജനറേഷനിലെ കുട്ടികള്‍ക്ക് ജീവിക്കാനറിയാം. ഇപ്പോഴത്തെ കുട്ടികള്‍ അത്യാവശ്യം നല്ല ചുറ്റുപാടുകളില്‍നിന്ന് വരുന്നവരാണ്. ഇനി ഇത്തരം സാഹചര്യങ്ങളൊന്നും ഇല്ലാത്ത ലവലില്‍ നിന്ന് വരുന്നവരുംലോട്ടറി അടിച്ചതുപോലെ രക്ഷപെട്ടിട്ടുണ്ട്. ഒരു ദിവസം അവര്‍ക്ക് സിനിമയില്ലെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. മിക്കവാറും പടങ്ങളെല്ലാം ആദ്യം തന്നെ ഹിറ്റാകും.
uploads/news/2018/10/256939/seemagnair151018b.jpg

അപ്പോള്‍ അവര്‍ക്ക് കൃത്യമായ പദ്ധതികളിലൂടെ മുന്നോട്ടുനീങ്ങാന്‍ കഴിയും.ഒരു ഇടവേളയ്ക്കുശേഷം തിരിച്ചുവന്ന് അമ്മ വേഷവും ചേച്ചി വേഷവും ചെയ്യുന്ന നടിമാര്‍ക്കുവരെ ഇന്ന് പതിനഞ്ചും ഇരുപതും ലക്ഷം കൊടുക്കാനും അവരുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാനും ആളുകള്‍ തയാറാവുമ്പോള്‍ ഞങ്ങളെപ്പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ എന്തെങ്കിലും ചോദിച്ചാല്‍ അതും ഒരു പ്രശ്‌നത്തിലേ അവസാനിക്കൂ. അതുകൊണ്ട് കഴിയുന്നതും ഒന്നും മിണ്ടാറില്ല.

നാടക കുടുംബത്തില്‍ ജനിച്ചയാളാണ്?


എന്റെ അമ്മ ചേര്‍ത്തല സുമതി നാടകനടിയും ഗായികയുമാണ്. കഥാപ്രസംഗം കൂടി പറയുമായിരുന്നു അമ്മ. ചേച്ചി രേണു ക ഗായികയായിരുന്നു. ഒന്‍പതാമത്തെ വയസില്‍ സംഗീതനാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള ഗോള്‍ഡ്‌മെഡല്‍ വാങ്ങിയ ആളാണ് ചേച്ചി. ബേബി രേണുകയുടെ ഗാനമേളയും ചേര്‍ത്തല സുമതിയുടെ കഥാപ്രസംഗവും എന്നൊക്കെ പറഞ്ഞാല്‍ അക്കാലത്ത് വലിയ സംഭവമായിരുന്നു.
അന്ന് സ്‌റ്റേജില്‍ പാടി അഭിനയിക്കണം. പാടി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ കുറവായിരുന്നു അമ്മയ്ക്കിത് രണ്ടും അറിയാം. അഭിനയത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു എന്ന വാക്കുകളൊക്കെ അമ്മയെ സംബന്ധിച്ചിടത്തോളം വളരെ അര്‍ഥവത്തായിരുന്നു.

മൂന്ന് മക്കളെ പ്രസവിച്ചിട്ടും ശരിയായ രീതിയില്‍ പ്രസവ ശിശ്രൂഷ പോലുമെടുക്കാന്‍ അമ്മയ്ക്ക് പറ്റിയിട്ടില്ല. ചെയ്യുന്ന ജോലി പ്രാണന്‍ കളഞ്ഞും ഭംഗിയായി ചെയ്തിരുന്നു. എന്നെയൊക്കെ പ്രസവിച്ച സമയത്ത് 15 ദിവസം കഴിയുന്നതിനുമുന്‍പുതന്നെ സ്റ്റേജില്‍ കയറിയിട്ടുണ്ട്. അപ്പോഴൊക്കെ അമ്മ ചെയ്യുന്ന ഒരു കാര്യമുണ്ട്. സ്റ്റേജിന്റെ അടിയില്‍ തൊട്ടില്‍ കെട്ടും എന്നിട്ട് കുട്ടിയെ അതില്‍ കിടത്തും. അമ്മയുടെ ഭാഗം വരുമ്പോള്‍ പോയി അഭിനയിക്കും. അഭിനയവും പാട്ടുമൊക്കെ കാണാന്‍ ആളുകള്‍ വന്നിരിക്കുമെങ്കിലും ചമയം അഴിച്ചുകഴിയുമ്പോള്‍ മറ്റൊരു കണ്ണോടുകൂടിയാണ് അന്നത്തെ സമൂഹം അഭിനയിക്കുന്നവരെ കണ്ടിരുന്നത്.

അതുകൊണ്ടുതന്നെ മക്കളാരും അഭിനയ രംഗത്തേക്ക് വരരുതെന്ന് അമ്മ ആഗ്രഹിച്ചിരുന്നു.
അമ്മയും അച്ഛനും ജീവിതത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അച്ഛന് ബിസിനസായിരുന്നു. പാവം മനുഷ്യനായിരുന്നതുകൊണ്ടുതന്നെ ആര്‍ക്കും എളുപ്പം പറ്റിക്കാന്‍ കഴിയുന്ന പ്രകൃതം. അതുകൊണ്ടുതന്നെ ബിസിനസുകളെല്ലാം തുടര്‍ച്ചയായി തകര്‍ന്നു. ഇതെല്ലാം കുടുംബത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും അഭിനയരംഗത്തേക്കെത്തിയത്?


ഞങ്ങള്‍ മൂന്ന് മക്കളായിരുന്നു. ചെറുപ്പകാലം മുതലേ മൂന്നുപേര്‍ക്കും സംഗീത്തില്‍ താല്‍പര്യമുണ്ടായിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍. വി കോളജില്‍ വയലിന്‍ മെയിനും സബ് ആയി സംഗീതവുമെടുത്തായിരുന്നു ഞാന്‍ പഠിച്ചത്. കൊച്ചിന്‍ സംഗമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകം ഓണത്തിനനുബന്ധിച്ച് പ്ലാന്‍ ചെയ്യുന്നു. അതിലേക്ക് നായിക കഥാപാത്രമായ സുശിമോളായി ആളെ അന്വേഷി
ച്ചുകൊണ്ടിരിക്കുന്ന സമയത്ത് ചേര്‍ത്തല സുമതിയ്ക്ക് ഒരു മകളുണ്ടെന്ന് പറഞ്ഞറിഞ്ഞ് സംഘമിത്രയുടെ ഉടമസ്ഥനായ സതീശ് സംഘമിത്രയും അഭിനേതാവായ നാഗേന്ദ്രന്‍ ചേട്ടനും എന്നെ തേടിയെത്തുന്നത്.

അവര്‍ വീട്ടില്‍ വരുമ്പോള്‍ അമ്മ നാടകം കളിക്കാന്‍ പോയിരിക്കുകയാണ്. അച്ഛനും ചേച്ചിയുമുണ്ട്. അച്ഛന്‍ പറഞ്ഞു, ഒരിക്കലും സീമയെ അഭിനയിക്കാന്‍ വിടില്ല. സുമതിയ്ക്കത് ഇഷ്ടമല്ല. ഒടുവിലവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഓണാവധി സമയമല്ലേ. കുട്ടിക്ക് കോളജ് തുറക്കുംമുന്‍പ് ഞങ്ങള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തിക്കൊളളാം. നാടകച്ചോറുണ്ണവരായതുകൊണ്ട് അച്ഛന് പറ്റില്ലെന്നും പറയാന്‍ തോന്നിയില്ല. അങ്ങനെ അച്ഛന്‍ സമ്മതിച്ചു. ഞാനവരോട് പറഞ്ഞു.

എനിക്ക് അഭിനയിക്കാനറിയില്ല. ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല..സതീശേട്ടന്‍ പറഞ്ഞു,,വീട്ടില്‍ എങ്ങനെയണോ നീ പെരുമാറുന്നത് അതുപോലെ സ്റ്റേജിലും ചെയ്താല്‍ മതിയെന്ന്. അങ്ങനെയാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അമ്മയ്ക്കത് ഭയങ്കര വിഷമമുണ്ടാക്കിയ കാര്യമായിരുന്നു. കന്യാകുമാരിയില്‍ ഒരു കടങ്കഥ നാടകരംഗത്തെ ഒരു വിപ്ലവമായിരുന്നു. നാളിതുവരെ കാണാത്ത സ്‌റ്റേജ് സെറ്റിംഗ്സ്, അഭിനയ ശൈലി. എന്റെ കഥാപാത്രമായ സുശിമോളെ കാഴ്ച്ചക്കാര്‍ ഏറ്റെടുത്തു.

സുശിമോള്‍ 10 ദിവസം കൊണ്ട് ആളുകളുടെ മനസിലേക്കിറങ്ങി. കെട്ടുകണക്കിന് കത്തുകള്‍ എനിക്ക് വരുന്നു, നാടകം കണ്ടവര്‍ കണ്ടവര്‍ വീണ്ടും കാണുന്നു. സുശിമോളെ കാണാനാണ് വരുന്നതെന്ന് പറയുന്നു. എന്നെപ്പോലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്ണിന്, അഭിനയം അറിയാതെ വളര്‍ന്ന പെണ്ണിന് ഇതെല്ലാം കണ്ടപ്പോള്‍ അത്ഭുതലോകത്തെത്തിയതുപോലെയൊരു അവസ്ഥയായിരുന്നു. ഇനി അഭിനയത്തില്‍നിന്ന് തിരികെ പോണില്ലന്നോ, വരുന്നില്ലെന്നോ, ഇനിയില്ലെന്നോ ഒന്നും ഞാന്‍ പറയുകയും ചെയ്തില്ല. ഞാനെന്ന നടിയുടെ ജീവിതം അവിടെത്തുടങ്ങി അങ്ങനെ മുന്നോട്ടുപോയി. ഇപ്പോള്‍ 31ാം വര്‍ഷത്തിലെത്തിനില്‍ക്കുന്നു.

uploads/news/2018/10/256939/seemagnair151018d.jpg

അസുഖം കീഴ്‌പ്പെടുത്തി ശരീരം മുഴുവന്‍ ചോരക്കറ പുരണ്ടുനിന്നിട്ടും സേ്റ്റജില്‍നിന്നിറങ്ങാതെ അഭിനയിച്ചയാളാണല്ലോ അമ്മ?


പിന്നീട് അമ്മ എന്റെ കൂടെ അഭിനയിക്കാന്‍ വരാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയ്ക്ക് പലപ്പോഴും നെഞ്ചുവേദന വരുന്നതായി അമ്മ പറഞ്ഞിരുന്നു. ഡോക്ടറെ കാണാന്‍ പോകാം എന്നുപറയുമ്പോള്‍ അത് സാരമില്ല നെഞ്ചിന് നീര് കെട്ടിയതായിരിക്കും, മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അരച്ചിട്ടാല്‍ അത് മാറാവുന്നതേയുള്ളൂൂ എന്ന് അമ്മ പറയും. ഇതു കുറേനാള്‍ തുടര്‍ന്നു.

അസ്വസ്ഥതകള്‍ പലതുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ജോലിമാത്രം ശ്രദ്ധിക്കുകയായിരുന്നു അമ്മ. ഒരിക്കല്‍ പച്ചാളം കാട്ടുങ്കല്‍ ദേവീ ക്ഷേത്രത്തില്‍വച്ച് ഒരു നാടകമുണ്ടായിരുന്നു. അതു കഴിഞ്ഞ് ഇറങ്ങി നേരെ ഞങ്ങള്‍ ശുചീന്ദ്രാ മെഡിക്കല്‍ മിഷനിലേക്ക് പോയി. ഡോക്ടര്‍ക്ക് പരിശോധിക്കേണ്ടതായിപ്പോലും വന്നില്ല. ക്യാന്‍സറാണെന്നു പറഞ്ഞു. സെക്കന്‍ഡ് സ്്‌റ്റേജ് കഴിഞ്ഞുവത്രേ. ഓപ്പറേഷന്‍ വേണം. 25 വര്‍ഷം മുന്‍പാണത്. പിന്നീട് പച്ചാളത്തെ സേ്റ്റജില്‍ അമ്മയ്ക്കുപകരം സൗദാമിനി എന്ന ആര്‍ട്ടിസ്റ്റാണ് വന്നത്. സൗദാമിനി ചേച്ചിയെ കിട്ടും എന്ന് ഉറപ്പായപ്പോഴാണ് പച്ചാളത്തെ സേ്റ്റജില്‍നിന്ന് അമ്മ പോരുന്നത്.

ശുചീന്ദ്രയില്‍ നിന്ന് നേരെ ആര്‍. സി. സിയില്‍ പോയി ഓപ്പറേഷന്‍ ചെയ്തു. ട്യൂബൊക്കെയിട്ടു കുറച്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടതായും വന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമവും കഴിഞ്ഞ് തിരുച്ചുവരുന്ന വഴി ഞങ്ങള്‍ നാടക വണ്ടി കാത്ത് കൊല്ലത്തു നിന്നു. ആ വണ്ടിയില്‍ കയറിയാല്‍ എറണാകുളത്തെ വീട്ടിലെത്താം. അക്കാലത്ത് ഞങ്ങള്‍ എറണാകുളത്തേക്ക് താമസം മാറ്റിയിരുന്നു. പച്ചാളത്ത് അന്ന് ഒരു നാടകം കൂടിയുണ്ട്. ഒരു പെസഹ വ്യാഴാഴ്ചയായിരുന്നു അത്.

ഞാന്‍ അമ്മയേയും കൂട്ടി വണ്ടിയില്‍ കയറാന്‍ ചെന്നു. ഡോര്‍ തുറന്നപ്പോള്‍ സൗദാമിനിചേച്ചി ഇരിക്കേണ്ട സീറ്റില്‍ ചേച്ചിയെ കാണുന്നില്ല. ചേര്‍ത്തലയില്‍ എക്‌സറെ കവലയില്‍ കാത്തുനില്‍ക്കുമെന്നുപറഞ്ഞ ചേച്ചിയെ വിളിച്ചുകൊണ്ടുവരാന്‍ മറന്ന് വണ്ടി നേരെ കൊല്ലത്തെത്തിയതാണ്. ഞാന്‍ എല്ലാവരേയും വിളിച്ചുണര്‍ത്തി പറഞ്ഞു. സൗദാമിനി ചേച്ചി കയറിയിട്ടില്ല.. എവിടെ അപ്പോഴാണ് ഡ്രൈവര്‍ വിളിക്കാന്‍ മറന്നത് എന്നറിയില്ല.

അന്നത്തെക്കാലത്ത് ഫോണൊന്നും ഇല്ലല്ലോ എവിടെയാണെന്ന് വിളിച്ചുചോദിക്കാന്‍. അപ്പോള്‍ അമ്മ പറഞ്ഞു. ഞാന്‍ അഭിനയിച്ചോളാം.. ഓപ്പറേഷന്‍ കഴിഞ്ഞ് ട്യൂബൊക്കെ ഇട്ടിരിക്കുന്നയാളാണ് പറയുന്നത്. ഇന്നത്തെപ്പോലെ അഡ്വാന്‍സിഡായ ചികിത്സയൊന്നുമല്ലല്ലോ. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ അമ്മ നിര്‍ബന്ധം പിടിച്ചു.

ഇവിടെ മരിച്ചുവീണാല്‍ വീഴട്ടെ എന്ന് കരുതും അതാണെനിക്ക് സന്തോഷം.. പച്ച നിറത്തിലുള്ള ഒരു കുപ്പായമാണ് അന്ന് അമ്മ സ്‌റ്റേജില്‍ ഇട്ടിരുന്നത്. അരിഞ്ഞുകളയും നിങ്ങളെള എന്നു ഡയലോഗ് പറഞ്ഞ് അമ്മ കൈയ് ഉയര്‍ത്തി. അപ്പോഴൊക്കെ നെഞ്ചിലൂടെ ഇട്ടിരുന്ന ട്യൂബില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. കാണികള്‍ കാണുന്നത് പച്ച കുപ്പായം നനഞ്ഞ് ചുവന്ന നിറമാകുന്നതാണ്. ഞങ്ങളിതെല്ലാം കണ്ട് നിസഹായരായിരുന്നു. അന്ന് രണ്ട് നാടകമുണ്ടായിരുന്നു.

രണ്ടും ചെയ്തു തീര്‍ത്തിട്ടാണ് അമ്മ വീട്ടിലേക്ക് വരാന്‍ സമ്മതിച്ചത്. അതുപോലെ അച്ഛന്‍ മരിച്ചുകിടക്കുന്ന സമയം അടൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ നാടകമുണ്ട്. അന്നും ഞാനും അമ്മയും പോകാന്‍ നിര്‍ബന്ധിതരായി. അച്ഛന്‍ മരിച്ചുവെന്നൊക്കെ പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്. എന്നിട്ടും അമ്മ എന്നെയുംകൊണ്ട് ഇറങ്ങി. ബോഡി വീട്ടില്‍ കിടക്കുകയാണ്. പിന്നീട് അവര്‍ സാഹചര്യം മനസലാക്കി ഞങ്ങളെ ഒഴിവാക്കുകയായിരുന്നു.

സിനിമയിലെന്നായിരുന്നു തുടക്കം?


നാടകം ചെയ്യുന്ന സമയത്തുതന്നെ 87 ല്‍ പത്മരാജന്‍ സാറിന്റെ പറന്നുപറന്ന് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു ആദ്യ ചിത്രം. പിന്നെ സത്യനന്തിക്കാടിന്റെ അടുത്തടുത്ത്. അങ്ങനെ ഒന്നുരണ്ട് ചിത്രങ്ങള്‍ ചെയ്തു. സിനിമ വലിയൊരു സ്വപ്‌നമോ മോഹമോ അല്ലായിരുന്നതുകൊണ്ട് സിനിമയിലേക്ക് ശ്രദ്ധകൊടുത്തിരുന്നില്ല. അതിനുശേഷം ഗൗരവമായി സിനിമയില്‍ അഭിനയിച്ചുതുടങ്ങിയത് 2003 ല്‍ ക്രോണിക്ക് ബാച്ചിലറിലൂടെയാണ്.

ക്രോണിക്ക് ബാച്ചിലറില്‍ ആകെ രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എന്നോട് സിദ്ധിക്ക് സാറടക്കം പലരും പറഞ്ഞു സീമ നന്നായി അഭിനയിച്ചു. ഇനി തിരിഞ്ഞു നോക്കേണ്ടിവരില്ലന്ന്.. പക്ഷേ മൂന്ന് വര്‍ഷത്തേക്ക് എനിക്കൊരു ചാന്‍സ് പോലും കിട്ടിയില്ല. ആരും വിളിച്ചുമില്ല. ഇത്രയും കാലം എനിക്ക് ചെയ്യാന്‍ പറ്റാത്തതും കിട്ടാത്തതും പെട്ടെന്നൊരു ദിവസം കിട്ടുമെന്ന് തോന്നുന്നില്ല. അതിന് അത്ഭുതം സംഭവിക്കണം. ഇനി കിട്ടുന്നത് ബോണസ് എന്നേ പറയാന്‍ കഴിയൂ.

uploads/news/2018/10/256939/seemagnair151018a_1.jpg
* സീമ ജി. നായര്‍ മകന്‍ ആരോമലിനൊപ്പം

അമ്മ നിങ്ങള്‍ മക്കളെ വളര്‍ത്തിയതുപോലെ സ്വന്തം മകനെ വളര്‍ത്താനും ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്?


മകന്‍ ആരോമലാണ് എന്നെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ജനിച്ചപ്പോള്‍ ഹാര്‍ട്ടിന് പ്രശ്നമുള്ള കുഞ്ഞായിരുന്നു. ഓപ്പറേഷന്‍ ഒക്കെ ചെയ്തു. ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറും വച്ച് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നല്ല ദുരിതം അനുഭവിച്ചു. അപ്പോഴത്തെ സാഹചര്യത്തില്‍ അഭിനയിക്കാന്‍ പോയാലേ പറ്റുമായിരുന്നുള്ളൂ. കുഞ്ഞ് ജനിച്ചശേഷം അവനേയും കൊണ്ട് സെറ്റില്‍ പോകും. അമ്മ പണ്ട് ഞങ്ങളെ നോക്കിയിരുന്നതുപോലെ.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കാക്കനാട് ഒരു തറവാടുണ്ട്. മാഷിന്റെ വീട് എന്നാണത് അറിയപ്പെടുന്നത്. മോന്‍ കുഞ്ഞായിരിക്കെ അവിടെനിക്ക് കുറേനാള്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അവിടെ രാരീരം തൊട്ടില്‍ കെട്ടി അവനെ കിടത്തും. ഞാന്‍ താഴെ തറയില്‍ പായിട്ട് കിടക്കും. കുഞ്ഞിന്റെ ശരീരം എന്റെ വയറില്‍ മുട്ടുന്നതുപോലെയാണ് തൊട്ടിലിടുന്നത്. കുഞ്ഞ് അനങ്ങിയാല്‍ അറിയാന്‍ വേണ്ടി. ആ സമയത്ത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ലോകത്ത് സീമ മാത്രമേ പ്രസവിച്ചിട്ടുള്ളോ?? എന്ന്.

എന്നുപറഞ്ഞാല്‍ എനിക്ക് കുഞ്ഞിനെ കൊണ്ടുപോകാനേ പറ്റുകയുള്ളൂ. മരുന്നുകള്‍ കറക്ടായി കൊടുക്കണം. കുഞ്ഞാണെങ്കില്‍ രാത്രിയിലെല്ലാം കരച്ചിലും. എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. അപ്പോള്‍ മുതല്‍ ഈ നിമിഷം വരെയും ജീവിതം കഷ്ടപ്പാട് തന്നെയാണ്. ഇപ്പോള്‍ ശീലമായി. വിഷമമൊക്കെയുണ്ട്. അവന്റെ ജീവിതമാണിനി. അവന്‍ ഒന്നു കരകയറിയാല്‍ അതാണിനി എന്റെ സന്തോഷം. ആരോമല്‍ ബി. ബി. എ കഴിഞ്ഞു.

എം. ബി. എ ചെയ്യാന്‍ ആഗ്രഹമുണ്ട്. പഠിപ്പിസ്‌റ്റൊന്നുമല്ല. അവന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അമ്മ എന്ത് ആഗ്രഹിച്ചോ അതാണ് മകന്റെ കാര്യത്തില്‍ ഞാനും ആഗ്രഹിക്കുന്നത്. അവന്‍ ചെറുതായി പാടും. കയം സിനിമയില്‍ മനോജ് കെ. ജയന്റെ ചെറുപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കണമെന്ന് എന്നോട് പറഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.അതേക്കുറിച്ച്?


12 വര്‍ഷമായി ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്നു. ജീവിതത്തില്‍ ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ഒരു ചടങ്ങ് ഞാന്‍ ചെയ്യുന്നുണ്ട്.

ഏകദേശം 600 കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുത്തുകഴിഞ്ഞു. അതൊരു വലിയ ഭാഗ്യമായി കാണുന്നു. നല്ല മനസുള്ള കുറേ ആളുകള്‍ സഹായിക്കുന്നതുകൊണ്ടാണ് എനിക്കതിന് കഴിഞ്ഞത്. ഇപ്പോള്‍ തണല്‍ സംഘടനയുടെ കീഴില്‍ അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്ന ആളുകള്‍ക്കുവേണ്ടിയൊരു സംഘടനയുണ്ട്. അതിന്റെ സജീവ പ്രവര്‍ത്തകയും കൂടിയാണ് ഞാന്‍. ഞങ്ങള്‍ക്ക് തണല്‍ അറ്റ് സിങ്ങേഴ്‌സ് എന്ന പേരില്‍ ഒരു ഗാനമേള ട്രൂപ്പുണ്ട്. അവരുടെയൊക്കെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

അപ്പോള്‍ ഭാവിയില്‍ എന്തെങ്കിലും സ്ഥാപനമോ മറ്റോ സ്വന്തമായി തുടങ്ങണമെന്ന് ആഗ്രഹമുണ്ടോ?


ഒരു ഓള്‍ഡ് ഏജ് ഹോം തുടങ്ങുക എന്നത് എന്റെ സ്വപ്നമാണ്. ആരും ഇല്ലാത്ത അമ്മമാരെ എല്ലാ സൗകര്യങ്ങളോടെയും നോക്കുക. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക. അവര്‍ക്ക് ചിരിക്കാനും കളിക്കാനും ഒക്കെയുള്ള സാഹചര്യങ്ങളൊരുക്കിക്കൊടുക്കുക. കുറേ കാലങ്ങളായി മനസിലിട്ട് താലോലിക്കുന്ന സ്വപ്നമാണ്. എന്നെങ്കിലും അതിന് കഴിയുമെന്ന വിശ്വാസത്തിലാണ് ഞാന്‍.

സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് പോലുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു?


സിനിമയില്‍ മാത്രമേ കാസ്റ്റിംഗ് കൗച്ച് ഉള്ളൂ എന്ന് പറയാന്‍ പറ്റില്ല. ചിലര്‍ക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ഒരു നാണയത്തിന് രണ്ട് വശമുണ്ട.് നല്ലതിന് ചീത്തയുണ്ട്. അനുഭവങ്ങളുള്ളവരുണ്ടാവാം. അങ്ങനെ ആവശ്യപ്പെട്ടവരുണ്ടാവാം. പക്ഷേ ഗൗരവകരമായ ലവലില്‍ ഉണ്ടാവുമോ എന്നറിയില്ല.

ഞാന്‍ മനസിലാക്കിയെടുത്തോളം എല്ലാമേഖലകളിലും ഇതുണ്ട്. സ്ത്രീയും പുരുഷനും എവിടെ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നോ അവടെയെല്ലാം ഇങ്ങനത്തെ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. സിനിമില്‍ ഒരാള്‍ ഒരാളെ നോക്കിയാല്‍... ഒരാള്‍ മറ്റൊരാളെ 10 പ്രാവശ്യം നോ്ക്കിയാല്‍ ആ വാര്‍ത്ത കേള്‍ക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. സിനിമെക്കുറിച്ചറിയാന്‍, സിനിമയിലെ വിശേഷങ്ങളറിയാന്‍, സിനിമയിലെ ഉള്ളുകള്ളികളറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ് .

uploads/news/2018/10/256939/seemagnair151018c.jpg

അയാളെ ഞാന്‍ വെറുക്കുന്നു.


കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശം വന്നു. ഓണത്തിനുമുന്‍പ് ഒരു ചാനലില്‍ ചാരുത എന്ന പ്രോഗ്രാമിന് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അറിയപ്പെടാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍ എല്ലാ അഭിമുഖങ്ങളിലും പറയാറുള്ള എന്റെ കഥകള്‍. 75 രൂപ ശമ്പളം കിട്ടിയതിനെക്കുറിച്ചും, സ്‌കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല എന്നതിനെക്കുറിച്ചുമൊക്കെ ആ അഭിമുഖത്തിലും പറഞ്ഞു. മിക്ക സെലിബ്രിറ്റികളും പറയാറുണ്ട് എനിക്ക് നാടക ഭ്രാന്തായിരുന്നു, നാടകം മിമിക്രി ഒക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെ. ഒരു സ്‌കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ലന്ന് പറഞ്ഞത് സത്യവുമാണ്. ഈ അഭിമുഖം കഴിഞ്ഞ് കോയമ്പത്തൂര് ചേരന്‍ സാറിന്റെ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ഞാന്‍ പോയത്.

ഷൂട്ടിംഗ് കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ എന്റെയൊരു സഹപ്രവര്‍ത്തകയുടെ കോ ള്‍ വന്നു. നിന്നെക്കുറിച്ച് ഫേസ്ബുക്കിലൊക്കെ ഭയങ്കര ചര്‍ച്ച യാ. ആളുകള്‍ പൊങ്കാലയിടുകയാണ്! ഒരു സ്‌കൂള്‍ നാടകത്തില്‍പോലും അഭിനയിച്ചിട്ടില്ല എന്ന് നീ പറഞ്ഞിരുന്നോ??. കാര്‍ത്തികേയന്‍ വലപ്പാട് എന്ന ഒരു സ്‌റ്റേജ് ആര്‍ട്ടിസ്റ്റാണ് എനിക്കെതിരായി പോസ്റ്റ് ഇട്ടത്. അത് ഏറ്റെടുത്താണ് സോഷ്യല്‍ മീഡിയ എന്നെ ദ്രോഹിച്ചുകൊണ്ടിരുന്നത്. ആ പോസ്റ്റിലൂടെ അയാള്‍ അര്‍ഥമാക്കിയത് ഇതായിരുന്നു. അതായത് ഒരു സ്‌കൂള്‍ നാടകത്തില്‍ പോലും അഭിനയിക്കാതെ നേരിട്ട് ഞാന്‍ നടിയായി എന്നാണ് അയാള്‍ ഞാന്‍ പറഞ്ഞ വാചകത്തിലൂടെ അര്‍ഥമാക്കിയിരുന്നത്.

എല്ലാ നായന്‍മാരും ഇങ്ങനെയാണ്. ചില നായന്‍മാര്‍ മുഖത്ത് ചായം തേച്ച് കുറച്ച് കഴിയുമ്പോള്‍, പിന്നെ ലോകത്താരെയും അറിയില്ല.... സതീഷ് സംഘമിത്രയെന്ന ഗുരുനാഥനെ ഇവള്‍ അറിയില്ലെന്ന് പറയുമോ?? എന്നിങ്ങനെ പല കമന്റുകളും. എന്നെ അറിയാവുന്ന നാടകപ്രവര്‍ത്തകര്‍ പോലും വിമര്‍ശിച്ചു. ഒടുവില്‍ എന്റെ മകന്റെ അക്കൗണ്ടില്‍ നിന്ന് എന്റെ പേരില്‍ എന്റെ ഫോട്ടോയും വച്ച് ഞാനൊരു മറുപടി പോസ്റ്റ് ഇട്ടു. അങ്ങനെയാണ് ഞാനനുഭവിച്ച വിഷമങ്ങള്‍ എല്ലാവരും മനസിലാക്കുന്നത്. എന്നെയറിയാവുന്നവരൊന്നും ഇത് വിശ്വസിക്കില്ല. സ്‌കൂള്‍ നാടകത്തില്‍ പോലും അഭിനയിക്കാതെ ഇവള്‍ നടിയായോ എന്ന് പറയുന്നത്, അത് പറഞ്ഞവരുടെ വിവിരക്കേട്.

എവിടെയോ കേട്ട ഒരു വാലെടുത്ത് അവര്‍ പോസ്റ്റ് ചെയ്തു. ഇവര്‍ക്കൊക്കെ ആ ഇന്റര്‍വ്യൂ യൂട്യൂബില്‍ പോയി ഒന്നെടുത്ത് കണ്ടിട്ട് പ്രതികരിച്ചൂടേ? അതിരുവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. കാര്‍ത്തികേയന്‍ വലപ്പാടിനെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല. തെറ്റ് ചെയ്യാതെ തെറ്റുകാരിയാക്കപ്പെടുമ്പോഴാണ് നമുക്ക് വിഷമം ഉണ്ടാകുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ ഇത് മനസിലാക്കണം. നാളെ അവരുടെ കുടുംബത്തിലും ഇങ്ങനെയൊക്കെ സംഭിവിച്ചുകൂടായ്കയില്ലല്ലോ.

അഭിമാനം തോന്നിയ നിമിഷം?


എന്റെ കുഞ്ഞിന്റെ ജനനമാണ് എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം. ദു:ഖത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമ്മയാകുന്നത്. മറ്റൊരു അഭിമാന നിമിഷം എന്റെ വീട്ടില്‍ മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകള്‍ വന്നു. നാടകത്തില്‍നിന്ന് ചേച്ചിക്കും അമ്മയ്ക്കും എനിക്കും. ചേച്ചിക്ക് സംഗീതത്തിന് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. ഒരു കുടുംബത്തില്‍നിന്ന് മൂന്ന് പേര്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് എന്നുപറയുമ്പോള്‍ അപൂര്‍വ്വമാണ്.

ഷെഫിങ്ങ് പവിത്രന്‍
ഫോട്ടോ :- കണ്ണന്‍ നായര്‍

Ads by Google
Monday 15 Oct 2018 01.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW