Tuesday, August 20, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 03.38 PM

മരുന്നു കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക

''സ്വയം ചികിത്സയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി.''
uploads/news/2018/10/255666/medicins1010118.jpg

മലയാളിയുടെ പൊതുവേയുള്ള ശീലമാണ് ഡോക്ടറോടു ചോദിക്കാതെ മരുന്നു കഴിക്കുകയെന്നത്. ഒരിക്കല്‍ പനി വന്ന് ഡോക്ടറെ കണ്ടാല്‍ അന്നദ്ദേഹം നല്‍കുന്ന മരുന്ന് ഓര്‍ത്തുവച്ച് അടുത്തതവണ പനിവരുമ്പോള്‍ ഉപയോഗിക്കുന്ന ശീലമുളളവര്‍. പനി വന്നാല്‍ ക്രോസിന്‍ അല്ലെങ്കില്‍ ഡോളോ ഒക്കെ സ്വയം വാങ്ങിക്കഴിക്കുന്നവര്‍. പക്ഷേ ഓര്‍ക്കുക.

പനി എന്നതു ഒരു രോഗമെന്നതിനേക്കാള്‍ രോഗലക്ഷണമാണ്. പലപ്പോഴും പനി മറ്റെന്തോ രോഗത്തിന്റെ ബാഹ്യലക്ഷണമാണ്. ഡോക്ടര്‍ക്കേ പരിശോധനയിലൂടെ അതു തിരിച്ചറിയാനാവൂ. അതിനാണു ചികിത്സിക്കേണ്ടത് അല്ലാതെ പനിക്കല്ല. മാത്രവുമല്ല ഇങ്ങനെ അനാവശ്യമായി കഴിക്കുന്ന മരുന്നുകള്‍ നിങ്ങളുടെ വൃക്കയേയും കരളിനെയും നശിപ്പിക്കാനും മതി.

സ്വയംചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. ആസ്പിരിന്‍ ഗുളിക തന്നെ ഉദര രക്തസ്രാവത്തിനിടയാക്കാം. പ്രത്യേകിച്ചും പ്രായമേറിയവരിലും ആമാശയവ്രണങ്ങള്‍ ഉള്ളവരിലും. ഗുളിക വെറുംവയറ്റില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാം. ആമാശയവ്രണം, ഉദരരക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവ സാധാരണമായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങളാണ്. മരുന്നിനോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുവന്ന പാടുകളും ചൊറിച്ചിലുമുണ്ടാകാം.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ഭാവിയില്‍ വൃക്കസ്തംഭനത്തിനുവരെ ഇടയാക്കാം. ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം.

ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്ന് മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണ്?


മരുന്നിന്റെ ദഹനാഗിരണം സുഗമമാക്കാന്‍ ഭക്ഷണവുമായി നിര്‍ദിഷ്ട ഇടവേളകള്‍ നിര്‍ദേശിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. കൂടാതെ ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ ചേരുമ്പോ ള്‍ ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ആഗിരണംചെയ്യപ്പെടാതെ കിടന്നെന്നും വരാം. ഉദാഹരണത്തിന് ടെട്രാസൈക്ലിന്‍ പാലിലെ കാത്സ്യവുമായി ചേര്‍ന്നുണ്ടാക്കുന്ന സംയുക്തങ്ങള്‍ ആഗിരണം തടയും. അതു ഭക്ഷണത്തിനു മുമ്പ് കഴിക്കുമ്പോഴാണ് നന്നായി ആഗിരണം ചെയ്യപ്പെടുക. എന്നാല്‍ ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. ഉദാഹരണം ആസ്പിരന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ.

ഗര്‍ഭിണികള്‍ മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?


ഗര്‍ഭകാലത്ത് ഒരു മരുന്നും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ല. കാരണം പ്ലാസന്റയ്ക്ക്, ഗര്‍ഭിണി കഴിക്കുന്ന മരുന്നുകളെ, വളര്‍ച്ചവ്യാപിക്കുന്ന ശിശുവിലേക്ക് എത്താതെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നതുതന്നെ. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്റെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും ബാധിക്കാം. കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന ഗര്‍ഭകാലത്തെ 18 മുതല്‍ 55 വരെ ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെട്രാസൈക്ലിന്‍ ആന്റി ബയോട്ടിക്കുകള്‍ അപസ്മാര ചികിത്സയ്ക്കുപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍, തൈറോയിഡിന്റെ അമിതപ്രവര്‍ത്തം തടയുന്ന മരുന്നുകള്‍, ലിത്തിയം, ആസ്പിരിന്‍, ഇന്‍ഡോമെതാസിന്‍പോലെയുള്ള വേദനസംഹാരികള്‍ തുടങ്ങിയവ. എന്നാല്‍ ഗര്‍ഭിണിയുടെ സുരക്ഷയെ കരുതി പെനിസിലിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, പാരസിറ്റമോള്‍, തൈറോക്‌സിന്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയവ മിതമായി നല്‍കാറുണ്ട്. കൂടാതെ ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും പോഷകനില മെച്ചപ്പെടുത്താന്‍ അയേണ്‍, കാത്സ്യം തുടങ്ങിയവയും ഗര്‍ഭകാലത്ത് നല്‍കാറുണ്ട്.

മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷമുണ്ടോ?


ഗര്‍ഭിണികളെപ്പോലെ മുലയൂട്ടുന്നവരും കഴിവതും മരുന്നുകളൊഴിവാക്കണം. അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്താനിടയുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, മനോരോഗഔഷധങ്ങള്‍, സ്റ്റിറോയിഡുകള്‍, ആസ്പിരിന്‍, ലിത്തിയം, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ തുടങ്ങിയവ ഉപയോഗിക്കുകയേ അരുത്. ബ്രോമോക്രിപ്റ്റിന്‍, ലിവോ ഡോപ്പ തുടങ്ങിയ മരുന്നുകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ തടയാനിടയുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഇവ കഴിക്കാവൂ.
uploads/news/2018/10/255666/medicins1010118a.jpg

ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?


ഗര്‍ഭനിരോധന ഗുളികകളിലെ പ്രധാന ചേരുവ ഈസ്ട്രജന്‍, പ്രൊജസ്റ്റിന്‍ ഹോര്‍മോണുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.മരുന്നുപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തന വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തകരാറുകളും അപൂര്‍വമല്ല. ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുഖത്തും കവിളിലും മൂക്കിലുമൊക്കെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, സ്വഭാവവ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെട്ടുവെന്നുവരാം. ഉയര്‍ന്ന ഡോസില്‍ മരുന്നുപയോഗിക്കുന്നവരില്‍ പ്രമേഹ സാധ്യതയുമുണ്ട്. രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന 5-10% പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാവാം. സ്തനങ്ങള്‍, ഗര്‍ഭാശയങ്ങള്‍, യോനി തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ചില ഗുളികകള്‍ കഴിച്ചിട്ട് വണ്ടി ഓടിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?


പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ആന്റിഹിസ്റ്റമിന്‍ അടങ്ങിയ വയാണിവ. ഇവ കഴിച്ചിട്ട് െ്രെഡവിങ് ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ഉറക്കഗുളികകള്‍, അപസ്മാര ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്.

മദ്യപാനം നിര്‍ത്താനുള്ള മരുന്നുകളുണ്ടോ? ഇതുപയോഗിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?


മദ്യപന്റെ പൂര്‍ണ സഹകരണമില്ലാതെ മദ്യപാനം നിര്‍ത്താന്‍ മാജിക് മരുന്നുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതു സഹായിക്കുന്ന ചികിത്സയുണ്ട്. മനശ്ശാസ്ത്ര/സാമൂഹിക ചികിത്സയോടൊപ്പവും പുനരധിവാസ ചികിത്സയോടൊപ്പവുംമരുന്നുംകൂടി നല്‍കുന്നത് ഫലംചെയ്യാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി ഡൈസള്‍ഫിറാം എന്ന മരുന്നാണ് സാധാരണ ഉപയോഗിക്കുന്നത്. ഇവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ തലവേദന, നെഞ്ചുവേദന, തലകറക്കം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളെ ഭയന്ന്, മദ്യപാനി മദ്യം ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുന്നു.

ആന്റിബയോട്ടിക്കുകള്‍ ഇത്ര കോഴ്‌സ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇതിടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ പ്രശ്‌നമുണ്ടോ?


ആന്റിബയോട്ടിക്കുകള്‍ രോഗലക്ഷണങ്ങ ള്‍ മാറാനുള്ള മരുന്നുകളല്ല, മറിച്ച് രോഗാണുക്കളെ നശിപ്പിച്ച് രോഗം ഭേദമാക്കാനുള്ള ഔഷധങ്ങളാണ്. പലപ്പോഴും പനിക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോ ള്‍ പലരും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ മരുന്ന് നിര്‍ത്തും. നിര്‍ദേശിച്ച കാലാവധി പൂര്‍ത്തിയാക്കാതെ മരുന്ന് നിര്‍ത്തുമ്പോള്‍ രോഗാണുക്കള്‍, മരുന്നിനെതിരെ തിരോധശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. പിന്നീടൊരിക്ക ല്‍ ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഫലപ്രദമായെന്നുവരില്ല. പെനിസിലിന്‍ ഉള്‍പ്പെടെ പല ആന്റിബയോട്ടിക്കുകള്‍ക്കെതിരായും രോഗാണുക്ക ള്‍ പ്രതിരോധശേഷി ആര്‍ജിക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുകയും വേണം.

ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് ഫലസിദ്ധിയുണ്ടാവുമോ? അവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ദോഷമുണ്ടോ?


ആധുനിക മനുഷ്യന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പ്രമേഹം പോലുള്ള ആധുനിക രോഗങ്ങളുടെ വ്യാപനവും ലൈംഗികപ്രശ്‌നങ്ങള്‍ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കു പരിഹാരമായി ഒരു ദിവ്യ ഔഷധവും നിലവിലില്ല. മറിച്ച് ഉത്തേജനക്കുറവോ മറ്റോ ഉണ്ടെങ്കില്‍ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ പലതും ഫലം തരില്ലെന്നു മാത്രമല്ല, ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നുംവരാം. ഇവയില്‍ പലതിന്റെയും ചികിത്സാചെലവും വളരെ കൂടുതലാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തി, കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സില്‍സെനാഫില്‍ (വയാഗ്ര) പുരുഷന്മാരിലെ ലൈംഗികോത്തേജനക്കുറവിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

പല കമ്പനികളുടെയും ഒരേ മരുന്നു വിപണിയിലുണ്ട്.കമ്പനി മാറ്റി വാങ്ങുന്നതില്‍ തെറ്റുണ്ടോ? വില കുറഞ്ഞ മരുന്നിന് ഗുണം കുറയുമോ?


ഒരേ മരുന്നുതന്നെ പല കമ്പനികളും ഉത്പാദിപ്പിക്കാറുണ്ട്. താരതമ്യേന നിലവാരമുള്ള കമ്പനികളുടേത് ഗുണ നിലവാരമുള്ളതാവാം. എന്നാല്‍ ഡോക്ടമാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍, കടകളില്‍നിന്ന് കമ്പനി മാറി നല്‍കാറുണ്ട്. പലതിനും വില കുറവാണെന്നുവരാം. ലൈസന്‍സൊന്നുമില്ലാത്ത വ്യാജ മരുന്നു കമ്പനികള്‍വരെ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. വില കുറഞ്ഞ മരുന്നുകള്‍ക്കു പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുതന്നെ കഴിക്കുക. കടകളില്‍ മരുന്ന് മാറിത്തരുന്ന പ്രവണതയെ
നിരുത്സാഹപ്പെടുത്തുക.

അലോപ്പതി മരുന്നിനൊപ്പം മറ്റു മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോപ്പതി) കഴിക്കുന്നതു ദോഷമാണോ?


ഒരു വൈദ്യശാഖയിലെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതര ശാഖയിലെ മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രണ്ടു മരുന്നുകളും തമ്മിലുണ്ടാകാവുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചുവെന്നുവരാം. കൂടാതെ മരുന്നുകളുടെ ഉപാപചയപ്രവര്‍ത്തനത്തിലും വിസര്‍ജന പ്രക്രിയയിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിയാക്ഷന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പുറമെയുള്ള ലേപനങ്ങള്‍ പരിഗണിക്കാം.
uploads/news/2018/10/255666/medicins1010118b.jpg

കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയ്‌ക്കൊക്കെ പല മരുന്നുകളും വിപണിയില്‍ കാണാറുണ്ട്. ഇവയൊക്കെ ഗുണമേന്മയുള്ളതാണോ? ഇതൊക്കെ സ്വയം വാങ്ങി കഴിക്കാമോ?


മരുന്നു മാത്രം കഴിച്ച് രക്തധമനികളിലെ ക്ലോട്ട് അലിയിക്കാമെന്നും ഒരു ഡോസ് മാത്രം ഉപയോഗിച്ച് പ്രമേഹം ഭേദമാക്കാമെന്നും മറ്റും വാഗ്ദാനംചെയ്യുന്ന മരുന്നുകള്‍ വ്യാപകമാണ്. എന്നാലിതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാല രോഗങ്ങളാണ്. ഒരു ഡോസ് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ടു മാത്രം ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറില്ല. മറിച്ച് മരുന്നിനോടൊപ്പം ഭക്ഷണ ക്രമീകരണം, വ്യായാമം, ക്രമമായ പരിശോധനകള്‍ ഇവകൂടി നടത്തിയാലേ ഈ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രണവിധേയമാവുകയുള്ളൂ. മറിച്ചുള്ള മരുന്നുകളെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ സഹായിക്കൂ.

ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടിയ അളവില്‍ ഡോസുള്ള മരുന്ന് കഴിച്ചുപോയാല്‍ എന്തു ചെയ്യും?


ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഡോസിലായിരിക്കും. അബദ്ധത്തില്‍ ഒരു ഡോസ് കൂടുതല്‍ കഴിച്ചുപോയാല്‍ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. കാരണം പല മരുന്നുകളുടെയും അനുവദനീയമായ ഡോസ്, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസിലും കൂടുതലാവും. എന്നാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിച്ചാല്‍ നന്നാവും. കഴിയുന്നതും മരുന്നിന്റെ അടുത്ത ഡോസ് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ പ്രമേഹത്തിന്റെ ഗുളിക അമിത ഡോസില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അല്പം മധുരം കഴിക്കുന്നതും രക്താതിസമ്മര്‍ദത്തിന്റെ മരുന്നാണെങ്കില്‍ ഉപ്പിട്ട് വെള്ളം കുടിക്കുന്നതും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും

ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യം പാലിക്കാന്‍ പറയാറുണ്ട്, പുകവലി പാടില്ല, മദ്യപാനം ഒഴിവാക്കണം എന്നൊക്കെ. ഇതെന്തുകൊണ്ടാണ്?


മദ്യവും പുകയിലയുമൊക്കെ മരുന്നുകളുടെ ആഗിരണത്തെയും പ്രവര്‍ത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് മരുന്നുപയോഗിക്കുമ്പോള്‍ ഇവ ഒഴിവാക്കണമെന്നു പറയുന്നത്. ആസ്പിരിന്‍പോലുള്ള വേദനസംഹാരികളോടൊപ്പം മദ്യംകൂടി ചെന്നാല്‍ ഗുരുതരമായ ഉദരരക്തസ്രാവമുണ്ടാകാനിടയുണ്ട്

ചില മരുന്നുകള്‍ ഓര്‍മശക്തിയെ ബാധിക്കുമോ?


ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗംഓര്‍മശക്തി കുറയാനിടയാകുന്നു. ഈ മരുന്നുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നതുകൊണ്ടാണിത്. പ്രധാനമായും ഉറക്കഗുളികകളും മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഓര്‍മശക്തിയെ ബാധിക്കുന്നത്. നേരത്തേതന്നെ ഓര്‍മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ അവസ്ഥ കൂടുതല്‍ മോശമാകാനും ഈ മരുന്നുകള്‍ കാരണമായേക്കും. സാധാരണ പനിക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിലെ ആന്റിഹിസ്റ്റമിന്‍ ഘടകവും താത്കാലികമായ മറവിക്കു കാരണമായേക്കാം.

Ads by Google
Wednesday 10 Oct 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW