Sunday, August 18, 2019 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 03.13 PM

ഹൃദ്രോഗ തീവ്രത അളക്കാന്‍ ഹോള്‍ട്ടര്‍ മോനിറ്ററിംഗ്

ഹൃദയപൂര്‍വം
uploads/news/2018/10/255661/askdrheart101018.jpg

ഹോള്‍ട്ടര്‍ മോനിറ്ററിംഗ് എന്നാണ് എന്താണെന്ന്?

ഞാനൊരു ഹൃദ്രോഗിയാണ്. എനിക്ക് 46 വയസ്. എനിക്ക് ഹോള്‍ട്ടര്‍ മോനിറ്ററിംഗ് എന്നാണ് എന്താണെന്ന് അറിയണമെന്നുണ്ട്. ഹൃദ്രോഗ നിര്‍ണ്ണയത്തിനായി ഏതൊക്കെ അവസരങ്ങളിലാണ് ഈ പരിശോധന നടത്തേണ്ടത്?
------- രാജന്‍ ഫലിപ്പ് , തൊട്ടില്‍പ്പാലം

കൂടെക്കൂടെയുണ്ടാകുന്ന നെഞ്ചിടിപ്പ് ഹൃദയസ്പന്ദന വേഗത്തിലെ താളപ്പിഴകള്‍, തലകറക്കം, ബോധഷയം, തളര്‍ച്ച തുടങ്ങിയ രോഗങ്ങളെല്ലാം ഹൃദ്യോഗ സംബന്ധമായിട്ടാണോ എന്നറിയാനുള്ള പരിശോധനോപാധിയാണ് 'ഹോള്‍ട്ടര്‍ മോനിറ്ററിംഗ്'. ചെറിയൊരു വിഭാഗമാളുകള്‍ക്ക് ഹൃദ്രോഗമുണ്ടായാലും നെഞ്ചു വേദന അനുഭവപ്പെട്ടെന്നു വരില്ല. പ്രത്യേകിച്ചും പ്രമേഹരോഗികളിലും പ്രഷര്‍ ഉള്ളവരിലും വൃദ്ധരിലുമാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്.

നെഞ്ചുവേദനയുണ്ടാക്കാത്ത 'ഇസ്‌കേമിയ' മൂലം ഹാര്‍ട്ട് അറ്റാക്കും തുടര്‍ന്നുള്ളമരണവും ചെറുതല്ല എന്നുമനസിലാക്കുമ്പോള്‍ സംഗതിയുടെ ഗൗരവം ഏറെക്കുറെ മനസിലാക്കാം. പൂര്‍ണ ആരോഗ്യമുള്ള ഒരു വ്യക്തി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ മരണമടയുകയാണെങ്കില്‍ അത് 'നിശബ്ദമായ ഇസ്‌കേമിയ' ആയിരിക്കാന്‍ ഇടയുണ്ട്.

ഇത്തരക്കാരുടെ ഹൃദ്യോഗതീവ്രത വെളിച്ചത്തു കൊണ്ടുവന്ന സമുചിതമായ ചികിത്സാ പദ്ധതി തക്ക സമയത്ത് സംവിധാനം ചെയ്യുവാന്‍ ഹോള്‍ട്ടര്‍ മോനിറ്ററിംഗ് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഉപാധിയാണ്. അനിയന്ത്രിമായി നെഞ്ചിടിപ്പുണ്ടാകുമ്പോള്‍ കൂടെ കൂടെ തലകറക്കമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടോ അല്ലാതെയോ അസ്വസ്ഥകള്‍ ഉണ്ടാകുമ്പോള്‍ മൂലകാരണം കണ്ടുപിടിക്കാനായി ഹോള്‍ട്ടര്‍ മോനിറ്ററിംങ്ങ് സംവിധാനത്തെ അഭയം പ്രാപിക്കാം.

പ്രസവം നേരത്തെ


എന്റെ കുഞ്ഞിന് ഒന്നര ആഴ്ച പ്രായം. ഭാര്യയുടെ പ്രസവം നേരത്തേയായിരുന്നു. ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞിന് ശരീരവലുപ്പവും തൂക്കവും കുറവായിരുന്നു. ഹൃദയത്തിന് സാധാരണയില്‍ കവിഞ്ഞ് വലുപ്പമുണ്ടായിരുന്നു. ഹൃദയത്തിന് ദ്വാരവും ഉണ്ട്. ഈ പ്രശ്‌നങ്ങള്‍ കുഞ്ഞ് വലുതാകുമ്പോള്‍ മാറുമോ. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം?
----- ശരണ്യ ഷാജു , കുമളി

മുതിര്‍ന്നവരെ അപേക്ഷിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയഘടനയും രക്തപ്രാവഹവുമായി വ്യത്യാസമുണ്ട്. ഇതിനു കാരണം കുട്ടി മാതാവിന്റെ പൊക്കിള്‍ക്കൊടിയുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണ്. പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും മാതൃശരീരത്തില്‍നിന്ന് പൊക്കിള്‍ക്കൊടിയിലൂടെയാണ് ശിശുവിനു ലഭിക്കുന്നത്. സ്വന്തമായി രക്തശുദ്ധീകരണത്തിനുള്ള സംവിധാനം ഗര്‍ഭസ്ഥശിശുവിനില്ലാ എന്നതുതന്നെ കാരണം. ഈ സവിശേഷസാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് ഹൃദയത്തിന്റെ ഘടനാരൂപീകരണവും.

പിറന്നുവീഴുന്ന അവസരത്തില്‍ പൊക്കിള്‍ക്കൊടിയുമായുള്ള ബന്ധം വിട്ട് വായു സ്വന്തമായി ശ്വസിച്ചുതുടങ്ങുന്നതോടെ ശിശുവിന്റെ ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനനിരതമാകുകയും തന്മൂലം ഘടനാപരമായ പല പ്രധാന വ്യതിയാനങ്ങളും ഹൃദയത്തിനു സംഭവിക്കുകയും ചെയ്യുന്നു. ഹൃദയ അറകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ദ്വാരങ്ങള്‍ അടയുന്നു. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മില്‍ കൂടിക്കലരാതിരിക്കാനാണിത്.

അതുപോലെ മറ്റു ഹൃദയധമനികള്‍ തമ്മിലുള്ള ബന്ധങ്ങളും വിചേ്ഛദിക്കപ്പെടുന്നു. കുട്ടി സ്വതന്ത്രമായി ശ്വസനവും രക്തസഞ്ചാരവും നടത്തുവാനാണ് ഈ പരിവര്‍ത്തനങ്ങള്‍. ചിലയവസരങ്ങളില്‍ ചില ദ്വാരങ്ങള്‍ ജനിച്ചുകഴിഞ്ഞിട്ടും അടയാതിരിക്കുന്നു.

ഇത് ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്നതിനു കാരണമാകുന്നു. ചെറിയ മേലറകള്‍ക്കിടയിലെ ഭിത്തിയിലും വലിയ കീഴറകള്‍ക്കിടയിലെ ഭിത്തിയിലുമാണ് ഇത്തരം ദ്വാരങ്ങള്‍ കാണുന്നത്. ചില ദ്വാരങ്ങള്‍ കുട്ടി വളരുന്നതോടെ താനേ അടഞ്ഞുകൊള്ളും.

എന്നാല്‍ ചിലത് ശസ്ത്രക്രിയകൊണ്ടുമാത്രമേ അടയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. താങ്കളുടെ സുഹൃത്തിന്റെ കുഞ്ഞിന്റെ ഹൃദയത്തിലുള്ള ദ്വാരം കീഴറകള്‍ക്കിടയിലുള്ളതാകാനാണ് സാധ്യത. അതുകൊണ്ടാണ് കുഞ്ഞ് വലുതാകുമ്പോള്‍ ദ്വാരം അടയുമെന്നു ഡോക്ടര്‍ പറഞ്ഞത്.

എത്രയായാലും ഹൃദയത്തിന്റെ വലിപ്പം കൃത്യമായി അളക്കാനും ഹൃദയദ്വാരം കണ്ടുപിടിക്കാനും തീര്‍ച്ചയായും 'എക്കോകാര്‍ഡിയോഗ്രാഫി' പരിശോധന നടത്തണം. അതുവഴി സംഗതിയുടെ ഗൗരവം മനസിലാക്കാന്‍ സാധിക്കും. കുട്ടിക്ക് നീലച്ച നിറമൊന്നുമില്ലെങ്കില്‍ പേടിക്കേണ്ട. ഒരു ഹൃദ്രോഗവിദഗ്ദ്ധനെ കണ്ട് പരിശോധിപ്പിക്കുക.

രക്തം കട്ടപിടിക്കുന്നു


എന്റെ സഹോദരന് 50 വയസ്. രക്തം വേഗത്തില്‍ കട്ടപിടിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ഇതുമൂലം രണ്ടുതവണ ബ്ലോക്കുണ്ടായി. ചിലസമയങ്ങളില്‍ ഹൃദയമിടിപ്പ് താഴും. ഈ സമയം രക്തം കട്ടപിടിക്കും. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ട്. ഹൃദയസ്പന്ദന വേഗത കുറയാന്‍ കാരണമെന്താണ്? ഹൃദ്രോഗം പാരമ്പര്യമായി ഉള്ള കുടുംബമല്ല ഞങ്ങളുടേത്.
----- മാര്‍ട്ടിന്‍ കുര്യാക്കോസ് , എരുമപ്പെട്ടി

രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്ന രക്തം ശരീരത്തിലാകമാനം എത്തിച്ചേരുവാനായി പല സംവിധാനങ്ങളുമുണ്ട്. രക്തം നേര്‍ത്തു കട്ടപിടിക്കാതെ സൂക്ഷ്മധമനികളിലൂടെ അനുസ്യൂതം പ്രവഹിക്കണം. ധമനികളില്‍ രക്തം കട്ടയാകാതിരിക്കാന്‍ അതിസങ്കീര്‍ണമായ പല സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഒരു മുറിവുണ്ടാകുമ്പോള്‍ രക്തപ്രവാഹം നിര്‍ത്തുവാനായി ആ സൂക്ഷ്മധമനികളില്‍ പെട്ടെന്നു രക്തം കട്ടയാകുന്ന പ്രവര്‍ത്തനവുമുണ്ട്.

അങ്ങനെയാണ് അമിത രക്തസ്രാവം തടയുന്നത്. ഇതിനുപിന്നില്‍ 'പ്ലാസ്മിനോജന്‍', ''ഫൈബ്രിനോജന്‍' തുടങ്ങിയ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ ഘടകങ്ങള്‍ക്ക് വൈകല്യം സംഭവിക്കുമ്പോഴാണ് രക്തപ്രവാഹം നിലയ്ക്കാത്ത അവസ്ഥ വരുന്നത്. 'ത്രോംബൊസൈറ്റുകള്‍' രക്തം കട്ടയാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശ്വേതരക്താണുക്കളാണ്.

'ആന്റി പ്ലേറ്റ്‌ലറ്റ്' മരുന്നുകള്‍ കൊടുത്താല്‍ ത്രോംബൊസൈറ്റുകളുടെ പ്രവര്‍ത്തനത്തെ തളര്‍ത്താം. അങ്ങനെ രക്തം കട്ടിപിടിക്കുന്നതു തടയാം. ഹൃദയത്തിന്റെ തകരാറുകൊണ്ടല്ല രക്തത്തിലെ ഈ പരിവര്‍ത്തനങ്ങള്‍. രക്തഘടനയിലും പ്രവര്‍ത്തനക്ഷമതയിലും സംഭവിക്കുന്ന പാളിച്ചകള്‍ കാരണം ഹൃദയത്തിന്റെ സ്പന്ദനവേഗതയും ഈ പ്രതിഭാസവുമായി അത്ര വലിയ ബന്ധമൊന്നുമില്ല.

ഇതിനുള്ള കാരണം 'ഹോള്‍ട്ടര്‍ മോനിട്ടറിംഗ്' വഴി കണ്ടുപിടി ക്കുന്നു. എത്രയായാലും ഒരു 'ഹെര്‍മാ റ്റോള ജിസ്റ്റിന്റെയും കാര്‍ഡിയോള ജിസ്റ്റിന്റെ യും സഹായം തേടണം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW