Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 11.48 AM

നവരാത്രി വ്രതം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

''കേരളത്തില്‍ നവരാത്രിക്കാലത്ത് സരസ്വതി ഉപാസനയ്ക്കാണ് പ്രാധാന്യം. പ്രഥമി മുതല്‍ നവമിവരെ ശരിയായ വ്രതശുദ്ധിയോടെ നിത്യവും ദേവീഭജനം നടത്തുക. ആഹാരശുദ്ധി വ്രതം എടുക്കണം. അന്നന്ന് പാചകം ചെയ്യുന്ന സസ്യാഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ...''
uploads/news/2018/10/255281/joythi091018a.jpg

ഈ വര്‍ഷം ഒക്‌ടോബര്‍ 10 മുതല്‍ 19 വരെയാണ് നാം നവരാത്രിക്കാലം ആചരിക്കുന്നത്. 19-ാം തീയതിയാണ് പൂജയെടുപ്പ് അഥവാ വിജയദശമി. കന്നിമാസത്തിലെ കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവരാത്രിക്കാലം തുടങ്ങുന്നു. ഒന്‍പതാം ദിനം മഹാനവമിയും പത്താംദിനം വിജയദശമിയുമായി ആചരിച്ചുവരുന്നു.

ദേവീ സാധനാ പര്‍വ്വത്തില്‍ ഏറ്റവും സുപ്രധാന കാലഘട്ടമാണ് നവരാത്രിക്കാലം. ഇക്കാലം ശാസ്ത്രീയവും വിധിപ്രകാരവും ദേവിയെ പൂജിച്ചാല്‍ സര്‍വ്വകാര്യസിദ്ധിയാണ് ഫലം. നവരാത്രിക്കാലത്തെ ദേവ്യുപാസനയിലൂടെ ആഗ്രഹങ്ങളെന്തും സാധിക്കുമെന്നാണ് വിശ്വാസം.

ഉന്നത വിദ്യാഗുണം, സാമ്പത്തിക പുരോഗതി, കര്‍മ്മരംഗത്ത് വിജയങ്ങള്‍, ജീവിതസൗഖ്യം ഇവയെല്ലാം ദേവീപൂജയുടെ ഫലമായി പറയുന്നു. ബംഗാള്‍ ദേവീപൂജ ചണ്ഡീപാഠം എന്നറിയപ്പെടുന്നു.

ചണ്ഡികാ സപ്തശതി എന്നുകൂടി അറിയപ്പെടുന്ന ദേവീമാഹാത്മ്യപാരായണമാണ് അവിടെ മുഖ്യം. ഉത്തരേന്ത്യയില്‍ ദുര്‍ഗ്ഗാപൂജയും കര്‍ണ്ണാടകത്തില്‍ ദസറയും കേരളത്തില്‍ സരസ്വതീപൂജയുമായി നവരാത്രിക്കാലം അനുഷ്ഠിക്കുന്നതായി കാണുന്നു.

ഇന്ത്യയിലെ എല്ലാ പ്രധാന രാജവംശങ്ങളിലും നവരാത്രി പൂജകള്‍ വിശിഷ്ടമായി നടത്തിപ്പോന്നിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ പൂര്‍ണ്ണതോതില്‍ വ്രതമെടുത്ത് വിജയദശമി ദിനത്തില്‍ ആയോധന പഠനം തുടങ്ങുകയായിരുന്നു പതിവ്. നവരാത്രിക്കാലത്ത് വിധിപ്രകാരം വ്രതമെടുത്ത് ദേവിയെ ഉപാസിക്കുന്നതിന്റെ വിവിധ വഴികളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ നവരാത്രിക്കാലത്ത് സരസ്വതി ഉപാസനയ്ക്കാണ് പ്രാധാന്യം. പ്രഥമി മുതല്‍ നവമിവരെ ശരിയായ വ്രതശുദ്ധിയോടെ നിത്യവും ദേവീഭജനം നടത്തുക. ആഹാരശുദ്ധി വ്രതം എടുക്കണം. അന്നന്ന് പാചകം ചെയ്യുന്ന സസ്യാഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.

രണ്ടുനേരം സ്‌നാനം ചെയ്ത് ഭദ്രദീപം തെളിയിച്ച് ത്രിമധുര നിവേദ്യം വച്ച് സരസ്വതി സ്‌തോത്രങ്ങള്‍ ചൊല്ലുക. ഭാരതത്തിന്റെ വടക്കന്‍ ദേശത്ത് ആയുധപൂജയായി അനുഷ്ഠിക്കുന്ന നവരാത്രിപൂജകള്‍ കേരളത്തില്‍ അക്ഷരപൂജയായി ആചരിക്കുന്നു.

അക്ഷരമാണ് നമ്മുടെ ആയുധമെന്ന സങ്കല്‍പ്പമാണിവിടെ കാണുന്നത്. എല്ലാ ആയുധങ്ങളിലും വച്ച് വിശിഷ്ടവും അപരാജിതവുമായ ആയുധം തന്നെയാണ് മഹാജ്ഞാനം. ആശയങ്ങളുടെ അടിസ്ഥാനവും ആധാരവുമായ അക്ഷരങ്ങളെ പൂജിക്കുന്നത് നവരാത്രിയുടെ മുഖ്യ ആചാരമാകുന്നു.

നവരാത്രിയുടെ എട്ടാം ദിനമായ ദുര്‍ഗ്ഗാഷ്ടമി ദിവസത്തില്‍ നാം പൂജവയ്‌ക്കേണ്ടതാണ്. അഷ്ടമി ആരംഭത്തില്‍ പഠിക്കുന്നതിനുപയോഗിക്കുന്ന പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ ഇവ പൂജവയ്ക്കുകയാണ് വേണ്ടത്. വൃത്തിയുള്ള സ്ഥലം നോക്കി ഒരു പീഠത്തില്‍ നിലവിളക്കുവച്ച് അഞ്ചുതിരിയിട്ട് ദീപം തെളിക്കുക.

വേണമെങ്കില്‍ സരസ്വതിയുടെയോ, ദുര്‍ഗ്ഗയുടെയോ ഒരു ചിത്രത്തിന് മുമ്പില്‍ വിളക്ക് സ്ഥാപിക്കാം. സുഗന്ധതിരികള്‍ കത്തിച്ചുവയ്ക്കുക.

അവല്‍, മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, മുന്തിരി ഇവ ചേര്‍ന്ന ത്രിമധുരമോ, പായസമോ ഒരു പാത്രത്തില്‍ നിവേദ്യ സങ്കല്‍പ്പേന വയ്ക്കാവുന്നതാണ്. ചിത്രത്തില്‍ പുഷ്പമാല ചാര്‍ത്തി, ഒരു കിണ്ടിയില്‍ ശുദ്ധജലംവച്ച് കുറച്ചുനേരം ദേവീസ്‌തോത്രങ്ങള്‍ അറിയാവുന്നവിധം സ്ഫുടമായി ചൊല്ലുക.

ദേവീമാഹാത്മ്യത്തിലെ സ്‌തോത്രഭാഗങ്ങള്‍, 11-ാം അദ്ധ്യായമായ നാരായണീ സ്തുതി തുടങ്ങിയ സ്‌തോത്രങ്ങള്‍ ജപിക്കുക. നിത്യവും കാലത്ത് ഇപ്രകാരം ഭദ്രദീപം തെളിച്ച്, നിവേദ്യമര്‍പ്പിച്ച് ദേവീ സ്‌തോത്രജപങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്. ദേവീ സപ്തശതി എന്ന മാഹാത്മ്യഗ്രന്ഥം ഓരോ ദിവസം ഓരോ അദ്ധ്യായ ക്രമത്തില്‍ ജപിച്ചാല്‍ അതിന്റെ ക്രമം ഇപ്രകാരമായിരിക്കുന്നു.

പാരായണം ചെയ്യേണ്ട അദ്ധ്യായം ദിവസം.


ഒന്നാം ദിവസം- ഒന്നാം അദ്ധ്യായം
രണ്ടാം ദിവസം- 2, 3, അദ്ധ്യായങ്ങള്‍
മൂന്നാം ദിവസം- 4, 5 അദ്ധ്യായങ്ങള്‍
നാലാം ദിവസം- 6, 7 അദ്ധ്യായങ്ങള്‍
അഞ്ചാം ദിവസം- 8, 9 അദ്ധ്യായങ്ങള്‍
ആറാം ദിവസം- 10, 11 അദ്ധ്യായങ്ങള്‍
ഏഴാം ദിവസം- 12 അദ്ധ്യായം
എട്ടാം ദിവസം- ശേഷിച്ച അദ്ധ്യായങ്ങള്‍
ഒമ്പത്/ പത്ത് ദിവസങ്ങള്‍- 11-ാം അദ്ധ്യായത്തിലെ ദേവീസ്തുതി ചൊല്ലുക.

തീരുന്ന ദിവസം വിശേഷാല്‍ പായസമുണ്ടാക്കി നിവേദ്യ സങ്കല്‍പ്പത്തില്‍ സമര്‍പ്പണം നടത്തി കല്‍പ്പൂരാരതി നടത്തി വ്രതം സമാപിക്കുക. പിന്നീട് പൂജവച്ചതായ പുസ്തകങ്ങളും മറ്റും തിരികെയെടുക്കാവുന്നതാണ്.

ഇപ്രകാരം ശരിയായ വിധിപ്രകാരം സരസ്വതീപൂജ നടത്തുന്നവര്‍ക്ക് സകല വിഷമതകളും അകന്ന് ഉന്നത വിദ്യാഗുണം, കാര്യസിദ്ധി, ധനവര്‍ദ്ധനവ് തുടങ്ങിയ ഉത്തമ ഫലങ്ങള്‍ വന്നുചേരുന്നതാണ്.

ദേവീ ഉപാസന ഈ നാട്ടില്‍ ഏറ്റവും പഴക്കംചെന്ന ആരാധനയാണ്. നവരാത്രിക്കാലത്തെ ചില വിശേഷാല്‍ പൂജകള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയും നടത്തുന്നവര്‍ക്കും ഉള്ളതാണ്. ഇവയില്‍ ചില സുപ്രധാന അനുഷ്ഠാനങ്ങള്‍ താഴെപ്പറയുന്നു.

1. സാരസ്വതബലി


കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്ക്കും ഉന്നത വിദ്യാഗുണത്തിനുമായി നടത്തപ്പെടുന്ന അത്യപൂര്‍വ്വമായ ഒരു അനുഷ്ഠാന കര്‍മ്മമാണ് മഹാസാരസ്വതബലിയെന്നത്.

2. അഷ്ടലക്ഷ്മീപൂജ


സകലവിധ ഐശ്വര്യാഭിവൃദ്ധികളും നേടുന്നതിനുവേണ്ടി നവരാത്രിക്കാലത്ത് 9 ദിവസം തുടര്‍ച്ചയായി അഷ്ടലക്ഷ്മീപൂജ നടത്തിയാല്‍ മതിയാകും.

3. ജയദുര്‍ഗ്ഗാപൂജ


സര്‍വ്വകാര്യവിജയത്തിനും ഉന്നതസ്ഥാന പ്രാപ്തിക്കും വേണ്ടി അനുഷ്ഠിക്കുന്ന താന്ത്രിക പൂജയാണ് ജയദുര്‍ഗ്ഗാ ഉപാസന. പണ്ട് വലിയ ചക്രവര്‍ത്തിമാര്‍ സാമ്രാജ്യ വിജയങ്ങള്‍ക്കായി ജയദുര്‍ഗ്ഗാപൂജ നടത്തിയിരുന്നതായി ചരിത്രം പറയുന്നു. ഭാരതയുദ്ധത്തിന് മുമ്പ് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുനന്‍ ജയദുര്‍ഗ്ഗാപൂജ അനുഷ്ഠിക്കുന്നുണ്ട്.

ഇപ്രകാരം അനന്തമായ മാഹാത്മ്യത്തോടുകൂടിയതാണ് നവരാത്രി മഹാവ്രത യജ്ഞങ്ങള്‍. ഗ്രന്ഥപാരായണ യജ്ഞങ്ങളിലും ഹവനയജ്ഞങ്ങളിലും വച്ച് ഏറ്റവും വിശിഷ്ടമായതും നവരാത്രി തന്നെ.

ക്ഷേത്രങ്ങളില്‍ സാധാരണയായി ചണ്ഡികാഹോമം, ദേവീ ഭാഗവത നവാഹയജ്ഞം ഇതെല്ലാം നവരാത്രിക്കാലത്ത് നടത്തിവരുന്ന പ്രധാന യജ്ഞങ്ങളാണ്. പരിപൂര്‍ണ്ണമായ അര്‍പ്പണ ഭാവത്തില്‍ നടത്തുന്ന നവരാത്രി വ്രതത്താല്‍ ഏവര്‍ക്കും സമ്പൂര്‍ണ്ണ പ്രകൃതിയനുഗ്രഹം തന്നെ ലഭിക്കുമാറാകട്ടെ.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Tuesday 09 Oct 2018 11.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW