Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 02.57 PM

ജ്യോതിഷം സത്യമോ മിഥ്യയോ?

''ദൂരദര്‍ശിനികളും മറ്റ് ആധുനിക ഉപകരണങ്ങളും ഇല്ലാതെ തന്നെ ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും സൂക്ഷ്മമായ അറിവ് നേടിയെടുക്കാന്‍ നമ്മുടെ ഋഷീശ്വരന്മാരായ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നു. മാസങ്ങള്‍, ഋതുക്കള്‍, സംവത്സരങ്ങള്‍ അയനങ്ങള്‍ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ഉദയം അസ്തമയം ഇവയെല്ലാം മനസ്സിലാക്കിയിരുന്നു.''
uploads/news/2018/10/255017/joythi081018.jpg

ലോകത്തിലെ ഏറ്റവും പൗരാണികമായ ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷം. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ വിവിധ തലങ്ങളെ ബന്ധപ്പെടുത്തുന്ന ആധികാരിക ശാസ്ത്രമാണിത്. മനുഷ്യജീവിതത്തിലെ സമസ്ത മേഖലകളേയും ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്വാധീനിക്കുന്നുവെന്നതാണ് പൊതുവായി പറഞ്ഞാല്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനം. ഈ പ്രപഞ്ചം അത്ഭുതങ്ങളുടെ ഒരു പ്രതിഭാസമാണ്.

അനന്ത വിസ്തൃതമായ ആകാശവീഥിയില്‍ എത്ര എത്ര കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും അവയുടെ മുറയും സ്ഥാനവും തെറ്റാതെയുള്ള ഉദയാസ്തമയങ്ങളും കാണുമ്പോള്‍ നാം കൂടുതല്‍ അത്ഭുതപരതന്ത്രരായിത്തീര്‍ന്നുപോകാറുണ്ട്. ഈ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും നാം അധിവസിക്കുന്ന ഈ ഭൂമിയിലും അതില്‍ അധിവസിക്കുന്ന സര്‍വ്വചാരചരങ്ങളിലും എന്തോ ചില വശീകരണ പ്രക്രിയകളും ആകര്‍ഷണങ്ങളും ഉണ്ടെന്നുള്ളതാണ്.

ജ്യോതിശാസ്ത്രത്തിന്റെ പരമ പ്രധാനമായ തത്ത്വം. ഒരു ജീവിയുടെ ജനന സമയത്തുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനഭേദങ്ങള്‍ അനുസരിച്ച്; അതിന്റെ മരണം വരെയുള്ള ജീവിത വ്യാപാരങ്ങളും അനുഭവ കര്‍മ്മങ്ങളും സുഖദുഃഖാദികളും സംഭവിക്കുന്നുവെന്ന് ജ്യോതിശാസ്ത്രം ഉദ്‌ഘോഷിക്കുന്നു.

ജ്യോതിഷം ജ്യോതിസാണ്, വെളിച്ചമാണ്, പ്രകാശമാണ്. മുമ്പോട്ട് നയിക്കുന്നതാണ്. വേദാരംഭകാലം മുതല്‍ തന്നെ ജ്യോതിഷത്തിന് വേദത്തിന്റെ ഒരംഗമെന്ന സ്ഥാനം നല്‍കപ്പെട്ട് വന്നിരുന്നു. ജ്യോതിശാസ്ത്രം വേദത്തിന്റെ ചക്ഷുസ്സാണ്.

പ്രപഞ്ചത്തിന്റെ ഉല്പത്തി, അതിന്റെ ഭൗതികഘടന, ഗ്രഹങ്ങളുടെ സഞ്ചാരം അവയുടെ കാന്തിക ഗുരുത്വാകര്‍ഷണ സ്വഭാവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍കൊണ്ടും നിരീക്ഷണ ഗവേഷണങ്ങള്‍ കൊണ്ടും ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. കണ്ടെത്തിയ സിദ്ധാന്തം വിപ്ലവകരമായ കണ്ടുപിടുത്തമായി. ജ്യോതിശാസ്ത്രം എത്രയൊക്കെ വികസിച്ചാലും ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഭൂമിയിലും മനുഷ്യരിലുമുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുന്ന ജ്യോതിഷശാസ്ത്രം കൂടിയില്ലെങ്കില്‍ ജ്യോതിശാസ്ത്രം അപൂര്‍ണ്ണവും വരണ്ടതുമാകുന്നു.

ഫലഭാഗം വിശദീകരിക്കുന്ന ജ്യോതിഷത്തെ ഉള്‍ക്കൊള്ളാത്ത ജ്യോതിശാസ്ത്രം ആത്മാവില്ലാത്ത ശരീരംപോലെയെന്ന് പറയേണ്ടിവരുന്നു. നാം ആരെന്നും നമ്മുടെ സ്വത്വമെന്തെന്നും പ്രപഞ്ചവുമായുള്ള നമ്മുടെ ജൈവബന്ധമെന്തെന്നും വ്യക്തമാക്കുന്നതിന് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ സമീപനങ്ങള്‍ നമ്മെ സഹായിക്കുന്നില്ല. ഇവിടെയാണ് ജ്യോതിഷത്തിന്റെ പ്രസക്തി.

നമ്മുടെ ആചാര്യന്മാര്‍ പ്രപഞ്ച ഘടനയെക്കുറിച്ച് വളരെ സൂക്ഷ്മമായ അറിവുകള്‍ നേടിയിരുന്നു. അതോടൊപ്പം തന്നെ മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങള്‍. അവയ്ക്ക് പ്രപഞ്ചശക്തിയുമായുള്ള ബന്ധങ്ങള്‍ എന്നിവയും അന്വേഷണ വിഷയമാക്കിയിരുന്നു. അങ്ങനെ ഭാരതീയ ജ്യോതിഷം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്ന സമഗ്രവും മാനുഷികവുമായ ഒരു ശാസ്ത്രമായി മാറി.

ദൂരദര്‍ശിനികളും മറ്റ് ആധുനിക ഉപകരണങ്ങളും ഇല്ലാതെ തന്നെ ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും സൂക്ഷ്മമായ അറിവ് നേടിയെടുക്കാന്‍ നമ്മുടെ ഋഷീശ്വരന്മാരായ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നു. മാസങ്ങള്‍, ഋതുക്കള്‍, സംവത്സരങ്ങള്‍ അയനങ്ങള്‍ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ഉദയം അസ്തമയം ഇവയെല്ലാം മനസ്സിലാക്കിയിരുന്നു.

ഭൂമിയേയും അതിലെ സകല ജീവികളേയും സ്വാധീനിക്കുന്ന നവഗ്രഹങ്ങളേയും അവയുടെ സ്വഭാവത്തേയും അവയുടെ വിസ്തൃതിയേയും ഭൂമിയില്‍നിന്ന് ഓരോ ഗ്രഹത്തിലേക്കുള്ള ദൂരത്തെക്കുറിച്ചും ഓരോ ഗ്രഹത്തിനും സ്വയംഭ്രമണം ചെയ്യാനും സൂര്യനെ ഒരുവട്ടം പ്രദക്ഷിണം വയ്ക്കാനുമുള്ള കാലയളവനെക്കുറിച്ചുമെല്ലാം വരാഹമിഹിരാചര്യര്‍, ഗര്‍ഗ്ഗമുനി, പരാശര മഹര്‍ഷി മുതലായ നമ്മുടെ ഋഷീശ്വരന്മാര്‍ അറിവ് നേടിയിരുന്നു. ഭൂമി അതിന്റെ അച്യുതണ്ടില്‍ 24 മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിത്തിരിയുന്നു. അപ്പോള്‍ രാത്രിയും പകലും ഉണ്ടാകുന്നു. അതേ സമയം ഭൂമി ഒരുവര്‍ഷംകൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. അപ്പോള്‍ ഋതുക്കള്‍ ഉണ്ടാകുന്നു.

ഭൂമിയുടെ ഈ ചലനം സൂര്യന്‍ സഞ്ചരിക്കുന്നതായി തോന്നിപ്പിക്കുന്നു. സൂര്യന്റെ ഈ സാങ്കല്പിക സഞ്ചാരപഥത്തെ കാന്തികവൃത്തമെന്ന് പറയുന്നു. ഈ കാന്തികവൃത്തത്തിന്റെ ഇരുവശവും 8 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന ആകാശപഥത്തെ രാശിചക്രം എന്ന് പറയുന്നു. അങ്ങനെ 8 ഡിഗ്രിക്കുള്ളില്‍ വരുന്ന നക്ഷതങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കുമേ ഭൂമിയെ സ്വാധീനിക്കാന്‍ സാധിക്കുന്നുള്ളൂ. ഈ രാശിചക്രത്തില്‍ അശ്വതി മുതലായ 27 നക്ഷത്രങ്ങളും സൂര്യന്‍, ചന്ദ്രന്‍, കുജന്‍, രാഹുകേതുക്കള്‍ മുതലായ നവഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്നു.

അനന്തവിസ്തൃതമായ വിഹായസ്സില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കി ഈ ഭൂമിയില്‍ ജനിക്കുന്ന ഒരു കുട്ടിയുടെ ആയുസ്സിനെയും ആകാര സ്വരൂപാദികളെയും ഭാവി ജീവിത വ്യാപാരങ്ങളെയും ബുദ്ധി, വിദ്യ ആദിയായവകളെയും മുന്‍കൂട്ടി നിര്‍ണ്ണയിച്ച് പറയുന്നത് ബുദ്ധിശൂന്യമല്ലേയെന്ന് ചോദിച്ചാല്‍ പ്രഥമത; അത് ന്യായമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അത് ഒരു പ്രപഞ്ച മഹാരഹസ്യമാണ്.

പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ആകാശവും അന്തര്‍ഭവിച്ചിരിക്കുന്നു. ജ്യോതിശാസ്ത്രപരമായി ആകാശം അന്തര്‍ഭവിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതിലുള്ള ഗ്രഹനക്ഷത്രാദികള്‍ സര്‍വ്വവും അതി സൂക്ഷ്മരൂപ പ്രയേണ അതിലടങ്ങുന്നുവെന്നാണര്‍ത്ഥം. അതായത് മനുഷ്യശരീരത്തില്‍ എല്ലാ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അതിസൂക്ഷ്മമായ ശക്ത്യംശങ്ങള്‍ സദാ വിന്യസിച്ചുകൊണ്ടിരിക്കുന്നു.

സര്‍വ്വചരാചരങ്ങളിലും ഈ ശക്ത്യംശങ്ങള്‍ പരസ്പരമുള്ള സൂക്ഷ്മാകര്‍ഷണ വിസ്‌ഫോടനാദികളാല്‍ അവയ്ക്ക് ആധാരമായ ശരീരത്തിലൂടെ ജീവിതത്തില്‍ പല പ്രവര്‍ത്തന ക്രിയകളും നടത്തുന്നുണ്ട്. ജീവചൈതന്യംപോലും അതിന് വിധേയമാകുന്നു. ഒരുവന്റെ സ്വഭാവം, ബുദ്ധിശക്തി, ദേഹസൗഖ്യം, വിജ്ഞാനതൃഷ്ണ, മാതൃപിതൃസൗഖ്യം, പ്രവൃത്തി വൈദഗ്ധ്യം, ആയുസ്സ്, ആരോഗ്യം വിവാഹം, ദുഃഖം, രോഗം, നിരാശ, പരാജയം, മരണം തുടങ്ങിയ ജീവല്‍ പ്രധാനങ്ങളായ അവസ്ഥകളെ സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ സൂക്ഷ്മരശ്മി ചൈതന്യങ്ങള്‍ക്ക് പ്രത്യേകമൊരു കഴിവും പങ്കുമുണ്ട്.

ഈ പ്രപഞ്ചത്തിലുള്ള സര്‍വ്വജീവജാലങ്ങളുടെയും അസ്തിത്വം നിലനില്‍ക്കുന്നത് പ്രസ്തുത ഗ്രഹങ്ങളെ ആശ്രയിച്ചാണ്. ഈ ഗ്രഹങ്ങള്‍ പ്രതികൂലമായി ലോകത്തെ സ്പര്‍ശിച്ചാല്‍ ലോകം ചൈതന്യരഹിതമായിരിക്കും. ഉദാഹരണമായി സൂര്യനെ തന്നെ എടുക്കാം. ജ്യോതിഷത്തില്‍ സൂര്യനാണ് രാജാവ്. പിതാവ് (അച്ഛനും ദേവനും, ഗ്രഹാണാമാദിര്യാദിത്യോ) സൂര്യരശ്മി ലോകത്തെ കടാക്ഷിക്കുന്നില്ലെങ്കില്‍ പിന്നെത്തെ അവസ്ഥ എന്തായിരിക്കും. ഒരു ജീവിപോലും ഇവിടെ ഉണ്ടായിരിക്കുമോ? ഒരു പുല്‍ക്കൊടിപോലും ഇവിടെ വളരുമോ? ഋതുക്കള്‍ വല്ലതും ഉണ്ടാകുമോ? കൃഷി ചെയ്യാന്‍ സാധിക്കുമോ? സസ്യശ്യാമളതയോ, പൂത്തുലഞ്ഞു നില്‍ക്കുന്ന വസന്തകാലമോ ഉണ്ടാകുമോ? ആധുനിക ശാസ്ത്രത്തിന് ഇത്രയും വളരാന്‍ സാധിക്കുമോ? മഴ പെയ്യുമോ, വെള്ളം ഉണ്ടാകുമോ? ഒന്നുമില്ല. വെറും ശൂന്യത.

കോടാനുകോടി മൈല്‍ അകലെയുള്ള സൂര്യന്‍ ഭൂമിയെ സ്വാധീനിക്കുന്നില്ലേ? ഗ്രീഷ്മകാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കുന്നില്ലേ? ദാഹം കൂടുതല്‍ തോന്നുന്നില്ലേ? ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ചൂട്, പനി മുതലായ രോഗങ്ങള്‍ ഉണ്ടാകുന്നു.

ശരീരത്തില്‍ ചൂട് കുരുക്കള്‍ ഉണ്ടാകുന്നു. പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന വസന്തകാലത്തില്‍ ഉണ്ടാകുന്ന ആത്മാനുഭൂമി (സുഖം), ഗ്രീഷ്മകാലത്ത് ശരീരത്തിനും ആത്മാവിനും കിട്ടുന്നില്ല. വര്‍ഷ ഋതുവിലാണെങ്കില്‍ ജലജന്യ രോഗങ്ങളായ പനി, ജലദോഷം, ചുമ, കഫം മുതലായ രോഗങ്ങള്‍ ശരീരത്തെ പെട്ടെന്ന് പിടികൂടുന്നു.

ദാഹക്കുറവ് അനുഭവപ്പെടുന്നു. നവഗ്രഹങ്ങളിലെ രാജാവായ സൂര്യന്‍ ഭൂമിയേയും ജീവജാലങ്ങളേയും സ്വാധീനിക്കുന്നുവെന്ന് ആരാണ് സമ്മതിക്കാത്തത്. ലഗ്നകാരകനായ രവി ജാതകത്തില്‍ ബലവാനാണെങ്കില്‍ ആത്മധൈര്യവും ഓജസ്സും പ്രതാപവും ആരോഗ്യവും യശസ്സും അങ്ങനെ ലഗ്നഭാവത്തിന് പറഞ്ഞിരിക്കുന്ന (ദേഹസ്യ) കാര്യങ്ങള്‍ രവിക്ക് കാരകത്വമുള്ള തെല്ലാത്തിനും ഗുണാനുഭവം ഉണ്ടായിക്കാണാവുന്നതാണ്.
(തുടരും.....)

കെ. ഓമന അമ്മ
ഇരിങ്ങോല്‍

Ads by Google
Monday 08 Oct 2018 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW