Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 01.13 PM

ഷംന തല മൊട്ടയടിച്ചപ്പോള്‍ പെയ്തത് പുതിയ അവസരങ്ങളുടെ പെരുമഴ

''പുതിയ ലുക്കില്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ''
uploads/news/2018/10/254999/ShamnaKasimINW081018.jpg

ബോയ് കട്ട് ചെയ്ത് കുസൃതി നിറഞ്ഞ കണ്ണുകളുമായി അഡാറ് ലുക്കിലാണ് ഷംന കാസിമിന്റെ റീ എന്‍ട്രി. മഞ്ഞുപോലെ ഒരു പെണ്‍കുട്ടി യിലൂടെ, സിനിമയിലെത്തിയ ഷംന നൃത്തം ചെയ്താണ് മലയാളികളുടെ മനസ്സില്‍ കയറി കൂടിയത്. സഹോദരി വേഷങ്ങളില്‍ തുടങ്ങി ചട്ടക്കാരി എന്ന ചിത്രത്തിലൂടെ ബോള്‍ഡ് നായിക എന്ന ലേബലും സ്വന്തമാക്കിയ ഷംന പിന്നീട് അന്യഭാഷ സിനിമകളിലാണ് തിളങ്ങിയത്.

കൊടിവീരന്‍ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഷംന മലയാളത്തില്‍ അതിശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. മിലിക്ക് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് കൈനിറയെ കഥാപാത്രങ്ങളുമായാണ് തിരിച്ചുവരവ്.

ബോയ് കട്ട് ചെയ്ത് കൂടുതല്‍ ബോള്‍ഡായി മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന ഷംനയുടെ പുത്തന്‍ സിനിമാ വിശേഷങ്ങളിലൂടെ...

കുട്ടനാടന്‍ ബ്ലോഗിന്റെ വിശേഷങ്ങള്‍?

ചെറിയൊരു ഇടവേളയ്ക്കുശേഷം നല്ലൊരു ചിത്രത്തിലൂടെ തിരികെ വരാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ബോയ് കട്ട് ചെയ്ത ഫോട്ടോ കണ്ടിട്ട് മമ്മൂക്കയാണ് കുട്ടനാടന്‍ ബ്ലോഗിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് എന്നറിഞ്ഞതിന്റെ ത്രില്ലിലാണ് ഞാനിപ്പോഴും. ചിത്രത്തില്‍ നീന എന്ന പോലീസ് ഓഫീസറാണ് ഞാന്‍. തിരിച്ചു വരവ് നല്ലൊരു ചിത്രത്തില്‍ വലിയ താരങ്ങള്‍ക്കൊപ്പം ആയതില്‍ വളരെ സന്തോഷമുണ്ട്.

പോലീസ് യൂണിഫോം സ്വപ്നം കണ്ടിരുന്നോ?

ആദ്യമായാണ് പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. അന്യഭാഷകളില്‍ നിന്ന് പൊലീസ് വേഷം ചെയ്യാനുള്ള ഓഫറുകള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഒഴിവാക്കിയിരുന്നു. പോലീസ് യൂണിഫോം എനിക്ക് ചേരുമെന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ ഹെയര്‍സ്റ്റൈലാണ് ഈ വേഷമണിയാന്‍ ആത്മവിശ്വാസം തന്നത്. സിനിമയുടെ കഥ കേട്ട സമയത്ത് എല്ലാ സീനിലും പൊലീസ് വേഷം ധരിക്കാതെ ജീന്‍സും ഷര്‍ട്ടും ധരിച്ചാല്‍ പോരേ എന്ന് ഞാന്‍ സേതുച്ചേട്ടനോട് ചോദിച്ചിരുന്നു.

കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് സേതുച്ചേട്ടനും പറഞ്ഞു. എന്നാല്‍ ഷൂട്ടിനെത്തി രണ്ടാം ദിവസം യൂണിഫോം ഇട്ടപ്പോള്‍ നന്നായി ഇണങ്ങുന്നതു പോലെ തോന്നി. സെറ്റിലുള്ളവരും നല്ല അഭിപ്രായം പറഞ്ഞു. ആ വേഷം എനിക്ക് ചേരുന്നുണ്ടെന്ന് മമ്മൂക്ക കൂടി പറഞ്ഞതോടെ ഞാന്‍ ഹാപ്പിയായി.

ഷോര്‍ട്ട് ഹെയറില്‍ കൂടുതല്‍ സുന്ദരിയായല്ലോ?

ബോയ്കട്ട് ചെയ്യണമെന്നത് വലിയൊരാഗ്രഹമായിരുന്നു. മുടി മുറിക്കുന്ന സമയത്തൊക്കെ ഞാനും മമ്മിയും വഴക്കിടുമായിരുന്നു. എന്റെ തലമുടിയുടെ കാര്യത്തില്‍ മമ്മി കോംപ്രമൈസ് ചെയ്യില്ലായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്കുവേണ്ടി തലമുടി മൊട്ടയടിക്കണമെന്ന് പറഞ്ഞപ്പോള്‍ മമ്മിക്ക് സമ്മതമായിരുന്നില്ല. പക്ഷേ ശിവകുമാര്‍ സാര്‍ കഥാപാത്രത്തെയും കഥയെക്കുറിച്ചുമെല്ലാം പറഞ്ഞപ്പോള്‍ അത് ചെയ്യണമെന്ന് വലിയ ആഗ്രഹമായി.

പിന്നെയാണ് മമ്മിയെ അതേക്കുറിച്ച് പറഞ്ഞ് മനസിലാക്കി സമ്മതിപ്പിച്ചു.തുടക്കത്തില്‍ എനിക്കും ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് സഹോദരി ഷൈനിയാണ്. നിന്റെ ജീവിതം തന്നെ മാറും, ഈ മാറ്റം നിന്റെ നല്ലതിനാണ് എന്നൊക്കെ പറഞ്ഞ ഷൈനിയുടെ നാവ് പൊന്നായി. മൊട്ടയടിച്ച് പുതിയ മുടി വന്നു തുടങ്ങിയപ്പോള്‍ കൈ നിറയെ ചിത്രങ്ങളായി. ഇതായിരിക്കും എന്റെ സമയം.

uploads/news/2018/10/254999/ShamnaKasimINW081018b.jpg

മിലിയ്ക്ക് ശേഷം വലിയൊരു ഇടവേളയുണ്ടായല്ലോ?

മിലിയ്ക്കുശേഷം മലയാളത്തില്‍ നിന്ന് കുറേ ഓഫറുകള്‍ വന്നു. പക്ഷേ എന്നെ തൃപ്തിപ്പെടുത്തുന്ന പ്രോജക്ട് ഒന്നും തന്നെ വന്നില്ല. മിലിയില്‍ ചെയ്തപോലെ ഒന്നുരണ്ടു സീനുകളില്‍ വന്നുപോകാനും താല്‍പര്യമുണ്ടായിരുന്നില്ല. സഹനടി ആയിട്ടാണ് എന്റെ കരിയര്‍ തുടങ്ങിയത്. പിന്നെയാണ് മറ്റുള്ള ഭാഷകളില്‍ പോയി നായികയാകുന്നത്. എന്നിട്ടും മലയാളത്തില്‍ എനിക്ക് വരുന്നതെല്ലാം സഹോദരി വേഷങ്ങളായിരുന്നു.

ആ സമയത്ത് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം നല്ല ഓഫറുകള്‍ വന്നു. തിരിച്ചു വരികയാണെങ്കില്‍ നല്ല സിനിമയില്‍, നല്ല സ്റ്റാര്‍ കാസ്റ്റിനൊപ്പം ഒരു പ്രോജക്ടിലൂടെ ആകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. സ്‌റ്റേജ് ഷോകളില്‍ സജീവമായിരുന്നതുകൊണ്ടാവാം മലയാളത്തില്‍ നിന്ന് മാറി നിന്നതായി തോന്നുന്നില്ല.

ഷംനയില്‍ നിന്ന് പൂര്‍ണ്ണയിലേക്ക് എത്തിയപ്പോള്‍?

ഞാന്‍ ആദ്യമായി നായികയായത് തമിഴിലാണ്. തമിഴില്‍ മുനിയാണ്ടി എന്ന ചിത്രം ചെയ്ത ശേഷം എന്റെ പേര് ശമന, സാമ്‌ന എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അങ്ങനെയാണ് പേര് മാറ്റത്തെക്കുറിച്ചു ചിന്തിക്കുന്നതും പൂര്‍ണയായി മാറുന്നതും. പേര് മാറ്റിയപ്പോഴും കേരളത്തില്‍ ഷംന എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് റിയാലിറ്റി ഷോയ്ക്ക് ശേഷം.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?

അതെന്റെ മമ്മിതന്നെയാണ്. മമ്മിയില്ലായിരുന്നെങ്കില്‍ ഞാന്‍ എവിടെയും എത്തില്ലായിരുന്നു. ചെറുപ്പത്തില്‍ നൃത്തത്തോടുള്ള എന്റെ താല്‍പര്യം മനസിലാക്കി എന്നെ ഡാന്‍സ് പഠിക്കാന്‍ വിട്ടതും ഡാന്‍സ് പ്രോഗ്രാമുകള്‍ക്കുവേണ്ടിയുള്ള ഡ്രസ്സുകള്‍ തുന്നിത്തന്നതുമൊക്കെ മമ്മിയാണ്.

ഞങ്ങള്‍ അഞ്ചു മക്കളാണ്. മക്കളില്‍ എനിക്ക് വേണ്ടിയാണ് മമ്മി കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് മമ്മി. ചിലപ്പോഴൊക്കെ മമ്മി പറയുന്ന കാര്യങ്ങള്‍ അതുപോലെ അനുസരിക്കാറില്ല. പിന്നീട് മമ്മി പറഞ്ഞതാണ് ശരിയെന്ന് മനസിലാകും. അങ്ങനെയുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒഴിവു സമയങ്ങള്‍?

പാട്ടു കേള്‍ക്കാന്‍ ഇിഷ്ടമാണ്. കുറേ സമയം ടി വി കാണും. മറ്റൊരു ഹോബി ക്ലീനിങ്ങാണ്. എന്തെങ്കിലും ടെന്‍ഷനൊക്കെ ഉണ്ടെങ്കില്‍ വീടോ എന്റെ റൂമോ ഒക്കെ ക്ലീന്‍ ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ കുറച്ചൊക്കെ റിലാക്സാകും. ഹോട്ടല്‍ റൂമിലാണെങ്കില്‍ ബാഗില്‍ ഡ്രസ്സുകളൊക്കെ വീണ്ടും മടക്കി വയ്ക്കും.
ഷൂട്ടൊന്നുമില്ലാത്ത സമയത്ത് വീട്ടിലുണ്ടാവും. സഹോദരങ്ങളുടെ മക്കളും കസിന്‍സുമൊക്കെ കൂടിയാല്‍ പിന്നെ ബഹളമാണ്. അവര്‍ക്കൊപ്പം പുറത്ത്് പോയി ഭക്ഷണം കഴിക്കും, സിനിമയ്ക്കുപോകും യാത്ര നടത്തും. അവര്‍ക്കൊപ്പം കൂടിയാല്‍ സമയം പോകുന്നതേ അറിയില്ല.

uploads/news/2018/10/254999/ShamnaKasimINW081018c.jpg

നൃത്തവേദികളില്‍ സജീവമാണല്ലോ?

ഓര്‍മ്മ വച്ച നാള്‍ മുതല്‍ എനിക്കൊപ്പം നൃത്തവുമുണ്ട്. ഡാന്‍സിന്റെ കാര്യത്തില്‍ കോംപറ്റിറ്റീവ് മൈന്‍ഡാണെനിക്ക്. പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഒപ്പം മത്സരിക്കുന്നതെങ്കില്‍പ്പോലും ഞാന്‍ വിട്ടുകൊടുക്കില്ല. തുടര്‍ച്ചയായി കുറേ ദിവസം ലൊക്കേഷനിലാണെങ്കില്‍ ഇടയ്ക്കൊക്കെ മടുപ്പ് തോന്നും. പക്ഷേ മാസത്തില്‍ 30 ദിവസം നൃത്തം ചെയ്താലും എനിക്ക് മടുക്കില്ല. ശോഭന മാമിന്റെയും മാധുരി മാമിന്റെയും ശ്രീദേവി മാമിന്റെയുമൊക്കെ ഡാന്‍സ് ടിവിയില്‍ വരുമ്പോള്‍ അതു കണ്ട് ഡാന്‍സ് ചെയ്യുമായിരുന്നു.

പിന്നീട് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്തുതുടങ്ങിയപ്പോള്‍ ഇവരുടെയൊക്കെ പെര്‍ഫോമന്‍സിന്റെ കാസറ്റ് കണ്ട് അതുനോക്കി പഠിക്കാന്‍ തുടങ്ങി. ശോഭന മാം നൃത്തം ചെയ്യുമ്പോള്‍ അവരുടെ മുഖത്ത് ഒരു പ്രത്യേക ഗ്രെയ്സാണ്. മാം നൃത്തത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത കണ്ടുപഠിക്കേണ്ടതു തന്നെയാണ്. ശോഭന മാമിനെപ്പോലെ സ്വന്തമായി ഒരു നൃത്തവിദ്യാലയം തുടങ്ങണമെന്നും അവിടെ പഠിക്കുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യണമെന്നുമൊക്കെയുള്ള ചെറിയൊരു ആഗ്രഹവും ഞാന്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്.

ഷംന എന്ന പെണ്‍കുട്ടിയെക്കുറിച്ച്?

ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. വൃത്തിയുടെ കാര്യത്തില്‍ കുറച്ച് നിര്‍ബന്ധ ബുദ്ധിയുണ്ട്. പെട്ടെന്ന് മൂഡ് സ്വിങ്സ് ഒക്കെ വരും. സങ്കടവും സന്തോഷവും ദേഷ്യവുമൊക്കെ പെട്ടെന്ന് വന്ന് പോകും. ഒറ്റയ്ക്കിരിക്കാന്‍ എനിക്കിഷ്ടമല്ല. എപ്പോ ഴും ആരെങ്കിലുമൊക്കെ കൂടെ വേണം.

ഷംനയുടെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്തത്?

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. എന്തെങ്കിലുമൊരു കാര്യം കേട്ടാല്‍ അതേക്കുറിച്ച് ചിന്തിക്കാതെ മറുപടി പറയും. അതിനുശേഷമാണ് ഞാന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് ചിന്തിക്കുന്നത്.

കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള സിനിമയിലെ വിവാദങ്ങളെക്കുറിച്ച്?

മലയാള സിനിമയില്‍ ഒരുപാട് പ്രശ്നങ്ങള്‍ നടക്കുന്ന സമയമാണ്. സത്യം പറഞ്ഞാല്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്.
എല്ലാ ജോലിയിലും അതിന്റേതായ പ്രശ്നങ്ങളുണ്ടാകും. തുടക്കം മുതല്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല. നമ്മള്‍ മറ്റുള്ളവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. പിന്നീട് ഇതേക്കുറിച്ച് സംസാരിച്ചിട്ടോ വഴക്കുണ്ടാക്കിയിട്ടോ കാര്യമില്ല.
എനിക്കത്തരം അനുഭവങ്ങളൊന്നുമില്ല. വര്‍ക്ക് ചെയ്ത സെറ്റിലെല്ലാം ഞാന്‍ കംഫര്‍ട്ടബിളിലായിരുന്നു.

മഞ്ഞുപോലെ ഒരു പെണ്‍കുട്ടിയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ട് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ പെണ്‍കുട്ടികളെ ലൊക്കേഷനില്‍ നിന്ന് താമസ സ്ഥലത്തെത്തിക്കണമെന്ന് കമല്‍ സാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അന്യഭാഷകളില്‍ അഭിനയിക്കുമ്പോഴും നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. താമസസൗകര്യം അറേഞ്ച് ചെയ്ത ഹോട്ടലിന്റെയും റൂമിന്റെയുമൊക്കെ ഫോട്ടോ അയച്ചുതരും. നമ്മള്‍ എന്തെങ്കിലും പരാതി പറഞ്ഞാല്‍ അവര്‍ അതിന് പരിഹാരമുണ്ടാക്കിയിരിക്കും.

ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ?

നല്ലൊരു ഭാര്യയാവണം, നല്ലൊരു അമ്മയാവണം. കുടുംബ ജീവിതത്തിനൊപ്പം നൃത്തവും അഭിനയവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം. ഇത്രയൊക്കെ ആഗ്രഹങ്ങളേ ഉള്ളൂ.

uploads/news/2018/10/254999/ShamnaKasimINW081018a.jpg

വിവാഹത്തെക്കുറിച്ച്...?

വിവാഹ ആലോചനകള്‍ തുടങ്ങിയപ്പോഴാണ് എനിക്ക് കുറേ നല്ല മലയാളം ചിത്രങ്ങളില്‍ നിന്ന് ഓഫറുകള്‍ വന്നത്. എന്നുവച്ച് ആലോചന മാറ്റിവച്ചിട്ടൊന്നുമില്ല. വീട്ടുകാര്‍ ആലോചിക്കുന്നുണ്ട്. സിനിമ ചെയ്യുന്നതുപോലെയോ നൃത്തം ചെയ്യുന്നതുപോലെയോ അല്ലല്ലോ വിവാഹം തീരുമാനിക്കേണ്ടത്.

എന്നെ മനസിലാക്കുന്ന, വിവാഹശേഷവും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെയാണ് വേണ്ടത്. നല്ലൊരു കുടുംബ ജീവിതം വേണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ഒരുമിച്ച് കൂടിയിട്ട് ഒരുപാടായി. ഇനി എന്റെ ഒരു ആവശ്യത്തിന് വേണ്ടിയായിരിക്കും എല്ലാവരും ഒന്നിച്ചു കൂടുന്നത്.

ഗോസിപ്പുകളെക്കുറിച്ച്?

അവാര്‍ഡ് കിട്ടാനാണോ മൊട്ടയടിച്ചതെന്ന് പലരും ചോദിച്ചിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ചെയ്തതാണ് അല്ലാതെ അവാര്‍ഡിന് വേണ്ടിയല്ല. ഇങ്ങനെയൊക്കെ പറയുന്നവര്‍ക്ക് വിവരമില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍? ഗോസിപ്പു കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ സങ്കടമായിരുന്നു.
യൂട്യൂബിലെ പ്രോഗ്രാമുകളെക്കുറിച്ചുള്ള കമന്റുകളൊന്നും ഒരുപരിധിയില്‍ കൂടുതല്‍ ഞാന്‍ വായിക്കാറില്ല. സെലിബ്രിറ്റിയായതുകൊണ്ടുതന്നെ ഞങ്ങളെ എന്തും പറയാം എന്നൊരു വിചാരം ചിലര്‍ക്കെങ്കിലുമുണ്ട്. ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ കമന്റിടുമ്പോള്‍ ചിലപ്പോള്‍ പ്രതികരിക്കാറുണ്ട്. ഞാന്‍ മുസ്ലീമായതിന്റെ പേരില്‍ ചിലര്‍ നെഗറ്റീവായി കമന്റ് ചെയ്യാറുണ്ട്.

ഞാന്‍ സവരക്കത്തിയില്‍ ഗര്‍ഭിണിയായി അഭിനയിക്കുമ്പോള്‍ ഒരു മാധ്യമത്തില്‍ ഷംന കാസിം ഗര്‍ഭിണി ആണെന്ന് ഹെഡ്ലൈനോടെ വാര്‍ത്ത അച്ചടിച്ചുവന്നു. എന്റെ കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍പ്പോലും ആ ഹെഡിങ് പലരും തെറ്റായാണ് കണ്ടത്. പലരും വാര്‍ത്ത എന്താണെന്ന് പോലും വായിച്ചില്ല. അതെന്നെ വല്ലാതെ ഹര്‍ട്ട് ചെയ്തു. ആ വാര്‍ത്ത എന്റെ കുടുംബത്തെ സങ്കടപ്പെടുത്തി. ജീവിതം തന്നെ മൊബൈലിലാണ് എന്ന് വിചാരിക്കുന്ന ലോകമാണ് ഇന്നത്തേത്. എന്തു ചെയ്താലും ട്രോളുകള്‍, നെഗറ്റീവ് കമന്റുകള്‍. മറ്റുള്ളവര്‍ക്ക് എങ്ങനെ ഫീല്‍ ചെയ്യുമെന്ന് പോലും ആരും ചിന്തിക്കുന്നില്ല.

പുതിയ പ്രോജക്ടുകള്‍?

തെലുങ്കില്‍ ഒരു ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. തമിഴില്‍ ഒരു ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. ബിജു മേനോന്‍ ചേട്ടന്റെ കൂടെ ആനക്കള്ളന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂക്കയ്ക്കൊപ്പമുള്ള മധുരരാജയുടെ ഷൂട്ടിലാണിപ്പോള്‍. മലയാളത്തില്‍ ഒരു ചിത്രം കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് ഒഫീഷ്യലി അനൗണ്‍സ് ചെയ്തിട്ടില്ല.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW