Sunday, August 18, 2019 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 03.11 PM

‘അക്കാഡമിക് സ്ട്രെസ്’ വില്ലനാകാൻ അനുവദിക്കരുത്

Academic Stress

വിദ്യാഭ്യാസകാര്യത്തിൽ ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. നാം പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുകയാണെങ്കിൽ, വിജ്ഞാനം നേടുന്നതിലും വ്യക്തിനിർമ്മിതിയിലും ഊന്നൽ നൽകുന്നതായിരുന്നു അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മനസ്സിലാക്കാൻ സാധിക്കും. അത് ഒരിക്കലും പിരിമുറുക്കം നൽകുന്നതായിരുന്നില്ല. അതിജീവനം മാത്രം ലക്ഷ്യമിട്ടുള്ളതുമായിരുന്നുമില്ല.

എന്നാൽ ഇപ്പോൾ, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടേ മാറിയിരിക്കുന്നു. അത് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതും മാത്സര്യമുള്ളതും ഫലം ലക്ഷ്യമിട്ടുള്ളതുമായി മാറിയിരിക്കുന്നു. പഠനത്തിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കിയാണ് ഒരു വിദ്യാർത്ഥിയുടെ മൂല്യം നിർണയിക്കുന്നത്. പഠനം ആസ്വദിക്കാനുള്ള ആവേശം ഇല്ലാതായിരിക്കുന്നു.

മാർക്ക്, ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുക, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വേണ്ടി മാതാപിതാക്കളിൽ നിന്നും മുതിർന്ന സഹോദരങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന സമ്മർദം എന്നിവയാണ് ഇപ്പോൾ കൂടുതലായും വിദ്യാർത്ഥികളെ നയിക്കുന്ന പ്രേരകങ്ങളാകുന്നത്.

പഠനത്തിന് അധിക സമയം ചെലവഴിക്കുന്ന വിദ്യാർത്ഥികൾ വിനോദങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും വളരെ കുറച്ച് സമയം മാത്രമാണ് നീക്കിവയ്ക്കുന്നത്.

ഈ പ്രക്രിയ നടക്കുമ്പോൾ വിദ്യാർത്ഥികൾ വിദ്യാഭ്യാസപരമായ വെല്ലുവിളികളെ അല്ലെങ്കിൽ പരാജയങ്ങളെ പ്രതീക്ഷിക്കുന്നവരോ അല്ലെങ്കിൽ അതേക്കുറിച്ച് ബോധമുള്ളവരോ ആയിരിക്കും.

ഈ ചിന്തകൾ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഇത്തരം അവസ്ഥയെയാണ് അക്കാഡമിക് സ്ട്രെസ് അഥവാ പഠനസംബന്ധമായ മാനസിക സമ്മർദം എന്ന് പറയുന്നത്.

പഠന തലത്തിലുള്ള സമ്മർദം വിദ്യാർത്ഥിയുടെ പ്രകടനത്തെ ബാധിക്കുന്ന ഒരു തടസ്സമായിട്ടാണ് കണക്കാക്കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരായിരിക്കും. ചില വിദ്യാർത്ഥികൾ മാറ്റമില്ലാതെ ചെറുത്തുനിൽക്കും.

എന്നാൽ, അതിനു കഴിയാത്തവർ പിരിമുറുക്കത്തെ അതിജീവിക്കാനായി ഇനിപറയുന്ന ബദൽ സ്വഭാവങ്ങളിൽ ആശ്രയം തേടിയേക്കാം; അമിതമായി അല്ലെങ്കിൽ വളരെ കുറച്ച് ഭക്ഷണം കഴിക്കുക, ജങ്ക് ഭക്ഷണങ്ങൾ അല്ലെങ്കിൽ മയക്കുമരുന്നു ദുരുപയോഗം തുടങ്ങിയവ.

ഉടനെ അല്ലെങ്കിൽ കാലക്രമേണ, നല്ല രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാനാവാത്തതു കാരണം വിദ്യാർത്ഥി വിഷാദരോഗത്തിന് അടിമപ്പെടുകയും അത് അവന്റെ/അവളുടെ പഠനം ഇടയ്ക്കുവച്ച് ഉപേക്ഷിക്കാൻ കാരണമാവുകയും ചെയ്തേക്കാം. ചില കേസുകളിൽ, സമ്മർദത്തെ അതിജീവിക്കാൻ കഴിയാതെ വരുന്ന വിദ്യാർത്ഥിയിൽ ആത്മഹത്യാ ചിന്തകൾ ഉയരുകയും പിന്നീട് അവന്/അവൾക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രേരണയുണ്ടാവുകയും ചെയ്തേക്കാം.

എന്നാൽ, ഈ പ്രശ്നം നേരത്തെ തന്നെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുകയും പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള തന്ത്രങ്ങൾ പരിശീലിപ്പിക്കുകയും ചെയ്താൽ വൈഷമ്യം കുറയ്ക്കാൻ കഴിയും. നല്ലരീതിയിൽ പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പര്യാപ്തരാക്കാനും ഇത് സഹായകമാവും.

പിരിമുറുക്കത്തിന്റെ കാരണങ്ങൾ.


a) സ്വപ്രേരണയാലുള്ളത് b) മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സമ്മർദം c) അധ്യാപകരിൽ നിന്നുള്ള സമ്മർദം d) പരീക്ഷയുമായി ബന്ധപ്പെട്ടത് e) മനോരോഗ ചരിത്രം
Academic Stress

പിരിമുറുക്കം തിരിച്ചറിയൽ


a) ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക b) ഉറക്കമില്ലായ്മ c) ആശയക്കുഴപ്പം d) അസ്വസ്ഥത പ്രദർശിപ്പിക്കുക e) അധൈര്യം f) തുടർച്ചയായി സ്കൂളിൽ/കോളജിൽ പോകാൻ വിസമ്മതം പ്രകടിപ്പിക്കുക g) ഭയം h) സ്കൂൾ/കോളജ് കാര്യങ്ങളിൽ താല്പര്യമില്ലായ്മ.

വിജയപൂർവം നേരിടാനുള്ള ആറ് വഴികൾ:

1) ഒഴിവാക്കുക:


പിരിമുറുക്കം നൽകുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നുവരില്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളെ ശല്യപ്പെടുത്തുന്ന നിഷേധാത്മക ചിന്തകൾ/സാഹചര്യങ്ങൾ അല്ലെങ്കിൽ ആളുകളിൽ നിന്ന് കുറച്ചു നേരത്തേക്ക് ഒഴിഞ്ഞു നിൽക്കുക എന്നാണ് ‘ഒഴിവാക്കൽ’ കൊണ്ട് അർത്ഥമാക്കുന്നത്.

2) പ്രവർത്തനം:


നിങ്ങൾ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഏതെങ്കിലും പ്രവൃത്തിയിൽ മുഴുകുക. അങ്ങനെ നിങ്ങളെ വിഷമിപ്പിക്കുന്ന ചിന്തകളിൽ നിന്ന് വ്യതിചലിക്കാൻ കഴിയും. പാട്ടു കേൾക്കൽ, കളികൾ, സിനിമ കാണൽ, നടത്തം, യോഗ, വ്യായാമം അങ്ങനെ താല്പര്യമുള്ള എന്തിലും മുഴുകാം. ദിവസം കഴിയുന്തോറും നിങ്ങളുടെ മാനസികനില മെച്ചപ്പെടുകയും നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്യും.

3) വിശകലനം:


നിങ്ങൾക്ക് ശക്തിയും ദൗർബല്യവുമുള്ള മേഖലകൾ തിരിച്ചറിയുക. ദൗർബല്യം മറികടക്കാൻ നിങ്ങൾ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇല്ല എങ്കിൽ, ഇത് അതിനുള്ള സമയമാണ്.

4) അംഗീകരിക്കുക:


“പിരിമുറുക്കം” സ്വാഭാവികവും ഒഴിവാക്കാൻ കഴിയാത്തതുമാണ്. ചില വിഷയങ്ങൾ, സാഹചര്യങ്ങൾ, രോഗങ്ങൾ തുടങ്ങിയവ പിരിമുറക്കത്തിന്റെ സ്രോതസ്സ് ആയേക്കാം. നിങ്ങൾക്ക് അത് മാറ്റാൻ കഴിയില്ല. എന്നാൽ, അവ എങ്ങനെയാണോ ആ രീതിയിൽ അവയെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിക്കുക.

5) ശ്രമം:


ഒറ്റ ദിവസം കൊണ്ട് പിരിമുറുക്കമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും ഭംഗിയായി നേരിടാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്ന് വരില്ല. ‘പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യാം, എന്നാൽ പരിശ്രമം നടത്തുന്നതിൽ പരാജയപ്പെടരുത്’ എന്ന കാര്യം മറക്കാതിരിക്കുക.

6) സമീപനം:


പിരിമുറുക്കം നൽകുന്ന എല്ലാ സാഹചര്യങ്ങളെയും നിഷേധാത്മകമല്ലാത്ത കാഴ്ചപ്പാടിൽ ഒരു അവസരമായി കാണുക. നിങ്ങൾക്ക് വേണ്ടി യുക്തിപരമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ഇപ്പോഴുള്ളതിനെ അംഗീകരിക്കുകയും ചെയ്യുക. ക്രമേണ മുന്നേറുക. പിരിമുറുക്കം നിറഞ്ഞ ഒരു സാഹചര്യത്തെ വിജയകരമായി മറികടക്കുമ്പോൾ ആത്മപ്രശംസ നടത്തുക; ഇത് ഇനിയും ഇത്തരം സാഹചര്യങ്ങളെ നേരിടുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസവും ശക്തിയും പകരും. പഠനത്തിനും വിശ്രമത്തിനും സന്തുലിതമായ ഇടവേളകൾ നൽകുക. തമാശകളും സന്തോഷവും ജീവിതത്തിൽ നിറയാൻ അനുവദിക്കുക.

കടപ്പാട്: modasta.com

Ads by Google
Thursday 04 Oct 2018 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW