Wednesday, August 14, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 03.49 PM

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍

''പഠിച്ചതൊക്കെ മറന്നുപോകുന്നതില്‍ കുട്ടികളെ മാത്രം കുറ്റം പറയേണ്ട. കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ടിപ്‌സ്. ''
uploads/news/2018/10/253666/parenting031018a.jpg

ഈ കുട്ടിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ല. പഠിക്കാനിരുന്നാല്‍ നൂറുകാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഒരു പത്തു മിനിട്ടുപോലും പഠിക്കില്ല. മാതാപിതാക്കളുടെ സ്ഥിരം പരാതിയാണിത്.

കുട്ടികളെയല്ലാതെ വേറെയാരെയും ഈ കാര്യത്തില്‍ പഴിചാരാനാകില്ല. സ്‌കൂളില്‍ പോകുന്ന ഒരു കുട്ടിക്ക് അവരുടെ വയസ്സിന്റെ നാലിരട്ടി മിനിട്ടുകള്‍ മാത്രമേ ഒരു കാര്യത്തിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാകൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വീഡിയോ ഗെയിമിനോ ടിവി കാണാനോ മണിക്കൂറുകള്‍ ഇരിക്കാന്‍ ഒരു പ്രശ്‌നവും കുട്ടികള്‍ക്കില്ലല്ലോ''യെന്ന് മറുചോദ്യം ഉന്നയിക്കാന്‍ വരട്ടെ, അതിനു കാരണം മറ്റൊന്നുമല്ല, താല്‍പര്യമുള്ള കാര്യങ്ങളില്‍ കുട്ടികള്‍ ഏറെ സമയം ചെലവിടും. പഠിക്കുകയെന്നത് കുട്ടികള്‍ക്ക് അത്ര താല്പര്യമുള്ള കാര്യമാവാന്‍ ഇടയില്ല.

ഒരു കഥാപുസ്തകം വായിക്കുന്നതിനോ വീഡിയോ ഗെയിം കളിക്കുന്നതിനോ ടിവി കാണുന്നതിനോ കുട്ടികള്‍ക്ക് എനര്‍ജി ചെലവാക്കേണ്ടി വരുന്നില്ല. അതിനാലാണ് അവര്‍ ഏറെനേരം മടിയില്ലാതെ അതില്‍ മുഴുകുന്നത്.

എന്നാല്‍ പുതുതായി എന്തെങ്കിലും ഒരു കാര്യം പഠിക്കാനോ മനസ്സിലാക്കാനോ നല്ല എനര്‍ജി ഉപയോഗപ്പെടുത്തേണ്ടി വരുന്നു. അതുകൊണ്ടാണ് പഠനകാര്യങ്ങളില്‍ കുട്ടികളുടെ ഏകാഗ്രത കുറയുന്നത്.

ഏകാഗ്രത കുറവിന്റെ കാരണങ്ങള്‍

1. താല്‍പര്യമില്ലായ്മ

2. പഠനസമ്മര്‍ദ്ദം

3. ഉത്കണ്ഠ, മാനസിക സംഘര്‍ഷങ്ങള്‍

4. ശ്രദ്ധ പതറിപ്പോകല്‍

5. അമിതമായ ചുറുചുറുക്ക്

മാതാപിതാക്കള്‍ക്ക് ചെയ്യാവുന്നവ


ചില കൊഗ്‌നിറ്റീവ് എക്‌സര്‍സൈസിലൂടെ ഒരു കാര്യം നന്നായി പഠിക്കാനും വേണ്ടത് ഓര്‍മ്മിക്കാനും, പ്രശ്‌നപരിഹാരം കണ്ടെത്താനും സാധിക്കും. ഈ മാര്‍ഗ്ഗങ്ങള്‍ എത്ര നേരത്തേ തുടങ്ങുന്നുവോ അത്രയും നല്ലത്. ചില കൊഗ്‌നിറ്റീവ് എക്‌സര്‍സൈസുകള്‍ വിശദമാക്കാം.

1. മെമ്മറി ഗെയിം


പല തരത്തിലുള്ള മെമ്മറി ഗെയിമുകള്‍ കുട്ടികളോടൊത്ത് കളിക്കാം.ഉദാഹരണം, ഏതെങ്കിലും പത്തു കളിപ്പാട്ടങ്ങളോ, വീട്ടിലെ ഉപകരണങ്ങളോ ഒരു വരിയില്‍ നിരയായി വയ്ക്കുക. രണ്ട് മിനിട്ട് കുട്ടികളോട് അവയെ നിരീക്ഷിക്കാന്‍ പറയുക. കുട്ടികള്‍ മനസ്സില്‍ അവയെ ഓര്‍ത്തെടുക്കട്ടെ. പെട്ടെന്ന് ഓര്‍മ്മിക്കാനായി അവര്‍ വേണമെങ്കില്‍ കൃത്രിമപദങ്ങളുണ്ടാക്കട്ടെ. ഏതെങ്കിലും രീതിയില്‍ അവര്‍ ആ വസ്തുക്കളെ ഓര്‍മ്മിക്കട്ടെ. ഇനി ക്രമപ്രകാരമല്ലാതെ പത്തുവസ്തുക്കളേയും കൂട്ടിച്ചേര്‍ക്കുക. മുമ്പ് വച്ചിരുന്ന അതേ ക്രമത്തില്‍ ആ വസ്തുക്കളെ നിരത്താന്‍ ആവശ്യപ്പെടുക.അല്‍പം മുതിര്‍ന്ന കുട്ടികളോടാണെങ്കില്‍, അലമാരയില്‍ അടുക്കിവച്ചിരിക്കുന്ന ബുക്കുകളെ ക്രമപ്പെടുത്താന്‍ പറയാം. അതിനു മുമ്പായി നിലവിലുള്ള ക്രമത്തെ അവര്‍ക്ക് ഓര്‍ത്തു വയ്ക്കാന്‍ 2 മിനിട്ട് നല്‍കുക. ശേഷം ബുക്കുകളെ മാറ്റുകയോ ക്രമം തെറ്റിച്ച് വയ്ക്കുകയോ ചെയ്തുകൊണ്ട് ഗെയിം ആരംഭിക്കാം.

2. നെയിം ചെയിന്‍ ഗെയിം


ഇതില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്ര കുട്ടികളെ ചേര്‍ക്കാം. രണ്ടുപേരാണ് ഈ കളിയില്‍ പങ്കെടുക്കുന്നതെങ്കില്‍ ആദ്യത്തെ കുട്ടി ഒരു പേര് പറയണം. (ഉദാ: രാമു) രണ്ടാമത്തെ കുട്ടി മറ്റൊരു പേര് പറയണം. അതിനു മുമ്പിലായി ആദ്യത്തെ കുട്ടി പറഞ്ഞ പേര് ചേര്‍ക്കുകയും വേണം. (ഉദാ: രാമു, ശ്യാമു) അടുത്ത റൗണ്ടില്‍ ആദ്യത്തെ കുട്ടി പുതിയൊരു പേര് കൂടി ചേര്‍ത്ത് പറയണം (ഉദാ: രാമു, ശ്യാമു, ദാമു). ഇങ്ങനെ കളി നീണ്ടു പോകണം. പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ ഓര്‍ഡര്‍ തെറ്റിക്കുന്ന കുട്ടി ഔട്ട്.

3. ക്രമപ്പെടുത്തല്‍


വീട്ടിലെ സാധനങ്ങള്‍ വച്ചിരിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാക്കുക. ഷെല്‍ഫിലെ ഓരോ തട്ടിലുമുള്ള സാധനങ്ങള്‍ പലവിധത്തിലാക്കി മിക്‌സ് ചെയ്യുക. കര്‍ട്ടണുകള്‍ ക്രമം തെറ്റിച്ചിടുക. തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളെ ഭിത്തിയിലേക്ക് മറിച്ചിടുക. ഇനി കുട്ടിയോട് പതിവിലും വിപരീതമായി കാണുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെെയന്ന് കണ്ടെത്താന്‍ പറയുക.

4. നിറങ്ങള്‍ കണ്ടെത്തുക


നിറങ്ങളുടെ പേരുകള്‍ ഒരു കടലാസില്‍ എഴുതുക. വ്യത്യസ്ത നിറത്തിലുള്ള പേനകള്‍ ഉപയോഗിച്ചാകണം എഴുതേണ്ടത്. ചുവപ്പ് എന്നെഴുതേണ്ടത് നീല മഷിയിലും, പര്‍പ്പിള്‍ എന്ന് പച്ച മഷിയിലും അങ്ങനെയങ്ങനെ കുറെ നിറങ്ങള്‍ എഴുതുക. വായിച്ച നിറം കുട്ടിയെ കൊണ്ട് പറയിപ്പിച്ചാല്‍, എഴുതിയിരിക്കുന്ന വാക്കല്ല, ആ നിറമായിരിക്കും അവര്‍ പെട്ടെന്ന് ഓര്‍ക്കുക. കണ്ണ് കൊണ്ട് നിറം കാണുന്നു, പക്ഷേ വാക്ക് വായിക്കണമെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം തലച്ചോറിലേക്ക് പോകണം. ഒരേ സമയം വായിക്കാനും, എഴുതിയ അക്ഷരത്തിന്റെ നിറം ഓര്‍മ്മിക്കാനും ശ്രമിക്കുകയെന്നത് നല്ലൊരു കൊഗ്‌നിറ്റീവ് എക്‌സര്‍സൈസാണ്.

5. നമ്പര്‍ ഫണ്‍


ഒരേ അക്കം കുറെ തവണ നിരത്തി എഴുതുക. അതിനിടയിലായി ആ അക്കത്തിനോട് സാമ്യം തോന്നുന്ന മറ്റൊരു അക്കം രണ്ടോ മൂന്നോ തവണ എഴുതണം. (ഉദാ: 888388838888838) ഇതില്‍ വ്യത്യസ്തമായി വരുന്ന അക്കം എത്ര പ്രാവശ്യം ആവര്‍ത്തിച്ചെന്ന് കുട്ടികളോട് കണ്ടെത്താന്‍ പറയാം.

6. മ്യൂസിക്ക്


മ്യൂസിക്ക് കേള്‍ക്കാന്‍ താല്‍പര്യമുള്ള കുട്ടികളോട് ഏതെങ്കിലും ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദത്തിലേക്ക് മാത്രം ശ്രദ്ധിക്കാന്‍ പറയുക.
മറ്റൊന്ന്, ഒരു കുട്ടി ഒരു പാട്ട് പാടുമ്പോള്‍, മൂന്നാംവരിയുടെ അവസാനത്തില്‍ ഇതേ പാട്ടിന്റെ ആദ്യവരി മറ്റൊരു കുട്ടിയോട് പാടാന്‍ പറയുക. ഏത് വരി വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. മറ്റൊന്നിലേക്ക് ശ്രദ്ധ തിരിക്കാതെ കൃത്യമായി പാടിത്തുടങ്ങേണ്ട വരിയെത്തുന്നതുവരെ ശ്രദ്ധയോടെ ആ പാട്ട് കേള്‍ക്കാന്‍ കുട്ടികള്‍ തയ്യാറായിരിക്കും.കുട്ടികളുടെ ഏകാഗ്രശക്തി വര്‍ദ്ധിപ്പിച്ചെടുക്കാനുള്ള മറ്റു ചില പ്രവര്‍ത്തനങ്ങളാണ് യോഗ, ധ്യാനം, സംഗീതം, കായികവിനോദങ്ങള്‍ എന്നിവ. സ്വയം നിയന്ത്രിക്കാന്‍ പഠിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ധാരാളം എനര്‍ജി നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത്് കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും സഹായമാകുന്നു.

അശ്വതി അശോക്

Ads by Google
Wednesday 03 Oct 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW